Jeevithavijayam
3/31/2017
    
നമ്മുടെമേൽ കല്ലും മണ്ണും വീഴുമ്പോൾ
ഒരിക്കലൊരു കഴുത ഒരു പൊട്ടക്കിണറ്റിൽ വീണു. വേദനമൂലം ആ മൃഗം അമറാൻ തുടങ്ങി.

കഴുതയുടെ നിലവിളി കേട്ട കർഷകന് അതിന്റെ ദയനീയ സ്‌ഥിതിയോർത്ത് ദുഃഖംതോന്നി. കഴുതയെ കിണറ്റിൽനിന്നു വലിച്ചുകയറ്റണമെങ്കിൽ അതിനു പലരുടെയും സഹായംവേണം. പക്ഷേ, ആ കർഷകനെ സഹായിക്കുവാൻ പറ്റിയ ആളുകൾ അടുത്തെങ്ങും ഉണ്ടായിരുന്നില്ല.

കഴുതയെ എങ്ങനെ രക്ഷപ്പെടുത്താമെന്ന് ആലോചിക്കുമ്പോൾ കർഷകന് ഒരു ബുദ്ധിതോന്നി. കിണർ ഏതായാലും ഉപയോഗമില്ലാത്തതാണ്. അത് കല്ലുംമണ്ണും ഇട്ടുനിറച്ചാൽ കഴുതയ്ക്ക് രക്ഷപ്പെടാനാവും.

കർഷകൻ സാവധാനം തൂമ്പയും മൺചട്ടിയുമെടുത്തു മണ്ണുകോരി കിണറ്റിലിടുവാൻ തുടങ്ങി. അപ്പോൾ കഴുതയ്ക്ക് ദുഃഖം സഹിക്കാൻ സാധിച്ചില്ല. കിണറ്റിൽ വീണ തന്നെ ജീവനോടെ കുഴിച്ചിടുവാൻ ശ്രമിക്കുന്ന ആ കർഷകന്റെ ക്രൂരതയോർത്തു കഴുത വിലപിച്ചു.

തന്റെ തലയിലും ദേഹത്തും മണ്ണുവീഴാൻ തുടങ്ങിയപ്പോൾ ആദ്യം കഴുത അമറിക്കൊണ്ടു നിലത്തു കിടന്നതേയുള്ളു. എന്നാൽ, വീണ്ടും വീണ്ടും തലയിലും ദേഹത്തും മണ്ണുവീണപ്പോൾ അത് ചാടിയെഴുന്നേറ്റു മണ്ണുകുടഞ്ഞുകളഞ്ഞു.

കർഷകൻ വീണ്ടും വീണ്ടും മറ്റു കോരി കിണറ്റിലേക്കിട്ടുകൊണ്ടിരുന്നു. തന്റെ തലയിലും ദേഹത്തും മണ്ണു വീണപ്പോഴൊക്കെ ആ മൃഗം മണ്ണു കുടഞ്ഞുകളഞ്ഞ് മണ്ണിനു മുകളിലായി നിലയുറപ്പിക്കാൻ ശ്രമിച്ചു.

കുറെ കഴിഞ്ഞപ്പോൾ കിണർ നികന്നു. കഴുത കിണറ്റിൽനിന്നു കുതിച്ചുചാടി പുറത്തുവന്നു. കഴുതയ്ക്കും കർഷകനും വലിയ സന്തോഷമായി.

അശ്രദ്ധകൊണ്ടാണ് ആ കഴുത കിണറ്റിൽ വീണത്. കിണറ്റിൽ വീണപ്പോൾ, തന്റെ അന്ത്യമടുത്തുവെന്ന് ആ മൃഗം കരുതി. അപ്പോഴാണു കർഷകൻ സഹായത്തിനെത്തിയത്.

കർഷകൻ മണ്ണു കോരിയിടുന്നതു തന്നെ സഹായിക്കാനാണെന്ന് അതറിഞ്ഞില്ല. അതിനാൽ അതു നിരാശപ്പെട്ട് ചടഞ്ഞുകൂടി കിടന്നു.

എന്നാൽ, പിന്നീടതു ചാടിയെഴുന്നേറ്റ് മണ്ണു കുടഞ്ഞുകളഞ്ഞു. തന്മൂലം, തനിക്കു ശാപമായി മാറാമായിരുന്ന മണ്ണ് അനുഗ്രഹമാക്കി മാറ്റുവാൻ കഴുതയ്ക്കു സാധിച്ചു. ക്രിയാത്മകമായ ഈ നടപടിയാണ് ആ കഴുതയുടെ രക്ഷയ്ക്കു വഴിതെളിച്ചത്.

നമ്മുടെ ജീവിതത്തിൽ പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടാകുമ്പോൾ എങ്ങനെയാണ് നാം അവയെ അഭിമുഖീകരിക്കുന്നത്? പ്രശ്നങ്ങളും പ്രതിസന്ധികളും നമ്മെ തകർക്കുവാൻ നാം വിട്ടുകൊടുക്കാമോ? അതോ പ്രശ്നങ്ങൾ പരിഹരിക്കുവാനും നാം ശ്രദ്ധിക്കുമോ?

നമ്മുടെ ജീവിതത്തിൽ പ്രശ്നങ്ങളും പ്രതിസന്ധികളുമുണ്ടാകുമ്പോൾ വിലപിച്ചുകൊണ്ടു നിരാശതയോടെ നമുക്കു ചടഞ്ഞിരിക്കാനാവും. എന്നാൽ, ഇപ്രകാരമൊരു സമീപനം നമ്മുടെ സമ്പൂർണനാശത്തിനു മാത്രമേ വഴിതെളിക്കൂ.

