ക്ഷേമനിധി തുക മൂന്നു ലക്ഷമാക്കി ഉയർത്തി കല കുവൈത്ത് വാർഷിക സമ്മേളനം
Saturday, January 14, 2017 1:32 AM IST
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്ത് അതിന്റെ അംഗങ്ങൾക്ക് നൽകിവരുന്ന ക്ഷേമനിധി തുക രണ്ടു ലക്ഷത്തിൽ നിന്നും മൂന്നു ലക്ഷമാക്കി വർധിപ്പിക്കാൻ 38–മതു വാർഷികസമ്മേളനം തീരുമാനിച്ചു. അംഗമായിരിക്കെ മരണപ്പെടുന്ന കല കുവൈത്ത് അംഗങ്ങളുടെ ആശ്രിതർക്കാണ് ക്ഷേമനിധി തുക നൽകുന്നത്. സംഘടനയിലെ അംഗങ്ങൾക്കായി വിവിധ ക്ഷേമപദ്ധതികളും ഇതു കൂടാതെ നടപ്പിലാക്കി വരുന്നുണ്ട്. ഓരോ വർഷവും അംഗത്വം പുതുക്കുന്ന അംഗങ്ങൾക്കാണ് ഇത്തരത്തിലുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നത്.

കലയുടെ ട്രസ്റ്റ് ചെയർമാനായിരിക്കെ മരിച്ച വി.വി. ദക്ഷിണാമൂർത്തിയുടെ നാമധേയത്തിൽ തയാറാക്കപ്പെട്ട നഗറിൽ (ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ) വച്ചു നടന്ന വാർഷിക സമ്മേളനം കുവൈത്തിലെ പ്രമുഖ സാമൂഹിക സാംസ്കാരിക പ്രവർത്തകൻ ജോൺ മാത്യു സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഫാസിസ്റ്റ്–സാമ്രാജ്യത്വ കൊള്ളക്കെതിരെ ജാഗരൂകരായിരിക്കണമെന്നും, കല കുവൈത്ത് പോലുള്ള പുരോഗമന പ്രസ്‌ഥാനങ്ങൾ ഇത്തരം ചെറുത്തു നിൽപ്പുകൾക്കെതിരെ നടത്തുന്ന നേതൃത്വപരമായ പങ്ക് ശ്ലാഖനീയമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു. കല കുവൈത്ത് പ്രവർത്തകർ ആലപിച്ച സ്വാഗതഗാനത്തോടെ ആരംഭിച്ച സമ്മേളനത്തിന് പ്രസിഡന്റ് ആർ. നാഗനാഥൻ അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയർമാൻ കിരൺ പി.ആർ സ്വാഗതം ആശംസിച്ചു. കഴിഞ്ഞ പ്രവർത്തന വർഷക്കാലത്ത് വിവിധ മേഖലകളിൽ വ്യക്‌തിമുദ്ര പതിപ്പിച്ച് വിട്ടു പിരിഞ്ഞ പ്രമുഖരേയും, മാനവീകതക്ക് വേണ്ടിയുള്ള പോരാട്ടങ്ങളിൽ ജീവൻ നഷ്‌ടപ്പെട്ടവരേയും അനുസ്മരിച്ചുകൊണ്ടുള്ള അനുശോചന പ്രമേയം ജോയിന്റ് സെക്രട്ടറി സുഗതകുമാർ അവതരിപ്പിച്ചു.

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ കല കുടുംബാംഗങ്ങളായ രജീഷ് വി.ടി, രതീഷ് സി. പിള്ള, പ്രജീഷ് കെ, അഖിലേഷ് ആനന്ദ് എന്നിവർക്കുള്ള കലയുടെ സ്നേഹോപഹാരം ഉദ്ഘാടന വേദിയിൽ വെച്ച് ജോൺ മാത്യു കൈമാറി.

റിപ്പോർട്ട്: സലിം കോട്ടയിൽ