ബഹിരാകാശത്തെ റിക്കാർഡ് തിളക്കം
ബഹിരാകാശത്തെ റിക്കാർഡ് തിളക്കം
സ്ത്രീ സമത്വത്തിന്‍റെയും സ്ത്രീശാക്തീകരണത്തിന്‍റെയും ഇന്നത്തെ കാലത്തും വനിതകൾ അപൂർവമായി മാത്രം കടന്നുവരുന്ന ഒരു മേഖലയാണ് ബഹിരാകാശ ഗവേഷണം. ഈ മേഖല‍യിൽ നിരവധി റിക്കാർഡുകൾ വാരിക്കൂട്ടിയ വനിതയാണ് പെഗ്ഗി വിറ്റ്സൺ. അമേരിക്കൻ ബഹിരാകാശ ഏജൻസി നാസയിലെ ഗവേഷകയായ പെഗ്ഗിവിറ്റ്സൺ ബഹിരാകാശത്തെ റിക്കാർഡുകളുടെ കൂട്ടുകാരി എന്നാണ് അറിയപ്പെടുന്നത്.

ബഹിരാകാശത്തെത്തിയ ഏറ്റവും പ്രായം കൂടിയ വനിത

ഫെബ്രുവരി ഒന്പതിനാണ് പെഗ്ഗി വിറ്റ്സണിന്‍റെ ജന്മദിനം. ഇത്തവണ അന്താരാഷ്ട്ര ബഹിരാകാശ നിലയിത്തിൽവച്ചായിരുന്നു പെഗ്ഗിയുടെ പിറന്നാൾ ആഘോഷം. സഹപ്രവർത്തകർക്കൊപ്പം തന്‍റെ 57ാം പിറന്നാൾ കേക്കു മുറിച്ചപ്പോൾ പെഗ്ഗി വിറ്റ്സൺ സ്വന്തമാക്കിയത് മറ്റൊരു റിക്കാർഡുകൂടിയാണ്. ബഹിരാകാശത്തെത്തുന്ന ഏറ്റവും പ്രായംകൂടിയ വനിത. അമേരിക്കൻ ബഹിരാകാശ യാത്രികയായ ബാർബറ മോർഗന്‍റെ പേരിലുള്ള റിക്കാർഡാണ് പെഗ്ഗി വിറ്റ്സൺ മറികടന്നത്. പ്രായം കൂടുംതോറും ബഹിരാകാശ യാത്രകൾ കൂടുതൽ സുഖകരമാകുന്നുവെന്ന് പെഗ്ഗി പറയുന്നു.

ശൂന്യാകാശത്ത് നടന്ന ഏറ്റവും പ്രായംകൂടിയ വനിത

ബഹിരാകാശത്തെത്തിയ ഏറ്റവും പ്രായമേറിയ വനിതയാണെങ്കിലും തന്‍റെ ഉത്തരവാദിത്വങ്ങളിലൊന്നും യാതൊരു വിട്ടുവീഴ്ചയ്ക്കും പെഗ്ഗി വിറ്റ്സൺ തയാറല്ല. അന്പത്തേഴാം വയസിലും ഇഷ്ടവിനോദം സ്പേസ് വാക്കിംഗ് ആണ്. ശൂന്യാകാശത്ത് നടന്ന ഏറ്റവും പ്രായംകൂടിയ വനിത പെഗ്ഗി വിറ്റ്സണാണ്.

ശൂന്യാകാശത്ത് ഏറ്റവും കൂടുതൽ തവണ നടന്ന വനിത

ബഹിരാകാശത്ത് ഏറ്റവും കൂടുതൽ തവണ നടന്ന വനിതയും പെഗ്ഗി വിറ്റ്സൺ തന്നെ. തന്‍റെ മൂന്നാം സ്പേസ് ദൗത്ത്തിലാണ് പെഗ്ഗി വിറ്റ്സൺ ഈ റിക്കാർഡ് സ്വന്തമാക്കിയത്. എട്ടു തവണയാണ് ഇവർ ബഹിരാകാശത്ത് നടന്നത്. ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസിന്‍റെ പേരിലുള്ള റിക്കാർഡാണ് പെഗ്ഗി വിറ്റ്സൺ സ്വന്തമാക്കിയത്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ ആദ്യ വനിതാ കമാൻഡർ

2007 ഒക്ടോബർ 10ന് പെഗ്ഗി വിറ്റ്സൺ രണ്ടാം തവണ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടു. ഇത്തവണ വലിയൊരു ഉത്തരവാദിത്വമാണ് അവിടെ ഇവരെ കാത്തിരുന്നത്. നിലയത്തിന്‍റെ കമാൻഡറാകുക. ഈ ഉത്തരവാദിത്വം ഏറ്റെടുത്തതോടെ പുതിയൊരു റിക്കാർഡിന് പെഗ്ഗി ഉടമയായി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ കമാൻഡറാകുന്ന ആദ്യ വനിത. പുരുഷൻമാരുടെ കുത്തകയായിരുന്ന ഒരു മേഖലയിൽക്കൂടി അങ്ങനെ സ്ത്രീസാന്നിധ്യം ഉണ്ടായി.

