Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
November 17, 2017
 
 
    
 
Print this page
 

കുറുക്കുവഴികളും നേരായ വഴികളും

ഒരു ഇസ്രേലി യുവാവിന്റെ കഥ: പഠനം കഴിഞ്ഞ് ആർമിയിൽ ചേർന്ന ഈ ചെറുപ്പക്കാരൻ പരിശീലനം കഴിഞ്ഞപ്പോൾ സിറിയൻ–ഇസ്രേലി അതിർത്തിയിലെ ഒരു ടാങ്ക് ഡിവിഷനിലേക്കാണ് അയയ്ക്കപ്പെട്ടത്. അവിടെയെത്തി ഡ്യൂട്ടി ആരംഭിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ അയാൾ കമാൻഡിംഗ് ഓഫീസറെ സമീപിച്ചു വാരാന്തത്തിൽ രണ്ടുദിവസത്തെ അവധിക്ക് അപേക്ഷിച്ചു.

‘‘രണ്ടു ദിവസത്തെ അവധിയോ?’’ ഓഫീസർ ചോദിച്ചു. ‘‘നീ ഇവിടെ എത്തിയിട്ട് ഒരാഴ്ചയല്ലേ ആയുള്ളൂ?’’

‘‘ഞാനിവിടെ എത്തിയിട്ട് ഒരാഴ്ച മാത്രമേ ആയിട്ടുള്ളു’’ യുവാവു പറഞ്ഞു. ‘‘എങ്കിലും എനിക്കു രണ്ടു ദിവസത്തെ അവധി തരണം.’’

‘‘ശരി, ഞാൻ അവധി തരാം,’’ ഓഫീസർ പറഞ്ഞു. ‘‘പക്ഷേ, ഒരു നിബന്ധനയുണ്ട്.’’

‘‘എന്താണത്?’’ യുവാവ് ആകാംക്ഷാപൂർവം ചോദിച്ചു.

‘‘ഒരു സിറിയൻ ടാങ്ക് നീ കീഴടക്കിക്കൊണ്ടുവരണം,’’ ഓഫീസർ ചിരിച്ചുകൊണ്ടു പറഞ്ഞു.

‘‘അതു നിസാരമായ കാര്യം!’’ യുവാവ് ആത്മവിശ്വാസത്തോടെ ഉറപ്പുകൊടുത്തു.

അന്നു വൈകുന്നേരമായപ്പോൾ വെള്ളക്കൊടി കുത്തിയ ഒരു സിറിയൻ ടാങ്ക് ഇസ്രേലി ടാങ്ക് ഡിവിഷന്റെ കോ മ്പൗണ്ടിലേക്കു കടന്നുവന്നു. അതിൽ നിന്നു പുറത്തിറങ്ങി വന്നതു കഥാനായകനായ യുവാവ്!

സിറിയൻ ടാങ്ക് കണ്ട കമാൻഡിംഗ് ഓഫീസർ വേഗം ഓഫീസിനു പുറത്തിറങ്ങി വന്നു യുവ സൈനികനെ അഭിനന്ദിച്ചുകൊണ്ടു പറഞ്ഞു:

‘‘അവധി അനുവദിച്ചിരിക്കുന്നു. പക്ഷേ, എങ്ങനെയാണ് ഈ ടാങ്ക് കീഴടക്കിയതെന്നു പറയൂ.’’

‘‘കാര്യം വളരെ നിസാരമായിരുന്നു,’’ യുവാവു പറഞ്ഞു. ‘‘രാവിലെ ഒരു ടാങ്കും ഓടിച്ച് ഞാൻ അതിർത്തിയിലേക്കു പോയി. അവിടെവച്ച് സിറിയൻ ടാങ്കിനു മുകളിലിരുന്ന ഒരു പട്ടാളക്കാരനെ കണ്ടു. ആഴ്ചയുടെ അവസാനം രണ്ടു ദിവസം അവധി വേണമോ എന്ന് അയാളോടു ഞാൻ ചോദിച്ചു.

‘‘തീർച്ചയായും, എന്ന് ആവേശഭരിതനായി അയാൾ മറുപടി പറഞ്ഞു. പി ന്നെ, ഞങ്ങളുടെ ടാങ്കുകൾ വച്ചുമാറാൻ അധികസമയം വേണ്ടിവന്നില്ല!’’

എങ്ങനെയുണ്ട് ഈ കഥയിലെ നായകനായ പട്ടാളക്കാരൻ? അയാളുടെ വിരുത് അസാമാന്യം എന്നു സമ്മതിക്കണം, അല്ലേ?

നമ്മിൽ അധികംപേരും ഈ യുവാവിനെപ്പോലെ കൗശലക്കാരായിരിക്കുകയില്ല. എങ്കിലും പലപ്പോഴും ഓരോരോ കാര്യം നേടിയെടുക്കുന്നതിനുവേണ്ടി നാമും കൗശലം കാണിച്ചെന്നിരിക്കും.

എന്നാൽ, കൗശലം കാണിക്കുന്നതിൽ നാം പ്രകടിപ്പിക്കുന്ന വിരുത് നമ്മുടെ ബുദ്ധിശക്‌തി ശരിയായ രീതിയിൽ വിനിയോഗിക്കുന്നതിൽ നാം പ്രകടിപ്പിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു!

