ഇനി, പരീക്ഷയെഴുതാം; തെളിഞ്ഞ മനസോടെ...
ഇനി, പരീക്ഷയെഴുതാം; തെളിഞ്ഞ മനസോടെ...
ചൂടുകാലമാണല്ലോ ഇത്. വായൂസഞ്ചാരവും വെളിച്ചവുമുള്ള ഇടങ്ങളിലിരുന്നു പഠിക്കണം. പഠനത്തിനു സ്വന്തമായി ഒരു മുറി വേണമെന്ന കാഴ്ചപ്പാടൊന്നും വേണ്ട. പരിമിതമായ സൗകര്യങ്ങളോടുപോലും മാനസികമായി പൊരുത്തപ്പെടാൻ തയാറായാൽ പഠനം എളുപ്പമാകും. എന്നാൽ തിരക്കേറിയ റോഡിനു സമീപമുള്ള ജനലിനോടു ചേർന്നിരുന്നു പഠനം വേണ്ട. ശ്രദ്ധ പതറുന്ന ഇടങ്ങൾ വേണ്ടെന്നു ചുരുക്കം.

കട്ടിലിൽ ഇരുന്നുള്ള പഠനം നിരുത്സാഹപ്പെടുത്താം. കട്ടിലിൽ ഇരുന്നുള്ള പഠനം അലസതയ്ക്കും ക്രമേണ കിടക്കാനുമുള്ള സാഹചര്യമൊരുക്കും. നടുവ് ഏറ്റവും നിവർന്നിരിക്കാൻ അനുയോജ്യമായതു കസേരയിലിരുന്നുള്ള പഠനമാണ്. വീട്ടിലുള്ളവർ ടിവി കാണുകയാണെങ്കിൽ അതിൻറെ ശബ്ദത്തിൽ നിന്ന് അകന്നിരിക്കണം.

ഓരോ കുട്ടിയുടെയും ശാരീരിക സ്വഭാവവും ശീലങ്ങളും തികച്ചും വ്യത്യസ്തമായിരിക്കും. ചിലർക്ക് അതിരാവിലെ രണ്ടു മണിക്ക് എണീറ്റു പഠിക്കാനാവും. ചിലർ രാത്രി 12 വരെ ഇരുന്നു പഠിക്കും. പക്ഷേ, അവർക്കു രാവിലെ എണീറ്റു പഠിക്കാനാവില്ല. എപ്പോൾ പഠിക്കണം എന്നതു വ്യക്‌തിപരമാണ്. ഏകാഗ്രതയോടെ പഠിക്കാനാകുന്ന സമയം കണ്ടെത്തുക.

കണക്കിനും സയൻസിനും കൂടുതൽ സമയം മാറ്റിവയ്ക്കണം. നാലഞ്ചുദിവസം ഒരു വിഷയംതന്നെ അടുപ്പിച്ചിരുന്നു പഠിക്കുന്നതിനേക്കാൾ നല്ലത് എല്ലാ ദിവസവും മൂന്നു വിഷയം വീതം പഠിക്കുന്നതാണ്.

തൊടുത്ത ദിവസം വേറേ മൂന്നു വിഷയം എന്ന മട്ടിൽ. ഇങ്ങനെ എല്ലാ വിഷയങ്ങളും പരീക്ഷയുടെ നാലുദിവസം മുന്പ് ഒരുതവണ പഠിച്ചു തീർത്താൽ പരീക്ഷാഹാളിലേക്ക് ആത്മവിശ്വാസത്തോടെ നീങ്ങാം.

കൂട്ടുകൂടിയുള്ള യാത്രകൾ വേണ്ട

കൂട്ടുകൂടിയുള്ള യാത്രകളും ടൂവീലറുകളിൽ സംഘം ചേർന്നുളള യാത്രകളും പൂർണമായും ഒഴിവാക്കണം.
സ്റ്റഡീലീവ് സമയത്തു പനി വന്നാൽ സ്വയംചികിത്സനടത്തി പരീക്ഷണത്തിനു മുതിരരുത്. ഡോക്ടറുടെ ഉപദേശം തേടി മരുന്നുകഴിക്കുകയാണ് ഉചിതം.

ചൂടുകാലം കൂടിയായതിനാൽ വീട്ടിലിരുന്നു പഠിക്കുന്ന കുട്ടികൾ ധാരാളം വെളളംകുടിക്കണം. വെള്ളം തലച്ചോറിനു സ്റ്റിമുലൻറുപോലെ പ്രവർത്തിക്കും. ഇടയ്ക്കിടെ എന്തെങ്കിലും കഴിക്കാൻ കൊടുത്തുകൊണ്ടിരിക്കുന്നതാണ് ആരോഗ്യത്തിനു നല്ലതെന്നു പല രക്ഷിതാക്കളും കരുതാറുണ്ട്. അമിതമായി ഭക്ഷണം കഴിച്ചാൽ വേഗം ഉറക്കംവരുമെന്നതിനാൽ അതു പഠനത്തിനു സഹായകമല്ല. പച്ചക്കറികൾ, പഴവർഗങ്ങൾ, ധാരാളം വെള്ളം എന്നിവ ഭക്ഷണക്രമത്തിൽ പ്രധാനം. അതു ശരീരത്തിന് ഉന്മേഷവും ആരോഗ്യവും നല്കും. അതുപോലെ തന്നെ പട്ടിണികിടന്നു പഠിക്കുന്നതും നന്നല്ല.

