Jeevithavijayam
3/17/2018
    
എവിടെയായിരുന്നാലും അവിടെയെല്ലാം
കൊല്‍ക്കൊത്തയുടെ വടക്കുകിഴക്കു ഭാഗത്തായി 19ാം നൂറ്റാണ്ടില്‍ പണിയപ്പെട്ടതാണ് ദക്ഷിണേശ്വര്‍ ക്ഷേത്രം. മുനിവര്യനായ ശ്രീരാമകൃഷ്ണപരമഹംസര്‍ ഇവിടെത്താമസിച്ചായിരുന്നു കാളീപൂജ നടത്തിയിരുന്നത്. ഗംഗാനദിയുടെ തീരത്ത് സ്ഥിതിചെയ്തിരുന്ന ഈ ക്ഷേത്രത്തില്‍ ധാരാളം തീര്‍ഥാടകര്‍ വരുക പതിവായിരുന്നു. അവരില്‍പ്പലരും പ്രസിദ്ധമായ ജഗന്നാഥക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടകരായിരുന്നു.

ഒരിക്കല്‍ ഒരു തീര്‍ഥാടകന്‍ പരമഹംസരെ കാണുവാന്‍ ദക്ഷിണേശ്വര്‍ ആശ്രമത്തിലെത്തി. ജഗന്നാഥക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടയില്‍ പരമഹംസരെക്കണ്ട് ആദരം പ്രകടിപ്പിക്കാനെത്തിയതായിരുന്നു ആ തീര്‍ഥാടകന്‍. അയാളുടെ കൈവശം ഒരു ചെറിയ ഭാണ്ഡക്കെട്ടു മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിലുണ്ടായിരുന്നതാകട്ടെ ഒരു പുസ്തകവും കുറെ വസ്ത്രങ്ങളും മാത്രം. തീര്‍ഥാടകന്‍ ആ പുസ്തകം പുറത്തെടുത്ത് അതിനെ വണങ്ങിയതിനുശേഷം മാത്രമാണ് പരമഹംസരോട് സംസാരിക്കുവാന്‍ തുടങ്ങിയത്. അവര്‍ സംഭാഷണം തുടരുന്നതിനിടയിലും തീര്‍ഥാടകന്‍ ഇടയ്ക്കിടെ ആ പുസ്തകത്തിലേക്കു നോക്കി അതിനെ വണങ്ങുന്നുണ്ടായിരുന്നു.

തീര്‍ഥാടകന്‍ അന്നു ഗംഗാനദിയില്‍ കുളിക്കുവാന്‍ പോകുന്നതിനു മുന്‍പും കുളികഴിഞ്ഞുവന്നതിനു ശേഷവും ആ പുസ്തകത്തെ വണങ്ങുന്നത് പരമഹംസര്‍ കാണുകയുണ്ടായി. തീര്‍ഥാടകന്‍ പരമഹംസരോടൊത്ത് ഭക്ഷണം കഴിക്കാനിരിക്കുന്നതിനു മുന്‍പും ഭക്ഷണം കഴിച്ചതിനുശേഷവുമൊക്കെ ഭക്ത്യാദരപൂര്‍വം ആ പുസ്തകത്തെ വണങ്ങി.

ആ പുസ്തകത്തെക്കുറിച്ചു പരമഹംസര്‍ക്കു വലിയ കൗതുകം തോന്നി. എങ്കിലും പുസ്തകത്തെക്കുറിച്ച് തീര്‍ഥാടകനോടു ചോദിക്കുവാന്‍ അദ്ദേഹം മുതിര്‍ന്നില്ല. എന്നാല്‍, തീര്‍ഥാടകന്‍ ആശ്രമത്തിനു പുറത്തേക്കിറങ്ങിയ ഒരവസരത്തില്‍ പരമഹംസര്‍ ആ പുസ്തകമെടുത്തു തുറന്നുനോക്കി. അമ്പതോളം പേജുകള്‍ മാത്രമുള്ള ഒരു ചെറിയ പുസ്തകമായിരുന്നു അത്. പുസ്തകത്തിന്റെ എല്ലാ പേജിലും ഒരു നാമംമാത്രം ദേവനാഗരി ലിപിയില്‍ എഴുതപ്പെട്ടിരുന്നു. ആ നാമം ദൈവത്തിന്റെ നാമമായിരുന്നു.

