Jeevithavijayam
1/19/2017
    
വേദനയിൽ വിടരുന്ന സൗന്ദര്യം
അഗസ്തെ റെൻവാർ (1841–1919). പ്രസിദ്ധനായ ഫ്രഞ്ച് ഇംപ്രഷനിസ്റ്റ് ചിത്രകാരൻ. അദ്ദേഹം വിരചിച്ച ചിത്രങ്ങളെല്ലാം ഇന്നും ഏറെ വിലപിടിപ്പുള്ളവയായി തുടരുന്നു.

അസാമാന്യ പ്രതിഭാശാലിയായിരുന്നു ഈ ചിത്രകാരൻ. എങ്കിലും ചിത്രരചന അദ്ദേഹത്തിന് അത്ര അനായാസമായിരുന്നില്ല. അതിന്റെ പ്രധാന കാരണം അദ്ദേഹത്തിന്റെ ദുർബലമായ ആരോഗ്യസ്‌ഥിതിയായിരുന്നു.

രണ്ടു പതിറ്റാണ്ടിലേറെക്കാലം അദ്ദേഹം കഠിനമായ വാതരോഗത്തിന് അടിമയായിരുന്നു. വാതത്തിന്റെ ശക്‌തിമൂലം കൈവിരലുകൾ ശരിക്കു ചലിപ്പിക്കാൻ അദ്ദേഹത്തിനു സാധിക്കുമായിരുന്നില്ല. എഴുന്നേറ്റു നിന്നു പെയിന്റു ചെയ്യുക അദ്ദേഹത്തിന് അസാധ്യമായിരുന്നു.

എങ്കിലും തന്റെ ആരോഗ്യസ്‌ഥിതി വകവയ്ക്കാതെ റെൻവാർ ചിത്രരചന തുടർന്നു. ഒരിക്കലദ്ദേഹം ദുസ്സഹമായ വേദന കടിച്ചു പിടിച്ചു കൊണ്ടു ചിത്രരചന തുടരുന്നതു കാണാനിടയായ ഒരു ശിഷ്യൻ ചോദിച്ചു: ‘‘എന്തിനാണ് അങ്ങ് ഇത്രമാത്രം സ്വയം പീഡിപ്പിക്കുന്നത്?’’

അപ്പോൾ തന്റെ ക്യാൻവാസിൽ വിടർന്നു വരുന്ന ചിത്രത്തിലേക്കു നോക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു: ‘‘എന്റെ വേദന കടന്നുപോകും. എന്നാൽ, ഇതിലെ സൗന്ദര്യം എന്നും നിലനിൽക്കും.’’

റെൻവാർ അന്നു പറഞ്ഞത് എത്ര ശരിയായിരുന്നു! അദ്ദേഹത്തിന്റെ വേദന അദ്ദേഹത്തിന്റെ മരണത്തോടെ കടന്നുപോയി. എന്നാൽ ആ വേദനയ്ക്കിടയിലും അദ്ദേഹം രചിച്ച ചിത്രങ്ങൾ ഇന്നും അനേകർക്കു സന്തോഷവും കുളിർമയും നല്കിക്കൊണ്ട് നിലനിൽക്കുന്നു. എന്നുമാത്രമല്ല, വേദനയിലൂടെ ജന്മമെടുത്ത അദ്ദേഹത്തിന്റെ ചിത്രങ്ങൾ മാസ്റ്റർപീസുകളായി ലോകം വിലമതിക്കുകയുംചെയ്യുന്നു.

ജീവിതത്തിൽ ഓരോരോ കാരണംമൂലം ഒട്ടേറെ വേദനയും വിഷമവും അനുഭവിക്കുന്നവരാണ് നമ്മൾ. വേദനയുടെ കാഠിന്യവും അതുവഴി നമുക്കുണ്ടാകുന്ന വിഷമവും വേദനയെ സമൂലം തള്ളിപ്പറയുവാനും നിരാകരിക്കുവാനും നമ്മെ പ്രേരിപ്പിക്കുന്നു. ഇങ്ങനെ സംഭവിക്കുന്നതു സ്വാഭാവികമാണുതാനും.

എന്നാൽ, വേദനകൾ പലപ്പോഴും ജീവിതത്തിനു കൂടുതൽ അർഥവും ആഴവും നല്കുന്നുവെന്നതു നാം മറന്നുപോകരുത്. ഒരുപക്ഷേ, ജീവിതത്തിന്റെ അർഥം കണ്ടെത്തുവാൻതന്നെ നമ്മെ സഹായിക്കുന്നതു നമ്മുടെ വേദനകളും സഹനങ്ങളുമാണെന്നതാണു സത്യം.

ജീവിതത്തിൽ മറ്റു മനുഷ്യരുടെ നന്മയ്ക്കുവേണ്ടിയും മറ്റു നല്ല കാര്യങ്ങൾക്കു വേണ്ടിയും സഹിക്കുവാനിടയായ ആളുകളോടു ചോദിക്കൂ. അപ്പോളറിയാം അവരുടെ സഹനത്തിൽ അവർ എന്തുമാത്രം നന്മയും ശക്‌തിയും കാണുന്നുണ്ട് എന്ന്. അല്ലെങ്കിൽ, മക്കൾക്കുവേണ്ടി പാടുപെടുന്ന മാതാപിതാക്കളോടു ചോദിച്ചു നോക്കൂ. അവർ പറയും തങ്ങളുടെ മക്കൾക്കുവേണ്ടി തങ്ങൾ സഹിക്കുന്നവയുടെയെല്ലാം യഥാർഥമൂല്യം എന്തെന്ന്.


