കാസർഗോഡ് ജില്ലാ നോർക്ക ഓഫീസ് എല്ലാ ദിവസവും തുറന്നു പ്രവർത്തിക്കണം : ഖത്തർ കെ എംസിസി
Saturday, August 11, 2018 6:26 PM IST
ദോഹ : കാസർഗോഡ് ജില്ലയിലെ നോർക്കാ ഓഫീസ് എല്ലാദിവസവും തുറന്നു പ്രവർത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഖത്തർ കെ എംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

പ്രവാസികൾ ഏറ്റവും കൂടുതലുള്ള കാസർഗോഡ് ജില്ലയിൽ പ്രവർത്തിക്കുന്ന നോർക്ക ഓഫീസിൽ പ്രവാസികൾക്കായി നിരവധി സേവനങ്ങൾ ലഭ്യമാണെങ്കിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തതുകാരണം ഓഫീസിന്‍റെ പ്രവർത്തനം ആഴ്ചയിൽ രണ്ടു ദിവസമായി ചുരുങ്ങിയത് ലക്ഷകണക്കിന് പ്രവാസികളെയാണ് ബാധിക്കുന്നത്. ഇതു സംബന്ധിച്ചു എൻ.എ. നെല്ലിക്കുന്ന് എംഎൽഎക്ക് നിവേദനം നൽകാനും യോഗം തീരുമാനിച്ചു. ചേർക്കളം അബ്ദുള്ളയുടെ നിര്യണത്തിൽ യോഗം അനുശോചിച്ചു.

പ്രസിഡന്‍റ് ബഷീർ മജൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ റഹ്മാൻ എരിയാൽ സ്വാഗതം ആശംസിച്ചു. ജില്ലാ വൈസ് പ്രസിഡന്‍റ് ഹാരിസ് എരിയാൽ , നവാസ് ആസാദ് നഗർ ,സലാം പുത്തൂർ ,അക്ബർ കടവത് , മാഹിൻ കുന്നിൽ ,സിദ്ദിഖ് മൊഗ്രാൽ പുത്തൂർ പ്രസംഗിച്ചു . ട്രഷറർ അൻവർ കടവത് നന്ദി പറഞ്ഞു.