സിനിമയിൽ തുടർക്കഥയാകുന്ന പൾസർ സുനിക്കഥകൾ
സിനിമയിൽ തുടർക്കഥയാകുന്ന പൾസർ സുനിക്കഥകൾ
ഒറ്റപ്പെട്ട സംഭവം, ആദ്യത്തെ സംഭവം എന്നിങ്ങനെയായിരുന്നു പ്രമുഖ മലയാള നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും അപകീർത്തികരമായ ചിത്രങ്ങളെടുക്കുകയും ചെയ്ത സംഭവമുണ്ടായപ്പോഴത്തെ പ്രതികരണങ്ങൾ. എല്ലാമറിയുന്ന സിനിമാക്കാർ പോലും ഇത്തരത്തിൽ പ്രതികരിച്ചു. ഈ ഗുണ്ടാ സംഘങ്ങൾ മുന്പും നടിമാരെ തട്ടിക്കൊണ്ടുപോകാനും അപമര്യാദയായി പെരുമാറാനും ശ്രമിച്ച കഥകൾ ഈ സംഭവത്തിനുപിന്നാലെ പുറത്തുവന്നു. ഇക്കഥകളെല്ലാം മലയാള സിനിമാലോകത്തുള്ളവർക്കു അറിയാമായിരുന്ന സംഭവങ്ങളായിരുന്നു.

മലയാളത്തിലെ പ്രമുഖ നിർമാതാവിൻറെ ഭാര്യയായ നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചിട്ടും ഈ ഗുണ്ടാ സംഘങ്ങൾക്കെതിരെ ഒരു നടപടിയും ഉണ്ടായില്ല. ആ സംഭവത്തിനുശേഷവും ഇതിനു നേതൃത്വം നൽകിയ സിനിമാക്കാരുടെ ഇഷ്‌ടക്കാരനായ ആൾ പല പ്രമുഖരുടെ ഡ്രൈവറായി മാറി. കഴിഞ്ഞ ദിവസം നടിയെ ആക്രമിച്ച പൾസർ സുനി തന്നെ ആയിരുന്നു ആ സംഭവത്തിനു പിന്നിലും.

മുൻകാലനടിക്കും സമാന അനുഭവം

അഞ്ചുവർഷങ്ങൾക്കുമുന്പ് എറണാകുളത്ത് ഒരു സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു മലയാളത്തിലെ ഒരു പ്രമുഖ മുൻകാല നടി. വിവാഹശേഷം സിനിമയിൽ സജീവമല്ലാതിരുന്ന നടി സിനിമകളിൽ അഭിനയിച്ചു തിരിച്ചുവരവു നടത്തുന്നകാലം. ഇവരുടെ മകൾ തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ താരവുമാണ്. ഇവരുടെ ഭർത്താവ് പ്രമുഖനായ നിർമാതാവുമാണ്. സിനിമയുടെ ഷൂട്ടിംഗിനായി തിരുവനന്തപുരത്തുനിന്ന് എറണാകുളത്ത് എത്തിയതായിരുന്ന നടി. രാത്രി 11 മണിക്കായിരുന്നു നടി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയത്. അരൂരിലുള്ള പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു അവർക്ക് താമസമൊരുക്കിയിരുന്നത്. റെയിൽവേ സ്റ്റേഷനിൽ നടിക്കു പോകാനുള്ള വാഹനം കൃത്യസമയത്തെത്തി. കൂടെ തിരുവനന്തപുരത്തുനിന്നുള്ള സുഹൃത്തും ഉണ്ടായിരുന്നു. അവരെ മറ്റൊരു സ്‌ഥലത്ത് ഇറക്കിയശേഷം ഹോട്ടലിലേക്ക് പുറപ്പെട്ടു. അപരിചിതനായ ഡ്രൈവറാണെങ്കിലും പ്രൊഡക്ഷൻ യൂണിറ്റിൽ നിന്നു അയച്ച വാഹനമായതിനാൽ നടി സംശയിക്കാതെ യാത്രതുടർന്നു.

