മംഗളാദേവിയില്‍ ചിത്രാപൗര്‍ണമി
മംഗളാദേവിയില്‍ ചിത്രാപൗര്‍ണമി
നൂ​റ്റാ​ണ്ടു​ക​ളു​ടെ ച​രി​ത്ര​മു​റ​ങ്ങു​ന്ന മം​ഗ​ളാ​ദേ​വി ക്ഷേ​ത്ര​ത്തി​ലെ ഈ വർഷത്തെ ചി​ത്രാ പൗ​ർ​ണ​മി ഉ​ത്സ​വം 30ന്.​ ഓ​രോ വ​ർ​ഷ​വും ഉ​ത്സ​വ​ത്തി​നു മാ​ത്ര​മാ​യി ന​ട​ തു​റ​ക്കു​ന്ന​ ഇ​വി​ടെ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന​ട​ക്കം പ​തി​നാ​യി​ര​ങ്ങ​ളാ​ണ് എ​ത്തു​ന്ന​ത്.

സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്നു 4,386 അ​ടി ഉ​യ​ര​ത്തി​ലു​ള്ള പെ​രി​യാ​ർ വ​ന്യജീ​വി സങ്കേ​ത​ത്തി​നു​ള്ളി​ൽ സ്ഥി​തിചെ​യ്യു​ന്ന ഈ ​ക്ഷേ​ത്ര​ത്തി​ന് ആ​യി​രം വ​ർ​ഷ​ത്തി​നു മു​ക​ളി​ൽ പ​ഴ​ക്ക​മു​ണ്ടെന്നാണു കരുതുന്നത്. ക​ല്ലു​ക​ൾ​ കൊ​ണ്ടാ​ണ് ക്ഷേ​ത്രം പ​ണി തീ​ർ​ത്തി​രി​ക്കു​ന്ന​ത്.​ക്ഷേത്ര​ത്തി​ന്‍റെ പ​ഴ​മ​യും ആ​ചാ​ര​വും അ​നു​ഷ്ഠാ​ന​ങ്ങ​ളു​മെ​ല്ലാം ഓ​രോ വ​ർ​ഷ​വും ഉ​ത്സ​വ ദി​ന​ത്തി​ൽ​മാ​ത്രം ഭ​ക്ത​രി​ലേ​ക്കെ​ത്തു​ന്നു എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. അ​ന്താ​രാ​ഷ്‌ട്രപ്ര​സി​ദ്ധി നേ​ടി​യ തേ​ക്ക​ടി​യു​ടെ ക​വാ​ട​മാ​യ കു​മ​ളി​യി​ൽ നി​ന്നു 14 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് ക​ണ്ണ​കി ക്ഷേ​ത്രം സ്ഥി​തിചെ​യ്യു​ന്ന​ത്.
വൈ​ൽ​ഡ് ലൈ​ഫ് പ്രൊ​ട്ട​ക്ഷ​ൻ ആ​ക്ട് നി​ല​നി​ൽ​ക്കു​ന്ന പ്ര​ദേ​ശ​മാ​യ​തി​നാ​ൽ ഉ​ത്സ​വ ദി​വ​സം ക​ടു​ത്ത സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ക്ഷേ​ത്ര​ത്തി​ൽ എ​ത്തു​ന്ന ഭ​ക്ത​ർ​ക്കാ​യി ഒ​രു​ക്കാ​നാ​ണ് ഇടുക്കി ജി​ല്ലാ ഭ​ര​ണ​കൂ​ടത്തിന്‍റെ തീ​രു​മാ​നം. ഭ​ക്ത​രു​ടെ സു​ര​ക്ഷ​യും വ​ന​ത്തി​ന്‍റെ​യും ക്ഷേ​ത്ര​ത്തി​ന്‍റെ​യും സം​ര​ക്ഷ​ണ​വും മു​ൻ​നി​ർ​ത്തി​യു​ള്ള മു​ൻ​ക​രു​ത​ലു​ക​ൾ സ​ജ്ജ​മാ​ക്കു​ന്ന​തി​ന് ജി​ല്ലാ ക​ള​ക്ട​ർ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക് നി​ർ​ദേശം ന​ൽ​കി​യി​ട്ടു​ണ്ട്.

