Jeevithavijayam
8/16/2018
    
സ്വയം ലേലം ചെയ്യുന്നവര്‍
ചൈനയിലെ ഒരു നാട്ടുപ്രമാണിയായിരുന്നു അയാള്‍. മൂന്ന് ആണ്‍മക്കളായിരുന്നു അയാള്‍ക്കുണ്ടായിരുന്നത്. എല്ലാവരും പ്രായപൂര്‍ത്തിയായവര്‍. അവരെക്കൊണ്ട് അയാള്‍ എല്ലുമുറിയെ പണിയെടുപ്പിച്ചു. അങ്ങനെ അയാളുടെ സമ്പാദ്യം അനുദിനം വര്‍ധിച്ചുവന്നു.

തന്റെ മരണത്തിനു ശേഷവും തന്റെ സമ്പത്തു നഷ്ടപ്പെടരുതെന്നായിരുന്നു അയാളുടെ ആഗ്രഹം. തന്മൂലം അയാള്‍ പുത്രന്മാര്‍ക്കു സമ്പത്തു വീതിച്ചുകൊടുത്തില്ല. അവര്‍ തന്റെ സമ്പാദ്യം ധൂര്‍ത്തടിച്ചുകളയുമെന്നായിരുന്നു അയാളുടെ ഭയം.

അയാള്‍ മരിക്കാന്‍ കിടക്കുന്ന സമയം. ഇനിയെങ്കിലും തന്റെ സമ്പത്തിന്റെ മേല്‍നോട്ടം ആരെയെങ്കിലും ഏല്പിച്ചേ മതിയാകൂ എന്ന് അയാള്‍ക്കു തോന്നി. പക്ഷേ, മൂന്നു പേരില്‍ ആരെയാണ് ഏല്പിക്കുക? മൂന്നുപേരും ഏതാണ്ട് ഒരേ സ്വഭാവക്കാര്‍ തന്നെ.

അയാള്‍ പുത്രന്മാര്‍ മൂന്നുപേരെയും അരികിലേക്കു വിളിച്ചു. എന്നിട്ടു മൂത്ത പുത്രനോടു ചോദിച്ചു: ''ഞാന്‍ മരിക്കുമ്പോള്‍ എന്റെ സംസ്‌കാരം നീ എങ്ങനെയായിരിക്കും നടത്തുക?''

ഉടനേ മൂത്തപുത്രന്‍ പറഞ്ഞു: ''അങ്ങയുടെ സംസ്‌കാരം ഈ നാട്ടിലെ ഒരു മഹാസംഭവമാക്കി ഞാന്‍ മാറ്റും. വെള്ളിപൊതിഞ്ഞ ശവപ്പെട്ടിയിലായിരിക്കും അങ്ങയെ ഞാന്‍ കിടത്തുക. സ്വര്‍ണനൂലുകള്‍കൊണ്ടു ചിത്രപ്പണി ചെയ്ത വസ്ത്രങ്ങള്‍ അണിയിച്ചായിരിക്കും അങ്ങയെ യാത്രയാക്കുക. സംസ്‌കാരത്തിനു ശേഷം അങ്ങയുടെ ബഹുമാനാര്‍ഥം ഞാന്‍ ഈ നാട്ടിലെ പാവങ്ങള്‍ക്കു മൂന്നു ദിവസം അന്നദാനം നടത്തും.''

