Jeevithavijayam
5/27/2018
    
ഏതുതരം റോള്‍ മോഡലുകള്‍
നിങ്ങളിലാരെങ്കിലും സംസ്ഥാനത്തിനു വെളിയില്‍ യാത്രചെയ്തിട്ടുണ്ടോ? ആമുഖമൊന്നും കൂടാതെ ബെറ്റി റേ അവരോടു ചോദിച്ചു. കോലാഹലം നിറഞ്ഞിരുന്ന ആ മതപഠനക്ലാസില്‍ പെട്ടെന്ന്, സൂചി വീണാല്‍ കേള്‍ക്കുന്നത്ര നിശ്ശബ്ദത പരന്നു. എന്താണു ടീച്ചറുടെ ഉള്ളിലിരിപ്പ് എന്നു മനസിലാകാതെ കൗമാരപ്രായക്കാരായ വിദ്യാര്‍ഥികള്‍ പരസ്പരം നോക്കി. കുട്ടികളുടെ നിസ്സഹകരണം മൂലം ആരും പഠിപ്പിക്കാന്‍ തയാറാകാതിരുന്ന ക്ലാസായിരുന്നു അത്. അങ്ങോട്ടാണ് ബെറ്റി എന്ന മധ്യവയസ്‌ക ഒരു പുഞ്ചിരിയുമായി കയറിച്ചെന്നത്. പക്ഷേ, ബെറ്റി ക്ലാസിലെത്തിയ നിമിഷം തന്നെ കുട്ടികള്‍ ബഹളവും തുടങ്ങി. അതു വകവയ്ക്കാതെയാണ് കുട്ടികളോട് അവര്‍ ചോദ്യം ചോദിച്ചത്.

അല്പനിമിഷത്തെ നിശ്ശബ്ദതയ്ക്കു ശേഷം ചിലര്‍ കൈപൊക്കി. അപ്പോള്‍ ബെറ്റി വീണ്ടും ചോദിച്ചു: ''നിങ്ങളിലാരെങ്കിലും അഞ്ഞൂറു മൈലകലെ യാത്ര ചെയ്തിട്ടുണ്ടോ?'' അപ്പോള്‍ ഒരാള്‍ കൈപൊക്കി. ''നിങ്ങളിലാരെങ്കിലും രാജ്യത്തിനു പുറത്തു യാത്ര ചെയ്തിട്ടുണ്ടോ?'' ബെറ്റി വീണ്ടും ചോദിച്ചു. അപ്പോള്‍ ആരും കൈപൊക്കിയില്ല. ക്ലാസില്‍ നിശ്ശബ്ദത മാത്രം. എന്തായിരിക്കും ടീച്ചറുടെ ഈ ചോദ്യങ്ങളുടെ ലക്ഷ്യം? അവര്‍ വീണ്ടും കണ്ണില്‍ക്കണ്ണില്‍നോക്കി. അപ്പോള്‍ ടീച്ചര്‍ തന്റെ ഹാന്‍ഡ്ബാഗില്‍ നിന്ന് ഒരു ഭൂപടം എടുത്തു ബ്ലാക്ക്‌ബോര്‍ഡില്‍ തൂക്കിയിട്ടു. ലോകത്തിന്റെ മാപ്പായിരുന്നു അത്.

''ഞാന്‍ ഇവിടെയാണു ജനിച്ചത്.'' മാപ്പിലെ ഒരു ഭാഗത്തു ചൂണ്ടിക്കാണിച്ചുകൊണ്ട് ബെറ്റി പറഞ്ഞു. ''എനിക്കു നിങ്ങളുടെ പ്രായമാകുന്നതുവരെ ഞാന്‍ അവിടെയാണു പഠിച്ചത്.'' ''ഇന്ത്യ!' ബെറ്റി മാപ്പില്‍ ചൂണ്ടിക്കാണിച്ച സ്ഥലം കണ്ടപ്പോള്‍ വിദ്യാര്‍ഥികള്‍ അദ്ഭുതം കൂറി. ''എങ്ങനെയാണു ടീച്ചര്‍ അവിടെ ജനിക്കാനിടയായത്?'' വിദ്യാര്‍ഥികള്‍ കൗതുകപൂര്‍വം ചോദിച്ചു.