ആത്മവിശ്വാസം വർധിപ്പിക്കുന്നതിനു ദേവാലയദർശനം സഹായകമെങ്കിൽ ആവാം. പക്ഷേ, നാം പരിശ്രമിക്കാതെ, പഠിക്കാനുള്ളതു പഠിക്കാതെ, അതുമാത്രം ചെയ്യുന്നതിൽ കാര്യമില്ല.

സൂത്രവാക്യം ഓർക്കാനും ഒരു സൂത്രം!

സോഷ്യൽ സയൻസ്, ഹിസ്റ്ററി, സിവിക്സ് തുടങ്ങിയ വിഷയങ്ങൾ പഠിക്കുന്പോൾ അർഥപൂർണമായ വായന അവശ്യം. വർഷം, വ്യക്‌തികൾ, സംഭവങ്ങൾ, സ്‌ഥലങ്ങൾ, കാലക്രമം എന്നിവയുടെ പ്രാധാന്യം തിരിച്ചറിഞ്ഞു പഠിക്കണം. ഓരോ അധ്യായത്തിലെയും സബ് ഹെഡിംഗ്, ചിത്രങ്ങൾ, ചാർട്ടുകൾ എന്നിവ ഓടിച്ചുനോക്കണം. പിന്നീടു വേണം ആദ്യം മുതൽ വായന തുടങ്ങാൻ.

എന്താണു നടന്നത്, എവിടെയാണ്, ആരൊക്കെയാണു കഥാപാത്രങ്ങൾ, കാരണങ്ങൾ എന്താണ്, കാര്യമെന്താണ്... ഈ രീതിയിലാവണം ചരിത്രവും സാമൂഹികശാസ്ത്രവും പഠിക്കേണ്ടത്. തെറ്റിപ്പോകാനിടയുള്ള പേരുകൾ, വർഷങ്ങൾ, കണക്കിലെയും സയൻസിലെയും സമവാക്യങ്ങൾ എന്നിവയൊക്കെ നിറമുള്ള മഷികൊണ്ടു പേപ്പറിലെഴുതി എപ്പോഴും കാണാനിടയുള്ള സ്‌ഥലത്ത് ഒട്ടിച്ചാൽ അതുവഴി കടന്നുപോകുന്പോൾ ഇടയ്ക്കിടെ കാണും, മനസിൽ പതിയും.


പരീക്ഷയ്ക്കുശേഷം ചോദ്യപേപ്പർ വിശകലനം വേണ്ട

പരീക്ഷയ്ക്കു ഹാളിൽ പ്രവേശിക്കും മുന്പ് ടെൻഷനടിപ്പിക്കുന്ന വർത്തമാനങ്ങളിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണം. എല്ലാം മറന്നുപോയെന്നും മനസ് ശൂന്യമാണെന്നുമൊക്കെ ചിലർക്കു തോന്നാം. അതൊക്കെ സ്വാഭാവികം.

ചോദ്യപേപ്പർ കിട്ടിയാൽ കൂൾ ഓഫ് ടൈമിൽ ശാന്തമായി ചോദ്യങ്ങളിലൂടെ കടന്നുപോവുക.ഏറ്റവും ആദ്യമെഴുതുന്ന ഉത്തരം കഴിവതും വെട്ടും തിരുത്തുമില്ലാതെ എഴുതാൻ ശ്രദ്ധിക്കണം. ആദ്യ ഉത്തരങ്ങളിലെ നമ്മുടെ പെർഫോമൻസ് പേപ്പർനോക്കുന്ന അധ്യാപകന് നമ്മളെക്കുറിച്ച് മുൻവിധിയുണ്ടാക്കാൻ കാരണമായിത്തീരാം. കൃത്യമായി ഉത്തരമെഴുതാൻ കഴിയുമെന്നു ബോധ്യമുള്ളവ ആദ്യമാദ്യം എഴുതണം. എഴുതിയതിൻറെ മേൽ എഴുതാതിരിക്കുക. തെറ്റിയാൽ ഒരു വെട്ട് എന്നതിനപ്പുറം കുത്തിവരയ്ക്കുന്ന രീതികൾ ഒഴിവാക്കുക.