ഉ​ത്സ​വ ദി​വ​സം കു​ടി​വെ​ള്ളം,അ​ടി​യ​ന്ത​ര വൈ​ദ്യസ​ഹാ​യം, ആ​ംബു​ല​ൻ​സ് സൗ​ക​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യും സ​ജ്ജ​മാ​ക്കും. ഭ​ക്ത​ർ​ക്ക് യാ​തൊ​രു​വി​ധ ബു​ദ്ധി​മു​ട്ടു​ക​ളു​മി​ല്ലാ​തെ ക്ഷേ​ത്ര​ദ​ർ​ശ​നം ന​ട​ത്താ​നാ​വ​ശ്യ​മാ​യ ഒ​രു​ക്ക​ങ്ങ​ൾ അ​തി​വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ തീ​രു​മാ​നം. ചൈ​ത്ര​മാ​സ​ത്തി​ലെ പൗ​ർ​ണ​മി നാ​ളി​ലെ ഉ​ത്സ​വം കേ​ര​ള​വും ത​മി​ഴ്നാ​ടും സം​യു​ക്ത​മാ​യാ​ണു സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. തേ​നി, ഇ​ടു​ക്കി ജി​ല്ലാ ക​ല​ക്ട​ർ​മാ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ചി​ത്രാ ​പൗ​ർ​ണ​മി ഉ​ത്സ​വം ന​ട​ക്കു​ന്ന​ത്.

ഉ​ത്സ​വ​ദി​ന​ത്തി​ൽ രാ​വി​ലെ നാ​ലി​ന് ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും പൂ​ജാ​രി​മാ​ർ ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശി​ക്കും. ഭ​ക്ത​ർ​ക്ക് രാ​വി​ലെ ആ​റു​മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നു വ​രെ ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശി​ക്കാം. കേ​ര​ള​ത്തി​ൽ​നി​ന്നും ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​മു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സു​ര​ക്ഷ​യ്ക്കാ​യി വി​ന്യ​സി​ക്കും.

19-ാം നൂ​റ്റാ​ണ്ടി​ന്‍റെ തു​ട​ക്ക​ത്തി​ൽ തി​രു​വി​താം​കൂ​റി​ന്‍റെ അ​ധീ​ന​ത​യി​ലാ​യി​രു​ന്ന മം​ഗ​ളാ​ദേ​വി​മ​ല​യു​ടെ​യും ക്ഷേ​ത്ര​ത്തി​ന്‍റെ​യും മേ​ൽ ആ​ദ്യം അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ചത് മ​ദ്രാ​സ് പ്ര​സി​ഡ​ൻ​സി​യാ​യി​രു​ന്നു. ത​ർ​ക്കം തീ​ർ​ക്കാ​ൻ 1817-ൽ ​ത​ട​ത്തി​യ സ​ർ​വേ​യി​ൽ മം​ഗ​ളാ​ദേ​വി പൂ​ർ​ണ​മാ​യും തി​രു​വി​താം​കൂ​റി​ന് അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്നു തെ​ളി​ഞ്ഞു. പി​ന്നീ​ട് 1854ൽ ​ന​ട​ത്തി​യ ദി ​ഗ്രേ​റ്റ് ട്രി​ഗോ​ണ​മി​ക്ക​ൽ സ​ർ​വേ​യും ഇ​തു സ്ഥി​രീ​ക​രി​ച്ചു. സ്വാ​ത​ന്ത്ര്യാ​ന​ന്ത​രം 