Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
കലോത്സവത്തിനിടെ കത്തിക്കുത്ത്; വദ്യാർഥിക്ക് പരിക്കേറ്റു
രാഹുലിന്റെ ട്വിറ്റർ ഹാക്ക് ചെയ്ത സംഭവം; ഹാക്കർമാരെക്കുറിച്ച് സൂചന ലഭിച്ചു
പാക് വിമാന അപകടം; 21 മൃതദേഹങ്ങൾ കണ്ടെടുത്തു
തരൂരിന്റെ ഡൽഹിയിലെ വസതിയിൽ മോഷണം
സംസ്‌ഥാന സ്കൂൾ കലോത്സവം ജനുവരി 16 മുതൽ
അയനം–എ. അയ്യപ്പൻ കവിതാപുരസ്കാരം വീരാൻകുട്ടിക്ക്
മന്ത്രി ജി. സുധാകരന് കവിതാ പുരസ്കാരം
കരുണാനിധി ആശുപത്രി വിട്ടു
നഗ്രോത ഭീകരാക്രമണം: അന്വേഷണം എൻഐഎ ഏറ്റെടുത്തു
കെ.എം.എബ്രഹാമിനെതിരായ അന്വേഷണ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ നൽകി
നോട്ട് പിൻവലിക്കൽ തിടുക്കത്തിലായിരുന്നില്ലെന്ന് ആർബിഐ
ഡോണൾഡ് ട്രംപ് ടൈം മാഗസിൻ പേഴ്സൺ ഓഫ് ദ ഇയർ
47 പേരുമായി പാക് യാത്രാ വിമാനം തകർന്നു വീണു
ജനാർദ്ദന റെഡ്ഡി 100 കോടിയുടെ കള്ളപ്പണം വെളിപ്പിച്ചതായി ആരോപണം
പണം ചെലവഴിക്കാൻ ബിസിസിഐക്ക് സുപ്രീം കോടതി അനുമതി
മമതയുടെ വിമാനം നിലത്തിറക്കാൻ വൈകിയ സംഭവം; ആറ് പൈലറ്റുമാർക്ക് സസ്പെൻഷൻ
ഗവർണറുടെ ചാൻസലേഴ്സ് ട്രോഫി എംജി സർവകലാശാലയ്ക്ക്
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ്; മനീഷ് പാണ്ഡെ ടീമിൽ
ടെസ്റ്റുകൾക്കിടയിലെ ഇടവേള ഗുണം ചെയ്യുമെന്ന് കോഹ്ലി
നോട്ട് അസാധുവാക്കൽ; പ്രധാനമന്ത്രി മറുപടി പറയുമെന്ന് ബിജെപി
റിസർവ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു; പലിശ നിരക്കുകളിൽ മാറ്റമില്ല
റിസോഴ്സ് സാറ്റ്–2എ ഭ്രമണപഥത്തിൽ
മറീന ബീച്ചിലേക്ക് ആയിരങ്ങൾ ഒഴുകുന്നു
ഇന്തോനേഷ്യയിലെ ഭൂചലനം; മരണം സംഖ്യ 55 ആയി
റോഡിൽ പരിക്കേറ്റ നിലയിൽ കാണപ്പെട്ട യുവാവ് മരിച്ചു
ശശികല പാർട്ടി ജന. സെക്രട്ടറി ആയേക്കും
സ്വാമി പ്രകാശാനന്ദയുടെ പ്രൈവറ്റ് സെക്രട്ടറി മരിച്ച നിലയിൽ
അജിത്ത് വിദേശത്തെ ഷൂട്ടിംഗ് റദ്ദാക്കി ചെന്നൈയിൽ; ജയയുടെ പിൻഗാമിയാകുമോ?
10 ലക്ഷം രൂപയുടെ പുതിയ നോട്ടുകളുമായി രണ്ടു പേർ പിടിയിൽ
ബന്ധുനിയമന വിവാദം: അന്വേഷണ പുരോഗതി അറിയിക്കണമെന്ന് കോടതി
സർക്കാരിനു വി.എസിന്റെ മുന്നറിയിപ്പ്: അനധികൃത നിർമാണങ്ങൾ സാധൂകരിക്കരുത്
ചോ രാമസ്വാമിയുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രമുഖർ
സി.ആർ.മഹേഷിനു മർദ്ദനം: യൂത്ത്കോൺഗ്രസ് പ്രവർത്തകർ പോലീസ് സ്റ്റേഷൻ ഉരോധിച്ചു
ബോളിവുഡ് നടൻ ദിലീപ് കുമാർ ആശുപത്രിയിൽ
ആൻഡമാനിൽ കനത്ത മഴയും കാറ്റും: 800 വിനോദ സഞ്ചാരികൾ കുടുങ്ങി
സ്വർണ വില കുറഞ്ഞു
യുപിയിൽ മൂടൽ മഞ്ഞ്: ഗതാഗത സംവിധാനങ്ങൾ തടസപ്പെട്ടു
ബിലീവേഴ്സ് ചർച്ച് നികത്തിയ ഭൂമി പുനസ്‌ഥാപിക്കാൻ ഉത്തരവ്
മലപ്പുറത്ത് സ്കൂൾ വിദ്യാർഥികളെ തെരുവുനായ ആക്രമിച്ചു
ഇന്തോനേഷ്യയിൽ ശക്‌തമായ ഭൂചലനം: 20 പേർ മരിച്ചു
രവീന്ദ്ര ജഡേജയുടെ പ്രകടനത്തിൽ സന്തുഷ്ടനെന്ന് കുംബ്ലെ
ജയയ്ക്കു പിന്നാലെ ആത്മസുഹൃത്തും യാത്രയായി
ബാലൺ ഡി ഓർ പുരസ്കാരം റൊണാൾഡോ നേടുമെന്ന് റിപ്പോർട്ട്
ഐപിടിഎൽ: യുഎഇ റോയൽസിനെതിരേ ഇന്ത്യൻ ഏസസിന് ജയം
ഇഡ്ലിബിൽ വ്യോമാക്രമണം; 25 പേർ കൊല്ലപ്പെട്ടു
റിസോഴ്സ് സാറ്റ്–2എ ഇന്നു വിക്ഷേപിക്കും
മ്യാൻമറിൽനിന്നു ബംഗ്ലാദേശിലേക്കു റോഹിങ്ക്യകളുടെ കൂട്ടപലായനം
സിർത്ത് നഗരം ലിബിയൻ സേന തിരിച്ചുപിടിച്ചു
പാക്കിസ്‌ഥാൻ 437 തവണ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് കേന്ദ്രസർക്കാർ
കലോത്സവത്തിനിടെ കത്തിക്കുത്ത്; വദ്യാർഥിക്ക് പരിക്കേറ്റു
Share on Facebook
കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിൽ ഉപജില്ലാ കലോത്സവത്തിനിടെ സംഘർഷം. ഒരു വിദ്യാർഥിക്ക് കുത്തേറ്റു. ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാഹുലിന്റെ ട്വിറ്റർ ഹാക്ക് ചെയ്ത സംഭവം; ഹാക്കർമാരെക്കുറിച്ച് സൂചന ലഭിച്ചു
Share on Facebook
ന്യൂഡൽഹി: കോൺഗ്രസ് വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയുടേതും പാർട്ടിയുടെയും ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത സംഭവത്തിൽ അന്വേഷണം വഴിത്തിരിവിൽ. ഹാക്കർമാരുടെ ഐപി അഡ്രസ് ലഭിച്ചതായി ഡൽഹി പോലീസ് അറിയിച്ചു. സൈബർ പോലീസ് ട്വിറ്റർ അധികൃതരുമായി ബന്ധപ്പെട്ടതോടെയാണ് ഐപി അഡ്രസ് ലഭ്യമായത്. കഴിഞ്ഞ മാസം 30 നാണ് രാഹുലിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്.
പാക് വിമാന അപകടം; 21 മൃതദേഹങ്ങൾ കണ്ടെടുത്തു
Share on Facebook
ഇസ് ലാമാബാദ്: അബോട്ടാബാദിൽ തകർന്നുവീണ പാക്കിസ്‌ഥാൻ ഇന്റർനാഷണൽ എയർലൈൻസ് വിമാനത്തിലെ 21 യാത്രക്കാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. രക്ഷാപ്രവർത്തനം നടക്കുകയാണെന്നും 21 മൃതദേഹങ്ങൾ ലഭിച്ചതായും സൈന്യം അറിയിച്ചു. വിമാനത്തിൽ 42 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. അപകടത്തിൽ ആരും രക്ഷപെടാൻ ഇടയില്ലെന്നാണ് കരുതുന്നത്. യാത്രക്കാരിൽ ഗായകനും ഇവാഞ്ചലിസ്റ്റുമായ ജുനൈദ് ജംഷദുമുണ്ടായിരുന്നു.