ബെറ്റി ചിരിച്ചു. ''എന്റെ മാതാപിതാക്കള്‍ മിഷണറിമാരായിരുന്നു. ഞാന്‍ ജനിക്കുമ്പോള്‍ എന്റെ അമ്മ അവിടെ ഇന്ത്യയിലായിരുന്നു.'' അതുകേട്ടപ്പോള്‍ കുട്ടികള്‍ക്കു തങ്ങളുടെ പുതിയ ടീച്ചറോട് ആദരവു തോന്നി. ബെറ്റി തന്റെ ബാഗില്‍നിന്നു പഴയ കുറെ ഫോട്ടോകള്‍ എടുത്ത് അവര്‍ക്കു കാണാന്‍ കൊടുത്തു. കുട്ടികള്‍ കൗതുകപൂര്‍വം അതു വീക്ഷിക്കുമ്പോള്‍ കുറെ മിഠായിയും അവരുടെയിടയില്‍ ബെറ്റി വിതരണംചെയ്തു.

മിഠായി നുണഞ്ഞു ഫോട്ടോകള്‍ കണ്ട് അവര്‍ ആസ്വദിക്കുമ്പോള്‍ ബെറ്റി അവരോട് പറഞ്ഞു: ''ഇന്ത്യയിലുള്ള പാവപ്പെട്ടവരെ സഹായിക്കാനാണ് എന്റെ മാതാപിതാക്കള്‍ അവിടെ മിഷണറിമാരായി പോയത്. എന്നാല്‍, മിഷണറിമാരാകാതെയും നിങ്ങള്‍ക്ക് മറ്റുള്ളവരെ സഹായിക്കാന്‍ സാധിക്കും. അതിനുവേണ്ടി വിദേശത്തു പോകണമെന്നില്ല.''

അന്നത്തെ ക്ലാസുമുഴുവന്‍ ഇന്ത്യയിലെ കാര്യങ്ങളെക്കുറിച്ചായിരുന്നു. അടുത്ത ഞായറാഴ്ച മതപഠന ക്ലാസില്‍ കുട്ടികള്‍ക്ക് പതിവിലേറെ ഉത്സാഹമായിരുന്നു. ബെറ്റി പഠിപ്പിച്ച കാര്യങ്ങളെല്ലാം അവര്‍ ശ്രദ്ധയോടെ കേട്ടു. മതകാര്യങ്ങളോടൊപ്പം അനുദിന ജീവിതത്തില്‍ അവര്‍ക്കാവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും ബെറ്റി നല്‍കി. മുന്‍പുണ്ടായിരുന്ന ടീച്ചറുടെ ക്ലാസില്‍ ബഹളംവച്ച് അവരെ വിഷമിപ്പിച്ച കുട്ടികള്‍ അധികം താമസിയാതെ കുഞ്ഞാടുകളെപ്പോലെയായി. അവര്‍ എല്ലാവരും തങ്ങളുടെ അമ്മയെ എന്നപോലെ ബെറ്റിയെ സ്‌നേഹിച്ചു.

വര്‍ഷങ്ങള്‍ പെട്ടെന്നു കടന്നുപോയി. അപ്പോഴും ബെറ്റി മതപഠനക്ലാസിലെ തന്റെ സേവനം തുടരുകയായിരുന്നു. ഒരുദിവസം ബെറ്റിക്ക് ഇന്ത്യയില്‍നിന്ന് ഒരു എഴുത്തുകിട്ടി. താല്‍പര്യപൂര്‍വം അവര്‍ അതു പൊട്ടിച്ചു. അപ്പോള്‍ എഴുത്തിനോടൊപ്പം ഒരു ഫോട്ടോയും കണ്ടു. ആ ഫോട്ടോയുടെ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു: ''ടീച്ചര്‍ കാരണം ഞാന്‍ ഇവിടെയെത്തി!''