ജീവിതത്തിൽ വേദനയും സഹനവുമൊക്കെ അസഹ്യമാകുന്നത് എപ്പോഴാണ്? നാം സ്വന്തം സുഖവും സൗകര്യവും മാത്രം ആഗ്രഹിക്കുമ്പോഴല്ലേ വേദന നമുക്ക് അസഹ്യവും അർത്ഥമില്ലാത്തതുമായി മാറുന്നത്? ജീവിതത്തിൽ സ്വന്തം സുഖവും സൗകര്യവും മാത്രം അന്വേഷിക്കുന്നവർക്ക് അങ്ങനെ അനുഭവപ്പെട്ടില്ലെങ്കിലേ അദ്ഭുതപ്പെടേണ്ടതുള്ളൂ.

നമ്മുടെ സുഖത്തോടും നന്മയോടുമൊപ്പം മറ്റുള്ളവരുടെ സുഖവും നന്മയും നമ്മുടെ ജീവിതലക്ഷ്യമായി മാറുമ്പോൾ നമ്മുടെ ജീവിതത്തിലെ സഹനത്തിനും ബുദ്ധിമുട്ടുകൾക്കും മറ്റൊരു മാനം കൈവരുന്നുവെന്നതാണു വസ്തുത. കാരണം, നമ്മുടെ സഹനവും ബുദ്ധിമുട്ടുകളുമാണു മറ്റുള്ളവരുടെ സന്തോഷത്തിനും നന്മയ്ക്കും പലപ്പോഴും വഴിതെളിക്കുന്നത്.

ജീവിതത്തിൽ നമുക്ക് ആഴമേറിയ ദുഃഖങ്ങളുണ്ടാകാം. ഒരിക്കലും മറക്കാൻ പറ്റാത്ത ദുഃഖസ്മരണകൾ നമ്മെ എപ്പോഴും വേട്ടയാടിയെന്നു വരാം. എന്നിരുന്നാലും സാധാരണ രീതിയിലുള്ള ദുഃഖങ്ങളെല്ലാം കടന്നുപോകും എന്നതല്ലേ വസ്തുത?

നാം ആഗ്രഹിക്കുന്ന രീതിയിലായിരിക്കുകയില്ല പലപ്പോഴും പല ദുഃഖങ്ങളും നമ്മെ കടന്നുപോകുന്നത്. എന്നാൽ, സ്വയം അനുവദിക്കാത്തിടത്തോളംകാലം അവയ്ക്കൊരിക്കലും നമ്മെ ശാശ്വതമായി മുറിപ്പെടുത്താനോ അസന്തുഷ്ടരാക്കാനോ സാധിക്കില്ലെന്നതു നാം മറക്കേണ്ട.

ജീവിതത്തിലെ ദുഃഖങ്ങളെക്കുറിച്ച് ഏവർക്കും തൃപ്തികരമായ ഉത്തരമോ വ്യാഖ്യാനമോ നല്കാൻ ആർക്കും ഒരിക്കലും സാധിക്കുകയില്ല എന്നതു ശരിതന്നെ. കാരണം, അത്രമാത്രം സങ്കീർണവും സാധാരണ ബുദ്ധിക്ക് ആഗ്രാഹ്യവുമാണ് സഹനത്തിന്റെ വിവിധ രൂപങ്ങൾ. എങ്കിലും, അതുകൊണ്ടുമാത്രം ജീവിതദുഃഖങ്ങൾക്ക് ഒരിക്കലും അർഥം കാണുവാൻ സാധിക്കുകയില്ല എന്ന ചിന്ത നമുക്കു വേണ്ട.

ജീവിതത്തിലെ ദുഃഖങ്ങളും ദുരിതങ്ങളുമൊക്കെ നാം എങ്ങനെ വീക്ഷിക്കുന്നു എന്നതനുസരിച്ചാണു പലപ്പോഴും അവ നമ്മെ ക്രിയാത്മകമായോ നിഷേധാത്മകമായോ സ്വാധീനിക്കുക.

ചിത്രകാരനായ റെൻവാർ വേദനയ്ക്കിടയിലും തന്റെ ക്യാൻവാസിൽ വിടർന്നു വരുന്ന സൗന്ദര്യം കണ്ടു. തന്മൂലം, താൻ രൂപംകൊടുത്ത സൗന്ദര്യത്തിന്റെ അഭേദ്യമായ ഭാഗമായി തന്റെ വേദനയെ കാണാൻ റെൻവാറിനു സാധിച്ചു. മാത്രമല്ല, തന്റെ വേദനയാണ് തന്റെ ചിത്രങ്ങൾക്ക് ഏറെ മൂല്യം നല്കിയതെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു.

ജീവിതത്തിലെ വേദനകളിൽ വിടരുന്ന സൗന്ദര്യം കാണുക നമ്മിൽ പലരെയും സംബന്ധിച്ചിടത്തോളം അത്ര എളുപ്പമായിരിക്കുകയില്ല. എങ്കിലും, ഒന്നു ശ്രമിച്ചു നോക്കുന്നതു നല്ലതല്ലേ?
    
To send your comments, please clickhere