അബോട്ടാബാദിലെ പാക് ആയുധ ഫാക്ടറിക്കു സമീപം പടോലയിലാണ് വിമാനം തകർന്നു വീണത്. വിമാനം ചിത്റാലിൽനിന്നും ഇസ് ലാമാബാദിലേക്ക് പോകുകയായിരുന്നു. യന്ത്ര തകരാറാണ് അപകട കാരണം. ബുധനാഴ്ച വൈകുന്നേരം 3.30 നാണ് ചിത്റാലിൽനിന്നും വിമാനം പറന്നുയർന്നത്. ഇസ് ലാമാബാദിൽ വൈകുന്നേരം 4.40 നാണ് വിമാനം ഇറങ്ങേണ്ടിയിരുന്നത്. പറന്നുയർന്നയുടൻ തന്നെ വിമാനവും കൺട്രോൾ യൂണിറ്റുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി അധികൃതർ പറയുന്നു.
തരൂരിന്റെ ഡൽഹിയിലെ വസതിയിൽ മോഷണം
Share on Facebook
ന്യൂഡൽഹി: ശശി തരൂരിന്റെ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ മോഷണം. പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ച ചെമ്പിലുള്ള ഗാന്ധി കണ്ണട അടക്കമുള്ള നിരവധി വിലപിടിപ്പുള്ളതും പുരാതനവുമായ സാധനങ്ങൾ മോഷണംപോയി. എംപിമാരുടെ വസതികൾ സ്‌ഥിതിചെയ്യുന്ന ലോധി റോഡിലുള്ള ബംഗ്ലാവിൽ കഴിഞ്ഞ മാസം 29നാണ് മോഷണം നടന്നതെന്ന് പോലീസ് പറയുന്നു.

സ്വച്ഛ് ഭാരത് കാമ്പയിനിൽ ഭാഗമായതിനു പ്രധാനമന്ത്രി സമ്മാനിച്ച ചെമ്പിലുള്ള ഗാന്ധി കണ്ണട, 12 ഗണേശ വിഗ്രഹങ്ങൾ, 10 ഹനുമാൻ വിഗ്രഹങ്ങൾ, പുരാതന നടരാജ വിഗ്രഹം തുടങ്ങിയവയും ഓഫീസിലുണ്ടായിരുന്ന പെൻഡ്രൈവുകൾ, ഇന്റർനെറ്റ് ഡോങ്കിൾ തുടങ്ങിയവയും നഷ്ടപ്പെട്ടിട്ടുണ്ട്.
സംസ്‌ഥാന സ്കൂൾ കലോത്സവം ജനുവരി 16 മുതൽ
Share on Facebook
കണ്ണൂർ: സംസ്‌ഥാന സ്കൂൾ കലോത്സവം ജനുവരി 16 മുതൽ 22 വരെ കണ്ണൂർ നഗരത്തിലെ വിവിധ വേദികളിൽ നടക്കും. ഇതു നാലാം തവണയാണ് കണ്ണൂർ സംസ്‌ഥാന കലോത്സവത്തിനു വേദിയാകുന്നത്. ഇതിനു മുമ്പു 1982, 1995, 2007 വർഷങ്ങളിലാണു കൗമാരപ്രതിഭകൾക്കു കണ്ണൂർ അരങ്ങൊരുക്കിയത്.

ഇത്തവണ സ്കൂൾ കലോത്സവം എറണാകുളത്തു നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ, കൊച്ചി മെട്രാ നിർമാണം പുരോഗമിക്കുന്നതിനാൽ കണ്ണൂരിനു നറുക്കുവീഴുകയായിരുന്നു. തലശേരിയിലെ റവന്യൂ ജില്ലാ കലോത്സവം പൂർത്തിയാകുന്നതോടെ ഇതിനുള്ള ഒരുക്കങ്ങൾ ആരംഭിക്കും. ഞായറാഴ്ചയാണ് റവന്യൂ ജില്ലാ കലോത്സവം സമാപിക്കുന്നത്.
അയനം–എ. അയ്യപ്പൻ കവിതാപുരസ്കാരം വീരാൻകുട്ടിക്ക്
Share on Facebook
തൃശൂർ: കവി എ. അയ്യപ്പന്റെ ഓർമയ്ക്കായി അയനം സാംസ്കാരികവേദി ഏർപ്പെടുത്തിയ ആറാമത് ‘അയനം–എ. അയ്യപ്പൻ’കവിതാപുരസ്കാരത്തിന് വീരാൻകുട്ടി അർഹനായി. ‘വീരാൻകുട്ടിയുടെ കവിതകൾ’ എന്ന പുസ്തകത്തിനാണ് പുരസ്കാരം. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ജനുവരിയിൽ മഹാകവി അക്കിത്തം അവാർഡ് സമ്മാനിക്കും.
മന്ത്രി ജി. സുധാകരന് കവിതാ പുരസ്കാരം
Share on Facebook
തിരുവനന്തപുരം: കവി പുനലൂർ ബാലന്റെ സ്മരണയ്ക്കായി ജനകീയ കവിതാവേദി ഏർപ്പെടുത്തിയ പുനലൂർ ബാലൻ കവിതാ പുരസ്കാരം മന്ത്രി ജി. സുധാകരന്. 1000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

2012 മുതൽ പുറത്തിറങ്ങിയ കവിതാ സമാഹാരങ്ങളാണ് അവാർഡിനായി പരിഗണിച്ചത്. ഡോ. ജോർജ് ഓണക്കൂർ ചെയർമാനും ഡോ.സി. ഉണ്ണികൃഷ്ണൻ, ബാബു കുഴിമറ്റം, ബാബു പാക്കനാർ, കവിതാ വേദി പ്രസിഡന്റ് കെ.കെ. ബാബു, വൈസ് പ്രസിഡന്റ് ഡോ. ഷെർളി ശങ്കർ എന്നിവർ അംഗങ്ങളായ സമിതിയാണ് അവാർഡ് നിർണിയിച്ചത്.
കരുണാനിധി ആശുപത്രി വിട്ടു
Share on Facebook
ചെന്നൈ: ഡിഎംകെ അധ്യക്ഷൻ എം.കരുണാനിധി ആശുപത്രി വിട്ടു. അലർജി സംബന്ധമായ രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്ന കരുണാനിധി ബുധനാഴ്ച വൈകുന്നേരത്തോടെയാണ് ആശുപത്രി വിട്ടത്. ചെന്നൈയിലെ ആൽവാർപേട്ടിലുള്ള കാവേരി ആശുപത്രിയിലായിരുന്നു ഒരാഴ്ചയിലേറെയായി കരുണാനിധി. കഴിഞ്ഞ ഒരു മാസമായി പൊതുപരിപാടികളിൽനിന്നും ഒഴിഞ്ഞു നിൽക്കുകയായിരുന്നു അദ്ദേഹം.
നഗ്രോത ഭീകരാക്രമണം: അന്വേഷണം എൻഐഎ ഏറ്റെടുത്തു
Share on Facebook
ന്യൂഡൽഹി: ജമ്മുകാഷ്മീരിലെ നഗ്രോത സൈനിക താവളത്തിനു നേർക്കുണ്ടായ ഭീകരാക്രമണം സംബന്ധിച്ച അന്വേഷണം എൻഐഎ ഏറ്റെടുത്തു. കേസ് എൻഐഎക്കു കൈമാറിയതായി അധികൃതർ അറിയിച്ചു. അടുത്ത ദിവസങ്ങളിൽ എൻഐഎ സംഘം സംഭവ സ്‌ഥലം സന്ദർശിക്കും.

നവംബർ 29ന് ഉണ്ടായ ആക്രമണത്തിൽ രണ്ടു ഓഫിസർമാർ ഉൾപ്പെടെ ഏഴ് ഇന്ത്യൻ സൈനികരാണ് കൊല്ലപ്പെട്ടത്. എട്ടുമണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ ആക്രമണം നടത്തിയ മൂന്നു ഭീകരരെ സുരക്ഷാസേന വധിക്കുകയും ചെയ്തു. ഓഫിസർമാരുടെ മെസിനു നേരെ ഗ്രനേഡുകൾ എറിഞ്ഞായിരുന്നു ഭീകരാക്രമണം. സൈനിക ഹെഡ്ക്വാട്ടേഴ്സ് ആക്രമണം നടന്ന നഗ്രോതയിൽനിന്നു കേവലം മൂന്നു കിലോമീറ്റർ അകലെയാണ്.
കെ.എം.എബ്രഹാമിനെതിരായ അന്വേഷണ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ നൽകി
Share on Facebook
തിരുവനന്തപുരം: ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിനെതിരായ അന്വേഷണ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ നൽകി. വിജിലൻസ് എസ് പി രാജേന്ദ്രനാണ് റിപ്പോർട്ട് സമർപ്പിച്ചത്. ആരോപണങ്ങളിൽ കഴമ്പില്ലെന്ന കണ്ടെത്തലിൽ വിജിലൻസ് എത്തിയതായാണ് സൂചന. നേരത്തെ വിജിലൻസ് ഡയറക്ടർ ഡോ. ജേക്കബ് തോമസാണ് എബ്രഹാമിനെതിരെ ത്വരിത പരിശോധനക്ക് ഉത്തരവിട്ടത്.

ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, വിസി പദവികൾ ദുരുപയോഗം ചെയ്തുവെന്ന പരാതിയിലായിരുന്നു അന്വേഷണം. ലൈബ്രേറിയൻമാർക്ക് മാനദണ്ഡം ലംഘിച്ച് യുജിസി പദവി നൽകിയെന്നാണ് പരാതി. യൂണിവേഴ്സിറ്റി കോളജ് മുൻ പ്രിൻസിപ്പാളാണ് പരാതി നൽകിയത്.
നോട്ട് പിൻവലിക്കൽ തിടുക്കത്തിലായിരുന്നില്ലെന്ന് ആർബിഐ
Share on Facebook
ന്യൂഡൽഹി: നോട്ട് പിൻവലിക്കൽ നടപടി തിടുക്കപ്പെട്ട് എടുത്ത തീരുമാനമായിരുന്നില്ലെന്നും കൂടിയാലോചനകൾക്കു ശേഷമായിരുന്നെന്നും ആർബിഐ. തീരുമാനം നടപ്പാക്കുമ്പോൾ 12 ലക്ഷം കോടിയുടെ പുതിയ നോട്ടുകൾ നിക്ഷേപിച്ചിരുന്നതായും റിസർവ് ബാങ്ക് ഡപ്യൂട്ടി ഗവർണർ ആർ. ഗാന്ധി പറഞ്ഞു.

നോട്ട് പിൻവലിക്കലിനു ശേഷം 19 ബില്യൺ പുതിയ നോട്ടുകൾ വിപണിയിൽ എത്തിച്ചു. കഴിഞ്ഞ മൂന്നു വർഷമായി ഇറക്കിയ നോട്ടുകളേക്കാൾ കൂടുതലാണിത്. ആവിശ്യമായ നോട്ടുകൾ എത്തിക്കാനാണ് ശ്രമിക്കുന്നത്. ജനങ്ങൾ അനാവശ്യ ഭീതിയുണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു. ആർബിഐയുടെ പ്രസുകൾ ഡിസംബർ അഞ്ചു മുതൽ പൂർണതോതിൽ പ്രവർത്തിച്ചുവരികയാണ്. നാലു ലക്ഷം കോടി രൂപയുടെ നോട്ടുകൾ ബാങ്കുകളിൽ എത്തിച്ചതായും ഗാന്ധി വ്യക്‌തമാക്കി.
ഡോണൾഡ് ട്രംപ് ടൈം മാഗസിൻ പേഴ്സൺ ഓഫ് ദ ഇയർ
Share on Facebook
ന്യൂയോർക്ക്: പ്രശസ്ത അമേരിക്കൻ മാസികയായ ടൈമിന്റെ പേഴ്സൺ ഓഫ് ദ ഇയർ ബഹുമതിക്ക് നിയുക്‌ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അർഹനായി. നിരവധി പ്രമുഖരെ പിന്തള്ളിയാണ് ട്രംപ് ബഹുമതിക്ക് അർഹനായത്. ഓരോ വർഷവും ലോകത്തേയും വാർത്തകളെയും ഏറ്റവും സ്വാധീനിച്ച വ്യക്‌തിയെയാണ് പേഴ്സൺ ഓഫ് ദ ഇയർ ആയി ടൈം മാഗസിൻ തെരഞ്ഞെടുക്കുന്നത്.

ജർമൻ ചാൻസലർ ആംഗല മെർക്കൽ ആയിരുന്നു കഴിഞ്ഞ വർഷത്തെ ടൈം മാഗസിൻ പേഴ്സൺ ഓഫ് ദ ഇയർ. പുരസ്കാരത്തിന്റെ റീഡേഴ്സ് പോളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
47 പേരുമായി പാക് യാത്രാ വിമാനം തകർന്നു വീണു
Share on Facebook
ഇസ് ലാമാബാദ്: പാക് ഇന്റർനാഷണൽ എയർലൈൻസ് വിമാനം തകർന്നു വീണു. അബോട്ടാബാദിലെ പാക് ആയുധ ഫാക്ടറിക്കു സമീപം പടോലയിലാണ് വിമാനം തകർന്നു വീണതെന്ന് പാക് റേഡിയോ റിപ്പോർട്ട് ചെയ്തു. വിമാനത്തിൽ 42 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരിൽ ഗായകനും ഇവാഞ്ചലിസ്റ്റുമായ ജുനൈദ് ജംഷദുമുണ്ടായിരുന്നു.

ചിത്റാലിൽനിന്നും ഇസ് ലാമാബാദിലേക്ക് പോകുകയായിരുന്ന വിമാനം യന്ത്ര തകരാറിനെ തുടർന്നാണ് തകർന്നു വീണത്. ബുധനാഴ്ച വൈകുന്നേരം 3.30 നാണ് ചിത്റാലിൽനിന്നും വിമാനം പറന്നുയർന്നത്. ഇസ് ലാമാബാദിൽ വൈകുന്നേരം 4.40 നാണ് വിമാനം ഇറങ്ങേണ്ടിയിരുന്നത്. പറന്നുയർന്നയുടൻ തന്നെ വിമാനവും കൺട്രോൾ യൂണിറ്റുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി അധികൃതർ പറയുന്നു. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
ജനാർദ്ദന റെഡ്ഡി 100 കോടിയുടെ കള്ളപ്പണം വെളിപ്പിച്ചതായി ആരോപണം
Share on Facebook
ബെല്ലാരി: ഖനി വ്യവസായിയും മുൻ മന്ത്രിയുമായ ജനാർദ്ദന റെഡ്ഡി മകളുടെ ആഡംബര വിവാഹത്തിനു മുമ്പായി 100 കോടി രൂപയുടെ കള്ളപ്പണം വെളിപ്പിച്ചതായി ആരോപണം. കർണാടകത്തിലെ ഒരു സർക്കാർ ഉദ്യോഗസ്‌ഥന്റെ ആത്മഹത്യാ കുറിപ്പിലാണ് വെളിപ്പെടുത്തലുള്ളത്. ഡ്രൈവറായ കെ.സി രമേഷാണ് കള്ളപ്പണം വെളിപ്പിച്ചതായി ആരോപണം ഉന്നയിക്കുന്ന ആത്മഹത്യാ കുറിപ്പ് എഴുതിയ ശേഷം ജീവനൊടുക്കിയത്. കള്ളപ്പണം വെളിപ്പിക്കാൻ കർണാടകയിലെ ഭീം നായിക് എന്ന സർക്കാർ ഉദ്യോഗസ്‌ഥന് 20 ശതമാനം കമ്മീഷൻ നൽകിയതായി കത്തിൽ പറയുന്നു.

ഭീം നായിക്കിന്റെ ഡ്രൈവറായിരുന്നു രമേഷ്. കള്ളപ്പണം വെളിപ്പിക്കൽ സംബന്ധിച്ച് തനിക്ക് അറിവ് ഉള്ളതിനാൽ നിരന്തരം ഭീഷണി നേരിടേണ്ടിവരികയാണെന്നും രമേഷ് ആത്മഹത്യാ കുറിപ്പിൽ പറയുന്നു. ബംഗളൂരുവിൽനിന്ന് 85 കിലോമീറ്റർ അകലെ മധൂരിലെ ലോഡ്ജ് മുറിയിലാണ് വിഷം കഴിച്ച് ജീവനൊടുക്കിയ നിലയിൽ രമേഷിന്റെ മൃതദേഹം കണ്ടെത്തിയത്.
പണം ചെലവഴിക്കാൻ ബിസിസിഐക്ക് സുപ്രീം കോടതി അനുമതി
Share on Facebook
ന്യൂഡൽഹി: മത്സരങ്ങൾക്കായി പണം ചെലവഴിക്കാൻ ബിസിസിഐക്ക് സുപ്രീം കോടതിയുടെ അനുമതി. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങൾക്കായി 2.38 കോടി രൂപ ചെലവഴിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. അവശേഷിക്കുന്ന രണ്ട് ടെസ്റ്റ് മത്സരങ്ങൾക്ക് 1.33 കോടി രൂപയും 25 ലക്ഷം വീതം ഏകദിന മത്സരങ്ങൾക്കുമാണ് അനുവദിച്ചിരിക്കുന്നത്.

ബിസിസിഐയുടെ ഇടക്കാല ഹർജി പരിഗണിച്ച, ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂർ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. ലോധ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാത്തതിനെ തുടർന്ന് ബിസിസിഐയുടെ ഫണ്ട് സുപ്രീം കോടതി മരവിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് ഓരോ മത്സരങ്ങൾക്കും തുക ആവശ്യപ്പെട്ട് ബോർഡിന് കോടതിയെ സമീപിക്കേണ്ടിവന്നത്.
മമതയുടെ വിമാനം നിലത്തിറക്കാൻ വൈകിയ സംഭവം; ആറ് പൈലറ്റുമാർക്ക് സസ്പെൻഷൻ
Share on Facebook
ന്യൂഡൽഹി: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സഞ്ചരിച്ചിരുന്ന വിമാനം ഇന്ധനമില്ലാതെ വന്നപ്പോൾ, അടിയന്തരമായി നിലത്തിറക്കാൻ വൈകിയ സംഭവത്തിൽ ആറു പെലറ്റുമാർക്ക് സസ്പെൻഷൻ. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.

നോട്ട് അസാധുവാക്കലിനെതിരായുള്ള സമരം കഴിഞ്ഞ് ബംഗാളിലേക്ക് തിരികെ പോവുകയായിരുന്നു മമത. ഇന്ധനം തീരാറായ വിമാനം കൊൽക്കത്ത വിമാനത്താവളത്തിനടുത്ത് എത്തിയെങ്കിലും പെട്ടെന്നിറക്കാനായില്ല. ലാൻഡ് ചെയ്യാനായി ഒരേ സമയം ഏഴ് വിമാനങ്ങൾ ആകാശത്തുണ്ടായിരുന്നതാണ് താമസം നേരിടാൻ കാരണം.