1979-ൽ ​വീ​ണ്ടും ത​ർ​ക്ക​മു​യ​ർ​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ സ​ർ​വേ പ്ര​കാ​രം ക്ഷേ​ത്ര​വും ഇ​തോ​ടു ചേ​ർ​ന്നു​ള്ള 62 സെ​ന്‍റ് സ്ഥ​ല​വും പൂ​ർ​ണ​മാ​യും കേ​ര​ള​ത്തി​നു മാ​ത്രം അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്നു ക​ണ്ടെ​ത്തി. 1983ൽ ​പു​ന​ഃപ്ര​തി​ഷ്ഠ ന​ട​ത്തി​യ ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നും ഉ​ത്സ​വ ന​ട​ത്തി​പ്പി​നും വ​നം വ​കു​പ്പ് ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത് 1985 മു​ത​ലാ​ണ്. പി​ന്നീ​ട് അ​ധി​കാ​ര​ത്തി​ൽ വ​ന്ന ത​മി​ഴ്നാ​ട് സ​ർ​ക്കാ​രു​ക​ൾ പ​ല​വ​ട്ടം അ​വ​കാ​ശ​വാ​ദ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. അ​തി​ർ​ത്തി ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഇ​രു സം​സ്ഥാ​ന​ങ്ങ​ളും സം​യു​ക്ത​മാ​യാ​ണ് ഉ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന​ത്.

ചേ​ര​രാ​ജാ​വാ​യ ചേ​ര​ൻ ചെ​ങ്കു​ട്ട​വ​നാ​ണു ക്ഷേ​ത്രം നി​ർ​മി​ച്ച​തെ​ന്നാ​ണു ചി​ല​പ്പ​തി​കാ​ര​ത്തി​ൽ പ​രാ​മ​ർ​ശി​ച്ചി​രി​ക്കു​ന്ന​ത്. ഏ​റെ​ക്കു​റെ ത​ക​ർ​ന്നു കി​ട​ന്നി​രു​ന്ന ഈ ​ക്ഷേ​ത്രം നി​ർ​മി​ച്ച​ത് പൂ​ർ​ണ​മാ​യും ക​രി​ങ്ക​ല്ലി​ലാ​ണ്.

മ​ണ്ഡ​പം, തി​ട​പ്പ​ള്ളി, ബ​ലി​ക്ക​ൽ​പു​ര, ഗ​ർ​ഭ​ഗൃ​ഹം, ശ്രീ​കോ​വി​ൽ എ​ന്നി​വ​യെ​ല്ലാം നി​ർ​മി​ച്ചി​രി​ക്കു​ന്ന​തു ക്ഷേ​ത്രവി​ധി​പ്ര​കാ​ര​മാ​ണ്. ശ്രീ​കോ​വി​ൽ ര​ണ്ടു ത​ട്ടു​ക​ളി​ലാ​ണ്. ത​ക​ർ​ന്നു വീ​ണ​തും അ​വ​ശേ​ഷി​ക്കു​ന്ന​തു​മാ​യ മ​തി​ലി​ലും ക്ഷേ​ത്ര​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ലും പ്രാ​ചീ​ന ത​മി​ഴ് ലി​പി​യി​ൽ കൊ​ത്തി​യ ലി​ഖി​ത​ങ്ങ​ളും രേ​ഖാചി​ത്ര​ങ്ങ​ളും വ്യാ​ളീ​രൂ​പ​ങ്ങ​ളും ഇ​പ്പോ​ഴും അവശേ​ഷി​ക്കു​ന്നു​ണ്ട്. ത​ക​ർ​ന്ന ചു​റ്റു​മ​തി​ലിനു​ള്ളി​ൽ നാ​ലു മ​ണ്ഡ​പ​ങ്ങ​ളു​ണ്ട്. ഇ​വ മാ​ത്ര​മാ​ണ് ആ​രാ​ധന സ്ഥ​ല​ങ്ങ​ളെ​ന്നാ​ണ് ബ്രി​ട്ടീ​ഷ് രേ​ഖ​ക​ളി​ൽ പ​രാ​മ​ർ​ശി​ക്കു​ന്ന​ത്.