''നീ ഒരു വിഡ്ഢിയാണ്,'' അയാള്‍ മകനോടു പറഞ്ഞു. ''വെള്ളിപൊതിഞ്ഞ ശവപ്പെട്ടി! സ്വര്‍ണം പൊതിഞ്ഞ വസ്ത്രങ്ങള്‍! മൂന്നുദിവസത്തേക്കു നീ പാവങ്ങള്‍ക്ക് അന്നദാനം നടത്തും, അല്ലേ? ഇതുപോലെ പണം ധൂര്‍ത്തടിക്കാന്‍ പോകുന്ന ഒരു മകനെയാണല്ലോ ഞാന്‍ വളര്‍ത്തിയത്!'' ഇത്രയും പറഞ്ഞപ്പോഴേക്കും അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

സംസ്‌കാരത്തിനുവേണ്ടി അധികം പണം ചെലവാക്കുവാന്‍ തന്റെ പിതാവ് ആഗ്രഹിക്കുന്നില്ലെന്നു മനസിലാക്കിയ രണ്ടാമത്തെ പുത്രന്‍ പറഞ്ഞു: ''പണം ചെലവാക്കുന്ന കാര്യത്തെക്കുറിച്ചു മാത്രമേ ചേട്ടനു ചിന്തയുള്ളൂ. അങ്ങയുടെ സംസ്‌കാരം ഏറ്റവും കുറഞ്ഞ ചെലവില്‍ ഞാന്‍ നടത്താം. ബുദ്ധവിഹാരത്തിലെ പൂജാരിമാരെക്കൊണ്ടു ഞാന്‍ പ്രാര്‍ഥന ചൊല്ലിപ്പിക്കും. പാവങ്ങള്‍ക്കുള്ള അന്നദാനം വേണെ്ടന്നു വയ്ക്കും.''

''പൂജാരികളെ പ്രാര്‍ഥനയ്ക്കു വിളിക്കുകയോ?'' അയാള്‍ ആശ്ചര്യപൂര്‍വം ചോദിച്ചു. '' നിനക്കറിയാമോ അവര്‍ക്ക് എന്തുമാത്രം ഭക്ഷണം കൊടുക്കണമെന്ന്? പ്രാര്‍ഥനയ്ക്കു വന്നാല്‍ അവര്‍ വെറുതെ കൈയും വീശി പോകുമോ? അവര്‍ക്കു നാണയങ്ങള്‍ എണ്ണിക്കൊടുക്കേണേ്ട?'' ഇതു കേട്ടപ്പോള്‍ മറുപടി പറയാതെ രണ്ടാമത്തെ പുത്രന്‍ തലതാഴ്ത്തി നിന്നു.


മൂന്നാമത്തെ പുത്രനു തന്റെ പിതാവിന്റെ പിശുക്കിനോടും പണത്തോടുള്ള അത്യാഗ്രഹത്തോടും വലിയ എതിര്‍പ്പായിരുന്നു. അവന്‍ പറഞ്ഞു: ''അങ്ങു മരിച്ചാലുടനേ ഞാന്‍ അങ്ങയുടെ ശവശരീരം ഒരു വണ്ടിയിലാക്കി വടക്കുള്ള ഏതെങ്കിലും ഒരു മെഡിക്കല്‍ സ്‌കൂളില്‍ കൊണ്ടുപോയി വില്‍ക്കും. ഏറ്റവും കൂടുതല്‍ തുക നല്‍കുന്നവര്‍ക്കായിരിക്കും ഞാന്‍ വില്‍ക്കുന്നത്.''

''നീയാണ് എന്റെ യഥാര്‍ഥ പുത്രന്‍!'' അയാള്‍ പറഞ്ഞു. ''നീയാണ് എന്റെ എല്ലാ സ്വത്തിനും അവകാശി.'' ഇത്രയും പറഞ്ഞിട്ട് അയാള്‍ തന്റെ താക്കോല്‍ക്കൂട്ടം കൈയിലെടുത്തു.

ഉടനേ മൂത്ത മകന്‍ പറഞ്ഞു: ''പിതാവേ, അവന്‍ പറഞ്ഞതു കേട്ടോ? അങ്ങയുടെ ശവശരീരം അവന്‍ വടക്കന്‍ പ്രവിശ്യകളിലുള്ളവര്‍ക്കു വില്‍ക്കാന്‍ പോവുകയാണ്!''

