‘മാതാപിതാക്കൾക്ക് പണം മാത്രമല്ല പരിഗണനയും നൽകണം’
Saturday, January 14, 2017 10:37 AM IST
മനാമ: പ്രവാസികളായ മക്കൾ മാതാപിതാക്കൾക്ക് കേവലം പണം മാത്രം അയച്ചു കൊടുത്താൽ പോരെന്നും അവർക്ക് അർഹമായ പരിഗണനയും സ്നേഹവും കൂടി നൽകണമെന്നും പ്രമുഖ വാഗ്മി നാഷാദ് ബാഖവി. മനാമ അൽ രാജാ സ്കൂളിൽ ആരംഭിച്ച മത പ്രഭാഷണ പരമ്പരയുടെ ആദ്യ ദിവസം ‘മുഹമ്മദ് നബി(സ) കുടുംബ നീതിയുടെ പ്രകാശം’ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ കുടുംബത്തോട് എങ്ങനെ പെരുമാറണമെന്നും തന്മൂലം ലഭിക്കുന്ന നേട്ടങ്ങളും അല്ലെങ്കിലുണ്ടാകുന്ന കോട്ടങ്ങളും മുഹമ്മദ് നബി(സ) വിശദീകരിട്ടുണ്ട്. പ്രവാസ ലോകത്ത് വർഷങ്ങളായി കുടുംബ സമേതം ജീവിക്കുന്നവർ മാതാപിതാക്കളെ കാണാൻ സമയമില്ലെന്നും അവർക്കാവശ്യമുള്ള പണം പ്രതിമാസം അയച്ചു കൊടുക്കുന്നുണ്ടെന്ന് ന്യായവും പറയാറുമുണ്ട്. എന്നാൽ അത് അവരുടെ കാപട്യമാണെന്നും മാതാപിതാക്കൾക്ക് കേവലം പണം മാത്രമല്ല വേണ്ടത് വർഷങ്ങൾ കൂടുമ്പോൾ അവരെ സന്ദർശിക്കാനും അവരെ പരിഗണിക്കാനും തയാറാവണമെന്നും തന്മൂലം നമുക്ക് ഇരു ലോകത്തും നേട്ടം മാത്രമേ ഉണ്ടാകൂവെന്നും ബാഖവി വിശദീകരിച്ചു.

ചടങ്ങിൽ സമസ്ത ബഹറിൻ കേന്ദ്രഏരിയാ നേതാക്കളും സ്വദേശി പ്രമുഖരായ ഇബ്രാഹിം മുൻജീദ് എംപി, അഹമ്മദ് അബ്ദുൾ വാഹിദ് ഖറാത്ത എംപി, ഡോ.അലി ഈസ ബൂഫർസൽ എംപി എന്നിവരും കെഎംസിസി ബഹറിൻ അടക്കമുള്ള വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു. മനാമ ഇർഷാദുൽ മുസ്ലിമീൻ മദ്രസ വിദ്യാർഥികളുടെ വൈവിധ്യമാർന്ന കലാ സാഹിത്യ പരിപാടികളും അരങ്ങേറി.