പ്രധാനമായും ഏഴു തരത്തിലാണ് സൈബർ മേഖലയിൽ കുട്ടികൾക്കെതിരായ ദുരുപയോഗവും ചൂഷണവും നടക്കുന്നത്. പ്രതിദിനം ഏഴു കുട്ടികൾക്കെങ്കിലും അശ്ലീല സന്ദേശങ്ങൾ മൊബൈലിലൂടെ ലഭിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 43 ശതമാനം കുട്ടികളും സോഷ്യൽ നെറ്റ് വർക്കിംഗിന്റെ ഇരകളാണ്.
* സൈബർ ബുള്ളിയിംഗ്:
ഇന്റർനെറ്റ് ഉപയോഗിച്ചുള്ള ഭീഷണി, അപകീർത്തിപ്പെടുത്തൽ, വൈകാരിക ചൂഷണം തുടങ്ങിയവ. 52 ശതമാനം കുട്ടികൾ ഇത്തരത്തിൽ ചൂഷണം ചെയ്യപ്പെടുന്നുണ്ട്.
* ലൈംഗിക അധിക്ഷേവും ചൂഷണവും:
ലൈംഗികതയ്ക്കു പ്രേരിപ്പിക്കുന്ന ചിത്രങ്ങളും മറ്റും കുട്ടികൾക്ക് അയയ്ക്കുക. ലൈംഗികമായി ശല്യപ്പെടുത്തുക, കുട്ടികളുടെ നഗ്നതയടങ്ങിയ ഫോട്ടോ, വീഡിയോ എന്നിവ നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക, നഗ്ന ദൃശ്യങ്ങൾ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തുക, നഗ്നത പ്രചരിപ്പിച്ച് പക തീർക്കുക തുടങ്ങിയവ.
* ലൈവ് സ്ട്രീമിംഗ് ആൻഡ് സെക്സ്റ്റിംഗ്:
കുട്ടികളുടെ നഗ്ന വിഡിയോ ലൈവായി കാണിക്കുക. കുട്ടിയെ പ്രലോഭിപ്പിച്ചോ പ്രേരിപ്പിച്ചോ സ്വന്തം നഗ്നചിത്രം അയപ്പിക്കുക, ലൈംഗിക ചാറ്റുകൾ.
* സൈബർ തീവ്രവാദം:
തീവ്രവാദ ആശയങ്ങളുടെ പ്രചാരണം, ഇത്തരം സംഘടനകളിലേക്ക് ആകർഷിക്കൽ, റിക്രൂട്ട്മെന്റ്.
* തട്ടിപ്പുകൾ:
വ്യാജ ഐഡി ഉപയോഗിച്ച് ആൾമാറാട്ടം നടത്തി കബളിപ്പിക്കൽ, സാന്പത്തിക കുറ്റകൃത്യങ്ങൾ, ഹാക്കിംഗ്, പാസ്വേഡ് അടക്കമുള്ള വ്യക്തിപരമായ വിവരങ്ങൾ കൈക്കലാക്കുക തുടങ്ങിയവ.
* ദുഃശീലങ്ങളിലേക്കും കുറ്റകൃത്യങ്ങളിലേക്കും ആകർഷിക്കുക :
മദ്യപാനം, ലഹരി മരുന്നുപയോഗം തുടങ്ങിയവയിലേക്ക് കുട്ടികളെ എത്തിക്കുക, നഗ്നത സ്വയം ചിത്രീകരിച്ച് അയയ്ക്കാൻ പ്രേരിപ്പിക്കുക, ചൂതാട്ടം, പകർപ്പവകാശ ലംഘനം.
* ഗ്രൂമിംഗ് :
കുട്ടികളെ സ്വാധീനിച്ച് നിയമ വിരുദ്ധ കാര്യങ്ങൾക്കായി ഉപയോഗിക്കുക.
കുട്ടികൾ ഇരയാകുന്നത് തടയാൻ
ഇന്റർനെറ്റ് പൊതു ഇടമാണെന്ന് തിരിച്ചറിയുക. സോഷ്യൽ മീഡിയയിലടക്കം ഇന്റർനെറ്റിൽ പോസ്റ്റു ചെയ്യുന്ന വിവരങ്ങളും ചിത്രങ്ങളും എല്ലാ ഇന്റർനെറ്റ് ഉപയോക്താക്കൾക്കും ലഭ്യമാണെന്നത് മറക്കാതിരിക്കുക. സൈബർ വലക്കുരുക്കിൽ കുട്ടികൾ ഉൾപ്പെടാതിരിക്കാൻ വിവിധ തലങ്ങളിലുള്ള ശ്രദ്ധയും മുൻ കരുതലും ആവശ്യമാണ്.
