Jeevithavijayam
4/20/2018
    
അരയന്നങ്ങൾ അടുത്തെത്താൻ
കൈലാസപർവതത്തിന്‍റെ അടിവാരത്തിലായിരുന്നു ആ സന്യാസിയുടെ കുടിൽ. കുടിലിനു മുന്നിൽ മാനസസരോവരമെന്ന തടാകം. കാവി വസ്ത്രധാരിയായ സന്യാസി എല്ലാ ദിവസവും രാവിലെ തടാകത്തിലായിരുന്നു സ്നാനം ചെയ്തിരുന്നത്.

ധാരാളം അരയന്നങ്ങൾ ആ തടാകത്തിൽ തത്തിക്കളിക്കുന്നുണ്ടായിരുന്നു. ശാന്തസ്വഭാവിയായ സന്യാസി അവയോടു സ്നേഹപൂർവം പെരുമാറി. ത·ൂലം, സന്യാസി തടാകത്തിലിറങ്ങുന്പോഴും അരയന്നങ്ങൾ അകന്നുപോയിരുന്നില്ല. അവ സന്യാസിയുടെ അടുത്ത് യഥേഷ്ടം നിലയുറപ്പിച്ചു. ചിലപ്പോൾ അവ വന്നു സന്യാസിയെ മുട്ടിയുരുമ്മി തങ്ങളുടെ സൗഹൃദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ഒരുദിവസം ഒരു വേട്ടക്കാരൻ ആ വഴിയേ വന്നു. തടാകത്തിൽ കണ്ട കാഴ്ച അയാളെ അത്ഭുതപ്പെടുത്തി. അരയന്നങ്ങളെ പിടിക്കുവാനുള്ള സുവർണാവസരം അയാൾ മനസിൽ കരുതി. സ്നാനം കഴിഞ്ഞു സന്യാസി കയറിപ്പോകുന്നതുവരെ അയാൾ കുറെ അകലെയായി കാത്തിരുന്നു.

സന്യാസി കുളി കഴിഞ്ഞു തന്‍റെ കുടിലിലേക്കു കയറിയപ്പോൾ വേട്ടക്കാരൻ തടാകത്തിലിറങ്ങി. അയാൾ വെള്ളത്തിലിറങ്ങിയ ഉടനേ അരയന്നങ്ങൾ അയാളിൽനിന്ന് അകന്നുമാറി. അവ സന്യാസിയുടെ അടുത്തുവന്നതുപോലെ തന്‍റെ ചുറ്റിലും വരുമെന്നായിരുന്നു അയാൾ പ്രതീക്ഷിച്ചിരുന്നത്. അരയന്നങ്ങൾ അടുത്തുവരുവാൻ വിസമ്മതിച്ചപ്പോൾ അയാൾ അവയുടെ പിന്നാലെ ചെന്ന് അവയെ പിടിക്കുവാൻ ശ്രമിച്ചു. പക്ഷേ, അവ വെള്ളത്തിനു മീതെ പെട്ടെന്നു തെന്നിമാറി.

നിരാശനായ അയാൾ കുളി മതിയാക്കി തടാകത്തിന്‍റെ കരയിലിരുന്നു വിശ്രമിച്ചു. എങ്ങനെയും ഒരു അരയന്നത്തെയെങ്കിലും പിടിച്ചേ മതിയാകൂ അയാൾ തീരുമാനിച്ചു. പെട്ടെന്ന് അയാൾക്കൊരു ബുദ്ധി തോന്നി. സന്യാസിയെപ്പോലെ കാഷായവസ്ത്രം ധരിച്ചു വന്നു വെള്ളത്തിലിറങ്ങുക. അപ്പോൾ അരയന്നങ്ങൾ ഇണക്കത്തോടെ അടുത്തുവരും. അയാൾ വേഗം പോയി കാഷായവസ്ത്രം വാങ്ങി അതു ധരിച്ചുകൊണ്ടു വീണ്ടും തടാകതീരത്തെത്തി. കാഷായവസ്ത്രധാരിയെക്കണ്ട അരയന്നങ്ങൾ അകന്നു പോയില്ല. അയാൾ സാവധാനം വെള്ളത്തിലിറങ്ങിയപ്പോൾ അരയന്നങ്ങൾ അയാളുടെ അടുത്തേക്കു വരാൻ തുടങ്ങി. അപകടം ദർശിക്കാതെ അരയന്നങ്ങൾ അടുത്തെത്തിയപ്പോൾ അയാൾ ഒരെണ്ണത്തിനെ ചാടിപ്പിടിച്ചു. പെട്ടെന്നു മറ്റുള്ളവ അകന്നുപോയി. അയാൾ കരയിൽ കയറി, കിട്ടിയ അരയന്നത്തെ ഒരു കൂട്ടിലടച്ചു. അല്പംകഴിഞ്ഞ് അയാൾ തടാകത്തിലിറങ്ങി നോക്കി. പക്ഷേ, അപ്പോൾ അരയന്നങ്ങളെല്ലാം പേടിച്ചരണ്ട് അകലേക്കു മാറിപ്പോവുകയാണു ചെയ്തത്.

