Jeevithavijayam
11/24/2017
    
ജീവിതത്തിലെ ഏറ്റവും നല്ല സമയം
ജിംനേഷ്യത്തിലെ രണ്ടു സ്‌ഥിരം സന്ദർശകരായിരുന്നു നിക്കോളാസും ജോസഫും. നിക്കോളാസിനു വയസ് എഴുപത്തിയൊൻപത്. ജോസഫിനു വയസ് മുപ്പതും. ജിംനേഷ്യത്തിൽ വച്ചു തമ്മിൽ കാണുമ്പോൾ അവർ കുശലം പറയും. അതിൽക്കൂടുതൽ അവർക്കു പരസ്പരം അറിയില്ലായിരുന്നു.

സന്തോഷപ്രകൃതിയായിരുന്നു നിക്കോളാസിന്റേത്. ഒരു ദിവസം രാവിലെ ജോസഫിനെ കണ്ടപ്പോൾ അയാളുടെ മുഖം മ്ലാനമായിരിക്കുന്നതു നിക്കോളാസ് ശ്രദ്ധിച്ചു.

‘‘എന്താണു കാര്യം?’’ നിക്കോളാസ് താത്പര്യപൂർവം ചോദിച്ചു. ജോസഫിനു മുപ്പതു വയസ് തികഞ്ഞ അവസരമായിരുന്നു അത്. തന്റെ ജീവിതത്തിലെ നല്ലകാലം കഴിഞ്ഞോ എന്ന ആശങ്കയായിരുന്നു ജോസഫിന്. അതുപോലെ, നിക്കോളാസിന്റെ പ്രായമാകുമ്പോഴേക്കും തന്റെ സ്‌ഥിതി എന്തായിരിക്കുമെന്നതിനെക്കുറിച്ചുള്ള അവ്യക്‌തതയും ജോസഫിനുണ്ടായിരുന്നു.

ജോസഫ് നിക്കോളാസിനോട് ഒരു മറുചോദ്യം ചോദിച്ചു: ‘‘താങ്കളുടെ ജീവിതത്തിലെ ഏറ്റവും നല്ല കാലം ഏതായിരുന്നു?’’നിക്കോളാസ് ഒരു പുഞ്ചിരിയോടെ പറഞ്ഞു: ‘‘ജോസഫിന്റെ ചോദ്യം വളരെ ആഴത്തിലുള്ള ചോദ്യമാണല്ലോ. എന്റെ മറുപടിയും അങ്ങനെയുള്ളതാക്കാം.’’

നിക്കോളാസ് എന്താണു പറയുവാൻ പോകുന്നതെന്നു ജോസഫ് ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ അദ്ദേഹം തുടർന്നു: ‘‘ഞാൻ ഓസ്ട്രിയയിലാണു ജനിച്ചത്. അന്ന് എന്റെ മാതാപിതാക്കൾ എന്നെ നന്നായി നോക്കി വളർത്തി. അത് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല സമയമായിരുന്നു.

‘‘പിന്നീട് ഞാൻ സ്കൂളിൽ പോകുവാൻ തുടങ്ങി. അവിടെവച്ച് ഒട്ടേറെ കാര്യങ്ങൾ ഞാൻ പഠിച്ചു. അതുപോലെ, പല സഹപാഠികളും എന്റെ ഇഷ്ടമുള്ള കൂട്ടുകാരായി. അതും എന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലമായിരുന്നു.

‘‘പഠനം കഴിഞ്ഞ് ഞാൻ ജോലി തുടങ്ങി. ജോലിക്കു നല്ല വേതനവും എനിക്കു ലഭിച്ചുതുടങ്ങി. അതും എന്റെ ഏറ്റവും നല്ല സമയമായിരുന്നു.