മമത സഞ്ചരിച്ചിരുന്ന ഇൻഡിഗോ വിമാനത്തിലെ രണ്ട് പൈലറ്റുമാർക്കു പുറമെ, ഇതിനു മുമ്പ് വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ, സ്പൈസ് ജെറ്റ് വിമാനങ്ങളിലെ പൈലറ്റുരെയും സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ സസ്പെന്റ് ചെയ്തു. ഓരോ കമ്പനികളിലെയും രണ്ടു പൈലറ്റുമാരെ വീതമാണ് സസ്പെന്റ് ചെയ്തത്.
ഗവർണറുടെ ചാൻസലേഴ്സ് ട്രോഫി എംജി സർവകലാശാലയ്ക്ക്
Share on Facebook
തിരുവനന്തപുരം: 2015–2016 വർഷത്തെ, ഗവർണറുടെ ചാൻസലേഴ്സ് ട്രോഫി എംജി സർവകലാശാലയ്ക്ക്. അഞ്ചു കോടി രൂപയും പ്രശസ്തി പത്രവും തങ്കത്തിൽ പൊതിഞ്ഞ ട്രോഫിയുമാണ് പുരസ്കാരം. സംസ്‌ഥാനത്തെ ഏറ്റവും മികച്ച സർവകലാശാലയ്ക്ക് ഗവർണർ നൽകുന്ന പുരസ്കാരമാണ് ചാൻസലഴേസ് ട്രോഫി.

കഴിഞ്ഞ വർഷം ഈ പുരസ്കാരം ലഭിച്ചത് കേരള സർവകലാശാലയ്ക്കായിരുന്നു. 2014 ഒക്ടോബർ 27നു കൊച്ചിയിൽ നടന്ന വൈസ്ചാൻസലർമാരുടെ സമ്മേളനത്തിൽ വച്ചാണ്, വർഷം തോറുംഏറ്റവും മികച്ച സർവകലാശാലയ്ക്ക് പുരസ്കാരം നൽകാൻ തീരുമാനിച്ചത്.
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ്; മനീഷ് പാണ്ഡെ ടീമിൽ
Share on Facebook
ന്യൂഡൽഹി: ഇന്ത്യ–ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിനുള്ള ടീമിൽ മനീഷ് പാണ്ഡെയെ ഉൾപ്പെടുത്തി. പരിക്കേറ്റ ബാറ്റസ്മാൻ അജിങ്ക്യ രഹാനെയ്ക്കു പകരമാണ് പാണ്ഡെയെ ടീമിൽ ഉൾപ്പെടുത്തിയത്. പേസർ ഷർദൂൽ താക്കൂറിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, പരിക്കേറ്റ വൃദ്ധിമാൻ സാഹയ്ക്കു പകരം കഴിഞ്ഞ മത്സരത്തിൽ കളിച്ച വിക്കറ്റ് കീപ്പർ ബാറ്റസ്മാൻ പാർഥിവ് പട്ടേലിനെ ടീമിൽ നിലനിർത്തി.
ടെസ്റ്റുകൾക്കിടയിലെ ഇടവേള ഗുണം ചെയ്യുമെന്ന് കോഹ്ലി
Share on Facebook
ന്യൂഡൽഹി: ഇന്ത്യ–ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നും നാലും മത്സരങ്ങൾക്കിടയിലുള്ള എട്ടു ദിവസത്തെ ഇടവേള ടീമിനു ഏറെ ഗുണം ചെയ്യുമെന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. മുൻ മത്സങ്ങളിൽ സംഭവിച്ച പിഴവുകൾ തിരുത്താനും പുതിയ തന്ത്രങ്ങൾ മെനയുന്നതിനും ഇത് ടീമിനെ സഹായിച്ചുവെന്നും കോഹ്ലി വ്യക്‌തമാക്കി.

മത്സരങ്ങളുടെ നീണ്ട പട്ടികയാണ് ഇനി ഇന്ത്യക്കുള്ളത്. അതിനിടയിൽ ഇത്തരത്തിൽ ലഭിക്കുന്ന ഇടവേളകൾ ആശ്വാസമാകുമെന്നും കോഹ്ലി പറഞ്ഞു. എന്നാൽ ടീമംഗങ്ങളോ മറ്റാരെങ്കിലുമോ ആവശ്യപ്പെട്ടിട്ടല്ല ഇത്ര ദിവസത്തെ ഇടവേള നൽകി മത്സരം സംഘടിപ്പിച്ചതെന്നും കോഹ്ലി കൂട്ടിച്ചേർത്തു.

വ്യാഴാഴ്ചയാണ് ഇന്ത്യ–ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരം ആരംഭിക്കുന്നത്. മൂന്നു മത്സരങ്ങൾ പിന്നിട്ടപ്പോൾ ഇന്ത്യക്ക് 2–0ന്റെ അനിഷേധ്യ ലീഡുണ്ട്.
നോട്ട് അസാധുവാക്കൽ; പ്രധാനമന്ത്രി മറുപടി പറയുമെന്ന് ബിജെപി
Share on Facebook
ന്യൂഡൽഹി: നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾ മാനിച്ച് പാർലമെന്റിൽ മറുപടി പറയുമെന്ന് ബിജെപി. ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിനു ശേഷം കേന്ദ്രമന്ത്രി ആനന്ദ് കുമാറാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.നോട്ടുകൾ അസാധുവാക്കിയ കേന്ദ്രസർക്കാരിന്റെ തീരുമാനത്തിനൊപ്പം നിന്ന ജനങ്ങൾക്ക് നന്ദി രേഖപ്പെടുക്കൊണ്ടുള്ള പ്രമേയവും ഇന്നത്തെ യോഗത്തിൽ അവതരിപ്പിച്ചു.

സഭാ നടപടികൾ തടസപ്പെടുത്തുന്ന പ്രതിപക്ഷ നിലപാടിനെ ധനമന്ത്രി അരുൺ ജെയ്റ്റലി രൂക്ഷമായി വിമർശിച്ചു. ‘ആദ്യം പ്രതിപക്ഷം ആവശ്യപ്പെട്ടത് മോദി സഭയിൽ എത്തണമെന്നായിരുന്നു. അദ്ദേഹം സഭയിൽ എത്തിയപ്പോൾ പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് സഭ തടസപ്പെടുത്തുന്നു. പ്രതിപക്ഷത്തിന്റെ ഈ നടപടി ശരിയല്ല’–ജെയ്റ്റ്ലി പറഞ്ഞു.
റിസർവ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു; പലിശ നിരക്കുകളിൽ മാറ്റമില്ല
Share on Facebook
മുംബൈ: റിസർവ് ബാങ്കിന്റെ പുതിയ വായ്പാനയം പ്രഖ്യാപിച്ചു. പലിശ നിരക്കുകളിൽ മാറ്റങ്ങൾ വരുത്താതെയാണ് പുതിയ വായ്പാനയം പ്രഖ്യാപിച്ചിരിക്കുന്നത്. കറൻസി പിൻവലിക്കലിനു ശേഷമുള്ള ആദ്യ വായ്പാ നയമാണ് പ്രഖ്യാപിച്ചത്. റിസർവ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗത്തിനു ശേഷമാണ് വായ്പാനയം പ്രഖ്യാപിച്ചത്.

ഇതുപ്രകാരം കരുതൽ ധനാനുപാതം നാലു ശതമാനമായും ബാങ്കുകൾക്കുള്ള ഹ്രസ്വകാല അടിയന്തര വായ്പയുടെ നിരക്കായ റീപോ 6.25 ശതമാനമായും ബാങ്കുകളുടെ മിച്ചം പണം സൂക്ഷിക്കുന്നതിനു നല്കുന്ന റിവേഴ്സ് റീപോ നിരക്ക് 5.75 ആയും തുടരും. റീപോ 6.25 ശതമാനത്തിൽനിന്ന് ആറു ശതമാനമാക്കും എന്നായിരുന്നു പ്രതീക്ഷ. റിവേഴ്സ് റീപോ 5.5 ശതമാനമായി കുറയ്ക്കുമെന്നും പ്രതീക്ഷിച്ചിരുന്നു.

ഡോ. ഉർജിത് പട്ടേൽ റിസർവ് ബാങ്ക് ഗവർണറായ ശേഷമുള്ള രണ്ടാമത്തെ പണനയ അവലോകനമായിരുന്നു ഇത്. ഒക്ടോബറിലെ അവലോകനത്തിൽ റീപോ കാൽ ശതമാനം കുറച്ചിരുന്നു.
റിസോഴ്സ് സാറ്റ്–2എ ഭ്രമണപഥത്തിൽ
Share on Facebook
ശ്രീഹരിക്കോട്ട: കാലാവസ്‌ഥാ നിരീക്ഷണത്തിനുള്ള ഇന്ത്യയുടെ വിദൂര നിയന്ത്രണ ഉപഗ്രഹം ’റിസോഴ്സ് സാറ്റ്–2 എ’യെ ഐഎസ്ആർഒ വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചു. ബുധനാഴ്ച രാവിലെ 10.24 ന് ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാൻ സ്പേസ് സെന്ററിൽ നിന്ന് പിഎസ്എൽവി സി 36 റോക്കറ്റിലായിരുന്നു വിക്ഷേപണം. വിക്ഷേപിച്ച് 18 മിനിട്ടു കൊണ്ട് ഉപഗ്രഹം 818 കിലോമീറ്റർ അകലെയുള്ള പോളാർ സൺ സിംക്രണൈസ്ഡ് ഓർബിറ്റിൽ എത്തി.