തീര്‍ത്ഥാടകന്‍ മടങ്ങിവന്നപ്പോള്‍ പരമഹംസര്‍ പറഞ്ഞു: 'നിങ്ങള്‍ എപ്പോഴും വണങ്ങുന്ന പുസ്തകം ഞാന്‍ എടുത്തു തുറന്നുനോക്കി. പുസ്തകത്തിന്റെ എല്ലാ പേജിലും ദൈവത്തിന്റെ ഒരു നാമം മാത്രമേ ഉള്ളല്ലോ.'

അപ്പോള്‍ തീര്‍ഥാടകന്‍ പറഞ്ഞു: 'ദൈവം സര്‍വവ്യാപിയാണ്. അവിടുന്ന് എല്ലായിടത്തും ഉണ്ട്. അവിടുത്തെ നാമം അവിടുന്നില്‍നിന്നു ഭിന്നമല്ല. ഞാന്‍ അവിടുത്തെ നാമത്തെ ബഹുമാനിക്കുമ്പോള്‍ അവിടുത്തെത്തന്നെയാണ് ബഹുമാനിക്കുന്നത്.' ആ തീര്‍ത്ഥാടകന്‍ പരമഹംസരോട് പറഞ്ഞത് എത്രയോ ശരിയാണ്! ദൈവം സര്‍വവ്യാപി തന്നെ. അവിടുത്തെ സാന്നിധ്യം നമ്മിലും നമ്മുടെ ചുറ്റിലും എപ്പോഴുമുണ്ട്. ഒരു നാമംമാത്രം ഉപയോഗിച്ചോ പല നാമങ്ങള്‍ ഉപയോഗിച്ചോ അവിടുത്തെ നമുക്ക് ഓര്‍മിക്കാനും സ്തുതിക്കാനുമൊക്കെ സാധിക്കും.

എന്നാല്‍, ഏറ്റവും പ്രസക്തമായ കാര്യം നമ്മുടെ ജീവിതത്തിലുള്ള ദൈവത്തിന്റെ സജീവസാന്നിധ്യത്തെക്കുറിച്ച് നമുക്ക് അവബോധമുണ്ടായിരിക്കുക എന്നതാണ്. ശരിയായവിധം ആ അവബോധമുണ്ടായാല്‍ അതു നമ്മുടെ ജീവിതത്തെ ഏറ്റവും ആനന്ദപ്രദവും ആശ്വാസപ്രദവുമാക്കും എന്നതിനു സംശയം വേണ്ട.


ജീവിതത്തിലെ ദൈവത്തിന്റെ സജീവസാന്നിധ്യത്തെക്കുറിച്ചുള്ള അവബോധം നമ്മിലുണ്ടാവുമ്പോള്‍ നമ്മുടെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല എന്നു നാം കരുതരുത്. പ്രശ്‌നങ്ങളും പ്രതിസന്ധികളുമൊക്കെ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യഘടകം തന്നെയാണ്. എന്നാല്‍, ദൈവസാന്നിധ്യസ്മരണയുള്ള ഒരാളുടെ ജീവിതത്തിലാണ് പ്രശ്‌നങ്ങളും പ്രതിസന്ധികളും ഉണ്ടാകുന്നതെങ്കില്‍ അവയെ സധൈര്യം നേരിടുവാന്‍ ആ വ്യക്തിക്കു സാധിക്കുമെന്നതാണ് വസ്തുത.

ദൈവത്തിന്റെ സജീവസാന്നിധ്യം നമ്മിലുണ്ടെങ്കില്‍ നാം ആരെ, അല്ലെങ്കില്‍ എന്തിനെ ഭയപ്പെടണം? നമ്മില്‍ സന്നിഹിതനായിരിക്കുന്ന അവിടുത്തെ നാം ആശ്രയിക്കുകയാണെങ്കില്‍ ഒരു ശക്തിക്കും നമ്മെ തകര്‍ക്കുവാനോ, തളര്‍ത്തുവാനോ സാധിക്കുകയില്ല എന്നതല്ലേ സത്യം?

