Jeevithavijayam
8/21/2017
    
ഇല്ലാത്തവ ഉണ്ട് എന്ന ഭാവം വേണ്ട
അടിമയായിട്ടായിരുന്നു ബുക്കർ ടി. വാഷിഗ്ടന്റെ (1856–1915) ജനനം. അതുകൊണ്ട് തന്നെ സ്കൂളിൽ പഠിക്കുവാൻ വാഷിംഗ്ടണ് അനുവാദമോ അവകാശമോ ഉണ്ടായിരുന്നില്ല, വാഷിംഗ്ടൺ ആദ്യമായി സ്കൂളിൽ പോയത് ഒരു വെള്ളക്കാരി പെൺകുട്ടിയുടെ പുസ്തകം ചുമട്ടുകാരനായിട്ടായിരുന്നു.

1865–ൽ അമേരിക്കയിലെ അടിമകൾക്കു പ്രസിഡന്റ് എബ്രാഹം ലിങ്കൺ സ്വാതന്ത്ര്യം നൽകിയപ്പോൾ വാഷിംഗ്ടണും സ്വാതന്ത്ര്യം ലഭിച്ചു. പക്ഷേ, അപ്പോഴും സ്കൂളിൽ പോകുവാൻ വാഷിംഗ്ടണു സാധിച്ചില്ല. കാരണം, ഉപജീവനത്തിനു വേണ്ടി ജോലി ചെയ്യേണ്ട അവസ്‌ഥയിലായിരുന്നു വാഷിംഗ്ടൺ അപ്പോൾ.

വെസ്റ്റ് വെർജീനിയായിലെ ഒരു ഉപ്പ് ഖനിയിൽ ജോലി തുടങ്ങിയ വാഷിംഗ്ടൺ അതിനിടയിൽ പഠിക്കുന്നതിനും സമയം കണ്ടെത്തി. പിന്നീട,് ജനിച്ച വെർജീനിയ സംസ്‌ഥാനത്തു മടങ്ങിയെത്തി അവിടെയുള്ള ഹാംപ്റ്റൻ ഇൻസ്റ്റിറ്റ്യൂട്ടിൽ വാഷിംഗ്ടൺ പഠനം തുടർന്നു.

പഠനം പൂർത്തിയായ ഉടനെ വാഷിംഗ്ടൺ അവിടെത്തന്നെ അധ്യാപകനായി. പിന്നീട് 1881–ൽ കറുത്ത വംശജരുടെ വിദ്യാഭ്യാസത്തിനുവേണ്ടി അലബാമായിൽ അദ്ദേഹം ടസ്കീഗി ഇൻസ്റ്റിറ്റ്യൂട്ട് സ്‌ഥാപിച്ചു. ഈ സ്‌ഥാപനമാണ് പിൽക്കാലത്തു ടസ്കീഗി യൂണിവേഴ്സിറ്റിയായി മാറിയത്.

അമേരിക്കയിലെ കറുത്ത വംശജരുടെ ഉന്നമനത്തിനുവേണ്ടി ഒട്ടേറെ പാടുപെട്ട വാഷിംഗ്ടൺ 1890 മുതൽ 1915–ൽ താൻ മരിക്കുന്നതുവരെ അമേരിക്കയിലെ കറുത്ത വംശജരുടെ അനിഷേധ്യ നേതാവായിരുന്നു. അമേരിക്കയുടെ വിവിധ ഭാഗങ്ങളിലായി കറുത്ത വംശജർക്കുവേണ്ടി അയ്യായിരം സ്കൂളുകൾ തുടങ്ങുന്നതിനു വാഷിംഗ്ടന്റെ നേതൃത്വത്തിനു സാധിച്ചു.

വാഷിംഗ്ടന്റെ നേട്ടങ്ങളെ ആദരിച്ചാണ് 1901–ൽ പ്രസിഡന്റ് തിയഡോർ റൂസ്വെൽറ്റ് തന്റെ അതിഥിയായി വാഷിംഗ്ടനെ വൈറ്റ് ഹൗസിലേക്കു ക്ഷണിച്ചത്. വൈറ്റ് ഹൗസിലേക്കു ക്ഷണിക്കപ്പെടുന്ന ആദ്യത്തെ കറുത്ത വംശജനായിരുന്നു വാഷിംഗ്ടൺ.

