Jeevithavijayam
12/3/2016
    
സ്വർണത്തെക്കാൾ വിലപ്പെട്ട ചെമ്പുതുട്ട്
കോടീശ്വരനായ ഒരു കമ്പനിയുടമ. അദ്ദേഹം ഒരിക്കൽ തന്റെ കമ്പനിയിലെ ഒരു മാനേജരെയും അയാളുടെ ഭാര്യയെയും ഡിന്നറിനു ക്ഷണിച്ചു. ഒരു പഞ്ചനക്ഷത്ര ഹോട്ടലിലേക്കാണ് അവർ പോയത്. കാറിൽനിന്നിറങ്ങി അവർ ഹോട്ടലിലേക്കു കയറുമ്പോൾ നിലത്തുകിടന്നിരുന്ന ഒരു നാണയം കോടീശ്വരന്റെ കണ്ണിൽപ്പെട്ടു. അദ്ദേഹം ആ നാണയം എടുത്തു സ്വന്തം പോക്കറ്റിലിട്ടു.<യൃ><യൃ>ചെമ്പുകൊണ്ടുള്ള ഒരു പെനി ആയിരുന്നു ആ നാണയം. ഒരു ഡോളർ ഉണ്ടാവണമെങ്കിൽ നൂറു പെനി (സെന്റ്) വേണം. അപ്പോൾ ഒരു പെനിയുടെ മൂല്യം എത്ര ചെറുതാണെന്നു വ്യക്‌തമാണല്ലോ. കോടീശ്വരനായ ഒരാൾ എന്തുകൊണ്ടാണ് നിലത്തുകിടന്നിരുന്ന ഒരു പെനി എടുത്തു പോക്കറ്റിലിട്ടത്? കൂടെ ഉണ്ടായിരുന്നവർക്ക് എത്ര ആലോചിച്ചിട്ടും മനസിലാവാത്ത കാര്യമായിരുന്നു അത്.<യൃ><യൃ>ഡിന്നറിനിടയിൽ മാനേജരുടെ ഭാര്യ കോടീശ്വരനോട് തന്ത്രപൂർവം ചോദിച്ചു: ‘‘അല്പം മുൻപ് താങ്കൾ കണ്ടെടുത്ത നാണയത്തിന് എന്തെങ്കിലും പ്രത്യേകതയുണ്ടോ?’’<യൃ><യൃ>‘‘ഈ നാണയത്തിൽ നോക്കൂ,’’ ഒരു പുഞ്ചിരിയോടെ നാണയം തന്റെ പോക്കറ്റിൽനിന്നെടുത്ത് ആ സ്ത്രീക്ക് കൊടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ‘‘എന്താണ് ഈ നാണയത്തിൽ നാം വായിക്കുന്നത്?’’<യൃ><യൃ>‘‘യുണൈറ്റഡ് സ്റ്റെയ്റ്റ്സ് ഓഫ് അമേരിക്ക,’’ ആ സ്ത്രീ പറഞ്ഞു. ‘‘ബാക്കിയും വായിക്കൂ,’’ അദ്ദേഹം ആവശ്യപ്പെട്ടു. ‘‘വൺ സെന്റ്,’’ സ്ത്രീ വായിച്ചു.<യൃ><യൃ>‘‘ഇനി മറുപുറം വായിക്കൂ,’’ അദ്ദേഹം പറഞ്ഞു. അപ്പോൾ, നാണയത്തിന്റെ മറുപുറത്ത് ഏബ്രഹാം ലിങ്കന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നതിന്റെ മുകളിലായുള്ള വാക്യം ആ സ്ത്രീ വായിച്ചു: ‘‘ഇൻ ഗോഡ് വി ട്രസ്റ്റ്’’ (ദൈവത്തിൽ നാം ആശ്രയിക്കുന്നു). ‘‘നിങ്ങൾ വായിച്ചതു ശരി തന്നെ,’’ അദ്ദേഹം മന്ദഹാസത്തോടെ പറഞ്ഞു. ‘‘പക്ഷേ, എന്താണു താങ്കൾ അർഥമാക്കുന്നത്?’’ നാണയം അദ്ദേഹത്തിനു തിരികെ നല്കിക്കൊണ്ട് അവർ ചോദിച്ചു.