വിമാനം തെന്നിമാറിയ സംഭവത്തിൽ ഖത്തർ എയർവേയ്സ് ട്വീറ്റ് ചെയ്തു
Saturday, July 14, 2018 7:08 PM IST
ദോഹ: നെടുന്പാശേരി വിമാനത്താവളത്തിൽ വിമാനം ഇറങ്ങുന്നതിനിടെ തെന്നിമാറിയ സംഭവത്തിൽ ഖത്തർ എയർവേയ്സ് ട്വീറ്റ് ചെയ്തു. കനത്ത മഴയും റണ്‍വേയിലുണ്ടായ വെള്ളക്കെട്ടുമാണ് ദോഹ - കൊച്ചി വിമാനം ഉരുണ്ടു നീങ്ങാൻ കാരണമായതെന്ന് വിശദീകരണ കുറിപ്പിൽ പറയുന്നു.

വെള്ളിയാഴ്ച പുലർച്ചെയാണ് ഖത്തർ എയർവെയ്സിന്‍റെ ക്യു ആർ 516ാം നന്പർ ദോഹ കൊച്ചി വിമാനം നെടുന്പാശ്ശേരി വിമാനത്താവളത്തിലെ റണ്‍വെയിൽ ചെറുതായി തെന്നിയത്.
റണ്‍വേയിൽനിന്നും വിമാനം തെന്നി നീങ്ങിയതിനെതുടർന്നു ഏതാനും റണ്‍വേ വിളക്കുകൾക്ക് തകരാർ സംഭവിച്ചെങ്കിലും മറ്റ് അപകടങ്ങളൊന്നുമുണ്ടായില്ല. നെടുന്പാശേരിയിലിറങ്ങിയ വിമാനം സാധാരണപോലെ വിമാനത്താവളത്തിലെ പാർക്കിംഗ് ബേയിൽ കൊണ്ടുപോയി നിർത്തിയെങ്കിലും കൊച്ചിയിൽ നിന്നും ദോഹയിലേക്ക് മടങ്ങേണ്ടിയിരുന്ന ക്യു ആർ 517ാം നന്പർ സർവീസ് റദ്ദാക്കിയിരുന്നു. പ്രസ്തുത വിമാനത്തിൽ യാത്ര ചെയ്യേണ്ടിയിരുന്ന യാത്രക്കാർക്ക് മറ്റു വിമാനങ്ങളിൽ സൗകര്യങ്ങൾ ഏർപ്പെടുത്തി. കൊച്ചിയിലെ അധികൃതരുമായി പൂർണമായും സഹകരിച്ചുള്ള പ്രവർത്തനം ഖത്തർ എയർവെയ്സ് നിർവഹിച്ചതായും യാത്രക്കാരുടെ സുരക്ഷയ്ക്കാണ് കന്പനി പ്രാഥമിക പരിഗണന നല്കുന്നതെന്നും ഖത്തർ എയർവെയ്സ് ട്വീറ്റിൽ വ്യക്തമാക്കി.