2003ലെ റിസോഴ് സാറ്റ്–1 നും 2011 ലെ റിസോഴ്സ് സാറ്റ്–2 നും പിന്നാലെ അയക്കുന്ന റിസോഴ്സ് സാറ്റ്– 2 എ യിൽ രണ്ട് സ്കാനറുകളും ഒരു കാമറയുമാണുള്ളത്. അഞ്ചു വർഷമാണ് ഉപഗ്രഹത്തിന്റെ കാലാവധി. ഉപഗ്രഹത്തിന്റെ ഭാരം 1235 കിലോമാണ്്. അത്യാധുനിക സംവിധാനങ്ങളാണ് റിസോഴ്സ് സാറ്റ്–2എയിൽ ഉള്ളത്.
മറീന ബീച്ചിലേക്ക് ആയിരങ്ങൾ ഒഴുകുന്നു
Share on Facebook
ചെന്നൈ: ജയലളിതയുടെ മൃതദേഹം സംസ്കരിച്ച മറീന ബീച്ചിലെ ശവകുടീരത്തിലേക്ക് ജനങ്ങളുടെ ഒഴിക്ക് ഇന്നും തുടരുകയാണ്. എംജിആറിന്റെ സ്മൃതിമണ്ഡപത്തിന് തൊട്ടരികിലാണ് ജയയ്ക്കും അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്. ഇവിടേയ്ക്ക് രാവിലെ മുതൽ തന്നെ ആയിരക്കണക്കിന് ആളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്.

ആളുകളുടെ ഒഴുക്ക് വർധിച്ചതോടെ ശവകുടീരത്തിന് പോലീസ് സുരക്ഷ ശക്‌തമാക്കി. ശവകുടീരത്തിന് ചുറ്റും പോലീസ് ബാരിക്കേഡ് തീർത്തിട്ടുണ്ട്. ചില ഇതിന് ചുറ്റുമിരുന്ന് കരയുകയാണ്. അമ്മയുടെ മരണം വിശ്വസിക്കാൻ കഴിയാതെ നൂറുകണക്കിന് പ്രവർത്തകർ തമിഴ്നാടിന്റെ വിവിധ മേഖലകളിൽ നിന്നും മറീന ബീച്ചിലേക്ക് എത്തുന്നുണ്ട്.

അതേസമയം വിദേശത്തെ ഷൂട്ടിംഗ് റദ്ദാക്കി നടൻ അജിത്ത് രാവിലെ ചെന്നൈയിൽ എത്തിയിരുന്നു. ഭാര്യ ശാലിനിക്കൊപ്പം പുലർച്ചെ തന്നെ അജിത്ത് മറീന ബീച്ചിലെ സ്മൃതി മണ്ഡപത്തിൽ എത്തി അമ്മയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു. പിന്നീട് പോയസ് ഗാർഡനിൽ എത്തി തോഴി ശശികലയെയും അജിത്ത് സന്ദർശിച്ചു.
ഇന്തോനേഷ്യയിലെ ഭൂചലനം; മരണം സംഖ്യ 55 ആയി
Share on Facebook
ജക്കാർത്ത: ഇന്തോനേഷ്യയിലുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 55 ആയി. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്തോനേഷ്യൻ ആർമി തലവന്നാണ് മരണ സംഖ്യ സ്‌ഥിരീകരിച്ചത്.

നിരവധിപ്പേർ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടപ്പുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി. രക്ഷാപ്രവർത്തനങ്ങൾ നടന്നു വരികയാണ്. സുമാത്ര ദ്വീപിനു വടക്കു പടിഞ്ഞാറായി കടലിനടിയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. എന്നാൽ, സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല.
റോഡിൽ പരിക്കേറ്റ നിലയിൽ കാണപ്പെട്ട യുവാവ് മരിച്ചു
Share on Facebook
കൊല്ലം: മരുത്തടി ഗോപിക്കടമുക്കിന് സമീപം പരിക്കേറ്റ നിലയിൽ കാണപ്പെട്ട യുവാവ് മരിച്ചു. മരുത്തടി സ്വദേശിയായ മനോഹരൻ (39) ആണ് ജില്ലാ ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ രാത്രി പ്രദേശത്തെ തൊടിവാർപ്പ് കേന്ദ്രത്തോട് ചേർന്നാണ് മുഖത്ത് പരിക്കേറ്റ നിലയിൽ മനോഹരനെ കണ്ടെത്തിയത്. സുഹൃത്തുക്കളാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. കൂലിപ്പണിക്കാരനായ ഇയാളെ രാത്രിയിൽ വീട്ടിൽ നിന്ന് ചിലർ വിളിച്ചുകൊണ്ടുപോയതായി പറയപ്പെടുന്നു. അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത ശക്‌തികുളങ്ങര പോലീസ് അന്വേഷണം തുടങ്ങി.
ശശികല പാർട്ടി ജന. സെക്രട്ടറി ആയേക്കും
Share on Facebook
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികല അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി സ്‌ഥാനത്തേക്കു വരുന്നുവെന്നു സൂചന. ചില ദേശീയ മധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ജയലളിത മൽസരിച്ച ആർകെ നഗറിൽ നിന്ന് ഉപതെരഞ്ഞെടുപ്പിനെ നേരിടുന്ന കാര്യവും ശശികല ആലോചിക്കുന്നുണ്ട്. പനീർശെൽവത്തെ മുന്നിൽ നിർത്തി പിന്നിൽ നിന്ന് നിയന്ത്രിക്കുന്ന ജയലളിതയുടെ അതേ ശൈലിയാകും ശശികലയും സ്വീകരിക്കുകയെന്നാണ് റിപ്പോർട്ട്.

ചൊവ്വാഴ്ചത്തെ ജയലളിതയുടെ സംസ്കാര ചടങ്ങിൽ ശശികലയായിരുന്നു ശ്രദ്ധാകേന്ദ്രം. പ്രധാനമന്ത്രി നരേന്ദ്ര മോദി ശശികലയുടെ തലയിൽ കൈവച്ചാണ് ആശ്വസിപ്പിച്ചത്. ഇതെല്ലാം ശശികലയുടെ രാഷ്ട്രിയ ഭാവി മുന്നിൽ കണ്ടുള്ള നീക്കങ്ങളായാണ് രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനം.
സ്വാമി പ്രകാശാനന്ദയുടെ പ്രൈവറ്റ് സെക്രട്ടറി മരിച്ച നിലയിൽ
Share on Facebook
വർക്കല: സ്വാമി പ്രകാശാനന്ദയുടെ പ്രൈവറ്റ് സെക്രട്ടറിയെ ശിവഗിരി മഠത്തിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രകാശാനന്ദ സ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറിയും തിരുവനന്തപുരം സ്വദേശിയുമായ ശ്രീകുമാർ(50) നെയാണ് ഇന്ന് രാവിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രമേഹ രോഗബാധിതനായിരുന്നു ഇദ്ദേഹമെന്ന് പോലീസ് പറഞ്ഞു. വർക്കല പോലീസ് മേൽനടപടി സ്വീകരിച്ചു.
അജിത്ത് വിദേശത്തെ ഷൂട്ടിംഗ് റദ്ദാക്കി ചെന്നൈയിൽ; ജയയുടെ പിൻഗാമിയാകുമോ?
Share on Facebook
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ പിൻഗാമി ആരാകുമെന്ന ചർച്ചകൾ പല കോണുകളിലും പുരോഗമിക്കുന്നതിനിടെ തല എന്ന വിളിപ്പേരുള്ള നടൻ അജിത്ത് ചെന്നൈയിൽ എത്തി. തെക്കു–കിഴക്കൻ യൂറോപ്യൻ രാജ്യമായ ബൾഗേറിയയിൽ തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് റദ്ദാക്കിയാണ് താരം എത്തിയത്. ബോളിവുഡ് താരം വിവേക് ഒബ്റോയിക്ക് ഒപ്പമുള്ള രംഗങ്ങളായിരുന്നു ബൾഗേറിയയിൽ ഷൂട്ട് ചെയ്തിരുന്നത്.

ജയയുടെ മരണത്തെ തുടർന്ന് ഷൂട്ടിംഗ് റദ്ദാക്കി താരം ചെന്നൈയിലേക്ക് വിമാനം കയറുകയായിരുന്നു. സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതിരുന്ന അജിത്ത് ചെന്നൈയിൽ എത്തിയയുടൻ ഭാര്യ ശാലിനിയ്ക്കൊപ്പം ജയയെ അടക്കം ചെയ്ത മറീന ബീച്ചിൽ എത്തി ആദരാഞ്ജലി അർപ്പിച്ചു.

ജയയുടെ പിൻഗാമിയായി അജിത്ത് അണ്ണാ ഡിഎംകെ തലപ്പത്തേയ്ക്ക് വരുമെന്ന പ്രചരണങ്ങൾ ശക്‌തമായിരുന്നു. സെപ്റ്റംബറിൽ ജയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉടൻ തന്നെ അജിത്ത് അവരെ സന്ദർശിക്കാൻ പോയിരുന്നു.