<യൃ><യൃ>അദ്ദേഹം ആ നാണയം വാങ്ങി വീണ്ടും പോക്കറ്റിലിട്ടുകൊണ്ടു പറഞ്ഞു: ‘‘ദൈവത്തിൽ നാം ആശ്രയിക്കുന്നു എന്നല്ലേ ഈ നാണയത്തിൽ എഴുതിയിരിക്കുന്നത്? എപ്പോഴെങ്കിലും ഒരു പെനി കണ്ടാൽ ഇക്കാര്യം ഞാൻ ഓർമിക്കും. വഴിയിൽ ഒരു പെനി കിടക്കുന്നതു കാണുവാനിടയായാൽ അതുവഴി ദൈവം എനിക്ക് ഒരു സന്ദേശം നൽകുന്നതായിട്ടാണു ഞാൻ മനസിലാക്കുന്നത്. ദൈവത്തെ ആശ്രയിക്കുക എന്നുള്ളതാണ് അവിടുന്ന് എനിക്കു നല്കുന്ന ആ സന്ദേശം.’’<യൃ><യൃ>‘‘ആ സന്ദേശം ലഭിക്കുമ്പോൾ, ഞാൻ ദൈവത്തിലാണോ ആശ്രയിക്കുന്നത് എന്നു സ്വയം ചോദിക്കും. അതിനുശേഷം ആ നാണയം ഞാൻ നിലത്തുനിന്ന് എടുത്തു പോക്കറ്റിലിടും. ഞാൻ ദൈവത്തിലാണ് എന്റെ ആശ്രയം വച്ചിരിക്കുന്നത് എന്നു പ്രഖ്യാപിക്കുവാനാണു ഞാൻ അങ്ങനെ ചെയ്യുന്നത്.’’<യൃ><യൃ>‘‘അപ്പോൾ കുറെ നേരത്തേക്കെങ്കിലും ഈ ചെമ്പുനാണയത്തിനു സ്വർണത്തെക്കാൾ മൂല്യമുള്ളതായി എനിക്കു തോന്നും. ഞാൻ നടക്കുന്ന വഴികളിൽ പലപ്പോഴും പെനികൾ കിടക്കുന്നതു കാണാറുണ്ട്. അവ പെറുക്കിയെടുക്കുന്നതുവഴി ദൈവവുമായി ഒരു സംഭാഷണം ആരംഭിക്കുവാനും കൂടുതലായി അവിടുത്തെ ആശ്രയിക്കുവാനും എനിക്കവസരം ലഭിക്കുന്നു.’’ നാം നടക്കുന്ന വഴികളിൽ പെനികൾ കാണാറില്ല. നമ്മുടെ നാണയത്തുട്ടുകളിൽ ‘‘ദൈവത്തിൽ നാം ആശ്രയിക്കുന്നു’’ എന്നു കൊത്തിവച്ചിട്ടുമില്ല. എങ്കിലും, എല്ലാ കാര്യങ്ങളിലും നാം ആശ്രയിക്കേണ്ടതു ദൈവത്തെയാണെന്നതു വിസ്മരിക്കരുത്.<യൃ><യൃ>ജീവിതത്തിൽ നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവരാണു നമ്മൾ. ഒരു പ്രശ്നം പരിഹരിക്കുന്നതിനു മുൻപേ മറ്റൊന്നു നമ്മുടെ ജീവിതത്തിലേക്കു കടന്നു വരും. അപ്പോൾ, സ്വാഭാവികമായും നാം പതറിയെന്നിരിക്കും. ഒരുപക്ഷേ, നാം നൈരാശ്യത്തിന്റെ പടുകുഴിയിലേക്കു നിലംപതിച്ചുവെന്നും വരാം. ഇങ്ങനെയുള്ള അവസരങ്ങളിലാണു നാം എല്ലാറ്റിലുമധികമായി ദൈവത്തെ ആശ്രയിക്കേണ്ടത്.<യൃ><യൃ>ബ്രിട്ടീഷ് ചിന്തകനും എഴുത്തുകാരനുമായിരുന്ന കാർഡിനൽ ജോൺ ഹെൻറി ന്യൂമൻ(1801–90) തന്റെ ആത്മകഥയിൽ ഇപ്രകാരം എഴുതി: ‘‘ഞാൻ ദൈവത്തിൽ ആശ്രയിക്കും. ഞാൻ എന്തായാലും, എവിടെയായാലും, എന്നെ വെറുതെ വലിച്ചെറിയാനാവില്ല. ഞാൻ രോഗാവസ്‌ഥയിലാണെങ്കിൽ എന്റെ രോഗം അവിടുത്തെ ലക്ഷ്യം നേടുവാനുള്ള വഴിയാകും. ഞാൻ പരിഭ്രമിക്കാനിടയായാൽ എന്റെ പരിഭ്രമവും അവിടുത്തെ ലക്ഷ്യസാധ്യത്തിനു കാരണമാകും. ഞാൻ ദുഃഖിതനാണെങ്കിൽ എന്റെ ദുഃഖവും അവിടുത്തെ ലക്ഷ്യസാധ്യത്തിന് ഉപകരിക്കും.’’