രണ്ടു തവണ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ കമാൻഡറായ ഏക വനിത
തന്‍റെ മൂന്നാം ദൗത്യത്തിനിടയിലും കുറച്ചുകാലം പെഗ്ഗി വിറ്റ്സൺ അന്താരാഷ്ട ബഹിരാകാശ നിലയത്തിന്‍റെ കമാൻഡറായി സേവനം അനുഷ്ടിച്ചു. ഇതോടെ രണ്ടു തവണ ഇവിടടെ കമാൻഡറായ ഏക വനിത എന്ന റിക്കാർഡും പെഗ്ഗിയുടെ പേരിലായി.
ഏറ്റവും കൂടുതൽ ദിവസം ബഹിരാകാശത്ത് ചെലവഴിച്ച അമേരിക്കക്കാരി
തന്‍റെ മൂന്നാമത്തെ ദൗത്യത്തിന്‍റെ ദിവസങ്ങൾ മൂന്നുമാസങ്ങൾ കൂടി നീട്ടയതോടെയാണ് ഈ റിക്കാർഡ് പെഗ്ഗിയെ തേടിയെത്തിയത്. വരുന്ന തിങ്കളാഴ്ച മാത്രമേ ഈ റിക്കാർഡ് ഇവർക്ക് സ്വന്തമാക്കുകയുള്ളു. ജെഫ്റി വില്യംസ് എന്ന 58 കാരന്‍റെ റിക്കാർഡാണ് പഴങ്കതയാകാൻ പോകുന്നത്. തിങ്കളാഴ്ച പെഗ്ഗി ബഹിരാകാശത്ത് ചിലവഴിച്ച ദിവസങ്ങൾ 534 ആകും.


നാസയുടെ ആദ്യ സയൻസ് ഒാഫീസർ

തന്‍റെ ആദ്യ ബഹിരാകാശ യാത്രയിൽ മനുഷ്യശരീരത്തെ സംബന്ധിച്ച 21 പരീക്ഷണങ്ങൾ പെഗ്ഗി വിറ്റ്സൺ നടത്തി. ഇതിനു പുറമേ നാസയുടെ മെക്കാനിക്കൽ ശാസ്ത്രജ്ഞൻമാര്‌ മാത്രം ചെയ്യുന്ന പെയ്‌ലോഡ് പരീക്ഷണങ്ങളും പെഗ്ഗി വിറ്റ്സണിന്‍റെ നേതൃത്വത്തിൽ നടന്നു. അതോടെ തങ്ങളുടെ ആദ്യ സയൻസ് ഓഫീസറായി പെഗ്ഗി വിറ്റ്സണെ നാസ പ്രഖ്യാപിച്ചു.

ബഹിരാകാശത്ത് എത്തിയതിനുശേഷം പേടകത്തിനു പുറത്ത് ഏറ്റവും കൂടുതൽ സമയം ചെലവഴിച്ച അമേരിക്കക്കാരി

തന്‍റെ രണ്ടാം ബഹിരാകാശ ദൗത്യത്തിനിടയിലാണ് പെഗ്ഗി വിറ്റ്സൺ ഈ നേട്ടം സ്വന്തമാക്കിയത്.ബഹിരാകാശത്ത് എത്തിയതിനുശേഷം പേടകത്തിന്‍റെ പുറത്തിറങ്ങി നിരവധി പരീക്ഷണങ്ങൾ ശാസ്ത്രജ്ഞർ നടത്താറുണ്ട്. ഇങ്ങനെ പേടകത്തിനു പുറത്ത് ഏറ്റവുമധികം സമയം ചെലവഴിച്ച അമേരിക്കൻ വനിതയാണ് പെഗ്ഗി. ഏറ്റവും അധികം തവണ പേടകത്തിനു പുറത്തിറങ്ങിയ വ്യക്തിയെന്ന റിക്കാർഡും പെഗ്ഗി വിറ്റ്സണുതന്നെ.

