Jeevithavijayam
3/27/2017
    
സുഖത്തിലെ സ്തുതിയെക്കാൾ വലുത്
പുണ്യചരിതനായിരുന്നു ബാൽ ഷെം ടോവ് എന്ന യഹൂദ റബ്ബി. ഒരിക്കൽ അദ്ദേഹത്തിനു സ്വപ്നത്തിലൂടെ ദൈവത്തിൽനിന്ന് ഒരു സന്ദേശം ലഭിച്ചു. ദൈവരാജ്യത്തിൽ ദൈവത്തിന്റെ ഇടതുവശത്തിരിക്കാൻ തെരഞ്ഞെടുക്കപ്പെട്ട മഹാഭാഗ്യവാനാണു ടോവ് എന്നായിരുന്നു സന്ദേശം.

ദൈവത്തിന്റെ ഇടതുവശത്തിരിക്കാൻ തെരഞ്ഞെടുക്കപ്പെട്ടുവെന്നു കേട്ടപ്പോൾ അദ്ദേഹത്തിന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. അദ്ദേഹം ദൈവത്തിനു നന്ദിയുടെ കീർത്തനം പാടി.

അവിടുത്തേക്കു നന്ദിപറഞ്ഞുകൊണ്ടിരിക്കുമ്പോൾ അദ്ദേഹത്തിന്റെ മനസിൽ ഒരാഗ്രഹം പൊട്ടിമുളച്ചു. ആരായിരിക്കും ദൈവരാജ്യത്തിൽ ദൈവത്തിന്റെ വലതുഭാഗത്തിരിക്കുക? അതൊന്നറിഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു!

ദൈവത്തിന്റെ വലതുഭാഗത്തിരിക്കാൻ പോകുന്നയാൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ അയാളെ നേരിൽ കാണണമെന്നും അദ്ദേഹത്തിന് ആഗ്രഹമുണ്ടായി. അധികം താമസിയാതെ റബ്ബിക്ക് സ്വപ്നത്തിലൂടെ ദൈവത്തിൽനിന്നു പുതിയൊരു സന്ദേശം ലഭിച്ചു. ദൈവത്തിന്റെ വലതുഭാഗത്തിരിക്കാൻ തെരഞ്ഞെടുക്കപ്പെട്ട വ്യക്‌തി അടുത്തുള്ള ഒരു വനത്തിൽ ജീവിച്ചിരിപ്പുണ്ടെന്നായിരുന്നു സന്ദേശം.

ദൈവരാജ്യത്തിൽ നിത്യകാലം തന്റെകൂടെ വസിക്കാൻപോകുന്ന ആ വ്യക്‌തിയെ എത്രയുംവേഗം കണ്ടുപിടിക്കാൻ റബ്ബി തീരുമാനിച്ചു. അതനുസരിച്ച് അദ്ദേഹം യാത്രയായി.

ഒരു പകൽ മുഴുവൻ നീണ്ടുനിന്ന യാത്രയ്ക്കുശേഷം റബ്ബി വനാന്തർഭാഗത്തു ജീവിക്കുന്ന ഒരു മനുഷ്യന്റെ കുടിലിനു മുൻപിലെത്തി.സ്വപ്നത്തിൽ ലഭിച്ച നിർദേശമനുസരിച്ച്, ആ കുടിലിൽ ജീവിച്ചിരുന്ന മനുഷ്യനായിരുന്നു ദൈവത്തിന്റെ വലതുഭാഗത്തിരിക്കാൻ തെരഞ്ഞെടുക്കപ്പെട്ട ഭാഗ്യവാൻ.

സാബത്ത് ആരംഭിക്കുന്ന സമയമായിരുന്നു അപ്പോൾ. തന്മൂലം എത്രയും വേഗം തനിക്കൊരു വിശ്രമസ്‌ഥലം ഉണ്ടായേ മതിയാകൂ എന്ന് അദ്ദേഹം ഓർമിച്ചു. ആ കുടിലിൽ താമസിക്കുന്ന വ്യക്‌തി തീർച്ചയായും തന്നെ സ്വീകരിച്ചു സൽക്കരിക്കും എന്ന പ്രതീക്ഷയോടെ അദ്ദേഹം വാതിലിൽ മുട്ടി.