ബെറ്റിയുടെ ആദ്യ ക്ലാസില്‍ ഉണ്ടായിരുന്ന ആ കുസൃതിപ്പയ്യനെ അവര്‍ക്ക് പെട്ടെന്ന് ഓര്‍മവന്നു. എത്രപെട്ടെന്നാണ് സേവനതത്പരനായ ഒരുചെറുപ്പക്കാരനായി അവന്‍ മാറിയത്! ബെറ്റി തന്റെ പൂര്‍വവിദ്യാര്‍ഥിയെക്കുറിച്ച് അഭിമാനംകൊണ്ട് വീര്‍പ്പുമുട്ടി. അവരുടെ കണ്ണുകള്‍ സന്തോഷംകൊണ്ട് സജലങ്ങളായി.

ഇന്ത്യയില്‍ ഭൂകമ്പം ഉണ്ടായി എന്നറിഞ്ഞപ്പോള്‍ തനിക്കു സാധിക്കുന്ന സഹായം ചെയ്യാന്‍ ഓടിയെത്തിയതായിരുന്നു ആ ചെറുപ്പക്കാരന്‍. അതിനിടയിലാണ് ഭൂകമ്പ പ്രദേശത്തെ നഷ്ടശിഷ്ടങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന ഒരു ഫോട്ടോയെടുത്ത് തന്റെ പഴയ ടീച്ചര്‍ക്ക് ആ ചെറുപ്പക്കാരന്‍ അയച്ചുകൊടുത്തത്.

'ദി സണ്‍ഡേസ്‌കൂള്‍ ടീച്ചര്‍,' എന്ന പേരില്‍ റോബിന്‍ ലീഷോപ്പ് എഴുതിയ സംഭവകഥ വായിക്കുമ്പോള്‍ ബെറ്റിടീച്ചറിനെക്കുറിച്ച് നമുക്ക് ബഹുമാനവും ആദരവും തോന്നും. ഇന്ത്യയില്‍ ജനിച്ച ബെറ്റി, മനുഷ്യര്‍ പരസ്പരം സഹായിക്കേണ്ടതിന്റെ ആവശ്യകത തന്റെ വിദ്യാര്‍ഥികളെ പറഞ്ഞു പഠിപ്പിച്ചു. താന്തോന്നികളും ബഹളക്കാരുമായിരുന്നു അവരുടെ ആദ്യകാല വിദ്യാര്‍ഥികള്‍. എന്നാല്‍ ബെറ്റി അവരെ ശാസിക്കാനും ശിക്ഷിക്കാനും പോയില്ല. അതിനുപകരം അവരുടെ ശ്രദ്ധ സ്‌നേഹപൂര്‍വം പിടിച്ചുപറ്റാന്‍ ശ്രമിച്ചുകൊണ്ട് അവര്‍ക്ക് ആവശേവും പ്രചോദനവും പകരുന്ന കാര്യങ്ങള്‍ അവരെ പഠിപ്പിച്ചു. നല്ല ജീവിത മാതൃകകള്‍ അവര്‍ക്ക് ചൂണ്ടിക്കാണിച്ചുകൊടുത്തു. മറ്റുള്ളവരെ സഹായിക്കുന്നതുപോലെയുള്ള നന്മപ്രവൃത്തികള്‍ ചെയ്യാന്‍ അവരെ അവര്‍ ആഹ്വാനം ചെയ്തു. സ്‌നേഹവും ആത്മാര്‍ത്ഥയും മുറ്റിനിന്ന അവരുടെ വാക്കുകള്‍ വിദ്യാര്‍ഥികള്‍ ശ്രവിച്ചു. അങ്ങനെയാണ് തന്റെ വിദ്യാര്‍ഥികളുടെ ജീവിതത്തെ ആഴത്തില്‍ സ്വാധീനിക്കാന്‍ ആ ടീച്ചര്‍ക്ക് സാധിച്ചത്.

