ചർമരോഗത്തിന് മരുന്ന് ഉപയോഗിക്കുമ്പോൾ...
ചർമരോഗത്തിന് മരുന്ന് ഉപയോഗിക്കുമ്പോൾ...
ശരീരം മുഴുവൻ അസഹനീയമായ ചൊറിച്ചിലുമായാണ് അൻപത്തഞ്ചുവയസുകാരനായ രാഘവൻ (യഥാർഥ പേരല്ല) എന്നെ കാണാൻ വന്നത്. പ്രമേഹരോഗിയായ അദ്ദേഹം ഇതിനോടകംതന്നെ പത്തോളം ചർമരോഗ വിദഗ്ധരെ സമീപിച്ചിട്ടുണ്ട്. അസുഖത്തിന് ശമനമില്ലാതായതോടെയാണ് അദ്ദേഹം എൻറടുത്തു വന്നത്.

പ്രായത്തിൻറെയും പ്രമേഹരോഗത്തിൻറെയും പ്രശ്നം കാരണം ചർമം വരണ്ടുണങ്ങുന്നതാണ് യഥാർഥ പ്രശ്നമെന്നു മനസിലായി. രോഗി ഇതിനോടകം പാരഫിൻ അടങ്ങിയ ലേപനങ്ങളും ആൻറിഹിസ്റ്റമിനുകളും ഉപയോഗിച്ചിട്ടുണ്ട്. വിശദമായി ചോദിച്ചപ്പോൾ ലേപം പുരട്ടി അരമണിക്കൂറിനു ശേഷം കുളിക്കുകയാണ് പതിവെന്ന് അയാൾ പറഞ്ഞു. ചർമത്തിലെ ജലാംശം നഷ്‌ടപ്പെടാതിരിക്കാനാണ് സാധാരണയായി പാരഫിൻ അടങ്ങിയ ലേപനങ്ങൾ ഡോക്ടർമാർ നിർദേശിക്കുന്നത്. ഇത് കുളിച്ചശേഷം കുളിമുറിയിൽവച്ചുതന്നെ പുരട്ടുന്നതാണ് ഉചിതം. ഇങ്ങനെ ചെയ്യുന്പോൾചർമത്തിന് മുകളിൽ അത് ഒരു പാടപോലെ പ്രവർത്തിക്കുകയും ചർമത്തിലെ ജലാംശം ബാഷ്പീകരിക്കുന്നതിനെ തട
യുകയും ചെയ്യുന്നു.

ശരീരം നനച്ച് തുടച്ചശേഷം ഇങ്ങനെ ഒരുദിവസംതന്നെ പല ആവർത്തി പുരട്ടേണ്ടിവരും. കുളിക്കുന്നതിനു മുൻപ് പുരട്ടിയാൽ ശരീരത്തിൽ സോപ്പ് തേക്കുന്പോഴും ശരീരം തുടയ്ക്കുന്പോഴും ലേപനം നഷ്‌ടപ്പെടുകയും ഉദ്ദേശിച്ച ഫലം ചെയ്യാതിരിക്കുകയും ചെയ്യുന്നു. മേൽ സൂചിപ്പിച്ച സംഭവത്തിൽ രോഗശമനം ലഭിക്കാതിരിക്കാനുള്ള യഥാർഥ കാരണം രോഗി ഉപയോഗിക്കേണ്ട രീതിയിൽ മരുന്ന് ഉപയോഗിക്കാത്തതാണ്.

സ്റ്റിറോയിഡുകൾ വില്ലന്മാരോ

ചർമരോഗ ചികിത്സയിൽ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട മരുന്നുകളാണ് സ്റ്റിറോയിഡുകൾ. സ്റ്റിറോയിഡുകൾ ഗുളികകളായും ലേപനങ്ങളായും ഇൻജക്ഷനുകളായും ഇൻഹേലറുകളായുമൊക്കെ വിപണിയിൽ ലഭ്യമാണ്. ചർമരോഗ ചികിത്സയിൽ പ്രധാനമായും ഉപയോഗിക്കുന്നത് ലേപനങ്ങളുടെ രൂപത്തിലാണ്. സ്റ്റിറോയ്ഡ് ലേപനങ്ങളുടെ വീര്യത്തെ ആസ്പദമാക്കി അവയെ ആറായി തിരിച്ചിട്ടുണ്ട്. അതിൽ ഒന്നാമത്തെ വിഭാഗം ഏറ്റവും വീര്യം കൂടിയതും ആറാമത്തേത് ഏറ്റവും വീര്യം കുറഞ്ഞതുമാണ്. വിവിധതരം ചർമരോഗങ്ങൾക്ക് പല വീര്യമുള്ള ലേപനങ്ങൾ ഉപയോഗിക്കേണ്ടിവരും. മുഖത്തും ഇടുക്കുകളിലും വീര്യം കുറഞ്ഞവ തന്നെ ഉപയോഗിക്കണം. ശരീരത്തിലെ കട്ടികൂടിയ ഭാഗങ്ങളിൽ വീര്യം കൂടിയവ ഉപയോഗിക്കാം. സാധാരണഗതിയിൽ ഒരു സ്റ്റിറോയ്ഡ് ലേപനം തുടർച്ചയായി രണ്ടാഴ്ച മാത്രമേ ഉപയോഗിക്കാവൂ. അതിനുശേഷം വീര്യം കുറഞ്ഞ മറ്റൊന്നിനെ ആശ്രയിക്കേണ്ടിവരും.