അരയന്നവേട്ട മതിയാക്കിയ അയാൾ തന്‍റെ കൈവശമുണ്ടായിരുന്ന അരയന്നവുമായി വീട്ടിലേക്കു തിരികെ നടന്നു. അപ്പോൾ അയാളുടെ ചിന്തപോയത് ഇപ്രകാരമായിരുന്നു: വേട്ടക്കാരനായ ഞാൻ ഒരു സന്യാസിയുടെ വേഷം ധരിച്ചപ്പോൾ ഞാൻ ഒരു പുണ്യപ്പെട്ട മനുഷ്യനാണെന്ന് അരയന്നങ്ങൾക്കുപോലും തോന്നി. ത·ൂലമല്ലേ, ആദ്യം അവ അടുത്തുവന്നു സൗഹൃദഭാവം പ്രകടിപ്പിച്ചത്? അങ്ങനെയെങ്കിൽ ഞാൻ ഒരു യഥാർഥ സന്യാസിയായിത്തീർന്നാൽ അതുവഴിയുണ്ടാകുന്ന സ്വാധീനം എത്ര വലുതായിരിക്കും!

അയാൾ ഉടനേതന്നെ തന്‍റെ കൈവശമുണ്ടായിരുന്ന അരയന്നത്തെ മോചിപ്പിച്ചെന്നും ലൗകിക സുഖഭോഗങ്ങൾ വെടിഞ്ഞു സന്യാസിയായിത്തീർന്നെന്നുമാണു ന്ധടെയിൽസ് ഓഫ് വിസ്ഡം’’ എന്ന പുസ്തകത്തിൽ എ.പി. ടാൽവർ പറയുന്നത്. മാനസസരോവരത്തിന്‍റെ തീരത്തു താമസിച്ചിരുന്ന സന്യാസി പുണ്യചരിതനായ മനുഷ്യനായിരുന്നു. അദ്ദേഹത്തിന്‍റെ ന· അരയന്നപ്പക്ഷികൾക്കുപോലും മനസിലായി. അതുകൊണ്ടാണല്ലോ അരയന്നങ്ങൾ അദ്ദേഹത്തോടു സൗഹൃദപൂർവം അടുത്തു പെരുമാറിയത്. എന്നാൽ, സന്യാസവേഷം ധരിച്ച വേടന്‍റെ യഥാർഥ സ്വഭാവം അരയന്നങ്ങൾക്കു മനസിലായപ്പോൾ അവ അതിവേഗം അയാളിൽനിന്ന് അകന്നുപോവുകയാണു ചെയ്തത്.


ന·യുടെ അംശം നമ്മിൽ ഒരുപക്ഷേ കുറവായാൽപോലും നമ്മുടെ രൂപവും ഭാവവും വേഷവിധാനങ്ങളുമൊക്കെ ന·യുടെ പ്രതീതി മറ്റുള്ളവരിൽ ജനിപ്പിച്ചെന്നിരിക്കും. അതുകൊണ്ടാണല്ലോ പലരും പലപ്പോഴും നമ്മിലേക്ക് ആകൃഷ്ടരാകുന്നത്. എന്നാൽ, അവർ നമ്മെ നാം ആയിരിക്കുന്നതുപോലെ അടുത്തറിയുന്പോൾ അതിവേഗം നമ്മിൽനിന്ന് അകന്നുപോകുന്നതും നാം കാണാറുണ്ട്. അതിന്‍റെ കാരണം അവർ ന·യാൽ ആകൃഷ്ടരാകുകയും നമ്മുടെ തി·യാൽ അകലുകയും ചെയ്യുന്നു എന്നുള്ളതാണ്.