പ്രചോദനാത്മക ഗ്രന്ഥകര്‍ത്താക്കളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നയാളാണ് അമേരിക്കക്കാരനായ ഡോ. നോര്‍മന്‍ വിന്‍സെന്റ് പീല്‍. താന്‍ എപ്പോഴും കൂടെ കൊണ്ടുനടക്കുന്ന ഒരു കുറിപ്പിനെക്കുറിച്ച് 'പോസിറ്റീവ് ഇമേജിംഗ്' എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം വിവരിക്കുന്നുണ്ട്. ആ കുറിപ്പ് ഇപ്രകാരമാണ്:

ദൈവത്തിന്റെ പ്രകാശം എന്നെ ചുറ്റിവളയുന്നു.

ദൈവത്തിന്റെ സ്‌നേഹം എന്നെ പൊതിയുന്നു.

ദൈവത്തിന്റെ ശക്തി എന്നെ രക്ഷിക്കുന്നു.

ദൈവത്തിന്റെ സാന്നിധ്യം എന്നെ പരിപാലിക്കുന്നു.

ഞാന്‍ എവിടെയായിരുന്നാലും അവിടെയെല്ലാം ദൈവം ഉണ്ട്.

എന്തുകൊണ്ടാണ് ഡോ. പീല്‍ ഇങ്ങനെയൊരു കുറിപ്പ് തന്റെ പോക്കറ്റില്‍ കൊണ്ടുനടക്കുന്നതെന്നോ? ദൈവത്തെക്കുറിച്ചും അവിടുത്തേക്ക് നമ്മോടുള്ള സ്‌നേഹത്തെക്കുറിച്ചും നമ്മുടെ ജീവിതത്തിലുള്ള അവിടുത്തെ സാന്നിധ്യത്തെക്കുറിച്ചുമൊക്കെ നിരന്തരം അനുസ്മരിച്ചാല്‍ നമുക്കൊരിക്കലും ഒന്നിനെക്കുറിച്ചും ഭയമോ ആശങ്കയോ ഉണ്ടാകില്ലെന്ന് അദ്ദേഹം പറയുന്നു.

അനുദിനജീവിതത്തില്‍ എപ്പോഴും എന്തിനെക്കുറിച്ചെങ്കിലും ഭയവും ആശങ്കയും നമുക്കില്ലേ? ഒരുപക്ഷേ, നമ്മുടെ ഉറക്കം കെടുത്തുന്നത് ഈ ഭയവും ആശങ്കയുമല്ലേ? എന്നാല്‍, ഭയത്തിനും ആശങ്കയ്ക്കും അടിമകളായി നാം കാലം കഴിക്കേണ്ട കാര്യമില്ല. നമ്മില്‍ കുടികൊള്ളുകയും നമ്മെ നിരന്തരം സ്‌നേഹിക്കുകയും ചെയ്യുന്ന ദൈവം നമ്മോടൊപ്പമുണ്ടെന്ന അവബോധം നമുക്കുണ്ടായാല്‍ മതി. അപ്പോള്‍ സകല ഭയങ്ങളും ആശങ്കകളും താനേ അപ്രത്യക്ഷമായിക്കൊള്ളും. നമ്മള്‍ എവിടെയായാലും അവിടുന്ന് എപ്പോഴും നമ്മോടൊപ്പമുണ്ട് എന്ന ബോധ്യത്തോടെ നമുക്കു ജീവിക്കാം. നമ്മെ ഒരിക്കലും മറക്കാത്ത സ്‌നേഹമാണ് അവിടുത്തേതെന്നും നമുക്ക് ഓര്‍മിക്കാം. അപ്പോള്‍, അവിടുത്തെ സ്‌നേഹത്തിന്റെ തണലില്‍ നമ്മുടെ ജീവിതം ഭംഗിയായി മുന്നോട്ടു പൊയ്‌ക്കൊള്ളും.
    
To send your comments, please clickhere