അണ്ണാ ഡിഎംകെ തലപ്പത്തേയ്ക്ക് എത്തുന്നതായുള്ള വാർത്തകളോട് പാർട്ടി വൃത്തങ്ങളോ അജിത്തോ ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല. ഷൂട്ടിംഗ് റദ്ദാക്കി താരം ചെന്നൈയിൽ എത്തിയതോടെ ഇക്കാര്യത്തിൽ കൂടുതൽ കാര്യങ്ങൾ വരും ദിവസങ്ങളിൽ വ്യക്‌തമാകുമെന്നാണ് ലഭിക്കുന്ന സൂചനകൾ.
10 ലക്ഷം രൂപയുടെ പുതിയ നോട്ടുകളുമായി രണ്ടു പേർ പിടിയിൽ
Share on Facebook
ബംഗളൂരു: കർണാടകയിൽ 10 ലക്ഷം രൂപയുടെ പുതിയ നോട്ടുകളുമായി രണ്ടു പേർ പിടിയിലായി. കർണാടകയിലെ ബലേഗാവിലാണ് സംഭവം. ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. പ്രാഥമിക ചോദ്യം ചെയ്യലിനു ശേഷം പിടിയിലായവരെ ആദായനികുതി വകുപ്പുദ്യോഗസ്‌ഥർക്കു കൈമാറുമെന്നാണ് വിവരങ്ങൾ.

ഡിസംബർ നാലിനു 71 ലക്ഷം രൂപയുടെ പുതിയ 2000 രൂപ നോട്ടുകളുമായി കർണാടകയിൽ മൂന്നു പേർ പിടിയിലായിരുന്നു. കർണാടകയിലെ ബൈലൂർ ജില്ലയിലായിരുന്നു ഇത്. ഈ കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പുതിയ സംഭവം.
ബന്ധുനിയമന വിവാദം: അന്വേഷണ പുരോഗതി അറിയിക്കണമെന്ന് കോടതി
Share on Facebook
തിരുവനന്തപുരം: മുൻ മന്ത്രി ഇ.പി.ജയരാജനെതിരെയുള്ള ബന്ധുനിയമന വിവാദക്കേസിന്റെ അന്വേഷണ പുരോഗതി അറിയിക്കണമെന്ന് കോടതി. തിരുവനന്തപുരം വിജിലൻസ് കോടതിയുടേതാണ് നിർദേശം. അന്വേഷണവുമായി ബന്ധപ്പെട്ട കേസ് റിപ്പോർട്ട് ഡിസംബർ 22നകം സമർപ്പിക്കണമെന്നാണ് ഉത്തരവ്,

ഇതിനൊപ്പം, ശങ്കർ റെഡ്ഡിയെ വിജിലൻസ് മേധാവിയാക്കിയതുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും സമർപ്പിക്കാനും കോടതി ഉത്തരവിട്ടു. ഡിസംബർ 19നു മുൻപ് ഇതു സംബന്ധിച്ച രേഖകൾ ഹാജരാക്കണമെന്ന് ആഭ്യന്തര സെക്രട്ടറിയോടാണ് കോടതി നിർദേശിച്ചിരിക്കുന്നത്.
സർക്കാരിനു വി.എസിന്റെ മുന്നറിയിപ്പ്: അനധികൃത നിർമാണങ്ങൾ സാധൂകരിക്കരുത്
Share on Facebook
തിരുവന്തപുരം: സംസ്‌ഥാന സർക്കാരിനു മുന്നറിയിപ്പുമായി ഭരണ പരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ രംഗത്ത്. സംസ്‌ഥാനത്തെ അനധികൃത നിർമാണങ്ങൾ പ്രോത്സാഹിപ്പിക്കരുതെന്ന് വി.എസ് പറഞ്ഞു. ഇത്തരം നിർമ്മാണങ്ങൾക്ക് പിഴ ഈടാക്കി സാധൂകരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സർക്കാരിന്റെ ഈ നീക്കം ഇത്തരം നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് പ്രോത്സാഹമാവുകയേ ഉള്ളൂവെന്നും നെൽവയൽ തണ്ണീർത്തട നിയമങ്ങൾ ലംഘിച്ചവർക്ക് ഒരുതരത്തിലുള്ള ഇളവുകളും നൽകരുതെന്നും വി.എസ് ആവശ്യപ്പെട്ടു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഇത്തരം നടപടികളെ എത്തിർത്തയാളാണ് താനെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ വ്യക്‌തമാക്കി.

നേരത്തെ, മരടിലെ ഡിഎൽഎഫ് ഫ്ളാറ്റ് നിർമാണം, മൂന്നാറിലെ തീരദേശ പരിപാലന നിയമം ലംഘിച്ച് നടത്തിയ നിർമാണങ്ങൾ എന്നിവയെ വി.എസ് പരസ്യമായി എതിർത്തിരുന്നു. നിലവിൽ 15,000 ചതുരശ്രയടിയിൽ താഴെയുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് വൻതുക പിഴ ഈടാക്കി അവ സാധൂകരിച്ച് നൽകാൻ സർക്കാർ തീരുമാനമെടുത്തിരുന്നു. ഇതിനെതിരെയാണ് വി.എസ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
ചോ രാമസ്വാമിയുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രമുഖർ
Share on Facebook
ചെന്നൈ: രാഷ്ട്രീയ നിരീക്ഷകനും സാഹിത്യകാരനുമായ ചോ രാമസ്വാമി (82) യുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് പ്രമുഖർ. ദീർഘ വീക്ഷണവും വിവിധ വിഷയങ്ങളിൽ അഗാധ പാണ്ഡിത്യവുമുള്ളയാളായിരുന്നു ചോ രാമസ്വാമിയെന്നും ദേശീയതയെ മുറുകെപ്പിടിച്ച വ്യക്‌തിയെയാണ് നഷ്ടമായതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു.

മികച്ച രാഷ്ട്രീയ നിരീക്ഷനെയാണ് നഷ്ടമായതെന്ന് നടൻ രജനീകാന്ത് പറഞ്ഞു. നിലപാടുകളിൽ എന്നും ഉറച്ചു നിന്ന വ്യക്‌തിത്വമായിരുന്നു അദ്ദേഹമെന്നും രജനി അനുസ്മരിച്ചു. രാമസ്വാമിയുടെ വസതിയിലെത്തി അദ്ദേഹം ആദരാജ്‌ഞലികൾ അർപ്പിച്ചു. ദേശീയ ജനാധിപത്യ രംഗത്തിനു കനത്ത നഷ്ടമാണ് ചോ രാമസ്വാമിയുടെ വിയോഗത്തോടെയുണ്ടായതെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പറഞ്ഞു.

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ആത്മസുഹൃത്തായിരുന്നു ചോ രാമസ്വാമി. ജയലളിത വിടപറഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് ചോ രാമസ്വാമിയും യാത്രയായത്. ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച പുലർച്ചെ 4.30 ന് ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലമായി ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.
സി.ആർ.മഹേഷിനു മർദ്ദനം: യൂത്ത്കോൺഗ്രസ് പ്രവർത്തകർ പോലീസ് സ്റ്റേഷൻ ഉരോധിച്ചു
Share on Facebook
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിലെ പോലീസ് സ്റ്റേഷൻ യൂത്ത്കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. യൂത്ത്കോൺഗ്രസ് സംസ്‌ഥാന വൈസ്പ്രസിഡന്റ് സി.ആർ.മഹേഷിനെ പോലീസ് മർദ്ദിച്ചുവെന്ന് ആരോപിച്ചാണ് പ്രവർത്തകർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചത്.
ബോളിവുഡ് നടൻ ദിലീപ് കുമാർ ആശുപത്രിയിൽ
Share on Facebook
മുംബൈ: ബോളിവുഡ് നടൻ ദിലീപ് കുമാറി (94)നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാൽമുട്ടിനു വേദനയും നീരും അനുഭവപ്പെട്ടതിനെത്തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മുബൈയിലെ ലീലാവതി ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുള്ളത്.

1998ലെ ‘ഖില’ എന്ന ചിത്രത്തിലാണ് ദിലീപ് കുമാർ അവസാനമായി അഭിനയിച്ചത്. 1994ൽ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരവും 2015ൽ പദ്മവിഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
ആൻഡമാനിൽ കനത്ത മഴയും കാറ്റും: 800 വിനോദ സഞ്ചാരികൾ കുടുങ്ങി
Share on Facebook
പോർട്ട്ബ്ലെയർ: ആൻഡമാനിലെ ഹാവ്ലോക്കിൽ കനത്ത മഴയിലും ശക്‌തമായ കാറ്റിലും പെട്ട് എണ്ണൂറിലധികം വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നു. രക്ഷാപ്രവർത്തനത്തിനു നേവിയുടെ മൂന്നു കപ്പലുകൾ അയച്ചു. പുലർച്ചെ നാലോടെയാണ് കപ്പലുകൾ ഇവിടേക്കയച്ചത്. ആൻഡമാൻ ഭരണ കേന്ദ്രങ്ങൾ നാവികസേനയുടെ സഹായം അഭ്യർഥിക്കുകയായിരുന്നു.

