കുവൈത്തിൽ വിഷ്വൽ ആർക്കേഡ് ചതുർദിന എക്സിബിഷൻ
Monday, January 16, 2017 5:16 AM IST
കുവൈത്ത്: കുവൈത്ത് കേരള ഇസ് ലാഹി സെന്റർ സംഘടിപ്പിക്കുന്ന നാലാമത് ഇസ് ലാമിക് സെമിനാറിന്റെ ഭാഗമായി ‘വിഷ്വൽ ആർക്കേഡ്’ ചതുർദിന എക്സിബിഷൻ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 23, 24, 25, 26 വരെ ഫർവാനിയ ഗാർഡനു സമീപം പ്രത്യേകം സജ്‌ജമാക്കിയ വേദിയിലാണ് എക്സിബിഷൻ.

‘ഇസ് ലാം നിർഭയത്വത്തിന്റെ മതം’ എന്ന തലക്കെട്ടിൽ നടക്കുന്ന സെമിനാറിന്റെ കീഴിൽ നടക്കുന്ന എക്സിബിഷനിൽ ‘പരലോകം സത്യമോ മിഥ്യയോ?’, ഇസ് ലാം നിർഭയത്വത്തിന്റെ മതം’ തുടങ്ങി വിവിധങ്ങളായ പവിലിയനുകൾ ഉണ്ടാവും.

മതം, ശാസ്ത്രം, ചരിത്രം തുടങ്ങിയവയുടെ പ്രമാണിക പിൻബലത്തിൽ കണ്ടും കേട്ടും വായിച്ചും ചോദിച്ചും അന്വേഷിക്കാനും അറിയാനുമുള്ള ഒരു വ്യത്യസ്ത അവസരമാണ് ‘വിഷ്വൽ ആർക്കേഡ്’ മുന്നോട്ട് വയ്ക്കുന്നത്. സംശയങ്ങളകറ്റാനും തെറ്റിദ്ധാരണകൾ തിരുത്താനും അറിഞ്ഞവ പങ്കുവയ്ക്കാനും ആശയങ്ങളോട് സംവദിക്കാനുമൊക്കെയായി ഈ സംരംഭത്തെ ജനങ്ങൾ കാണണമെന്നും പ്രദർശനം സൗജന്യമായി സന്ദർശിക്കാൻ അവസരം ഉണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചു.

എക്സിബിഷൻ ഓർഗനൈസിംഗ് കമ്മിറ്റി യോഗം ഇസ് ലാമിക് സെമിനാർ കൺവീനർ സുനാഷ് ഷുക്കൂർ ഉദ്ഘാടനം ചെയ്തു. വകുപ്പ് ചെയർമാൻ ഹാറൂൻ അബ്ദുൾ അസീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ അസ്ഹർ അത്തേരി, സ്വാലിഹ് സുബൈർ സംസാരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