ര​ണ്ടു ത​ട്ടു​ക​ളി​ലാ​യി നി​ർ​മി​ച്ചി​രി​ക്കു​ന്ന ശ്രീ​കോ​വി​ലി​ന​ടു​ത്തു നി​ന്ന് വ​ലി​യൊ​രു തു​ര​ങ്ക​ത്തി​ന്‍റെ വാ​താ​യ​ന​വും കാ​ണാ​നാ​കും. ക​ല്ലും മ​ണ്ണും നി​റ​ഞ്ഞ ഈ ​തു​ര​ങ്കം മ​ധു​ര​വ​രെ നീ​ളു​ന്ന​താ​ണ​ന്നു വി​ശ്വ​സി​ക്ക​പ്പെ​ടു​ന്നു. മ​ധു​ര മീ​നാ​ക്ഷി ക്ഷേ​ത്ര​ത്തി​ലേ​ക്ക് മം​ഗ​ളാ​ദേ​വി​യി​ൽ നി​ന്ന് ഒ​രു തു​ര​ങ്കം നി​ർ​മി​ച്ചി​ട്ടു​ണ്ടെ​ന്നും ക​രു​ത​പ്പെ​ടു​ന്നു. തു​ര​ങ്ക​ത്തി​ന്‍റെ ത​ക​ർ​ന്ന ക​വാ​ട​വും വ​റ്റാ​ത്ത ര​ണ്ടു കു​ള​ങ്ങ​ളും ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തു​ണ്ട്. ശ്രീ​കോ​വി​ലു​ക​ളെ​ല്ലാം ത​മി​ഴ്നാ​ട്ടി​ലേ​ക്കു തു​റ​ന്നി​രി​ക്കു​ന്ന​തും ച​രി​ത്ര​ത്തി​ന് അ​പ്പു​റ​ത്തേ​ക്ക് ഭ​ക്ത​രു​ടെ വി​ശ്വാ​സ​ങ്ങ​ളെ ഉൗ​ട്ടി​യു​റ​പ്പി​ക്കു​ന്ന​താ​ണ്. പു​രാ​ത​ന കാ​ല​ത്തെ ഈ ​പ്ര​ദേ​ശം ഗൂ​ഡ​ല്ലൂ​ർ ആ​സ്ഥാ​ന​മാ​ക്കി​യ പൂ​ഞ്ഞാ​ർ രാ​ജാ​വി​ന്‍റെ അ​ധീ​ന​ത​യി​ലാ​യി​രു​ന്നു.



ഇ​ള​ങ്കോ​വ​ടി​ക​ളു​ടെ ചി​ല​പ്പ​തി​കാ​ര​ത്തി​ലെ ക​ണ്ണ​കി​യു​ടെ ക​ഥ​യാ​ണ് ക്ഷേ​ത്ര​ത്തി​ന്‍റെ പി​ന്നി​ലു​ള്ള ഐ​തിഹ്യം. ശ​പ​ഥ​ത്തി​ന്‍റെ​യും ത്യാ​ഗ​ത്തി​ന്‍റെ​യും ക​ഥ​പ​റ​യു​ന്ന​താ​ണ് മം​ഗ​ളാ​ദേ​വി ക്ഷേ​ത്ര​ത്തി​ന്‍റെ ഐ​തിഹ്യം. ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ​റ​ഞ്ഞു പ്ര​ച​രി​പ്പി​ക്ക​പ്പെ​ടു​ന്ന ക​ഥ​യി​താ​ണ്.