കനത്ത മഴയും കാറ്റും ഉണ്ടായതിനെത്തുടർന്ന് ഇവിടെ നിന്നുള്ള ബോട്ടുകൾ സർവീസ് നിർത്തിയതോടയാണ് വിനോദ സഞ്ചാരികൾ ഇവിടെ കുടുങ്ങിയത്.
സ്വർണ വില കുറഞ്ഞു
Share on Facebook
കൊച്ചി: സ്വർണ വിലയിൽ വീണ്ടും കുറവ്. പവന് 160 രൂപ കുറഞ്ഞ് 21,360 രൂപയിലെത്തി. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,670 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ചൊവ്വാഴ്ച പവന് 80 രൂപയുടെ കുറവുണ്ടായിരുന്നു. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇന്ന് സ്വർണ വ്യാപാരം നടക്കുന്നത്.
യുപിയിൽ മൂടൽ മഞ്ഞ്: ഗതാഗത സംവിധാനങ്ങൾ തടസപ്പെട്ടു
Share on Facebook
ലക്നോ: ഉത്തർപ്രദേശിൽ കനത്ത മൂടൽമഞ്ഞ്. മഞ്ഞിനെത്തുടർന്ന് ഗതാഗത സംവിധാനങ്ങൾ തടസപ്പെട്ടു. വിമാനങ്ങളും ട്രെയിനുകളും സർവീസ് നിർത്തി. റോഡ് ഗതാഗതവും തടസപ്പെട്ടു.

25 ഓളം ട്രെയിനുകളാണ് സർവീസ് റദ്ദാക്കിയത്. ഹമഗിരി എക്സ്പ്രസ്, അമർനാഥ് എക്സ്പ്രസ്, ത്രിവേണി എക്സ്പ്രസ്, ബിഹാർ സമ്പർക്ക് ക്രാന്തി എക്സ്പ്രസ് എന്നിവയടക്കമുള്ള ട്രെയിനുകളാണ് സർവീസ് നിർത്തിയത്. ഇൻഡിഗോയുടെ രണ്ട് വിമാന സർവീസുകളും റദ്ദാക്കി.

മറ്റ്ചില വിമാനങ്ങൾക്കൂടി സർവീസ് റദ്ദാക്കുന്നതായി അറിയിച്ചിട്ടുണ്ടെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. റോഡ് ഗതാഗതവും താറുമാറായി. ദേശീയപാതകളിലടക്കം ഗതാഗതം സ്തംഭിച്ചു.
ബിലീവേഴ്സ് ചർച്ച് നികത്തിയ ഭൂമി പുനസ്‌ഥാപിക്കാൻ ഉത്തരവ്
Share on Facebook
പത്തനംതിട്ട: ബിലീവേഴ്സ് ചർച്ച് അനധികൃതമായി നികത്തിയ ഭൂമി പുനസ്‌ഥാപിക്കാൻ ഉത്തരവ്. അഞ്ച് ഏക്കറോളം വയലും തോടും പുനസ്‌ഥാപിക്കാനാണ് പത്തനംതിട്ട ജില്ലാകളക്ടർ ഉത്തരവിട്ടിരിക്കുന്നത്. തിരുവല്ല കുറ്റിപ്പുഴയിൽ നികത്തിയ ഭൂമി 45 ദിവസത്തിനുള്ളിൽ പുനസ്‌ഥാപിക്കണം.

പ്രദേശത്ത് നിലംനികത്തിയതായും തോടിന്റെ ഗതിമാറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തി.
മലപ്പുറത്ത് സ്കൂൾ വിദ്യാർഥികളെ തെരുവുനായ ആക്രമിച്ചു
Share on Facebook
മലപ്പുറം: മലപ്പുറത്ത് സ്കൂൾ വിദ്യാർഥികൾക്കു നേരെ തെരുവുനായ ആക്രമണം. മലപ്പുറം എംഎസ്പി സ്കൂളിലെ മൂന്നു വിദ്യാർഥിനികളെയാണ് നായ കടിച്ചത്. പരിക്കേറ്റ വിദ്യാർഥിനികളെ മലപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്തോനേഷ്യയിൽ ശക്‌തമായ ഭൂചലനം: 20 പേർ മരിച്ചു
Share on Facebook
ജക്കാർത്ത: ഇന്തോനേഷ്യയിലുണ്ടായ ശക്‌തമായ ഭൂചലനത്തിൽ 20 പേർ മരിച്ചു. റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തിൽ നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നാതായാണ് റിപ്പോർട്ടുകൾ.

മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് വിവരങ്ങൾ. ഭൂചലനത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. ഭൂചലനത്തിനു പിന്നാലെ അരമണിക്കൂറിനുള്ളിൽ നിരവധി തവണ തുടർചലനങ്ങളുണ്ടായതായും റിപ്പോർട്ടുകളുണ്ട്.
രവീന്ദ്ര ജഡേജയുടെ പ്രകടനത്തിൽ സന്തുഷ്ടനെന്ന് കുംബ്ലെ
Share on Facebook
ന്യൂഡൽഹി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റു പരമ്പരയിൽ രവീന്ദ്ര ജഡേജയുടെ പ്രകടനം വളരെ മികച്ചതായിരുന്നുവെന്ന് മുഖ്യ പരിശീലകൻ അനിൽ കുംബ്ലെ. ജഡേജയുടെ പ്രകടനത്തിൽ താൻ സന്തുഷ്ടനാണെന്നും അദ്ദേഹം പറഞ്ഞു.

ആഭ്യന്തര ക്രിക്കറ്റിൽ മൂന്നു ട്രിപ്പിൾ സെഞ്ചുറികൾ ജഡേജ നേടിയിടുണ്ട്. മൊഹാലിയിൽ 90 റൺസിന്റെ മികച്ച പ്രകടനവും ജഡേജയ്ക്കു കാഴ്ചവയ്ക്കാനായി. മുരളി വിജയ്, അജിങ്ക്യ രഹാനെ, വിരാട് കോഹ്ലി എന്നിവരുടെ ബാറ്റിംഗും ആർ അശ്വിൻ, ജയന്ത് യാദവ് എന്നിവരുടെ ബൗളിംഗും മികച്ചതായിരുന്നുവെന്നും കുംബ്ലെ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഇന്ത്യ 2–0 നു മുമ്പിലാണ്. ഡിസംബർ എട്ടിനു മുംബൈയിലെ വാങ്കഡെയിലാണു ഇന്ത്യ–ഇംഗ്ലണ്ട് അടുത്ത മത്സരം.
ജയയ്ക്കു പിന്നാലെ ആത്മസുഹൃത്തും യാത്രയായി
Share on Facebook
ചെന്നൈ: ജയലളിതയുടെ ആത്മസുഹൃത്തും സാഹിത്യകാരനുമായ ചോ രാമസ്വാമി (82) അന്തരിച്ചു. ജയലളിത വിടപറഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് ചോ രാമസ്വാമിയും യാത്രയായത്. ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച പുലർച്ചെ 4.30 ന് ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലമായി ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

സാഹിത്യകാരൻ, അഭിനേതാവ്, മാധ്യമപ്രവർത്തകൻ, അഭിഭാഷകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ അദ്ദേഹം വൃക്‌തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. തുഗ്ലക്ക് മാസികയുടെ സ്‌ഥാപക എഡിറ്ററുമായിരുന്നു അദ്ദേഹം. ആക്ഷേപ ഹാസ്യങ്ങളിലൂടെ തമിഴ് രാഷ്ട്രീയ നേതൃത്വത്തെ വിമർശിച്ച വ്യക്‌തിത്വമാണ് ചോ രാമസ്വാമിയുടേത്.

ജയലളിതയുടെ ഉപദേഷ്ടാവായി ദീർഘനാൾ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1999 മുതൽ 2005 വരെ അദ്ദേഹം രാജ്യസഭാ എംപിയായും പ്രവർത്തിച്ചു. നിരവധി നാടകങ്ങളിലും 89 സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ബാലൺ ഡി ഓർ പുരസ്കാരം റൊണാൾഡോ നേടുമെന്ന് റിപ്പോർട്ട്
Share on Facebook
മാഡ്രിഡ്: ഏറ്റവും മികച്ച ലോക ഫുട്ബോളർക്കുള്ള ബാലൺ ഡി ഓർ പുരസ്കാരം ഇത്തവണ റയൽ മാഡ്രിഡിന്റെ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കുമെന്നു സ്പാനീഷ് ദിനപ്പത്രം മുൻഡോ ഡെപോർട്ടീവോ. ബാഴ്സലോണയുടെ അർജന്റീനൻ ലയണൽ മെസിയെ മറികടന്ന് നാലാംതവണയും റൊണാൾഡോ ലോക ഫുട്ബോളറാകും. ബാലൺ ഡി ഓർ വിജയിയെ നേരത്തെ നിശ്ചയിച്ചിരുന്നെന്നും പത്രം അവകാശപ്പെടുന്നു.