അപ്പോൾ ഭീമാകാരനായ ഒരു മനുഷ്യൻ വാതിൽ തുറന്നു പുറത്തേക്കു നോക്കി. തന്റെ മുൻപിൽ നിൽക്കുന്ന റബ്ബിയെ കണ്ടുവെങ്കിലും അയാൾ അദ്ദേഹത്തോട് ഒരക്ഷരം ഉരിയാടിയില്ല. അപ്പോൾ റബ്ബി അയാൾക്കു സാബത്തിന്റെ ആശംസകൾ നേർന്നു. പക്ഷേ, അപ്പോഴും അയാൾ മൗനമായി നിന്നതേയുള്ളു.

അല്പസമയം കഴിഞ്ഞപ്പോൾ റബ്ബി പറഞ്ഞു: ‘‘നിങ്ങൾ ഒരു യഹൂദനല്ലേ? സാബത്താചരിക്കാൻ നിങ്ങൾ എന്നെ അകത്തു പ്രവേശിപ്പിച്ചാൽ നന്നായിരുന്നു.’’

ഇതു കേട്ടിട്ടും അയാൾ ഒന്നും പറഞ്ഞില്ല. എന്നാൽ, വാതിലിന്റെ ഒരു അരികിലേക്കു മാറിനിന്നുകൊണ്ട് റബ്ബിയെ അകത്തു പ്രവേശിപ്പിക്കാൻ അയാൾ തയാറായി.

അകത്തു പ്രവേശിച്ച റബ്ബി എത്രയും വേഗം സാബത്തിനോടനുബന്ധിച്ച പ്രാർഥന തുടങ്ങി. പക്ഷേ, അയാൾ പ്രാർഥനയിൽ പങ്കുകൊണ്ടില്ല. അവിടെ മൂകനായിരിക്കുക മാത്രം ചെയ്തു.

പ്രാർഥന കഴിഞ്ഞപ്പോൾ റബ്ബി ഭക്ഷണം കഴിച്ചു വിശ്രമിക്കാനൊരുങ്ങി. അപ്പോൾ അയാളും ഭക്ഷണംകഴിച്ചു കിടന്നുറങ്ങി.

ദൈവത്തിന്റെ വലതുഭാഗത്തിരിക്കാൻ തെരഞ്ഞെടുക്കപ്പെട്ടയാൾ സാബത്തിന്റെ പ്രാർഥന ചൊല്ലാതെ കിടന്നുറങ്ങുന്നതു കണ്ടപ്പോൾ റബ്ബിക്ക് ദുഃഖം തോന്നി. ഒരുപക്ഷേ, അയാൾ രാത്രിയിൽ ഉണർന്നു പ്രാർഥിക്കുമെന്ന് കരുതി റബ്ബി ഉറങ്ങാതെ കാത്തുകിടന്നു. പക്ഷേ, അയാൾ കൂർക്കംവലിച്ചുറങ്ങിയതല്ലാതെ രാത്രിയിൽ എഴുന്നേറ്റിരുന്നു പ്രാർഥിച്ചില്ല.


പിറ്റേദിവസം നേരം പുലർന്നപ്പോൾ റബ്ബി അയാളോടു പറഞ്ഞു: ‘‘ദൈവത്തിന്റെ വലതുഭാഗത്തിരിക്കാൻ തെരഞ്ഞെടുക്കപ്പെട്ട വ്യക്‌തിയാണു നിങ്ങൾ. പക്ഷേ, നിങ്ങൾ സാബത്തിന്റെ പ്രാർഥന ചൊല്ലുന്നതായി ഞാൻ കണ്ടില്ല. നിങ്ങൾ ആരാണ്? നിങ്ങളിവിടെ എന്തുചെയ്യുന്നു?’’

അല്പനേരം മൗനമായിരുന്നശേഷം അയാൾ പറഞ്ഞു: ‘‘ഞാൻ ഒരു ബാലനായിരുന്നപ്പോൾ മതവിരോധികളിൽനിന്നു രക്ഷപ്പെടാൻവേണ്ടി എന്റെ മാതാപിതാക്കളും സഹോദരീസഹോദരങ്ങളുമൊരുമിച്ച് ഈ കാട്ടിൽ വന്നതാണ്. പക്ഷേ, മതവിരോധികൾ ഞങ്ങളെ പിന്തുടർന്നു തടവിലാക്കി. ഞാൻ മാത്രം അവരുടെ പിടിയിൽപ്പെടാതെ രക്ഷപ്പെട്ടു.

