കല കുവൈറ്റ് അധ്യാപക പരിശീലനം സംഘടിപ്പിച്ചു
Wednesday, June 20, 2018 1:24 AM IST
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സംഘടിപ്പിക്കുന്ന സൗജന്യ മാതൃഭാഷാ പഠന പദ്ധതിയിലെ അധ്യാപകർക്ക് പരിശീലനം നൽകി. മംഗഫ് കല സെന്‍ററിൽ നടന്ന പരിപാടിയിൽ പ്രസിഡന്‍റ് ആർ.നാഗനാഥൻ അധ്യക്ഷത വഹിച്ചു. കല കുവൈറ്റ് ആക്ടിംഗ് സെക്രട്ടറി എം.പി.മുസഫർ, മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ ചീഫ് കോഓർഡിനേറ്റർ ജെ.സജി എന്നിവർ സംസാരിച്ചു.

മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ അംഗം സനൽകുമാർ നയിച്ച ക്ലാസിൽ നൂറോളം അധ്യാപകർ പങ്കെടുത്തു. കല കുവൈറ്റ് മാതൃഭാഷാ സമിതി കണ്‍വീനർ സജീവ് എം.ജോർജ് സ്വാഗതവും ഫഹാഹീൽ മേഖലാ സെക്രട്ടറി രവീന്ദ്രൻ പിള്ള നന്ദിയും പറഞ്ഞു.

കല കുവൈറ്റ് നടത്തി വരുന്ന ഏറ്റവും വലിയ സാംസ്കാരിക ദൗത്യമായ സൗജന്യ മാതൃഭാഷ പഠന പദ്ധതിയുടെ ക്ലാസുകൾ അബാസിയ, അബുഹലീഫ, ഫഹാഹീൽ, സാൽമിയ മേഖലകളിലാണ്് ആരംഭിച്ചത്. കഴിഞ്ഞ വർഷം മുതൽ കേരള സർക്കാരിന്‍റെ മലയാളം മിഷനുമായി ചേർന്നാണ് കലയുടെ മാതൃഭാഷാ പഠന പ്രവർത്തനങ്ങൾ നടക്കുന്നത്. എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്ന മുദ്രാവാക്യത്തോടെ കേരള സർക്കാർ രൂപീകരിച്ച മലയാളം മിഷൻ കണിക്കൊന്ന, സൂര്യകാന്തി, ആന്പൽ, നീലക്കുറിഞ്ഞി തുടങ്ങി നാല് കോഴ്സുകളാണ് നടത്തുന്നത് . നാല് പരീക്ഷകളും വിജയിക്കുന്ന പക്ഷം പത്താം ക്ലാസ് തത്തുല്യ സർട്ടിഫിക്കറ്റാണ് വിദ്യാർഥിക്ക് ലഭിക്കുക.

പഠന പദ്ധതിയിൽ ചേരാൻ താല്പര്യമുള്ള വിദ്യാർഥികൾക്ക് കല കുവൈറ്റ് വെബ്സൈറ്റായ www.kalakuwait.com വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.

വിവരങ്ങൾക്ക്: അബാസിയ 69330304, 50292779, 24317875, അബുഹലീഫ 51358822, 60084602, ഫഹഹീൽ 65092366, 97341639, സാൽമിയ 66736369, 66284396.

റിപ്പോർട്ട്: സലിം കോട്ടയിൽ