കഴിവതും ഒരു നിറമുള്ള മഷി തന്നെ ആദ്യാവസാനം ഉപയോഗിക്കുക. സ്കൂൾപരീക്ഷകൾക്കു പ്രധാന പോയിൻറുകൾ സ്കെച്ച് കൊണ്ട് അടിവരയിടാൻ ശ്രമിക്കേണ്ടതില്ല. വരയ്ക്കാനുള്ള ചോദ്യങ്ങൾക്കു ഫ്രീഹാൻഡ് ആയി വരയ്ക്കാതെ ഇൻസ്ട്രുമെൻറ് ബോക്സിലെ വിവിധ ഉപകരണങ്ങൾ കൃത്യമായി ഉപയോഗിച്ചു വരയ്ക്കണം.

പരീക്ഷാഹാളിൽ കോപ്പിയടി, മറ്റുള്ളവരെ ശല്യപ്പെടുത്തി ചോദിച്ചെഴുതൽ പോലെയുള്ള ക്രമക്കേടുകൾ കാണിക്കരുത്. അത്തരം ഉദ്യമങ്ങൾ ഇരട്ടി മാനസികസമ്മർദത്തിനിടയാക്കും. എഴുതിത്തീർന്നാൽ ഒന്നുകൂടി ആവർത്തിച്ചു നോക്കി ഒരു ചോദ്യവും വിട്ടുപോയിട്ടില്ലെന്നും രജിസ്റ്റർ നന്പറും ചോദ്യനന്പറും എടുത്തെഴുതിയതു കൃത്യമാണെന്നും ഉറപ്പുവരുത്തുക.

പരീക്ഷ കഴിഞ്ഞാലുടൻ അന്നത്തെ ചോദ്യപേപ്പർ എടുത്തുവച്ചു വിശകലനങ്ങൾക്കോ ചർച്ചകൾക്കോ പോകരുത്. എത്ര മാർക്കു കിട്ടുമെന്നു കണക്കൂകൂട്ടുന്നതിലോ സങ്കടപ്പെടുന്നതിലോ അർഥമില്ല. തൊടുത്ത ദിവസത്തെ പരീക്ഷയ്ക്കു വേണ്ടി കൃത്യമായി തയാറെടുക്കുക.

നിരാശ വേണ്ട, പ്രതീക്ഷ വേണം

എത്ര നന്നായി പഠിച്ചുവെങ്കിൽപോലും ഒരു പരീക്ഷയ്ക്കു പ്രതീക്ഷിച്ച പോലെ എഴുതാനായില്ല എന്നു വന്നേക്കാം. അതിനെ ഓർത്തു വിഷമിക്കേണ്ടതില്ല. നമ്മുടെ ജീവിതത്തിലെ വലിയ പരീക്ഷകളിൽ ഒന്നുമാത്രമാണ് ഇതെന്നു കരുതുക. കിട്ടുന്നതു സ്വീകരിക്കുക. മാർക്കു കുറഞ്ഞതിെൻറ പേരിൽ നിരാശപ്പെടുകയോ കടുംകൈകൾ ചിന്തിക്കുകയോ അരുത്. മാർക്കു കുറഞ്ഞുപോയാൽ അടുത്ത അവസരത്തിൽ മെച്ചപ്പെടുത്താം. പഠനത്തിൻറെ അടുത്ത ഘട്ടത്തിൽ താത്പര്യമുള്ള കോഴ്സും വിഷയവും തെരഞ്ഞെടുത്തു പഠിച്ച് അതിൽ മികച്ച വിജയം നേടാം.

ഉയർന്ന മാർക്കുനേടിയവരിൽ പലരും പിന്നീട് ഉന്നത തലങ്ങളിൽ എത്തിയിട്ടുണ്ട്. അതേപോലെ മോശം മാർക്കു നേടിയവരും പിന്നീടുളള കഠിനാദ്ധ്വാനത്തിലൂടെ ജീവിതവിജയം നേടിയിട്ടുണ്ട്. നമ്മുടെ ജീവിതത്തിലെ ഗതിവിഗതികളെയൊക്കെ നിയന്ത്രിക്കുന്നത് ഓരോരോ കാലഘട്ടത്തിലും ഓരോന്നാണെങ്കിലും ഏറ്റവും നന്നായി പെർഫോം ചെയ്യാൻ പരിശ്രമിക്കുക. കൃത്യമായി തയാറെടുത്ത് ആവിശ്വാസത്തോടെ നമുക്കു പരീക്ഷയെ നേരിടാം.

ഡോ. റോസമ്മ ഫിലിപ്പ്, അസോസിയേറ്റ് പ്രഫസർ, മൗണ്ട് താബോർ ട്രെയിനിംഗ് കോളജ്, പത്തനാപുരം; കരിക്കുലം എക്സ്പർട്ട്

തയാറാക്കിയത്: ടി.ജി.ബൈജുനാഥ്