പോർച്ചുഗലിനെ യൂറോകപ്പ് ചാമ്പ്യന്മാരും റയൽ മാഡ്രിഡിനെ ചാമ്പ്യൻസ് ലീഗ് ചാമ്പ്യന്മാരാക്കുന്നതിലും നിർണായക പങ്കു വഹിച്ച റൊണാൾഡോ പുരസ്കാരം നേടാനുള്ള സാധ്യത ഏറെയാണെന്നാണ് വിലയിരുത്തൽ. റൊണാൾഡോയ്ക്കും മെസിക്കുമൊപ്പം അത്ലറ്റിക്കോ മാഡ്രിഡിന്റെ ഫ്രഞ്ച് താരം ആന്റോണിയോ ഗ്രീസ്മാൻ, ബാഴ്സയുടെ ഉറുഗ്വെ താരം ലൂയിസ് സുവാരസ് എന്നിവരും രംഗത്തുണ്ട്.
ഐപിടിഎൽ: യുഎഇ റോയൽസിനെതിരേ ഇന്ത്യൻ ഏസസിന് ജയം
Share on Facebook
സിംഗപ്പൂർ: ഇന്റർനാഷണൽ പ്രീമിയർ ടെന്നീസ് ലീഗിൽ(ഐപിടിഎൽ) യുഎഇ റോയൽസിനെതിരേ ഇന്ത്യൻ ഏസസിന് ജയം. റോയൽസിനെ 26–19 എന്ന സ്കോറിനാണ് ഏസസ് തോൽപിച്ചത്. നാലു മത്സരങ്ങളിലെ മൂന്നാമത്തെ വിജയമാണ് ഏസസ് നേടിയത്. ഈ ജയത്തോടെ 10 പോയിന്റുമായി ഒന്നാമതെത്തി ഏസസ്.

വനിത സിംഗിൾസിലും മിക്സഡ് ഡബിൾസിലും ലെജൻസ് സിംഗിൾസിലും ഏസസ് ജയിച്ചപ്പോൾ പുരുഷ സിംഗിൾസിൽ തോൽവി നേരിട്ടു. വനിത സിംഗിൾസിൽ ക്രിസ്റ്റെൻ ഫ്ളിപ്പ്കെൻസും മിക്സഡ് ഡബിൾസിൽ സാനിയ മിർസ–രോഹൻ ബൊപ്പണ്ണ സഖ്യവും ലെജൻസിൽ മാർക്ക് ഫിലിപ്പോസിസും ജയിച്ചു. അതേസമയം, റോയൽസിന്റെ തോമസ് ജോഹാൻസനെ നേരിട്ട ഫെലിസിയാനോ ലോപസ് തോൽവി അറിഞ്ഞു.
ഇഡ്ലിബിൽ വ്യോമാക്രമണം; 25 പേർ കൊല്ലപ്പെട്ടു
Share on Facebook
ഡമാസ്കസ്: സിറിയയിലെ ഇഡ്ലിബ് പ്രവിശ്യയിൽ വിമതർക്കെതിരെ റഷ്യൻ വിമാനങ്ങൾ നടത്തിയ വ്യോമാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്കു പരിക്കേറ്റു. മരണസഖ്യ ഉയരാൻ സാധ്യതയുള്ളതായി സിറിയൻ ഒബ്സർവേറ്ററി അറിയിച്ചു. അതേസമയം, ഷിയ നഗരമായ ഫോവയിലും കാഫ്രയയിലും വിമതർ നടത്തിയ ഷെൽ ആക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടെന്നും ഒബ്സർവേറ്ററി അറിയിച്ചു.

കഴിഞ്ഞ ഞായറാഴ്ച റഷ്യയുടെയും സിറിയയുടെയും യുദ്ധവിമാനങ്ങൾ നടത്തിയ വ്യോമാക്രമണത്തിൽ 73 പേർ കൊല്ലപ്പെട്ടിരുന്നു. ഇഡ്ലിബ് പ്രവിശ്യയിൽ സിറിയൻ സർക്കാരിനോട് അനുഭാവമുള്ള രണ്ടു ഷിയ നഗരങ്ങൾ ഒഴിച്ച് ബാക്കി പ്രദേശങ്ങൾ വിമതരുടെ നിയന്ത്രണത്തിലാണ്.
റിസോഴ്സ് സാറ്റ്–2എ ഇന്നു വിക്ഷേപിക്കും
Share on Facebook
ചെന്നൈ: ഐഎസ്ആർഒയുടെ റിമോട്ട് സെൻസിംഗ് ഉപഗ്രഹമായ റിസോഴ്സ് സാറ്റ്–2എ ഇന്നു വിക്ഷേപിക്കും. പിഎസ്എൽവി ഉപയോഗിച്ചുള്ള 38–ാമത് വിക്ഷേപണത്തിനാണു ഐഎസ്ആർഒ തയാറെടുക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണ തറയിൽനിന്നും രാവിലെ 10.24നാണു വിക്ഷപണം.

1,235 കിലോഗ്രാം ഭാരമാണു റിസോഴ്സ് സാറ്റ്–2എയ്ക്കുള്ളത്. വിക്ഷേപിച്ചു 18 മിനിറ്റിനുള്ളിൽ 827 കിലോമീറ്ററിലുള്ള ഭ്രമണപഥത്തിൽ ഉപഗ്രഹത്തെ പിഎസ്എൽവിക്ക് എത്തിക്കാനാകും. റിസോഴ്സ് സാറ്റ്–2എ ഉപഗ്രഹത്തിനു അഞ്ചു വർഷം കാലാവധിയാണുള്ളത്. റിസോഴ്സ് സാറ്റ്–1, റിസോഴ്സ് സാറ്റ്–2 എന്നി ഉപഗ്രഹങ്ങളുടെ വിജയത്തിനു ശേഷം ഐഎസ്ആർഒ വികസിപ്പിച്ചെടുത്ത ഉപഗ്രഹമാണു റിസോഴ്സ് സാറ്റ്–2എ.

ഹൈ റെസലുഷൻ ലിനിയർ സെൽഫ് കാമറ, മിഡിയം റെസലുഷൻ എൽഐഎസ്എസ്–3 കാമറ, സെൻസർ കാമറകൾ എന്നിവ റിസോഴ്സ്സാറ്റ്–2എയിൽ ക്രമികരിച്ചിട്ടുണ്ട്.
മ്യാൻമറിൽനിന്നു ബംഗ്ലാദേശിലേക്കു റോഹിങ്ക്യകളുടെ കൂട്ടപലായനം
Share on Facebook
ധാക്ക: ആക്രമണം ശക്‌തമായതിനെ തുടർന്ന് മ്യാൻമറിലെ രാഖൈൻ മേഖലയിൽനിന്ന് ഒരാഴ്ചയ്ക്കിടെ 21,000 റോഹിങ്ക്യ വിഭാഗക്കാർ ബംഗ്ലാദേശിലേക്ക് കടന്നതായി റിപ്പോർട്ട്. അന്താരാഷ്ട്ര കുടിയേറ്റ സംഘടനയാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. അഭയാർഥികൾ ബംഗ്ലാദേശിലെ തെക്കുകിഴക്കൻ ജില്ലയായ കോക്സ് ബസാറിലേക്കു എത്തിയതായി ധാക്കയിലെ യുഎൻ ഹൈക്കമ്മീഷണറും സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ബംഗ്ലാദേശിലേക്ക് രക്ഷപ്പെട്ട 30ലധികം വരുന്ന റോഹിങ്ക്യ വിഭാഗക്കാർ സഞ്ചരിച്ച ബോട്ട് മുങ്ങിയിരുന്നു.
സിർത്ത് നഗരം ലിബിയൻ സേന തിരിച്ചുപിടിച്ചു
Share on Facebook
ട്രിപ്പോളി: സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ ശക്‌തികേന്ദ്രമായിരുന്ന സിർത്ത് നഗരത്തിന്റെ നിയന്ത്രണം ലിബിയൻ സൈന്യം തിരിച്ചു പിടിച്ചു. കര–വ്യോമാക്രമണങ്ങളിൽ സിർത്തിലെ ഒട്ടുമിക്ക കെട്ടിടങ്ങളും തകർന്നതായാണ് വിവരം. 2015 ജൂണിലാണ് നഗരം ഐഎസ് പിടിയിലായത്.
പാക്കിസ്‌ഥാൻ 437 തവണ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് കേന്ദ്രസർക്കാർ
Share on Facebook
ന്യൂഡൽഹി: അതിർത്തിയിൽ പാക്കിസ്‌ഥാൻ ഈ നവംബർ വരെയുള്ള കാലയളവിൽ 437 തവണ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് കേന്ദ്രസർക്കാർ. പാക് വെടിവയ്പ്പിൽ 37 പേർക്ക് ജീവൻ നഷ്ടമാവുകയും 179 പേർക്ക് പരുക്കേൽക്കുകയും ചെയ്തുവെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹൻസ്രാജ് ഗംഗാറാം അഹിർ ലോക്സഭയിൽ അറിയിച്ചു.

അതിർത്തിയിൽ പാക്കിസ്‌ഥാൻ നിരന്തരം വെടിനിർത്തൽ ലംഘനം നടത്തുന്നതിനാൽ ഇവിടങ്ങളിൽ താമസിക്കുന്ന 27,500 ഓളം പേരെ സുരക്ഷിത സ്‌ഥാനത്തേക്ക് മാറ്റി. ഇതിൽ ആറായിരത്തോളം പേർ ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റുള്ളവർ ബന്ധുക്കളുടെ വീടുകളിലുമാണ് കഴിഞ്ഞിരുന്നത്. ഇപ്പോൾ ബഹുഭൂരിപക്ഷം പേരും വീടുകളിലേക്ക് മടങ്ങിയെന്നും 700 പേർ മാത്രമാണ് ക്യാമ്പുകളിൽ കഴിയുന്നതെന്നും അദ്ദേഹം അറിയിച്ചു.
Rashtra Deepika LTD
Copyright @ 2015 , Rashtra Deepika Ltd.