‘‘ജോലിക്കിടയിൽ ഞാനൊരാളെ സ്നേഹിച്ചു. അധികം താമസിയാതെ ഞങ്ങളുടെ വിവാഹവും നടന്നു. അതും എന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലമായിരുന്നു.‘‘അതിനിടയിൽ രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചു. ജീവൻ രക്ഷിക്കുവാൻ വേണ്ടി ഞങ്ങൾ രണ്ടുപേർക്കും ഓസ്ട്രിയയിൽനിന്നു പുറത്തുകടക്കേണ്ടിവന്നു. വളരെ കഷ്ടപ്പാടുകൾ സഹിച്ച് വടക്കേ അമേരിക്കയിലേക്കുള്ള കപ്പൽ കയറുവാൻ സാധിച്ചപ്പോൾ അതും എന്റെ ജീവിതത്തിലെ ഏറ്റവും നല്ല സമയമായിരുന്നു.’’

നിക്കോളാസ് പറയുന്നതുകേട്ട് ജോസഫ് അന്തംവിട്ടിരുന്നപ്പോൾ അദ്ദേഹം പുഞ്ചിരി വിടാതെ തുടർന്നു: ‘‘കപ്പൽ കയറി ഞങ്ങൾ എത്തിയത് കാനഡയിലായിരുന്നു. അവിടെ എത്തി പുതിയ ജീവിതം തുടങ്ങിയപ്പോൾ അതും എന്റെ ജീവിതത്തിലെ ഏറ്റവും നല്ല സമയമായിരുന്നു.

‘‘പിന്നീട് അധികം താമസിയാതെ എന്റെ ആദ്യത്തെ കുട്ടി പിറന്നു. അത് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല സമയമായിരുന്നു.

‘‘എനിക്കുണ്ടായ മക്കളൊക്കെ വളർന്നു വലുതാകുന്നതു കാണാനിടയായത് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലമായിരുന്നു.

‘‘എന്റെ മക്കളൊക്കെ വിവാഹിതരായിത്തീർന്നപ്പോൾ അതും എന്റെ ജീവിതത്തിലെ ഏറ്റവും നല്ല സമയമായിരുന്നു.‘‘എനിക്കു കൊച്ചുമക്കൾ പിറന്നപ്പോൾ അതും എന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലമായിരുന്നു.’’


ഇത്രയും പറഞ്ഞതിനുശേഷം നിക്കോളാസ് അല്പസമയം നിൾബ്ദത പാലിച്ചു. എന്നിട്ടു വീണ്ടും പറഞ്ഞു: ‘‘സുഹൃത്തേ, എനിക്കിപ്പോൾ വയസ് എഴുപത്തിയൊൻപതായി. എന്റെ ആരോഗ്യസ്‌ഥിതി പൊതുവേ മെച്ചമാണ്. എന്റെ ഭാര്യയും ആരോഗ്യവതിയായിരിക്കുന്നു. ഞങ്ങൾ തമ്മിൽ പണ്ടെന്നതുപോലെ ഇപ്പോഴും നല്ല സ്നേഹത്തിലാണ്. ഇതും എന്റെ ജീവിതത്തിലെ ഏറ്റവും നല്ല സമയമാണ്.’’

‘എന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലം’ (ദ ബെസ്റ്റ് ടൈം ഓഫ് മൈ ലൈഫ്) എന്ന പേരിൽ ആരോ എഴുതിയ ലേഖനത്തിലെ പ്രധാന ഭാഗമാണു മുകളിൽ കൊടുത്തിരിക്കുന്നത്. നമ്മുടെ ജീവിതത്തിലെ ഏതു കാലഘട്ടത്തെയും സന്തോഷപൂർണമാക്കി മാറ്റുവാൻ നമുക്കു സാധിച്ചാൽ അതു വലിയൊരു കാര്യം തന്നെയാണ്. നിക്കോളാസിന്റെ കാര്യത്തിൽ സംഭവിച്ചത് അതാണ്.

മറ്റു മനുഷ്യരുടെ ജീവിതത്തിലെന്നപോലെ നിക്കോളാസിന്റെ ജീവിതത്തിലും പ്രശ്നങ്ങളും പ്രതിസന്ധികളും തീർച്ചയായും ഉണ്ടായിട്ടുണ്ട്. എന്നാൽ, ആ പ്രശ്നങ്ങളിലും പ്രതിസന്ധികളിലും മാത്രം ശ്രദ്ധവയ്ക്കുന്നതിനു പകരം തന്റെ ജീവിതത്തിൽ സംഭവിച്ച നല്ല കാര്യങ്ങളെ നന്നായിത്തന്നെ കാണുവാൻ സാധിച്ചു എന്നതാണു നിക്കോളാസിന്റെ വിജയം.

