നഴ്സ് റിക്രൂട്ട്മെന്‍റ്: ഒഡെപെക് സംഘം കുവൈത്തിൽ
Saturday, June 23, 2018 7:10 PM IST
കുവൈത്ത് : നഴ്സ് നിയമനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി കേരള തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണ‌ന്‍റെ നേതൃത്വത്തിൽ ഒഡെപെക് സംഘം ഞായറാഴ്ച കുവൈത്തിൽ എത്തും. കുവൈത്ത് ആരോഗ്യമന്ത്രാലയം അധികൃതരുമായി കൂടിക്കാഴ്ച നടത്തുന്ന സംഘത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസ്, ഒഡെപെക് ചെയർമാൻ എൻ.ശശിധരൻ നായർ, മാനേജിംഗ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ, ജനറൽ മാനേജർ സജു സുലോചന സോമദേവ് എന്നിവരാ‍ണുള്ളത്.

കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലേക്കു നഴ്സുമാരെ നേരിട്ടു റിക്രൂട്ട് ചെയ്യുന്നതിനുള്ള അനുമതി തേടിയാണ് ഒഡെപെക് സംഘത്തിന്‍റെ കുവൈത്ത് സന്ദർശനം. കേന്ദ്ര സർക്കാരിന്‍റെ അംഗീകാരമുള്ള കേരളത്തിലെ നോർക്ക - റൂട്ട്സ് പ്രതിനിധികൾ ഇതേ ദൗത്യവുമായി നേരത്തെ കുവൈത്ത് ആരോഗ്യമന്ത്രാലയം അധികൃതരുമായി ചർച്ച നടത്തിയിരുന്നു.

ഇന്ത്യയിൽനിന്നു നഴ്സിംഗ് റിക്രൂട്ട്മെന്‍റിനു കേന്ദ്ര സർക്കാർ അംഗീകാരം നൽകിയ ആറ് ഏജൻസികളിൽ ഒന്നാണു കേരളത്തിൽനിന്നുള്ള ഒഡെപെക്. തമിഴ്നാട്ടിലെ ഓവർസീസ് മാൻ‌പവർ കോർപറേഷൻ ലിമിറ്റഡ്, ഉത്തർ പ്രദേശിലെ യുപി ഫിനാൻഷ്യൽ കോർപറേഷൻ, തെലങ്കാനയിലെ തെലങ്കാന ഓവർസീസ് മാൻ‌പവർ കമ്പനി, ആന്ധ്രാപ്രദേശിലെ മാൻ‌പവർ കമ്പനി എന്നിവയാണു മറ്റ് ഏജൻസികൾ.

നേരിട്ടുള്ള നിയമനത്തിനു കരാർ ലഭിക്കുകയാണെങ്കിൽ പ്രാവർത്തികമാക്കുന്ന രീതി സംബന്ധിച്ച് ഇന്ത്യൻ എംബസി മുഖേന ആരോഗ്യമന്ത്രാലയം ഇന്ത്യൻ ഏജൻസികളോടു വിശദീകരണം തേടിയിരുന്നു.

ഒഡെപെകും നോർക്കയും ഉൾപ്പെടെ ആറ് ഏജൻസികളും അതു സംബന്ധിച്ചു വിശദ മറുപടിയും നൽകി.റിക്രൂട്ട്മെന്റ് അംഗീകാരത്തിനുള്ള നടപടികൾക്കു വേഗം കൈവരുത്തുക എന്നതാണു സംസ്ഥാന തൊഴിൽ മന്ത്രിയുടെ നേതൃത്വത്തിലുള്ള ഒഡെപെക് സംഘത്തിന്റെ സന്ദർശന ലക്ഷ്യം. കുവൈത്തിലെ സ്വകാര്യ ഏജൻസികൾ മുഖേനയായിരുന്നു വിദേശങ്ങളിൽനിന്നുള്ള നഴ്സുമാരെ റിക്രൂട്ട് ചെയ്‌തിരുന്നത്.

ഗവൺമെന്‍റുകൾ തലത്തിൽ ഇടപാട് എന്നതിലാണു കുവൈത്ത് സർക്കാരിനും ഇപ്പോൾ താൽപര്യം എന്നാണു സൂചന. കുവൈത്തിലെ ഏജൻസി എന്നതിനു പകരം വിദേശങ്ങളിലെ അംഗീകൃത ഏജൻസിയുമായി നേരിട്ടുള്ള ഇടപാടായാൽ ക്രമക്കേടുകൾ കുറയ്ക്കാമെന്ന ധാരണയും ശക്തമായിട്ടുണ്ട്.