ഭക്ഷ്യവിഷബാധ: നിരവധിയാളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Sunday, July 8, 2018 4:00 PM IST
കുവൈത്ത് സിറ്റി : ഹവല്ലിയിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച 287 പേരെ ഭക്ഷ്യവിഷബാധയേറ്റ് വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമായതിനാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഫലാഫില്‍ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്. അതേസമയം, വിഷബാധ നിയന്ത്രണവിധേയമാണെന്നു ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വിഷബാധയേറ്റ് മുബാറക് ആശുപത്രിയില്‍ 192 പേരെയും അമീരി ആശുപത്രിയില്‍ 21 പേരെയും ഫര്‍വാനിയ ആശുപത്രിയില്‍ 23 പേരെയും സബാഹ്, അദാന്‍ ആശുപത്രികളില്‍ ആറുപേരെ വീതവും ജഹ്‌റ ആശുപത്രിയില്‍ 17 പേരെയുമാണ് പ്രവേശിപ്പിച്ചിരുന്നത്.

വിവിധ സ്വകാര്യ ആശുപത്രികളില്‍ 22 പേരും വിഷബാധക്ക് ചികിത്സ തേടിയെത്തി. സംഭവത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രാലയം അധികൃതര്‍ ഹോട്ടല്‍ അടച്ചു സീല്‍ പതിച്ചു. ഹോട്ടലില്‍നിന്ന് കണ്ടെടുത്ത ഭക്ഷ്യപദാര്‍ഥങ്ങള്‍ വിശദമായ പരിശോധന നടത്തിവരികയാണെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