കുട്ടികളെ, ഇതു ശ്രദ്ധിക്കാം
* സൈബർ രംഗത്തെ ചതിക്കുഴികളെക്കുറിച്ച് അവബോധം നേടുക.
* നിശ്ചിത സമയത്തിൽ കൂടുതൽ കംപ്യൂട്ടർ ഉപയോഗിക്കാതിരിക്കുക. കൂടുതലായി കംപ്യൂട്ടർ ഉപയോഗിക്കണമെങ്കിൽ അതിന്റെ കാരണങ്ങൾ രക്ഷിതാക്കളോട് പറയുക.
* അബദ്ധത്തിൽ ഏതെങ്കിലും പ്രശ്നത്തിൽ അകപ്പെട്ടാൽ ഉടൻ മാതാപിതാക്കളെ അറിയിക്കുക.
* അക്രമം, ലൈംഗിക രംഗങ്ങൾ എന്നിവ വിഷയമായ വെബ് സൈറ്റുകൾ തുറക്കാനിടയായാൽ പെട്ടെന്ന് അവ ക്ലോസ് ചെയ്ത് മാതാപിതാക്കളെ വിവരമറിയിക്കുക.
* വിവിധ ആവശ്യങ്ങൾക്കായി ഒരേ പാസ്വേഡുകൾ ഉപയോഗിക്കരുത്. യുകെയിൽ ഓക്സ്ഫാം നടത്തിയ പഠനമനുസരിച്ച് 55 ശതമാനം പേരും ഒരു പാസ്വേഡാണ് വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്. 25 ശതമാനം പേരുടെയും പാസ്വേഡ് പേര്, ജനനതീയതി എന്നിവയുമായി ബന്ധപ്പെട്ടതാണ്. ഇത് ഹാക്കർമാർക്ക് കാര്യങ്ങൾ എളുപ്പമാക്കും.
* ഒരു കാരണവശാലും പേര്, പ്രായം, ജനനത്തീയതി, ഫോട്ടോ, വീഡിയേ, മേൽവിലാസം, ഇ-മെയിൽ വിലാസം, മറ്റു വ്യക്തിപരമായ വിവരങ്ങൾ എന്നിവ ഇന്റർനെറ്റിൽ വരാതെ ശ്രദ്ധിക്കുക. അപരിചിതരോട് ഇവ പങ്കുവയ്ക്കരുത്.
* അപരിചിതരുടെ ഫ്രണ്ട്ഷിപ്പ് റിക്വസ്റ്റുകൾ സ്വീകരിക്കാതിരിക്കുക. പരിചയമില്ലാത്തവർക്ക് വീടിന്റെ വാതിൽ തുറന്നുകൊടുക്കുന്നതുപോലെയാണിത്.
* അപരിചിതമായ വിലാസത്തിൽ നിന്നുവരുന്ന മെയിലുകൾ തുറക്കരുത്. അപരിചിതരോട് ചാറ്റു ചെയ്യുകയുമരുത്.
* പൊതു വൈഫൈ കണക്ഷൻ ഉപയോഗിക്കാതിരിക്കുക.
* അനാവശ്യ ലിങ്കുകളിൽ (നിങ്ങൾ ഭാവിയിൽ ആരായിത്തീരും തുടങ്ങിയവ) കൗതുകത്തിനുവേണ്ടി ക്ലിക്കു ചെയ്യാതിരിക്കുക. ഇവ വഴി നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ ചോർത്താനാകും.
* സൗജന്യ ഓഫറുകളടക്കം വാഗ്ദാനം ചെയ്യുന്ന പോപ്പ് അപ്പ് മെസേജുകളെ അവഗണിക്കുക.
* സർവേ, ഇവാലുവേഷൻ എന്നിങ്ങനെ നെറ്റിൽ കാണുന്ന ഫോമുകളിൽ വ്യക്തിപരമായ വിവരങ്ങൾ നൽകാതിരിക്കുക.
മാതാപിതാക്കൾ അറിയാൻ
* കുട്ടികളോടു തുറന്നു സംസാരിക്കുക. സാങ്കേതിക വിദ്യയിലും ഉപകരണങ്ങളിലുമുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് മനസിലാക്കുക.