എ​ക്കാ​ല​ത്തും കേ​ൾ​വി​കേ​ട്ട മി​ക​ച്ച ഭ​ര​ണം നി​ല​നി​ന്നി​രു​ന്ന രാ​ജ്യ​മാ​യി​രു​ന്നു കാ​വേ​രി പൂം​പ​ട്ട​ണം. രാ​ജ്യ​ത്തെ അ​റി​യ​പ്പെ​ടു​ന്ന രാ​ജാ​വു ക​രിം​കാ​ല ചോ​ള​ന്‍റെ മ​ക​നാ​യി​രു​ന്നു കോ​വി​ല​ൻ. സൗ​ന്ദ​ര്യ​വും കോ​മ​ള​ത്തവും ഒ​ത്തി​ണ​ങ്ങി​യ കോ​വ​ില​ൻ വി​വാ​ഹം ക​ഴി​ച്ച​താ​ക​ട്ടെ കാ​വേ​രി പൂം​പ​ട്ട​ണ​ത്തി​ലെ പ്ര​ശ​സ്ത​നാ​യ വ്യാ​പാ​രി​യു​ടെ മ​ക​ൾ ക​ണ്ണ​കി​യെ​യും. ക​ണ്ണ​കി​യി​ൽ അ​നു​രാ​ഗം തോ​ന്നി​യ കോ​വ​ില​ൻ ക​ണ്ണ​കി​യെ രാ ജ​ക​ല്പ​ന​യെ ധി​ക്ക​രി​ച്ചാ​ണ് ഒ​ടു​വി​ൽ വി​വാ​ഹം ചെ​യ്ത​ത്.
വിവാഹശേഷം ആ സ​ന്തോ​ഷം അ​ധി​ക​കാ​ലം നീ​ണ്ടു​നി​ന്നി​ല്ലാ​യെ​ന്നു മാ​ത്രം. രാ​ജ കൊ​ട്ടാ​ര​ത്തി​ലെ സു​ന്ദ​രി​യും ന​ർ​ത്ത​കി​യു​മാ​യ മാ​ധ​വി​യെ​ന്ന യു​വ​തി​യു​ടെ നൃ​ത്ത​ത്തി​ൽ ആ​കൃ​ഷ്ട​നാ​യ കോ​വ​ില​ൻ അ​വ​ളെ വി​വാ​ഹം ക​ഴി​ച്ചു. കോ​വ​ില​ന്‍റെ സ​ന്പാ​ദ്യ​മെ​ല്ലാം കൈ​ക്ക​ലാ​ക്കി​യ മാ​ധ​വി വൈകാതെ ഇ​യാ​ളെ കൈ​യൊ​ഴി​ഞ്ഞു. പ​ശ്ചാ​ത്താ​പ വി​വ​ശ​നാ​യ കോ​വ​ില​ൻ തെ​റ്റു​ക​ൾ ഏ​റ്റു​പ​റ​ഞ്ഞ് വീ​ണ്ടും ക​ണ്ണ​കി​യു​ടെ പ​ക്ക​ലെ​ത്തി. ഭാ​ര്യാ-ഭ​ർ​തൃ ബ​ന്ധം പ​രി​പാ​വ​ന​മാ​ണെ​ന്ന് വി​ശ്വ​സി​ച്ചിരുന്ന ക​ണ്ണ​കി കോ​വ​ില​നെ നി​റ​ക​ണ്ണു​ക​ളോ​ടെ​യും നി​റ​ഞ്ഞ സ്നേ​ഹ​ത്തോ​ടെ​യും സ്വീ​ക​രി​ച്ചു.