‘‘ദൈവത്തെ നിഷേധിക്കാനാണു മതവിരോധികൾ എന്റെ കുടുംബാംഗങ്ങളോടാവശ്യപ്പെട്ടത്. അവർ അതു ചെയ്തില്ല. തന്മൂലം അവരെയെല്ലാം വധിച്ചു. എന്റെ പിതാവിന്റെമേൽ എണ്ണയൊഴിച്ച് ജീവനോടെ അദ്ദേഹത്തെ കത്തിക്കുകയാണവർ ചെയ്തത്. അപ്പോൾ ദൈവത്തിനു സ്തുതിപാടിയാണ് എന്റെ പിതാവ് മരിച്ചത്.

‘‘തനിച്ച് ഈ കാട്ടിൽ വളർന്നുവന്ന എനിക്ക് ഒരാഗ്രഹം മാത്രമേയുള്ളു. മതവിരോധികൾ വന്ന് എന്നെ പിടിച്ചുകെട്ടി ജീവനോടെ കത്തിക്കുമ്പോൾ എന്റെ അന്ത്യശ്വാസംവരെ ദൈവത്തിനു സ്തുതിപാടണം. അവർ വരുവാൻ കാത്തിരിക്കുകയാണു ഞാൻ. ഇന്നല്ലെങ്കിൽ നാളെ അവർ വരുമെന്ന് എനിക്കറിയാം.’’

ഇത്രയും പറഞ്ഞതിനുശേഷം അയാൾ ഇപ്രകാരം പ്രാർഥിച്ചു: ‘‘ദൈവമേ, എത്രനാൾ ഞങ്ങൾ ഇങ്ങനെ പരസ്പരം കടിച്ചുകീറുകയും കൊല്ലുകയും ചെയ്യും? എത്രനാൾ ഞങ്ങൾ അങ്ങയെ അറിയാതെയും സ്നേഹിക്കാതെയും ജീവിക്കും? ഞങ്ങളെ രക്ഷിക്കാൻ ഇനിയും വൈകരുതേ.’’

അന്ന് റബ്ബി അയാളോടു യാത്രപറഞ്ഞിറങ്ങുമ്പോൾ താൻ അയാളുടെകൂടെ ദൈവത്തിന്റെ ഒപ്പം ഇരിക്കാൻ യോഗ്യനല്ലല്ലോ എന്ന ചിന്തയായിരുന്നു അദ്ദേഹത്തിന്റെ മനസിൽ.

തന്റെ കുടുംബാംഗങ്ങൾ മുഴുവൻ അന്യായമായി വധിക്കപ്പെട്ടിട്ടും ദൈവത്തെ സ്തുതിക്കാൻ അയാൾ തയാറായി. എന്നുമാത്രമല്ല, താൻ അന്യായമായി വധിക്കപ്പെടുമെന്നറിഞ്ഞിട്ടും ദൈവത്തെ സ്തുതിച്ചുകൊണ്ടു മരിക്കാൻ പൂർണമായും തയാറാണയാൾ! അങ്ങനെയുള്ള ആ മനുഷ്യന്റെ വിശുദ്ധിയെക്കുറിച്ചു റബ്ബിക്കു പിന്നെ അല്പംപോലും സംശയം തോന്നിയില്ല.

നമുക്കു ദുഃഖങ്ങളും ദുരിതങ്ങളും ഉണ്ടാകുമ്പോൾ ഹൃദയപൂർവം ദൈവത്തിനു സ്തുതിപാടുവാൻ സാധിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ നാം ദൈവരാജ്യത്തിൽനിന്ന് ഏറെ അകന്നവരല്ല.

എന്നാൽ, നമ്മുടെ സങ്കടസമയങ്ങളിൽ നാം പിറുപിറുക്കുകയും ദൈവത്തെ കുറ്റപ്പെടുത്തുകയുമാണെങ്കിൽ നാം ദൈവരാജ്യത്തിൽ എത്തുമോ എന്നു സംശയിക്കണം.

നമ്മുടെ ജീവിതത്തിൽ എന്തെല്ലാം ദുരിതങ്ങളുണ്ടായാലും അവയെല്ലാം ദൈവത്തിന്റെ പരിപാലനയ്ക്കു വിട്ടുകൊടുത്ത് അവിടുത്തെ നിരന്തരം സ്തുതിക്കാൻ സാധിച്ചാൽ ദൈവത്തിന്റെ രാജ്യത്തിനു നാമും അവകാശികളായി മാറും.ദുഃഖത്തിന്റെ നിമിഷങ്ങളിൽ നമുക്ക് ആ സത്യം മറക്കാതിരിക്കാം.
    
To send your comments, please clickhere