ന· കണ്ടാൽ അതിലേക്ക് ആകർഷിക്കപ്പെടാത്തവരായി ആരുമില്ല. നമ്മുടെ ജീവിതത്തിൽ മറ്റുള്ളവർ ന· കണ്ടാൽ തീർച്ചയായും അവർ നമ്മിൽ ആകൃഷ്ടരാവുകയും അവർ നമ്മിലേക്ക് അടുക്കുവാൻ ശ്രമിക്കുകയും ചെയ്യും. അവർ അങ്ങനെ ചെയ്യുന്പോൾ നമുക്ക് അവരുടെ ജീവിതത്തിലുണ്ടാകുന്ന സ്വാധീനം വളരെ വലുതാണെന്നതിൽ സംശയമില്ല.

മാതാപിതാക്കൾ, അധ്യാപകർ, മതപ്രബോധകർ എന്നിങ്ങനെയുള്ള വിവിധ റോളുകളിൽ നാം മറ്റുള്ളവരെ നല്ല കാര്യങ്ങൾ പഠിപ്പിക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ, നാം പഠിപ്പിക്കുന്ന കാര്യങ്ങൾ മനസിൽ പതിയുകയും അതവർ പ്രാവർത്തികമാക്കുകയും ചെയ്യണമെങ്കിൽ നാം നല്ലവരും ന·നിറഞ്ഞവരും ആയേ മതിയാകൂ. വേട്ടക്കാരൻ സന്യാസിയുടെ വേഷം ധരിച്ച് അരയന്നങ്ങളെ സമീപിച്ചപ്പോൾ ഒരുതവണ മാത്രമേ അയാൾ വിജയിച്ചുള്ളൂ. പക്ഷേ, അപ്പോഴേക്കും അയാളുടെ യഥാർഥ മുഖം അവയ്ക്കു കാണാൻ സാധിച്ചു.

നമുക്കു സ്ഥാനവും അധികാരവുമുള്ളപ്പോൾ ആദ്യമൊക്കെ മറ്റുള്ളവർ നമ്മെ കേട്ടെന്നിരിക്കും. എന്നാൽ, നാം പൊയ്മുഖധാരികളാണെങ്കിൽ നമ്മുടെ കാപട്യം പെട്ടെന്നു വെളിച്ചത്താവുകയും നാം മറ്റുള്ളവരാൽ തിരസ്കരിക്കപ്പെടുകയും ചെയ്യുമെന്നു തീർച്ചയാണ്.

അധികാരവും സ്ഥാനചിഹ്നവുമൊക്കെയുണ്ടെങ്കിൽ അതു നല്ലതുതന്നെ. എന്നാൽ, അവയെക്കാൾ മറ്റുള്ളവരെ നമ്മിലേക്കടുപ്പിക്കുന്നത് ന·നിറഞ്ഞ നമ്മുടെ സ്വഭാവവും കാപട്യമില്ലാത്ത പെരുമാറ്റ ശൈലിയുമാണ്.

വേട്ടക്കാരൻ ചിന്തിച്ചതുപോലെ, നാം നല്ലവരാണെന്നു മറ്റുള്ളവർക്കു തോന്നുന്നതുകൊണ്ടുമാത്രം അവർ നമ്മോടടുക്കുന്നുവെങ്കിൽ, നാം യഥാർഥത്തിൽ നല്ലവരായാൽ എത്രയധികമായി മറ്റുള്ളവർ നമ്മോടടുക്കും എന്നുള്ളതു നമ്മുടെ ഓർമയിലിരിക്കട്ടെ. അതുവഴിയുണ്ടാകുന്ന സ്വാധീനവും അതിന്‍റെ ഫലങ്ങളും എത്ര മെച്ചമായിരിക്കും!
    
To send your comments, please clickhere