ഫിറ്റ് സംഘടിപ്പിക്കുന്ന കളിയരങ്ങ് 13ന്
Thursday, January 12, 2017 8:48 AM IST
ജിദ്ദ: മലപ്പുറം ജില്ലാ കെഎംസിസിയുടെ കീഴിൽ രൂപം കൊണ്ട ‘ഫിറ്റ്’ (ഫോറം ഫോർ ഐഡിയൽ തൊട്ട്സ്) സംഘടിപ്പിക്കുന്ന കളിയരങ്ങ് ജനുവരി 13ന് (വെള്ളി) അൽ ദുർറ വില്ലയിൽ നടക്കും.

കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ഈ കായിക മാമാങ്കത്തിൽ നാനൂറോളം കുട്ടികൾ, അൻപതോളം ഇനങ്ങളിലായി ഏഴു മേഖലകളിലായാണ് മാറ്റുരയ്ക്കുക. നാല് വയസു മുതൽ പതിനാറു വയസുവരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് മത്സരങ്ങളിൽ പങ്കെടുക്കാനവസരം. രക്ഷിതാക്കൾക്കും മത്സരങ്ങൾ ഉണ്ടായിരിക്കും.

കുട്ടികളുടെ കായിക ശേഷി വർധിപ്പിക്കുക, മത്സര ബുദ്ധി മാനസിക ശക്‌തി വളർത്തുക, അന്യം നിൽക്കുന്ന കായിക മേഖലക്ക് പ്രോത്സാഹനം നൽകുക തുടങ്ങിയവ ലക്ഷ്യമാക്കിയാണ് കളിയരങ്ങ് സംഘടിപ്പിക്കുന്നത്.

നാല് മുതൽ ആറു വയസു വരെയുള്ള കുട്ടികൾക്ക് ബഡ്സ്, ഏഴു മുതൽ ഒൻപതു വരെ കിഡ്സ്, പത്തു മുതൽ പന്ത്രണ്ടു വരെയുള്ളവർക്ക് ജൂണിയർ, പതിമൂന്നു മുതൽ പതിനാറു വരെ സീനിയർ എന്നിങ്ങനെ നാല് വിഭാഗങ്ങളായാണ് മത്സരങ്ങൾ. പരിപാടിയിൽ വിവിധ സ്‌ഥാപനങ്ങളുടെ സ്റ്റാളുകളും ആരോഗ്യ ബോധവത്കര പ്രവർത്തങ്ങളും പുസ്തകം പരിചയപ്പെടുത്തൽ, ക്വിസ് മത്സരം തുടങ്ങിയവയും ഉണ്ടായിരിക്കും.

വാർത്താസമ്മേളനത്തിൽ വി.പി മുസ്തഫ (ജിദ്ദ കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡന്റ്), ഇല്യാസ് കല്ലിങ്ങൽ (ജിദ്ദ കെഎംസിസി മലപ്പുറം ജില്ലാ സക്രട്ടറി), ഇസ്ഹാഖ് പൂണ്ടോളി (ഫിറ്റ് ജനറൽ സെക്രട്ടറി), അബു കാട്ടുപാറ (പ്രോഗ്രാം കൺവീനർ), യാസിദ് മുഹമ്മദ് എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