എറണാകുളത്തുനിന്നു അരൂരിലേക്ക് ഏതു വഴിയിലൂടെ പോയാലും ഒരുമണിക്കൂറിൽ കൂടുതൽ ദൂരമില്ല. ഗതാഗതക്കുരുക്ക് ഉണ്ടായാൽ പോലും അതു മറികടന്ന് എത്തുന്നതിനു ഒന്നരമണിക്കൂർ ധാരാളം. എന്നാൽ, നടി കയറിയ കാർ രണ്ടു മണിക്കൂറിനുമുകളിലായിട്ടും സ്‌ഥലത്തെത്തിയില്ല. നഗരത്തിലെ വിവിധ ഭാഗങ്ങളിലൂടെ വാഹനം കറങ്ങിക്കൊണ്ടിരുന്നു. ആരോ എത്താൻ കാക്കുന്നതുപോലെ. നടി പലവട്ടം ചോദിച്ചപ്പോഴും ഡ്രൈവർ ഒന്നും പ്രതികരിച്ചില്ല. പിന്നെയും സമയം വൈകിയപ്പോൾ നടി ഭർത്താവിനെ ഫോണിൽ വിളിച്ചു കാര്യം പറഞ്ഞു. ഫോൺ കട്ടു ചെയ്യാതെ സംസാരിച്ചുകൊണ്ടിരിക്കാൻ ഭർത്താവ് അവരോടു നിർദേശിച്ചു. അതേസമയം ഭർത്താവ് മറ്റൊരു ഫോണിൽ എറണാകുളത്തുള്ള സുഹൃത്തായ നിർമാതാവിനെ വിളിച്ചു കാര്യം പറഞ്ഞു. സംഭവം ഡ്രൈവറെ അയച്ച നിർമാതാവ് അറിഞ്ഞു എന്നു മനസിലാക്കിയ ഡ്രൈവർ നടിയെ പെട്ടെന്നു ഹോട്ടലിലെത്തിച്ചു. അന്ന് നടിയുടെ ഒപ്പം ഉണ്ടാകുമെന്ന് കരുതിയ യുവനടിയെ ലക്ഷ്യമിട്ടായിരുന്നു ആ സംഘം അന്ന് കാറിൻറെ ദിശമാറ്റി യാത്രചെയ്തതെന്നു കരുതുന്നു. ഒരുപക്ഷെ അന്നു ആ യുവനടി കാറിൽ ഉണ്ടായിരുന്നെങ്കിൽ സംഭവങ്ങൾ മറ്റൊരു തരത്തിലായിരുന്നേനെ. പിറ്റേന്നു തന്നെ പോലീസിൽ പരാതിപ്പെട്ടെങ്കിലും ഇന്നേവരെ അതിനെക്കുറിച്ചുള്ള അന്വേഷണം എങ്ങുമെത്തിയില്ല. ഇത്തരമൊരു സംഭവമുണ്ടായതായി പോലും പുറംലോകമറിഞ്ഞില്ല. ഒരു പ്രമുഖ നിർമാതാവിൻറെ ഡ്രൈവറായിട്ടായിരുന്നു അന്ന് അയാൾ ജോലി ചെയ്തിരുന്നത്. ഈ സംഭവത്തിനുശേഷം അയാൾ അവിടുന്നു മുങ്ങി. അന്ന് അയാൾക്കെതിരെ നടപടിയെടുത്തിരുന്നെങ്കിൽ ഒരുപക്ഷെ കഴിഞ്ഞ ദിവസം ഉണ്ടായതുപോലുള്ള സംഭവം ഒഴിവാക്കാമായിരുന്നു. ആ ഡ്രൈവർ കഴിഞ്ഞ ദിവസം നടിയെ ആക്രമിച്ച പൾസർ സുനി തന്നെയായിരുന്നുവെന്നു പിന്നീട് തെളിഞ്ഞു.