സുഖദുഃഖങ്ങളും ഉയർച്ചതാഴ്ചകളുമുള്ളതാണു നമ്മുടെ എല്ലാവരുടെയും ജീവിതം. എന്നാൽ, സുഖത്തിൽ മാത്രമല്ല ദുഃഖത്തിലും തലയുയർത്തി നിൽക്കുവാൻ സാധിച്ചാൽ അതു നമ്മുടെ ജീവിതത്തിന്റെ മേന്മയാണു വ്യക്‌തമാക്കുക. നമ്മുടെ ജീവിതത്തിലുള്ളതു കൊച്ചുകൊച്ചു സന്തോഷങ്ങൾ മാത്രമാണെങ്കിലും അവയെല്ലാം നന്മയായി കാണുവാനും നന്ദിയുള്ള ഹൃദയത്തോടെ ആസ്വദിക്കുവാനും നമുക്കു സാധിക്കണം. അതുപോലെ തന്നെ, നമ്മുടെ ജീവിതത്തിൽ ദുഃഖങ്ങൾ ഉണ്ടാകുമ്പോൾ അവയെ സമചിത്തതയോടെ സ്വീകരിക്കാനും ക്രിയാത്മകമായി പ്രതികരിക്കാനും നമുക്കു കഴിയണം. എങ്കിൽ ജീവിതത്തിലെ ഏതു സമയവും ഏറ്റവും നല്ല സമയമായി നമുക്കനുഭവപ്പെടും.

ജീവിതത്തിലെ ഏതു ദശയെയും ഏറ്റവും നല്ല കാലമായി നമുക്കു കാണുവാൻ സാധിച്ചാൽ അത് യഥാർഥത്തിൽ അങ്ങനെതന്നെ ആയിത്തീരുകയും ചെയ്യും. കാരണം, ആ വീക്ഷണമുള്ളവർക്ക് ഏതു പ്രതിസന്ധിയിലും ക്രിയാത്മകമായി പ്രവർത്തിച്ചു വിജയം നേടുവാൻ സാധിക്കുമെന്നതാണു വസ്തുത.

മറിച്ച്, ജീവിതത്തിൽ ഓരോ ദിവസവും നമുക്കുണ്ടാകുന്ന നേട്ടങ്ങളിൽ എന്നതിനെക്കാൾ കോട്ടങ്ങളിൽ നാം ശ്രദ്ധിച്ചാൽ, ജീവിതത്തിൽ സ്വാഭാവികമായി ഉണ്ടായിരിക്കേണ്ട സന്തോഷം നമുക്കു നഷ്ടമായിപ്പോകുന്നു. നമ്മുടെ ജീവിതത്തിലെ ശ്രദ്ധ സ്വന്തം ഭാഗ്യദോഷങ്ങളിലും കുറവുകളിലുമായിരുന്നാൽ ഒരു സമയവും നല്ല സമയമായിരിക്കുകയില്ല.

നമ്മുടെ ജീവിതത്തിലുള്ളതു കൊച്ചുകൊച്ചു നേട്ടങ്ങളാണെങ്കിൽപ്പോലും നാം ശ്രദ്ധ വയ്ക്കുന്നത് അവയിലാണെങ്കിൽ നാം അറിയാതെ തന്നെ സന്തുഷ്ടരായി മാറും. എങ്കിൽ നമ്മുടെ ഏതു സമയവും ഏറ്റവും നല്ല സമയമായി നമുക്കനുഭവപ്പെടും. എന്നു മാത്രമല്ല, കഴിഞ്ഞ കാലങ്ങളിലേക്കു തിരിഞ്ഞുനോക്കുമ്പോൾ അവയും നമ്മുടെ നല്ല സമയമായി മാത്രമേ നാം കാണുകയുള്ളൂ.
    
To send your comments, please clickhere