സ​ന്പ​ത്തെ​ല്ലാം ന​ഷ്ട​പ്പെ​ട്ട​തി​നാ​ൽ വ​രും​നാ​ളു​ക​ളി​ലേ​ക്കു ജീ​വി​ത​മാ​ർ​ഗ​ത്തി​നാ​യി ക​ച്ച​വ​ടം തു​ട​ങ്ങാ​ൻ ഇ​രു​വ​രും തീ​രു​മാ​നി​ച്ചു. ഇ​തി​നു പ​ണം ക​ണ്ടെ​ത്താ​ന​യി ക​ണ്ണ​കി​യു​ടെ ഒ​രു ചി​ല​ന്പു​ വി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ചി​ല​ന്പു വി​ൽ​ക്കാ​ൻ കോ​വ​ില​ൻ ന​ഗ​ര​ത്തി​ലേ​ക്കു പോ​യ​ കാ​ല​ത്താ​ണ് പാ​ണ്ഡ്യ​രാ​ജ്ഞി​യു​ടെ ഒ​രു ചി​ല​ന്പു മോ​ഷ​ണം പോ​യ​ത്. രാ​ജ്ഞി​യു​ടെ ചി​ല​ന്പ് മോ​ഷ്ടി​ച്ച​യാ​ൾ എ​ത്തി​യ സ്വർണപ്പണിക്കാരന്‍റെ അ​ടു​ത്താ​യി​രു​ന്നു കോ​വി​ല​നും ചിലന്പ് വിൽക്കാൻ എ​ത്തി​യ​ത്. കോ​വ​ല​നെ കു​ടു​ക്കി യ​ഥാ​ർ​ഥ മോ​ഷ്ടാ​വി​നെ ര​ക്ഷി​ച്ച് ലാ​ഭ​മു​ണ്ടാ​ക്കാ​മെ​ന്നു ക​രു​തി​യ സ്വർണപ്പണിക്കാരൻ കോ​വി​ല​നാ​ണ് രാ​ജ്ഞി​യു​ടെ ചി​ല​ന്പ് മോ​ഷ്ടി​ച്ച​തെ​ന്നും അ​യാ​ൾ അ​ത് വി​ൽ​ക്കാ​ൻ ത​ന്നെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നു​മു​ള്ള വി​വ​രം രാ​ജാ​വി​ന് കൈ​മാ​റി.
കോ​പാ​കു​ല​നാ​യ രാ​ജാ​വ് കോ​വി​ല​നെ വ​ധി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടു.​ഭ​ർ​ത്താ​വി​ന്‍റെ അ​കാ​ല വി​യോ​ഗ​ത്തി​ന്‍റെ വി​വ​ര​മ​റി​ഞ്ഞ് ആ​ദ്യം ക​ര​ഞ്ഞു​ത​ള​ർ​ന്നി​രു​ന്ന ക​ണ്ണ​കി പി​ന്നീ​ടു കോ​പ​ത്താ​ൽ ജ്വ​ലി​ച്ചു. സ​ത്യ​സ​ന്ധ​നും ധ​ർ​മി​ഷ്ഠട​നു​മാ​യ ഭ​ർ​ത്താ​വി​നെ വ​ധി​ച്ച​വ​രോ​ടു പ്ര​തി​കാ​രം ചെ​യ്യു​മെ​ന്ന് ക​ണ്ണ​കി ഉ​ഗ്ര​ശ​പ​ഥ​മെ​ടു​ത്തു. രാ​ജ​കൊ​ട്ടാ​ര​ത്തി​ലെ​ത്തി​യ ക​ണ്ണ​കി ത​ന്‍റെ ഭ​ർ​ത്താ​വ് നി​ര​പ​രാ​ധി​യാ​ണെ​ന്നു രാ​ജാ​വി​നെ ബോ​ധ്യ​പ്പെ​ടു​ത്തി. ക​ണ്ണ​കി​യു​ടെ​യും കോ​വി​ല​ന്‍റെ​യും സ​ത്യ​സ​ന്ധ​ത മ​ന​സി​ലാ​ക്കി​യ രാ​ജാ​വ് ത​നി​ക്കു​പ​റ്റി​യ കൈ​പ്പി​ഴ​വി​ൽ മ​നം​നൊ​ന്തു ഹൃ​ദ​യം​പൊ​ട്ടി മ​രി​ച്ചു. എ​ന്നാ​ൽ ഇ​തു​കൊ​ണ്ടും കോ​പം ശ​മി​ക്കാ​ത്ത ക​ണ്ണ​കി ഉ​ച്ച​ത്തി​ൽ ശാ​പ​വാ​ക്കു​ക​ളു​രു​വി​ട്ടു​കൊ​ണ്ട് ത​ന്‍റെ ഇ​ട​ത്തേ​മു​ല പ​റി​ച്ചെ​റി​ഞ്ഞു. തു​ട​ർ​ന്നു ന​ഗ​രം മു​ഴു​വ​ൻ അ​ല​ഞ്ഞു​ന​ട​ന്നു. ക​ണ്ണ​കി​യു​ടെ കോ​പാ​ഗ്നി​യി​ൽ മ​ധു​രാ​ന​ഗ​രം മു​ഴു​വ​ൻ ക​ത്തി​ച്ചാ​ന്പ​ലാ​യി.