ബുദ്ധിശക്‌തിയും മറ്റുള്ള കഴിവുകളും ഇല്ലാത്തതുകൊണ്ടല്ല പലപ്പോഴും നാം ജീവിതത്തിൽ വിജയിക്കാതെ പോവുന്നത്. കഴിവുകൾ നമുക്കെല്ലാവർക്കുംത ന്നെ ധാരാളമുണ്ട്. പക്ഷേ, അവ വളർ ത്താനോ ശരിയായ രീതിയിൽ വിനിയോഗിക്കാനോ നാം തയാറല്ലെന്നു മാത്രം.

ഏറ്റവും എളുപ്പത്തിൽ എങ്ങനെ കാര്യം നേടാൻ സാധിക്കും എന്നല്ലേ എപ്പോഴും നമ്മുടെ ചിന്ത? അതുപോലെതന്നെ, ജീവിത വിജയത്തിനായി അധ്വാനിക്കുവാനോ ബുദ്ധിമുട്ടാനോ എപ്പോഴും നമുക്കു സന്നദ്ധതയുണ്ടോ?

കുറുക്കുവഴികളിലൂടെ ധനവും സ്‌ഥാ നമാനങ്ങളുമൊക്കെ നേടിയെടുക്കുന്നവരെ സമൂഹത്തിൽ നാം കണ്ടെന്നിരി ക്കും. പക്ഷേ, അങ്ങനെ നമുക്കും സാധി ക്കും എന്നു പ്രതീക്ഷിക്കരുത്. ഒരുപ ക്ഷേ, സ്വന്തം ആത്മാവിനെപ്പോലും വിറ്റിട്ടായിരിക്കും അവർ ‘വൻ വിജയങ്ങൾ’ നേടിയെടുത്തിരിക്കുന്നത്. അപ്പോൾ, അവരെ അനുകരിക്കുന്നതുവഴി ആത്യന്തികമായി നമുക്കു നഷ്ടമേ ഉണ്ടാവൂ എന്നതു വ്യക്‌തമല്ലേ?

നാം മിടുക്കരാണെങ്കിൽ ശരിയായ വഴിയിലൂടെ മിടുക്കു തെളിയിക്കാം. പക്ഷേ, നമ്മുടെ മിടുക്കു തെളിയിക്കുന്നതിനു ശരിയായ ലക്ഷ്യബോധവും കഠിനാധ്വാനവും അർപ്പണ സന്നദ്ധതയുമൊക്കെ വേണമെന്ന കാര്യം മറന്നുപോകേണ്ട.

വളഞ്ഞ വഴികളിലൂടെ മിടുക്കു തെളിയിക്കുന്നതിനു നമുക്ക് ഏറെ പ്രലോഭനം ഉണ്ടായെന്നിരിക്കും. ഒരുപക്ഷേ, കൗശലംകാണിക്കുന്നതിൽ മിടുക്കുള്ളവർ ഇക്കാര്യത്തിൽ നമ്മെ തോൽപ്പിച്ചെന്നുമിരിക്കും. പക്ഷേ, അവർ കാണിച്ചുതരുന്ന വഴി ശരിയായ വഴിയല്ലെന്നത് എപ്പോഴും നമ്മുടെ ഓർമയിലുണ്ടാവട്ടെ.

നമ്മിൽ ഏറെപ്പേരും സ്വയം കരുതുന്നതിലും ഏറെ മിടുക്കരാണെന്നതാണു യാഥാർഥ്യം. നമുക്കുണ്ടെന്നു നാം കരുതുന്നതിലേറെ കഴിവുകൾ യഥാർഥത്തിൽ നമുക്കുണ്ടാവും. നമ്മുടെ പല കഴിവുകളും പുറത്തുവരാതെ ഉറങ്ങിക്കിടക്കുകയാവും.

കുറുക്കുവഴികൾ കണ്ടെത്തുന്നതിൽ നാം പ്രകടിപ്പിക്കുന്ന വിരുതും താത്പര്യവും നമ്മിൽ ഉറങ്ങിക്കിടക്കുന്ന കഴിവുകളെ വളർത്തുന്നതിലും വികസിപ്പിക്കുന്നതിലും ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു! കൗശലങ്ങൾക്കു പകരം യഥാർഥ കഴിവുകൾ ഉപയോഗിച്ചാണു നാം വിജയങ്ങൾ നേടുന്നതെങ്കിൽ ആ വിജയങ്ങളുടെ മഹിമ ഒന്നുവേറെ തന്നെയല്ലേ? അപ്പോൾ അവയെക്കുറിച്ച് എപ്പോഴും നമുക്ക് അഭിമാനിക്കാം.

ജീവിതത്തിൽ വിജയം നേടുന്നതിനു സഹായിക്കുന്ന എത്രയോ കഴിവുകൾ ദൈവം നമുക്കു തന്നിരിക്കുന്നു. അപ്പോൾ നാം എന്തിനു കൗശലക്കാരായി കുറുക്കുവഴികൾ തെരഞ്ഞെടുക്കണം? നമുക്കു നമ്മുടെ സാമർഥ്യം ശരിയായ വഴികളിലൂടെത്തന്നെ തെളിയിക്കാം. അതിനാണു യഥാർഥ മഹിമ.

 


 
    
 
To send your comments, please click here
 
 
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.