<യൃ><യൃ>‘‘എന്റെ രോഗവും പരിഭ്രമവും ദുഃഖവുമൊക്കെ നമുക്കു മനസിലാക്കാൻ സാധിക്കാത്ത ഏതോ മഹനീയ ലക്ഷ്യങ്ങൾക്കുവേണ്ടിയുള്ളതാണ്. ദൈവം ഒരു കാര്യവും വെറുതെ ചെയ്യുന്നില്ല.’’<യൃ><യൃ>കാർഡിനൽ ന്യൂമാൻ പറഞ്ഞത് എത്രയോ ശരി! ‘‘ദൈവം ഒരു കാര്യവും വെറുതെ ചെയ്യുന്നില്ല. അവിടുത്തെ അനന്തപരിപാലനയിൽ നമ്മുടെ ദുഃഖത്തിനും കണ്ണീരിനുമൊക്കെ വലിയ വിലയുണ്ട്.” അതുകൊണ്ടുതന്നെ എത്ര കടുത്ത പ്രതിസന്ധിയുണ്ടായാലും നാം അവിടുത്തെ തള്ളിപ്പറയരുത്. നേരേമറിച്ച്, നാം സർവശക്‌തിയോടുംകൂടെ ദൈവത്തിലാശ്രയിക്കണം. അപ്പോൾ, അവിടുന്നു കാണിച്ചുതരുന്ന വഴിയിലൂടെ അവിടുത്തെ നിശ്ചയമനുസരിച്ചുള്ള സമയത്തു നാം വിജയം വരിക്കുമെന്നു തീർച്ചയാണ്.<യൃ><യൃ>ഇസ്രയേൽ ജനതയുടെ പിതാവായ ഏബ്രഹാമിന് ആകാശത്തിലെ നക്ഷത്രങ്ങൾ പോലെയും കടൽത്തീരത്തെ മണൽത്തരികൾ പോലെയും സന്തതികളുണ്ടാകുമെന്നു ദൈവം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ആ വാഗ്ദാനത്തിനുശേഷമാണ് ഏബ്രഹാമിന്റെ ഭാര്യയായ സാറായിൽനിന്നു ജനിച്ച ഏക സന്തതിയായ ഇസഹാക്കിനെ ബലികഴിക്കുവാൻ ദൈവം ആവശ്യപ്പെട്ടത്.<യൃ><യൃ>തന്റെ ഏക പുത്രനെ ബലികഴിച്ചാൽ തനിക്ക് ആകാശത്തിലെ നക്ഷത്രങ്ങൾ പോലെയും കടൽത്തീരത്തെ മണൽത്തരികൾ പോലെയും എങ്ങനെ സന്തതികളുണ്ടാകുമെന്ന് ഏബ്രഹാം ചോദിച്ചില്ല. ഏബ്രഹാം ദൈവത്തിന്റെ വാഗ്ദാനത്തിൽ ശരണംവച്ചുകൊണ്ട് തന്റെ ഏകപുത്രനെ ബലികഴിക്കുവാനുള്ള സന്നദ്ധത വ്യക്‌തമാക്കി. ഏബ്രഹാമിന്റേതുപോലെയുള്ള വിശ്വാസവും ദൈവത്തിൽ ആശ്രയിക്കുവാനുള്ള സന്നദ്ധതയുമാണ് നമുക്കു വേണ്ടത്! അപ്പോൾ എല്ലാ കാര്യങ്ങളും നമ്മൾ പ്രതീക്ഷിക്കുന്നതിലും ഏറെ ഭംഗിയായി നടന്നുകൊള്ളും.<യൃ><യൃ>‘ജസ്റ്റ് എ പെനി’ എന്ന ലേഖനത്തിൽ കണ്ട കഥയാണ് ഈ ചിന്താവിഷയത്തിന്റെ ആദ്യഭാഗത്തു കൊടുത്തിരിക്കുന്നത്. ആ കഥയിലെ കോടീശ്വരനെപ്പോലെ, ദൈവത്തിലുള്ള നമ്മുടെ ആശ്രയം ഏറ്റുപറയുവാനുള്ള അവസരങ്ങളൊന്നും നമുക്കു നഷ്ടമാക്കാതിരിക്കാം. അങ്ങനെ ചെയ്താൽ, ദൈവത്തിന്റെ അനന്തപരിപാലനയുടെ തണലിൽ നമ്മുടെ ജീവിതം ഭദ്രമായി മുന്നോട്ടു പൊയ്ക്കൊള്ളും.
    
To send your comments, please clickhere