വാഷിംഗ്ടൺ ടസ്കീഗി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റായിരുന്ന അവസരത്തിൽ ധനികരായ ആളുകൾ താമസിക്കുന്ന ഒരു പ്രദേശത്തുകൂടെ ഒരിക്കൽ നടന്നു പോകാനിടയായി. അപ്പോൾ ഒരു വെള്ളക്കാരി സ്ത്രീ കുറെ വിറക് വെട്ടി കൊടുക്കുവാൻ അദ്ദേഹത്തോടാവശ്യപ്പെട്ടു. വാഷിംഗ്ടണ് അപ്പോൾ വലിയ തിരക്കില്ലാതിരുന്നതുകൊണ്ട് അദ്ദേഹം ആ ജോലി ചെയ്യുവാൻ സമ്മതിച്ചു.

ഷർട്ടിന്റെ കൈമടക്കിവച്ച് കോടാലി എടുത്തു അദ്ദേഹം വിറക് വെട്ടി ആ സ്ത്രീ കാണിച്ചുകൊടുത്ത സ്‌ഥലത്ത് അടുക്കി വച്ചു. അതിനുശേഷം പ്രതിഫലം വാങ്ങാതെ അദ്ദേഹം സ്‌ഥലം വിട്ടു. വാഷിംഗ്ടൺ വിറകുവെട്ടുന്നതു കാണാനിടയായ ഒരു പെൺകുട്ടി അദ്ദേഹത്തെ തിരിച്ചറിഞ്ഞിരുന്നു. എങ്കിലും അദ്ദേഹം പോയതിനു ശേഷമാണ് പെൺകുട്ടി ഈ വിവരം ഈ വെള്ളക്കാരി സ്ത്രീയെ അറിയിച്ചത്.

താൻ ആരെക്കൊണ്ടാണ് ജോലി ചെയ്യിപ്പിച്ചതെന്നു മനസിലാക്കിയ ആ സ്ത്രീ പിറ്റെദിവസം തന്നെ വാഷിംഗ്ടണിന്റെ ഓഫിസിലെത്തി മാപ്പു പറഞ്ഞു. അപ്പോൾ മറുപടിയായി അദ്ദേഹം പറഞ്ഞു: ‘‘മാപ്പു പറയേണ്ട ഒരു കാര്യവുമില്ല ഇക്കാര്യത്തിൽ. കായികാധ്വാനം എനിക്കിഷ്ടമാണ്. എന്നുമാത്രവുമല്ല, ഒരു സുഹൃത്തിനെ സഹായിക്കുന്ന കാര്യത്തിൽ എനിക്കു സന്തോഷമെ ഉണ്ടായിരുന്നുള്ളൂ.’’

താഴ്ന്നനിലയിൽ നിന്നു വളർന്നു വന്നയാളായിരുന്നു വാഷിംഗ്ടൺ. വിദ്യാഭ്യാസവും കറുത്തവംശജരുടെ ദേശീയ നേതാവ് എന്ന അംഗീകാരവും വലിയൊരു വിദ്യാഭ്യാസ സ്‌ഥാപനത്തിന്റെ പ്രസിഡന്റ് സ്‌ഥാനവുമൊന്നും വാഷിംഗ്ടനെ അഹങ്കാരിയാക്കിയില്ല. എന്നുമാത്രമല്ല, മറ്റുള്ളവർ അംഗീകാരവും അവാർഡുകളും ഓണററി ബിരുദങ്ങളും നൽകി ആദരിച്ചപ്പോഴും അദ്ദേഹം ഏറെ വിനയാന്വിതനായി തുടർന്നതേയുള്ളൂ. തന്മൂലമാണല്ലൊ ഒരു സ്ത്രീ വിറക് വെട്ടിക്കൊടുക്കുവാൻ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം സന്തോഷപൂർവം അതു ചെയ്തുകൊടുത്തത്.


വിനയാന്വിതരായ വ്യക്‌തികളോട് നമുക്ക് ബഹുമാനമുണ്ട്. അവരെ സ്തുതിച്ച് സംസാരിക്കുകയും ചെയ്യും. പക്ഷേ, അപ്പോഴും വിനയത്തോടെ സംസാരിക്കുവാനോ പെരുമാറുവാനോ നാം ശ്രദ്ധിക്കാറുണ്ടോ? ചിലപ്പോഴെങ്കിലും നമ്മുടെ സംസാരവും പ്രവൃത്തിയും കണ്ടാൽ നമ്മെക്കാൾ വലിയവരായി മറ്റാരുമില്ലെന്നല്ലേ നാം സൂചിപ്പിക്കുക?