പൾസർ സുനി

ചെറിയ മോഷണങ്ങളിലൂടെയാണ് കൊടും ക്രിമിനലായ പൾസർ സുനി തൻറെ ക്രിമിനൽ ജീവിതം ആരംഭിക്കുന്നത്. പത്താം ക്ലാസ് പഠനത്തിനുശേഷമായിരുന്നു ഇയാൾ മോഷണം ആരംഭിക്കുന്നത്. മാല, ബൈക്ക് തുടങ്ങിയവ മോഷ്‌ടിച്ചുകൊണ്ടുണ്ടാണ് തുടക്കം. മോഷ്‌ടിക്കുന്ന ബൈക്കുകളിൽ യമഹയുടെ വാഹനങ്ങളായിരുന്നു പ്രിയം. അതിൽ പൾസറായിരുന്നു സുനിയുടെ പ്രിയപ്പെട്ട വാഹനം. മോഷ്‌ടിച്ച പൾസറിൽ കറങ്ങിനടക്കുന്നതും ഇയാളുടെ ഹോബികളിൽ ഒന്ന്. ഇത് ഇയാൾക്ക് പൾസർ സുനി എന്ന പേരു വരാൻ കാരണമായി. പലതവണ കുടുങ്ങിയിട്ടും വീണ്ടും മോഷണക്കേസുകളിൽ പ്രതിയായി. സ്വദേശമായ കോടനാട്ടിൽ ഇയാൾക്കെതിരെ ഒരു കേസു മാത്രമെ നിലവിലുള്ളു. മറ്റു കേസുകൾ എറണാകുളത്തും പരിസരപ്രദേശങ്ങളിലുമായിരുന്നു. ഏലൂർ, കളമശേരി പോലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ പരാതികളുണ്ട്. പിന്നീട് ടാക്സി ഓടിക്കലായി സുനിയുടെ പരിപാടി. ഇത് സിനിമയിൽ ഡ്രൈവറാകുന്നതിനു സുനിയെ സഹായിച്ചു. അത്യാവശ്യം തട്ടിപ്പുകളും ഗുണ്ടായിസവും കൈയ്യിലുള്ളതിനാൽ പെട്ടെന്നു തന്നെ സിനിമാക്കാരുടെ ഇഷ്‌ടക്കാരനായി. കൂടാതെ എറണാകുളത്തെ ഗുണ്ടാസംഘങ്ങളുമായി നല്ല ബന്ധവും. എന്തിനും ഏതിനും വിളിച്ചാൽ ഓടിയെത്തുന്ന ഗുണ്ടാ ചങ്ങാതിമാരുള്ള സുനി സിനിമാക്കാർക്കിടയിൽ സ്വീകാര്യനായി.

പ്രൊഡക്ഷൻ കൺട്രോളർമാരായി ഇയാളുടെ ചങ്ങാതിമാർ. ഇവർക്കായി എന്തും ചെയ്യുന്ന ആളായി മാറി. സിനിമാക്കാർക്കായി പല കാര്യങ്ങൾക്കായി ഇടനിലക്കാരനായി സുനി മാറി. റിയൽ എസ്റ്റേറ്റ് മുതൽ താരങ്ങളുടെയും നിർമാതാക്കളുടെയും രഹസ്യഇടപാടുകൾക്കു വരെ സുനി ഇടനിലക്കാരനായി. പ്രമുഖ താരങ്ങളുടെ ഡ്രൈവറായി വിലസി. പ്രമുഖ താരത്തിൻറെ റിയൽ എസ്റ്റേറ്റ് ബിസിനസുകളിൽ ഇടനില നിന്നതും സകല ഇടപാടുകൾക്കും കൂട്ടിനിന്നതും പൾസർ സുനി ആയിരുന്നു എന്നുള്ള വാർത്തകളും പരക്കുന്നുണ്ട്.