ദുരുപയോഗം കൂടുന്നു!

ഇന്ന് നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യുന്ന ഒന്നാണ് ഈ ലേപനങ്ങൾ. നമ്മുടെ നാട്ടുകാർ മെഡിക്കൽ ഷോപ്പുകളിൽ ഡോക്ടറുടെ കുറിപ്പടിയില്ലാതെ സുഹൃത്തിൻറെയോ അയൽവാസിയുടേയോ ഉപദേശത്തിൽ വഴങ്ങി സ്റ്റിറോയ്ഡ് ലേപനങ്ങൾ ദീർഘകാലം ഉപയോഗിക്കുകയും അവ മൂലമുള്ള പാർശ്വഫലങ്ങൾ അനുഭവിക്കേണ്ടിവരുകയും ചെയ്യുന്നു. വെളുക്കാൻ തേച്ചത് പാണ്ടായി മാറുന്ന സംഭവനങ്ങൾ നിരവധിയുണ്ട്. ഡോക്ടറെ കാണാതെ സ്റ്റിറോയ്ഡ് ലേപനങ്ങൾ ഉപയോഗിച്ച് രോഗമുക്‌തി നേടാൻ ശ്രമിക്കുന്നവർ കനത്ത വില നൽകേണ്ടിവരും എന്ന് പറയാതെ വയ്യ.

ഇവ ശരീരത്തിൽ സ്‌ഥിരമായി പുരട്ടുന്പോൾ നമ്മുടെ ചർമത്തിലെ മെലാനോസൈറ്റുകൾ ഉത്പാദിപ്പിക്കുന്ന മെലാനിൽ എന്ന വർണ വസ്തുവിൻറെ ഉത്പാദനം ഗണ്യമായി കുറയുന്നു. തന്മൂലം ആ ഭാഗം വെള്ളപാണ്ടിനെ അനുസ്മരിപ്പിക്കുന്ന വിധമായി മാറുന്നു. അതുപോലെ ചർമത്തിലെ പ്രധാന പ്രൊട്ടീനുകളായ ഇലാസ്റ്റിൻ, കൊളാജൻ എന്നിവയുടെ നിർമാണം നിലയ്ക്കുന്നു. തത്ഫലമായി പുരട്ടിയ ഭാഗങ്ങളിൽ നിന്ന് രക്‌തം പൊടിയുകയും ചർമം വൃദ്ധരുടേതിന് സമാനമായ വിധത്തിൽ ചുക്കിച്ചുളുങ്ങി പോവുകയും ചെയ്യുന്നു.

അമിതമായ രോമവളർച്ച, ചർമത്തിൽ ബാക്ടീരിയ, ഫംഗസ് എന്നിവ മൂലമുള്ള അണുബാധ എന്നിവയ്ക്കു കാരണമാവുന്നു.

ചില വ്യക്‌തികൾ സ്റ്റിറോയിഡുകളോട് അമിതമായ പ്രതിപത്തി കാണിക്കുന്നുണ്ട്. എന്നാൽ, മറ്റു ചിലരാകട്ടെ അവയെ ഭയക്കുന്നവരുമാണ്. ഇതിന് അടിസ്‌ഥാനമില്ല.

വളരെ സൂക്ഷമതയോടെ കൈകാര്യം ചെയ്യേണ്ടവയാണ് സ്റ്റിറോയ്ഡ് ലേപനങ്ങൾ. ഒരു വിദഗ്ധൻറെ നിർദേശാനുസരണം മാത്രം ഇവ ഉപയോഗിക്കുകയാണെങ്കിൽ ഭയക്കേണ്ടതില്ല.

ഡോ. ജയേഷ് പി.
സ്കിൻ സ്പെഷലിസ്റ്റ്, മേലേചൊവ്വ, കണ്ണൂർ
ഫോൺ: 04972 727828.