പ്രശ്നങ്ങളും പ്രതിസന്ധികളുമുണ്ടാകുമ്പോൾ അവയെ ധീരതയോടെ ക്രിയാത്മകമായി നേരിട്ടാൽ അവയിൽനിന്നു നാം വിജയപൂർവം പുറത്തുവരും. പ്രശ്നങ്ങളെയും പ്രതിസന്ധികളെയും ക്രിയാത്മകമായി നാം അഭിമുഖീകരിക്കുമ്പോഴാണു ദൈവത്തിന്റെ സഹായം നമുക്കു കൂട്ടിനുണ്ടാവുക.


പൊട്ടക്കിണറ്റിൽ വീണ കഴുതയെ കർഷകർ സഹായിക്കുവാൻ ശ്രമിച്ചപ്പോൾ അതിന്റെ സമീപനം നിഷേധാത്മകമായിരുന്നെങ്കിൽ അത് ഒരിക്കലും രക്ഷപ്പെടുമായിരുന്നില്ല. എന്നാൽ, കർഷകൻ തന്നെ സഹായിക്കുകയാണ് എന്നറിയാതിരുന്നിട്ടുപോലും ക്രിയാത്മകമായി അതുപ്രവർത്തിച്ചതുകൊണ്ട് അതിനു രക്ഷപ്പെടുവാൻ സാധിച്ചു.

നമ്മുടെ കാര്യം പറഞ്ഞാൽ, ദൈവം എല്ലാപ്രതിസന്ധികളിലും നമ്മെ സഹായിക്കും എന്നു നമുക്കറിയാം. അപ്പോൾപ്പിന്നെ ക്രിയാത്മകമായി പ്രതികരിച്ചുകൊണ്ടു പ്രശ്നങ്ങൾ പരിഹരിക്കുവാനും പ്രതിസന്ധികൾ തരണം ചെയ്യുവാനുമല്ലേ നാം ശ്രമിക്കേണ്ടത്?

ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ ചിലർ ദൈവത്തോടു പറയും: ‘‘ദൈവമേ, എന്നെ ആ പ്രശ്നത്തിൽനിന്നു എളുപ്പം കരകയറ്റേണമേ’’ എന്നാൽ, ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ മറ്റു ചിലരുടെ പ്രാർഥന വേറൊരു രീതിയിലായിരിക്കും. അവർ ദൈവത്തോടു പറയും: ‘‘ദൈവമേ, ഈ പ്രശ്നം കൈകാര്യം ചെയ്യുവാൻ എനിക്കു ശക്‌തി തരേണമേ.’’

അതുപോലെ, പ്രതിസന്ധികളുടെ മധ്യേ ആദ്യത്തെ കൂട്ടർ പറയും: ‘‘ദൈവമേ, എനിക്കു മടുത്തു.’’ എന്നാൽ, ഇമ്മാതിരി സാഹചര്യങ്ങളിൽ രണ്ടാമത്തെ കൂട്ടർ ദൈവത്തോടു പറയുന്നത് ഇങ്ങനെയായിരിക്കും: ‘‘ദൈവമേ ഈ പ്രതിസന്ധി തരണം ചെയ്യുന്നതിന് അങ്ങ് എന്റെ കൂടെയുണ്ടാകേണമേ.’’

മുകളിൽ പറഞ്ഞിരിക്കുന്ന രണ്ടുതരക്കാരിൽ നാം ആരുടെ ഗണത്തിൽപ്പെടും? ആദ്യഗണത്തിൽപ്പെടുന്നവർ ജീവിതത്തിലെ പ്രശ്നങ്ങളിൽനിന്നും പ്രതിസന്ധികളിൽനിന്നും ഓടിയൊളിക്കുവാൻ ആഗ്രഹിക്കുന്നവരാണ്. എന്നാൽ, രണ്ടാമത്തെ ഗണത്തിൽപ്പെടുന്നവരാകട്ടെ ദൈവസഹായത്തോടെ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും ക്രിയാത്മകമായി അഭിമുഖീകരിക്കുവാൻ ശ്രമിക്കുന്നവരും. നമുക്ക് ഈ രണ്ടാമത്തെ ഗണത്തിൽപ്പെടുവാൻ ശ്രമിക്കാം.

ചൈനീസ് ഭാഷയിൽ പ്രതിസന്ധി എന്ന വാക്കിനു മുകളിലും താഴെയുമായി രണ്ട് അക്ഷരങ്ങളാണത്രേയുള്ളത്. ഇതിൽ മുകളിലത്തെ അക്ഷരത്തിന്റെ തനിച്ചുള്ള അർഥം അപകടം എന്നാണ്. എന്നാൽ, താഴെയുള്ള അക്ഷരത്തിന്റെ അർഥമാകട്ടെ അവസരം എന്നും. പ്രതിസന്ധിയിൽ അപകടവും വിജയിക്കുവാനുള്ള അവസരവും അടങ്ങിയിരിക്കുന്നു എന്നു സൂചന.

നമ്മുടെ ജീവിതപ്രതിസന്ധികളിൽ വിജയിക്കുവാനുള്ള അവസരം കണ്ടെത്തുവാൻ നമുക്കു ശ്രമിക്കാം. അപ്പോൾ പ്രതിസന്ധികൾ ഒരുക്കുന്ന അപകടങ്ങളിൽനിന്നു നാം താനേ രക്ഷപ്പെട്ടുകൊള്ളും.
    
To send your comments, please clickhere