* കുട്ടികൾ കംപ്യൂട്ടർ ഉപയോഗിക്കുന്ന സമയം, സന്ദർശിക്കുന്ന വെബ് സൈറ്റുകൾ, നടത്തുന്ന സെർച്ചുകൾ എന്നിവയെക്കുറിച്ച് രക്ഷിതാക്കൾക്ക് ബോധ്യമുണ്ടാകണം.
* കംപ്യൂട്ടറിൽ ആന്റി വൈറസ് സോഫ്ട്വെയർ ഉണ്ടെന്ന് ഉറപ്പാക്കുക. അശ്ലീല സൈറ്റുകളെ തടയാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുക.
* അനാവശ്യമായ അതിരുകൾ അടിച്ചേൽപ്പിക്കാതിരിക്കുക.
* ഏതെങ്കിലും വിധത്തിൽ കുട്ടി സൈബർ ചൂഷണത്തിനിരയായാൽ കുറ്റപ്പെടുത്തി മനോധൈര്യം തകർക്കാതിരിക്കുക. ഇത്തരം കുട്ടികളെ ഒറ്റപ്പെടുത്തുകയും ചെയ്യരുത്.
അധ്യാപകർക്കു വേണ്ടി
* കുട്ടികളുമായി അടുത്ത ബന്ധം പുലർത്തുക. പെട്ടെന്ന് പഠനത്തിൽ പിന്നോട്ടാകുന്നതുപോലെ കുട്ടിയിലുണ്ടാകുന്ന മാറ്റം ശ്രദ്ധിച്ച് ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യുക.
*സ്കൂളിൽ കൂടുതൽ സമയം ഏതെങ്കിലും വിദ്യാർഥി കംപ്യൂട്ടർ ഉപയോഗിക്കുന്നുണ്ടെങ്കിൽ പ്രത്യേക ശ്രദ്ധ പുലർത്തുക.
* സാങ്കേതിക കാര്യങ്ങളെക്കുറിച്ച് അവബോധം വളർത്തുക.
* അശ്ലീല സൈറ്റുകള തടയുന്ന സംവിധാനങ്ങൾ സ്കൂളിൽ ഉറപ്പാക്കുക.
* കുട്ടികളുടെ കംപ്യൂട്ടർ, ഇന്റർനെറ്റ് ഉപയോഗത്തിന്റെ വിശദാംശങ്ങൾ മനസിലാക്കുക.
* സാങ്കേതിക കാര്യങ്ങളെക്കുറിച്ച് അവബോധം വളർത്തുക.
* അശ്ലീല സെറ്റുകളെ തടയുന്ന സംവിധാനങ്ങൾ സ്കൂളിൽ ഉറപ്പാക്കുക.
* കുട്ടികളുടെ കംപ്യൂട്ടർ, ഇന്റർനെറ്റ് ഉപയോഗത്തിന്റെ വിശദാംശങ്ങൾ മനസിലാക്കുക.
സർക്കാരിനുമുണ്ട് ഉത്തരവാദിത്വം
* കുട്ടികൾ, അധ്യാപകർ, പോലീസ് തുടങ്ങിയവർക്കായി ബോധവത്കരണം
* സമഗ്രമായ നിയമങ്ങളുടെയും നയങ്ങളുടെയും രൂപീകരണം
* വിവിധ വകുപ്പുകളുടെയും പദ്ധതികളുടെയും ഫലപ്രദമായ ഏകോപനം
* സൈബർ ചൂഷണങ്ങളുടെ ഇരകൾക്കായി പ്രത്യേക കൗണ്സലിംഗ് - പുനരധിവാസ കേന്ദ്രങ്ങൾ ആരംഭിക്കൽ.
ഐടി മേഖല
കുട്ടികൾക്കെതിരെയുള്ള ചൂഷണം തടയാൻ ഗവണ്മെന്റിനെ സഹായിക്കുക.
* ബോധവത്കരണം വ്യാപകമാക്കുക.
മാധ്യമങ്ങൾ :
വിഷയത്തിന്റെ വിവിധ വശങ്ങൾ പൊതുശ്രദ്ധയിൽ എത്തിക്കുക.
* ക്യംപയിനുകളിലൂടെയും മറ്റുമുള്ള ബോധവത്കരണം.
(നാളെ- സൈബർ കുറ്റകൃത്യങ്ങൾ തടയാം).
സീമ മോഹൻലാൽ