ബയോളജിസ്റ്റിൽ നിന്ന് ബഹിരാകാശ വനിതയിലേക്ക്

1960 ഫെബ്രുവരി ഒന്പതിന് അമേരിക്കയിലെ അയോവയിലായിരുന്നു പെഗ്ഗി വിറ്റ്സണിന്‍റെ ജനനം. ഒരു കർഷക കുടുംബത്തിലെ അംഗമായിരുന്ന പെഗ്ഗി അയോവയിലുള്ള കമ്മ്യൂണിറ്റി ഹൈ സ്കൂളിൽ നിന്നും ജീവശാസ്ത്രത്തിലും രസതന്ത്രത്തിലും ബിരുദം നേടി. പിന്നീട് റൈസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് എടുത്ത പെഗ്ഗി വിറ്റ്സൺ കുറേക്കാലം ഇവിടെത്തന്നെ ബയോകെമിസ്ട്രിയിൽ ഗവേഷണം നടത്തി. അമേരിക്കയുടെ ബഹിരാകാശ ഏജൻസിയായ നാസയിൽ എത്തുന്നതിനു മുന്പ് നിരവധി സ്വകാര്യ ബഹിരാകാശ ഏജൻസികളിൽ ബയോകെമിസ്ട്രി ഗവേഷണ വിഭാഗത്തിന്‍റെ മേധാവിയായി പ്രവർത്തിച്ചു.

||

1989ലാണ് പെഗ്ഗി വിറ്റ്സൺ നാസയിലെത്തുന്നത്. 1993 ൽ നാസയുടെ മെഡിക്കല്‌ സയൻസ് ഡിവിഷന്‍റെ തലപ്പത്തെത്തി. പിന്നീട് 1996 ല്‌ ബഹിരാകാശ നിലയത്തിൽ ബയോകെമിസ്ട്രിയുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്ക് ആളെ ആവശ്യമായി വന്നപ്പോൾ ആ ചുമതല പെഗ്ഗി വിറ്റ്സണു ലഭിച്ചു. പരിശീലനങ്ങളെല്ലാം പൂർത്തിയാക്കി 2002 ജൂണിൽ പെഗ്ഗി വിറ്റ്സൺ തന്‍റെ ആദ്യ ബഹിരാകാശ യാത്ര നടത്തി.
ആദ്യ യാത്രയിൽ ആറു മാസം പെഗ്ഗി വിറ്റ്സൺ ബഹിരാകാശ നിലയത്തിൽ തങ്ങി. ഈ കാലയളവിൽ മനുഷ്യശരീരത്തെ സംബന്ധിക്കുന്ന 21 പരീക്ഷണങ്ങൾ ബഹിരാകാശത്തുവച്ചു നടത്തി. 2002 ഡിസംബർ ഏഴിന് പെഗ്ഗി തന്‍റെ ആദ്യ ബഹിരാകാശ യാത്ര വിജയകരമായി പൂർത്തിയാക്കി ഭൂമിയിൽ തിരിച്ചെത്തി.

2007 ഒക്ടോബർ 10 നായിരുന്നു പെഗ്ഗി വിറ്റ്സണ്‌ന്‍റെ രണ്ടാമത്തെ ബഹിരാകാശ യാത്ര. ഇത്തവണ 191 ദിവസവും 19 മണിക്കൂറും എട്ടു മിനിട്ടുമാണ് പെഗ്ഗി ബഹിരാകാശത്ത് ചെലവഴിച്ചത്. തന്‍റെ മൂന്നാമത്തെ ബഹിരാകാശയാത്രയിലാണ് പെഗ്ഗി വിറ്റ്സണ്‌ ഇപ്പോൾ. 2016 നവംബർ 16 ന് കസാക്കിസ്ഥാനിലെ കോസ്മോഡ്രോമിൽ നിന്നായിരുന്നു യാത്ര.

നാസയുടെ 50-ാം പര്യവേക്ഷണത്തിന്‍റെ ഭാഗമായി ബഹിരാകാശത്തെത്തുന്ന പെഗ്ഗി 51-ാം പര്യവേഷണ സംഘത്തിന്‍റെയും ഭാഗമാകും. ഈ ദൗത്യത്തിന്‍റെ സമയം മൂന്നുമാസം നീട്ടിയതോടെയാണ് ബഹിരാകാശത്ത് ഏറ്റവുമധികം സമയം ചെലവഴിച്ച് അമേരിക്കൻ പൗരൻ എന്ന ബഹുമതി പെഗ്ഗിയെ തേടിയെത്തുന്നത്.