ലുലു ഹൈപ്പർമാർക്കറ്റ് 148 മത് ശാഖ അബുദാബി വേൾഡ് ട്രേഡ് സെന്‍ററിൽ തുറന്നു
Thursday, July 5, 2018 12:13 AM IST
അബുദാബി: തലസ്ഥാന നഗരിയിലെ വേൾഡ് ട്രേഡ് സെന്‍ററിൽ ലുലു ഗ്രൂപ്പിന്‍റെ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു. ലുലു ഗ്രൂപ്പിന്‍റെ റീട്ടെയിൽ വ്യാപാര ശൃംഖലയുടെ 148ാം വിപണനശാലയാണിത്. അബുദാബി അൽദാർ പ്രോപ്പർട്ടീസ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ തലാൽ അൽ ദിയേബി ഉദ്ഘാടനം ചെയ്തു.

അബുദാബിയിലെ ആദ്യകാല വ്യാപാര കേന്ദ്രമായിരുന്ന ഓൾഡ് സൂഖ് എന്നറിയപ്പെട്ടിരുന്ന സ്ഥലത്ത് പുതുതായി നിർമിച്ച വേൾഡ് ട്രേഡ് സെന്‍ററിൽ ഒരു ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലാണ് ലുലു പ്രവർത്തനം ആരംഭിച്ചിരിക്കുന്നത് . ലുലു ഗ്രൂപ്പിന്‍റെ പ്രാരംഭകാല വ്യാപാര കേന്ദ്രം സ്ഥിതി ചെയ്തിരുന്ന ഇടത്താണ് ആധുനികമായ പുതിയ കേന്ദ്രം തുറന്നിരിക്കുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട് . നിർമിതിയിലെ വ്യത്യസ്തക്കോപ്പം ദീപവിതാനത്തിലെ ആധുനികതയും ഈ കേന്ദ്രത്തെ ശ്രദ്ധേയമാക്കുന്നു .

ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലി, എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, സിഇഒ സൈഫി രുപാവാല തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ലോക നിലവാരമുള്ള ഷോപ്പിംഗ് അനുഭവം പുതിയ മാളിൽ ലഭ്യമാക്കുമെന്നു ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലി പറഞ്ഞു.

ലുലുവിന്‍റെ 149 മത് ശാഖ ഉം അൽ ക്വയിനിലും 150 മത് ശാഖ സൗദിയിലും ഉടനെ പ്രവർത്തനം ആരംഭിക്കും .സൗദിയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളാകും ഇതെന്നും എം.എ. യൂസഫലി പറഞ്ഞു.

റിപ്പോർട്ട് : അനിൽ സി. ഇടിക്കുള