ജ​ല​പാ​നം പോ​ലു​മി​ല്ലാ​തെ അ​ല​ഞ്ഞു​ന​ട​ന്ന ക​ണ്ണ​കി പ​തി​നാ​റു ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം ചോ​ള​രാ​ജ്യ​ത്തി​ന്‍റെ ത​ല​സ്ഥാ​ന​മാ​യി​രു​ന്ന നി​ല​വി​ൽ മം​ഗ​ളാ​ദേ​വി ക്ഷേ​ത്രം സ്ഥി​തി​ചെ​യ്യു​ന്ന കു​ന്നി​ന്‍റെ മു​ക​ളി​ലെ​ത്തി. അ​വി​ടെ ഒ​രു വേ​ങ്ങ​മ​ര​ച്ചു​വ​ട്ടി​ൽ ത​ള​ർ​ന്നി​രു​ന്ന ക​ണ്ണ​കി​യു​ടെ ഭ​ർ​തൃ​സ്നേ​ഹ​ത്തി​ലും സ​ത്യ​സ​ന്ധ​ത​യി​ലും സം​പ്രീ​ത​രാ​യ ദേ​വ​ൻ​മാ​ർ അ​വ​ളെ കോ​വി​ല​നോ​ടൊ​പ്പം ര​ഥ​ത്തി​ലെ​ത്തി സ്വ​ർ​ഗ​ത്തി​ലേ​ക്ക് ആ​ന​യി​ച്ചു​വെ​ന്നാ​ണ് ഐ​തിഹ്യം.

സ്വ​ർ​ഗ​യാ​ത്ര​യ്ക്ക് സാ​ക്ഷി​ക​ളാ​യ മ​ല​ങ്കു​റ​വ​ൻ​മാ​രാ​ക​ട്ടെ അ​ക്കാ​ലം​മു​ത​ൽ ക​ണ്ണ​കി​യെ ത​ങ്ങ​ളു​ടെ ദേ​വി​യാ​യി ആ​രാ​ധി​ച്ചു തു​ട​ങ്ങി.​പി​ന്നീ​ട് ചേ​ര​രാ​ജാ​വാ​യ ചേ​ര​ൻ ചെ​ങ്കു​ട്ടു​വ​ൻ ഇ​വി​ടെ ക്ഷേ​ത്രം നി​ർ​മി​ക്കു​ക​യാ​യി​രു​ന്നു. ഹി​മാ​ല​യ​ത്തി​ൽ നി​ന്നും കൊ​ണ്ടു​വ​ന്ന ശി​ല​യി​ൽ ശി​ല്പ ശാ​സ്ത്ര​ത്തി​ന്‍റെ മ​റു​ക​ര​ക​ണ്ട ക​ർ​മ്മ കു​ശ​ല​ൻ​മാ​രാ​ൽ ക​ണ്ണ​കി ബിം​ബം നി​ർ​മ്മി​ച്ച് വി​ശി​ഷ്ട​ങ്ങ​ളാ​യ ആ​ഭ​ര​ണ​ങ്ങ​ൾ മു​ടി​മു​ത​ൽ അ​ടി​യോ​ളം ചാ​ർ​ത്തി. ദി​ഗ്ദേ​വ​ത​ക​ളെ കാ​വ​ൽ നി​ർ​ത്തി, ഹോ​മ​വും ഉ​ത്സ​വ​വും നി​ത്യ​വും ന​ട​ന്നുവ​രു​മാ​റ് ഏ​ർ​പ്പാ​ട് ന​ട​ത്തി​ക്കൊ​ൾ​വിൻ എ​ന്നാ​യി​രു​ന്നു രാ​ജ​സിം​ഹ​മാ​യ ചെ​ങ്കു​ട്ടുവ​ന്‍റെ ക​ല്പ​ന. ഇ​ത് ചി​ല​പ്പ​തി​കാ​ര​ത്തി​ലെ ബിം​ബ പ്ര​തി​ഷ്ഠാ​പ​ന​ത്തി​ലും പ​റ​യു​ന്നു​ണ്ട്. ഇ​തേത്തു​ട​ർ​ന്ന് ഭ​ക്ത​ർ കൂ​ട്ട​ത്തോ​ടെ മം​ഗ​ളാ​ദേ​വി​യി​ലെ​ത്തി താ​ത്കാ​ലി​ക പാ​ർ​പ്പി​ട​ങ്ങ​ളു​ണ്ടാ​ക്കി ത​ങ്ങി​യി​രു​ന്ന​താ​യും ച​രി​ത്ര രേ​ഖ​ക​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു​ണ്ട്.

