പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ ബാവായുടെ ഓർമപെരുന്നാൾ ആഘോഷിച്ചു
Friday, January 13, 2017 9:50 AM IST
കുവൈത്ത്: മലങ്കരസഭയുടെ മൂന്നാമത് കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ ബാവായുടെ 53–ാം ഓർമപെരുന്നാൾ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക ആഘോഷിച്ചു. മാർ ബസേലിയോസ് മൂവ്മെന്റാണ് പെരുന്നാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയത്.

ജനുവരി ആറിന് രാവിലെ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ നടന്ന സമൂഹബലിക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ കോൽക്കത്ത ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മുഖ്യകാർമികത്വം വഹിച്ചു. മഹാഇടവക വികാരി ഫാ. രാജു തോമസ്, സഹവികാരി ഫാ. ജേക്കബ് തോമസ് എന്നിവർ സഹകാർമികരായിരുന്നു. തുടർന്ന് പ്രത്യേക ധൂപപ്രാർഥനയും നേർച്ചവിളമ്പും നടന്നു.

രാത്രി 7.30ന് അബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന മാർ ബസേലിയോസ് മൂവ്മെന്റിന്റെ കുടുംബസംഗമം മലങ്കര സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയും കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനുമായ ഡോ. മാത്യൂസ് മാർ സേവേറിയോസ് ഉദ്ഘാടനം ചെയ്തു. ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മുഖ്യപ്രഭാഷണം നടത്തി. ഇടവക സഹവികാരി ഫാ. ജേക്കബ് തോമസിന്റെ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ജെറി ജോൺ കോശി, കൺവീനർ ഏബ്രഹാം അലക്സ്,

സെന്റ് ബേസിൽ ഓർത്തഡോക്സ് ഇടവക വികാരി ഫാ. ഷാജി പി. ജോഷ്വാ, സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവക വികാരി ഫാ. സഞ്ചു ജോൺ, മലങ്കര സഭാ മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ ഷാജി ഏബ്രഹാം, ജയ്സൺ വർഗീസ്, സാബു ടി. ജോർജ്, ഇടവക ട്രഷറർ തോമസ് കുരുവിള, ഇടവക സെക്രട്ടറി ജിജി ജോൺ, സംഘടനാ വൈസ് പ്രസിഡന്റ് ഏബ്രഹാം സി. മാലേത്ത് എന്നിവർ പ്രസംഗിച്ചു.

അറുപതാം പിറന്നാളിന്റെ നിറവിലായിരിക്കുന്ന ഡോ. മാർ ദിവന്നാസിയോസിനെയും മലങ്കരസഭാ അസോസിയേഷൻ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട സംഘടനാംഗങ്ങളായ ജെറി ജോൺ കോശി, ജിജി ജോൺ, ജോൺ ജോർജ്, ഷൈജു കുര്യൻ, കോൽക്കത്ത ഭദ്രാസന പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട അനീഷ് തോമസ്, ഏബ്രഹാം അലക്സ്, സിബു അലക്സ്, മനോജ് തോമസ്, പി.ജി. അലക്സാണ്ടർ, നിക്സൺ തോമസ്, ക്രിസ്മസ് കരോൾ ഗാനങ്ങൾ രചിച്ച് ഈണം നൽകിയ ടൈറ്റസ് മാത്യു എന്നിവരെ ചടങ്ങിൽ ആദരിച്ചു.

സംഘടനാ ട്രഷറർ സിസിൽ ചാക്കോ, ജോയിന്റ് സെക്രട്ടറി സിബി അലക്സാണ്ടർ, ഓർഗനൈസിംഗ് സെക്രട്ടറി ജോഫിൻ സാമുവൽ, ജോയിന്റ് കൺവീനർ സിബു അലക്സ്, വർഗീസ് ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