വളര്‍ന്നുവരുന്ന പുതിയ തലമുറയ്ക്ക് മൂല്യബോധമില്ലെന്ന് ചിലപ്പോഴെങ്കിലും നാം വിലപിക്കാറില്ലേ? അവര്‍ താന്തോന്നികളും സ്വാര്‍ത്ഥമതികളുമാണെന്ന് നാം ആക്ഷേപിക്കാറില്ലേ? അവര്‍ ഗുണംപിടിക്കാന്‍ പോകുന്നില്ലെന്ന് അവരുടെ ചില തോന്ന്യാസങ്ങള്‍ കാണുമ്പോള്‍ നാം ശപിക്കാറില്ലേ?

എന്നാല്‍ അവരെ ശരിയായി രൂപപ്പെടുത്തുന്നതില്‍ നാം വഹിക്കേണ്ട പങ്കിനെക്കുറിച്ച് നാം ആലോചിക്കാറുണ്ടോ? വേണ്ടുവോളം സ്‌നേഹവും പരിഗണനയും നല്‍കിയാണോ നാം അവരെ വളര്‍ത്തുന്നത്? അവര്‍ക്ക് നല്ല ജീവിതമാതൃക നാം നല്‍കുന്നുണ്ടോ? ഏതുതരം റോള്‍ മോഡലുകളെയാണ് നാം അവര്‍ക്ക് കാണിച്ചുകൊടുക്കുന്നത്.

നമ്മുടെ ജീവിതത്തില്‍ പണത്തിനും പ്രതാപത്തിനുമൊക്കെയല്ലേ നാം പലപ്പോഴും പ്രാധാന്യം നല്‍കുക. എന്തുവിലകൊടുത്തും സമൂഹത്തിന്റെ മേലേത്തട്ടിലെത്താനല്ലേ നാം എപ്പോഴും ശ്രമിക്കുക? അതിനിടയില്‍ സഹജീവികളെ സഹായിക്കാനും അവരെക്കുറിച്ച് ചിന്തിക്കാനും എവിടെ സമയം? അപ്പോള്‍പിന്നെ നമുക്കെങ്ങനെ വരുംതലമുറയുടെ നല്ല റോള്‍ മോഡലുകളാകാന്‍ സാധിക്കും?

പുതിയ തലമുറ നന്നായി വളരണമെങ്കില്‍ നാം കൊടുക്കേണ്ടത് കൂടുതല്‍ ഉപദേശവും ശാസനയുമല്ല, പ്രത്യുത നല്ല ജീവിതമാതൃകകളാണ്. നമ്മുടെ ജീവിതത്തില്‍ മൂല്യബോധവും സന്മാര്‍ഗനിഷ്ഠയുമുണ്ടെങ്കില്‍ നാം നിര്‍ബന്ധിക്കാതെതന്നെ പുതിയ തലമുറയും നമ്മുടെ പാതയിലൂടെ ചരിച്ചുകൊള്ളും.

എന്നാല്‍ എന്തിനും ഏതിനും തട്ടിപ്പും വെട്ടിപ്പും നടത്തി ഒരു കാര്യത്തിലും സന്മാര്‍ഗനിഷ്ഠയില്ലാതെ ജീവിച്ചിട്ടു പുതിയ തലമുറയെ ഉപദേശിക്കാന്‍ പോയാല്‍ അവര്‍ നമ്മെ ശ്രവിക്കുമോ? ഒരിക്കലുമില്ല. ഇക്കാര്യം നമുക്ക് മറക്കാതിരിക്കാം.
    
To send your comments, please clickhere