ഇന്ത്യയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികൾക്ക് സിം കാർഡ് ഫ്രീ
Thursday, February 16, 2017 6:30 AM IST
ഇ വീസയിൽ ഇന്ത്യയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികൾക്ക് സിം കാർഡുകൾ സൗജന്യമായി നൽകും. ബിഎസ്എൻഎൽ നൽകുന്ന സിം കാർഡിൽ 50 രൂപയുടെ ടോക് ടൈമും 50 എംബി ഇന്‍റർനെറ്റും ലഭ്യമാണ്. പദ്ധതിയുടെ ഉദ്ഘാടനം ഡൽഹിയിൽ ടൂറിസം മന്ത്രി മഹേഷ് ശർമ നിർവഹിച്ചു.

ഡൽഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിലെത്തുന്ന സഞ്ചാരികൾക്കാണ് ആദ്യഘട്ടത്തിൽ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ഇത് പിന്നീട് 15 അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേയ്ക്കുകൂടി വ്യാപിപ്പിക്കും. പദ്ധതിയിലൂടെ നൽകുന്ന സിം കാർഡുകൾക്ക് 30 ദിവസമാണ് കാലാവധി. കൂടാതെ, സിം കാർഡുമായും സർവീസുമായും ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി 12 ഭാഷകളിലുള്ള ഹെൽപ്പ് ലൈൻ സേവനം ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. റഷ്യൻ, ജർമൻ ഭാഷകളിലുള്ള സേവനങ്ങളും ഇതിൽ ഉൾപ്പെടും.

ഇന്ത്യൻ ടൂറിസം ഡെവലപ്മെന്‍റ് കോർപറേഷൻ ആരംഭിച്ചിരിക്കുന്ന പദ്ധതിയിലുടെ സിം കാർഡിനൊപ്പം വിനോദ സഞ്ചാരികൾക്ക് വെൽകം കിറ്റും നൽകുന്നുണ്ട്.