ജുഡീഷൽ കമ്മീഷന്റെ സന്ദർശനം: പരവൂരിൽ വൻ പോലീസ് സന്നാഹം
Friday, April 21, 2017 11:32 AM IST
എസ്.ആർ.സുധീർ കുമാർ

കൊല്ലം: പുറ്റിംഗൽ വെടിക്കെട്ട് ദുരന്തം അന്വേഷിക്കുന്ന ജസ്റ്റിസ് പി.എസ്.ഗോപിനാഥന്റെ സന്ദർശനം പ്രമാണിച്ച് പരവൂരിൽ പോലീസ് ഒരുക്കിയത് വൻ സുരക്ഷാ സന്നാഹം.

ഇന്നലെ രാവിലെ മുതൽ തന്നെ ചാത്തന്നൂർ എ സി പി ജവഹർ ജനാർദിന്റെ നേതൃത്വത്തിൽ സബ്ഡിവിഷനിലെ എല്ലാ പോലീസ് ഉദ്യോഗസ്‌ഥരും പരവൂർ പോലീസ് സ്റ്റേഷനിൽ എത്തുകയുണ്ടായി. കൊല്ലം എ ആർ ക്യാമ്പിൽ നിന്ന് മുതൽ പോലിസിനെയും സ്റ്റേഷനിലും ക്ഷേത്ര പരിസരത്തും നിയോഗിച്ചു.

കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ് പി ജി.ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘവും കമ്മീഷന്റെ സന്ദർശന ഭാഗമായി പരവൂരിൽ എത്തിയിരുന്നു. വൈകുന്നേരം 4.15 നാണ് കമ്മീഷൻ ക്ഷേത്രപരിസരത്ത് എത്തിയത്. തകർന്ന കമ്പപ്പുരയും സമീപത്തെ ക്ഷേത്രം വക കെട്ടിടങ്ങളും ഷെഡുകളുമെല്ലാം അദ്ദേഹം നോക്കിക്കണ്ടു. ഈ സമയം പോലീസ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്‌ഥർ ജസ്റ്റിസിനെയും സംഘത്തെയും അനുഗമിച്ചു. ചില കാര്യങ്ങൾ അദ്ദേഹം ഉദ്യോഗസ്‌ഥരിൽ നിന്ന് ചോദിച്ചറിയുകയും ചെയ്തു. പിന്നീട് ജസ്റ്റിസ് ഗോപിനാഥൻ ക്ഷേത്രാങ്കണത്തിലും എത്തി. ക്ഷേത്ര ദർശനം നടത്തിയ അദ്ദേഹത്തിന് ക്ഷേത്രം ശാന്തി പൂജാപുഷ്പവും നൽകി. തുടർന്ന് അദ്ദേഹം സമീപത്തെ കുറുമണ്ടൽ ശാർക്കര ദേവീക്ഷേത്ര പരിസരവും സന്ദർശിച്ചു.

വെടിക്കെട്ട് ദുരന്തത്തിന് ശേഷം ഈ ക്ഷേത്ര പരിസരത്ത് നിന്ന് കാറിൽ ഉപേക്ഷിച്ച സ്ഫോടക വസ്തു ശേഖരം കണ്ടെടുക്കുകയുണ്ടായി. ഇത് പിന്നീട് നിർവീര്യമാക്കുകയായിരുന്നു. കൊല്ലം സ്പെഷൽ ബ്രാഞ്ച് എസി പി എസ്.ഷിഹാബുദീന്റെ നേതൃത്വത്തിലുള്ള സംഘവും ക്ഷേത്ര സന്ദർശന വേളയിൽ കമ്മീഷനെ അനുഗമിക്കുകയുണ്ടായി.

കമ്മീഷൻ പുറ്റിംഗൽ ക്ഷേത്രം സന്ദർശിച്ചപ്പോൾ ദേവസ്വം മാനേജിംഗ് കമ്മിറ്റി ഭാരവാഹികളിൽ ഭൂരിഭാഗം പേരും സ്‌ഥലത്തുണ്ടായിരുന്നു. ദൂരന്തത്തിൽ ക്ഷേത്രത്തിന് എന്തെങ്കിലും കേടുപാടുകൾ ഉണ്ടായോയെന്നും കമ്മീഷൻ ചോദിച്ചറിഞ്ഞു. വാർഡ് കൗൺസിലർ അടക്കം നിരവധി പ്രദേശവാസികളും ക്ഷേത്ര പരിസരത്ത് എത്തി. കമ്മീഷൻ പ്രവർത്തനത്തിന്റെ പ്രാരംഭ നടപടികളുടെ ഭാഗമായിട്ടായിരുന്നു ജസ്റ്റിസിന്റെ സന്ദർശനം. ദുരന്തം നടന്ന് ഒരു വർഷം കഴിഞ്ഞു എന്നുള്ളത് കമ്മീഷന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന് ജസ്റ്റിസ് ഗോപിനാഥൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. അന്വേഷണം എത്രയും വേഗം പൂർത്തിയാക്കാനാണ് ആഗ്രഹിക്കുന്നത്. കാലാവധി പറയാനാവില്ല.

മൊഴിയെടുപ്പിനെ ആശ്രയിച്ചായിരിക്കും അന്വേഷണം പൂർത്തിയാക്കുക. കമ്മീഷന്റെ ആസ്‌ഥാനം എറണാകുളം തന്നെ ആയിരിക്കും. മൊഴിയെടുപ്പ് പരവൂരിലും കൊല്ലത്തുമായി നടക്കും. കമ്മീഷന്റെ ടേംസ് ഒഫ് റഫറൻസ് ആയിക്കഴിഞ്ഞു.

ഒരാഴ്ചക്കകം ഇത് വിജ്‌ഞാപനമായി പുറത്തിറങ്ങും. അട്ടിമറി സാധ്യത, ഗൂഡാലോചന, ഉദ്യോഗസ്‌ഥ തലത്തിലെ വീഴ്ചയും അലംഭാവവും എന്നിവയൊന്നും അന്വേഷണ പരിധിയിൽ ഇല്ല.

എന്നാൽ മൊഴിയെടുപ്പ് വേളയിൽ ഇക്കാര്യങ്ങൾ ആരെങ്കിലും ചൂണ്ടിക്കാട്ടിയാൽ അവ വിശദമായി തന്നെ അന്വേഷിക്കുമെന്നും കമ്മീഷൻ അസന്നിഗ്ധമായി വ്യക്‌തമാക്കി.

സന്ദർശനം പൂർത്തിയാക്കി വൈകുന്നേരം 5.30 ഓടെ കമ്മീഷൻ മടങ്ങിപ്പോയി. താലൂക്കിലെ മുതിർന്ന് റവന്യൂ ഉദ്യോഗസ്‌ഥരും സ്‌ഥലത്തെത്തിയിരുന്നു.