തീർച്ചയായും നമുക്കു നമ്മെക്കുറിച്ച് നല്ല ആത്മാഭിമാനവും നമ്മുടെ കഴിവുകളെക്കുറിച്ച് നല്ല അവബോധവും ബോധ്യവും വേണം. നമ്മുടെ വളർച്ചയ്ക്കും ജീവിതത്തിലെ വിവിധരംഗങ്ങളിലുള്ള നമ്മുടെ വിജയത്തിനും അത്യാവശ്യമാണത്. എന്നാൽ, ജീവിതത്തിലെ ഒരു രംഗത്തും നമ്മെക്കാൾ കേമന്മാരായി മറ്റാരുമില്ലെന്നു നാം കരുതിയാലോ? അതുപോലെ, മറ്റാരെയും ഒന്നിനും കൊള്ളുകയില്ലെന്നു നാം ചിന്തിക്കുകയും പറയുകയും ചെയ്താലോ? നമ്മുടെ ചിന്താഗതിയും പ്രവർത്തനരീതിയും പോകുന്നത് ഈ തരത്തിലാണെങ്കിൽ നമ്മെക്കാൾ ഭോഷന്മാർ വേറെ ആരുമില്ലെന്നതിനു വേറെ തെളിവ് വേണ്ട.

കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും നാം വലിയവരെന്നു കരുതുന്ന ആളുകൾ പോലും സ്വന്തം വ്യക്‌തിത്വം ഊതിവീർപ്പിക്കുന്നതിനും മടിക്കാറില്ല എന്നതാണ് വസ്തുത. സുപ്രസിദ്ധ ഇംഗ്ലീഷ് നാടകകൃത്തും ഫലിത സമ്രാട്ടുമായ ബെർണാഡ് ഷാ ഒരിക്കൽ പറഞ്ഞു:‘‘ഞാൻ ഇടയ്ക്കിടെ എന്നെത്തന്നെ ഉദ്ധരിക്കാറുണ്ട്. കാരണം അത് എന്റെ സംഭാഷണത്തിനു കൂടുതൽ ജീവൻ നൽകുന്നു.’’

ഷായ്ക്ക് തന്നെക്കുറിച്ച് തന്നെ നല്ല അഭിപ്രായമായിരുന്നു. തന്മൂലമാണ് തമാശരൂപേണയാണെങ്കിലും അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൺ ചർച്ചിൽ ഒരിക്കൽ ഇങ്ങനെ പറഞ്ഞു: ‘‘നമ്മളെല്ലാവരും വെറും ഇരകളാണ്. എന്നാൽ ഞാനാകട്ടെ പ്രകാശിക്കുന്ന ഒരു ഇരയും.’’

ചർച്ചിലിനും തന്നെക്കുറിച്ചു തന്നെ നല്ല അഭിപ്രായമായിരുന്നു. തന്മൂലമാണ് അദ്ദേഹം ഇപ്രകാരമൊരു പ്രസ്താവന ചെയ്യുവാൻ ഇടയായത്. ഷായ്ക്കും ചർച്ചിലിനും തങ്ങളെക്കുറിച്ച് കുറെയെങ്കിലും പുകഴ്ത്തിപ്പറയുവാൻ അവകാശമുണ്ടായിരുന്നു എന്നു നാം സമ്മതിക്കണം. കാരണം, അവരൊക്കെ അത്ര കേമന്മാരായിരുന്നു എന്നതുതന്നെ കാരണം.

എന്നാൽ, അല്പം പോലും കേമന്മാർ അല്ലാത്തവർ പോലും സ്വയം പ്രശംസയും വീമ്പുപറച്ചിലുമായി മുന്നോട്ടു പോയാലോ? അപ്പോൾ അവരുടെ പൊള്ളയായ വ്യക്‌തിത്വം വെളിച്ചത്തുകൊണ്ടുവരിക മാത്രമല്ലേ ചെയ്യുക. നമുക്കില്ലാത്തവ ഉണ്ട് എന്ന ഭാവമാണ് നമ്മുടേതെങ്കിൽ ആ ഭാവം നമുക്ക് ഉപേക്ഷിക്കാം. അതുപോലെതന്നെ വിനയമെന്താണെന്നു ഇടയ്ക്കിടയ്ക്ക് ഓർമിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യാം.
    
To send your comments, please clickhere