സമസ്ത ബഹറിൻ ദ്വിദിന പ്രഭാഷണപരമ്പരക്ക് ഉജ്‌ജ്വല സമാപനം
Monday, January 16, 2017 5:19 AM IST
മനാമ: അൽ രാജാ സ്കൂളിന് ഉൾക്കൊള്ളാനാവാത്ത വിധം ഒഴുകിയെത്തിയ വിശ്വാസി സഞ്ചയത്തെ സാക്ഷി നിർത്തി സമസ്ത ബഹറിൻ ദ്വിദിന പ്രഭാഷണ പരമ്പരക്ക് ഉജ്‌ജ്വല പരിസമാപ്തി. രണ്ടു ദിവസങ്ങളിലായി നടന്ന പ്രഭാഷണ പരമ്പരയിലെ വിഷായാവതരണം പ്രവാസികളുമായി ബന്ധപ്പെടുത്തിയായതിനാൽ പാതിരാ വരെ നീണ്ട പ്രഭാഷണവും തുടർന്നുള്ള കൂട്ടു പ്രാർഥനയും അവസാനിച്ചാണ് വിശ്വാസികൾ പിരിഞ്ഞത്.

സമസ്ത കേരള സുന്നി ജമാഅത്ത് ബഹറിൻ കേന്ദ്ര കമ്മിറ്റി ഒരുമാസമായി ആചരിക്കുന്ന മീലാദ് കാമ്പയിൻ സമാപനത്തോടനുബന്ധിച്ചാണ് നൗഷാദ് ബാഖവിയുടെ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചത്. പുതിയ കാലത്ത് നമുക്കിടയിൽ നിഷ്കളങ്കമായ സ്നേഹ പ്രകടനങ്ങൾ അന്യമായി കൊണ്ടിരിക്കുകയാണെന്നും കാപട്യങ്ങളിൽ നിന്നും മുക്‌തമായ സ്നേഹ പ്രകടനങ്ങളാണ് ഇന്ന് ലോകത്തിന് ആവശ്യമെന്നും അതിന് പ്രവാചകൻ മുഹമ്മദ് നബി(സ)യുടെയും അനുചരരുടെയും ചരിത്രം പഠിക്കണമെന്നും അദ്ദേഹം ഓർമപ്പെടുത്തി. മറ്റുള്ളവരെ പ്രയാസപ്പെടുത്താത്ത വിധം പരസ്പരം സന്തോഷം പ്രകടിപ്പിക്കാവുന്ന തമാശകൾ ആവാമെന്നും പ്രവാചകനും സ്വഹാബികളും അപ്രകാരമാണ് ജീവിച്ചതെന്നും അതനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തണമെന്നും ബാഖവി ആഹ്വാനം ചെയ്തു.

രണ്ടാം ദിനത്തിലെ ചടങ്ങ് സമസ്ത ബഹറിൻ പ്രസിഡന്റ് സയിദ് ഫഖ്റുദ്ദീൻ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മനാമ കേന്ദ്ര മദ്രയായ ഇർഷാദുൽ മുസ് ലിമീൻ മദ്രസ വിദ്യാർഥികളുടെ കലാപരിപാടികളും വിവിധ അവാർഡു ദാനവും സമ്മാന വിതരണവും നടന്നു. മദ്രസയിലെ മുൻ അധ്യാപകനായിരുന്ന ഹൈദർ മൗലവിയെ ആദരിച്ചു. ട്രഷറർ വി.കെ.കുഞ്ഞഹമ്മദ് ഹാജി, ഷഹീർ കാട്ടാമ്പള്ളി, ഖാസിം റഹ് മാനി മദ്രസയിലെ മുഅല്ലിംകൾ എന്നിവരുടെ നേതൃത്വത്തിലുള്ള സ്വാഗത സംഘം പരിപാടിക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി എസ്.എം. അബ്ദുൾ വാഹിദ്, മുസ്തഫ കളത്തിൽ എന്നിവർ പ്രസംഗിച്ചു. സമസ്ത ബഹ്റൈൻ കേന്ദ്രഏരിയ നേതാക്കളും പോഷക സംഘടനാ പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.