''ഞാന്‍ അതു മുടക്കുന്നു,'' ഏറ്റവും ഇളയ മകനു നേരെ നോക്കിക്കൊണ്ടു പിതാവു പറഞ്ഞു: '' വടക്കുള്ളവര്‍ക്കു നീ എന്നെ വില്‍ക്കണ്ട. അവര്‍ കടം ചോദിക്കും. തെക്കുള്ളവര്‍ക്കു വിറ്റാല്‍ മതി. അവര്‍ രൊക്കം പണം തരും.''

ഇതൊരു ചൈനീസ് നാടോടിക്കഥയാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ കഥ നാം കേള്‍ക്കുമ്പോള്‍ ഇങ്ങനെയും മനുഷ്യരുണേ്ടാ എന്നു ചോദിച്ചു പോകും. എന്നാല്‍, ഇതുപോലെയും ഇതിലധികവും പണമോഹവും പിശുക്കുമുള്ള ആളുകളെ നമ്മുടെയിടയിലും കാണാറില്ലേ? ഒരുപക്ഷേ, നമ്മില്‍ത്തന്നെ ഇതുപോലെയുള്ള ധനമോഹം ഇല്ലെന്നു തീര്‍ത്തു പറയാനാകുമോ?

ഈ കഥയിലെ വൃദ്ധന്റെ അവസ്ഥയഥാര്‍ഥത്തില്‍ എത്ര ദയനീയമാണ്! ജീവിതകാലത്ത് അയാള്‍ സ്വത്തു സമ്പാദിച്ചു കൂട്ടി. പക്ഷേ, അവ ആസ്വദിക്കുവാനോ മറ്റുള്ളവരുടെ നന്മയ്ക്കായി ഉപയോഗിക്കുവാനോ അയാള്‍ക്കു സാധിച്ചില്ല. പണമായിരുന്നു അയാളുടെ എല്ലാമെല്ലാം. മരിക്കാറായ അവസരത്തില്‍പ്പോലും തന്റെ സമ്പത്തു സുരക്ഷിതമാക്കി സൂക്ഷിക്കുന്ന കാര്യത്തെക്കുറിച്ചായിരുന്നു അയാളുടെ ചിന്ത. അതോടൊപ്പം, തന്റെ മരണം വഴിയും എങ്ങനെ കൂടുതല്‍ സ്വത്തു സമ്പാദിക്കാമെന്ന് അയാള്‍ ആലോചിച്ചു.

സ്വന്തം ശവശരീരം വിറ്റും പണം സമ്പാദിക്കുവാനാഗ്രഹിക്കുന്നവര്‍ ഒരുപക്ഷേ, നമ്മുടെയിടയില്‍ അധികം കാണില്ല. എന്നാല്‍, എങ്ങനെ എപ്പോഴും പണമുണ്ടാക്കാമെന്നു നിരന്തരം ആലോചിക്കുന്നവര്‍ വിരളമല്ലെന്നതല്ലേ വാസ്തവം? ഒരുപക്ഷേ, ധനത്തോടുള്ള സ്‌നേഹവും അത്യാര്‍ത്തിയുമല്ലേ പലപ്പോഴും മനുഷ്യത്വരഹിതമായി പ്രവര്‍ത്തിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്?

പണം നമ്മുടെ അടിമയായിരുന്നു നമ്മെ സഹായിക്കുവാന്‍ നാം അനുവദിക്കുകയാണു വേണ്ടത്. അല്ലാതെ നാം പണത്തിന്റെ അടിമകളാകുവാന്‍ ഒരിക്കലും അനുവദിക്കരുത്. വ്യക്തികളെന്ന നിലയിലും സമൂഹമെന്ന നിലയിലും നാം പണം കൈകാര്യം ചെയ്യുമ്പോള്‍ ഇക്കാര്യം വിസ്മരിച്ചുപോകരുത്.
    
To send your comments, please clickhere