മു​ൻ​കാ​ല​ങ്ങ​ളി​ൽ പ്ര​വേ​ശ​ന​ത്തി​നു നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ലാ​തി​രു​ന്ന മം​ഗ​ളാ​ദേ​വി ക്ഷേ​ത്ര​ത്തി​ന്‍റെ പേ​രി​ൽ ത​മി​ഴ്നാ​ട് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച​തോ​ടെ​യാ​ണ് പ്ര​വേ​ശ​നം നി​രോ​ധി​ച്ച​ത്. ഇ​പ്പോ​ൾ വ​ർ​ഷം​തോ​റും ചൈ​ത്ര​മാ​സ​ത്തി​ലെ പൗ​ർ​ണ​മി നാ​ളി​ൽ മാ​ത്ര​മാ​ണ് ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വം ന​ട​ത്തു​ന്ന​ത്. ഉ​ത്സ​വം കൂ​ടു​ത​ൽ ദി​വ​സ​ങ്ങ​ളി​ലേ​ക്കു നീ​ട്ട​ണ​മെ​ന്ന​തു പോ​ലു​ള്ള ആ​വ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ ത​ന്നെ ത​മി​ഴ്നാ​ട്ടി​ലെ ക​ണ്ണ​കി ട്ര​സ്റ്റ് ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. എ​ന്നാ​ൽ ക​ടു​വാ സ​ങ്കേ​ത​ത്തി​നു​ള്ളി​ലാ​യ​തി​നാ​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് വ​നം​വ​കു​പ്പ് ഇ​വി​ടേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ത​ക​ർ​ന്ന ക്ഷേ​ത്രം പു​ന​ർ നി​ർ​മി​ക്ക​ണ​മെ​ന്നു​ള്ള നി​ര​ന്ത​ര ആ​വ​ശ്യ​ത്തെ​ത്തു​ട​ർ​ന്ന് 2015-ൽ ​സം​സ്ഥാ​ന അ​റ്റോ​ർ​ണി ജ​ന​റ​ലും പു​രാ​വ​സ്തു ഡ​യ​റ​ക്ട​റും ക്ഷേ​ത്രം സ​ന്ദ​ർ​ശി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ക​ന്പം കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്ണ​കി ട്ര​സ്റ്റ് ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ല. 1984 മു​ത​ൽ പു​രാ​വ​സ്തു വ​കു​പ്പി​ന്‍റെ സം​ര​ക്ഷി​ത സ്മാ​ര​ക​മാ​ണു ക​ണ്ണ​കി ക്ഷേ​ത്രം.

പ്രദീപ് ഗോപി