സ്വാമി അഗ്നിവേശിനുനേരെ നടന്ന ആക്രമം അപലപനീയം: ഇസ് ലാഹി സെന്‍റർ
Thursday, July 19, 2018 9:15 PM IST
കുവൈത്ത് : സാമൂഹിക പ്രവർത്തകൻ സ്വാമി അഗ്നിവേശിനു നേരെ ജാർഖണ്ഡിലെ പാക്കൂറിൽ ബിജെപിയുടെയും സംഘപരിവാർ വിഭാഗങ്ങളുടെയും പ്രവർത്തകർ നടത്തിയ ആക്രമണം തികച്ചും അപലപനീയമാണെന്ന് ഇന്ത്യൻ ഇസ് ലാഹി സെന്‍റർ പ്രസ്താവനയിൽ പറഞ്ഞു.

ആദിവാസികളുടെ ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട ഒരു സമ്മേളനത്തിൽ പങ്കെടുക്കാനാണ് സ്വാമി അഗ്നിവേശ് പാക്കൂറിൽ എത്തിയത്. സമ്മേളനത്തിന് പോകും മുന്പ് അദ്ദേഹം മാധ്യമപ്രവർത്തകരുമായി സംസാരിച്ചിരുന്നു. അതുകഴിഞ്ഞ് ഹോട്ടലിൽ നിന്ന് പുറത്തിറങ്ങുന്പോഴാണ് ആക്രമണമുണ്ടായത്. മാധ്യമപ്രവർത്തകരുടെ മുന്പിൽ നടന്ന സംഭവമായതിനാൽ ബിജെപി നേതൃത്വത്തിന് പതിവു രീതിയിൽ ഒഴിഞ്ഞുമാറാനാവില്ല.

വർഗീയത ഇളക്കിവിട്ട് ജനങ്ങളെ ഭിന്നിപ്പിക്കാനും അതിലൂടെ രാഷ്ട്രീയമുതലെടുപ്പ് നടത്താനും സംഘപരിവാർ നടത്തുന്ന നീക്കങ്ങളെ ശക്തമായി എതിർക്കുന്നവരിൽ പ്രമുഖനാണ് സ്വാമി അഗ്നിവേശ്. തങ്ങളുടെ ആശയത്തെ എതിർക്കുന്നവരെ ആക്രമണത്തിലൂടെ നിശബ്ദരാക്കാനുളള സംഘപരിവാർ പദ്ധതിയുടെ ഭാഗമായിട്ടേ ഇതിനെ കാണാനാവു. മതനിരപേക്ഷതക്കുവേണ്ടി നിലകൊള്ളുന്ന എല്ലാവരും ഇത്തരം ആക്രമണങ്ങൾക്കെതിരെ രംഗത്തുവരേണ്ടതുണ്ട്. ഐഐസി യോഗം സൂചിപ്പിച്ചു.

ഇന്ത്യന് ഇസ്ലാഹി സെന്‍റര് പ്രസിഡന്‍റ് ഇബ്രാഹിം കുട്ടി സലഫി അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി അബൂബക്കർ സിദ്ധീഖ് മദനി, അൻവർ സാദത്ത്, മുഹമ്മദ് ബേബി, ഉമ്മർ കുട്ടി, യൂനുസ് സലീം, ഫിറോസ് ചുങ്കത്തറ എന്നിവർ സംസാരിച്ചു.

റിപ്പോർട്ട് : സലിം കോട്ടയിൽ