ആഡംബര ജീവിതം നയിക്കുന്നതിനിടയിൽ മാതാപിതാക്കളെയും കുടുംബത്തെയും സുനി മറന്നു. ചെറു പ്രായത്തിൽ തന്നെ മോഷണക്കേസുകളിൽ കുടുങ്ങിയതോടെ നാട്ടിൽ നിന്നു വിട്ടുപോകുകയായിരുന്നു. കുടുംബത്തോടുള്ള ബന്ധവും അതോടെ അവസാനിച്ചു. പിന്നീട് സിനിമാക്കാരുടെ ഇഷ്‌ടക്കാരനായതോടെ ഇടയ്ക്ക് ആഡംബര കാറുകളിലും മറ്റും നാട്ടിലെത്തി നാട്ടുകാരെയും മറ്റും ഞെട്ടിക്കും. എന്നാൽ, വീട്ടുകാരുമായുള്ള ബന്ധം ഒരിക്കലും നല്ലതായിരുന്നില്ല. സുനി രാജകീയ ജീവിതം ജീവിക്കുന്പോഴും കുടുംബം പരാധീനതകളിൽ ദിവസങ്ങൾ തള്ളി നീക്കുന്നു. അച്ഛൻ രോഗിയായതിനാൽ മാതാവ് ജോലിക്കു പോയി കിട്ടുന്ന പണംകൊണ്ടാണ് വീട്ട് ചെലവ് നടന്നിരുന്നത്. സഹോദരിയുടെ വിവാഹത്തിനും സുനിയുടെ സഹായം ലഭിച്ചില്ലെന്നു പറയുന്നു. ഇപ്പോഴും സുനിയുടെ കുടുംബം വളരെ ദുരിതത്തിൽ തന്നെയാണ് കഴിയുന്നത്. സിനിമയിലെത്തിയതോടെ പഴയ ക്രിമിനൽ പ്രവർത്തികൾ സുനി ഉപേക്ഷിച്ചെന്നാണു നാട്ടുകാരിൽ പലരും കരുതിയിരുന്നത്. നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മുഖ്യപ്രതി ആയപ്പോഴാണ് സിനിമാക്കാരനായ പൾസർ സുനിയുടെ തനിനിറം നാട്ടുകാർ അറിയുന്നത്.


പൾസർ സുനിമാർ വാഴുന്ന സിനിമാലോകം

ഒരു നടിക്കുനേരെ ആക്രമം ഉണ്ടായതോടെ പലകഥകളും പുറത്തുവന്നു. അത്തരത്തിൽ ഒന്നാണ് കോഴിക്കോടു നടന്ന ഒരു സിനിമയുടെ ഷൂട്ടിംഗിനിടെ ഒരു യുവനടിക്കുണ്ടായ അനുഭവം. മാനഹാനി ഭയന്നു ആ നടി സംഭവം പുറത്തുപറഞ്ഞില്ല. സിനിമയിൽ പുതുമുഖം ആയതും അവസരം നഷ്‌ടപ്പെടുമെന്ന ഭയവും ഇവരെ പരാതിപ്പെടുന്നതിൽ നിന്നു പിന്തിരിപ്പിച്ചു.

സിനിമാ ചിത്രീകരണത്തിനുശേഷം വൈകുന്നേരം ഹോട്ടലിലേക്കു പോകുവാനായി പ്രൊഡക്ഷൻ യൂണിറ്റിൽ നിന്നു വിട്ട കാറിൻറെ ഡ്രൈവറുടെ ഭാഗത്തുനിന്നായിരുന്നു നടിക്കുണ്ടായ ദുരനുഭവം. കോഴിക്കോടു നടന്ന ഷൂട്ടിംഗിനുശേഷം നടിയെ ഹോട്ടലിലേക്ക് എത്തിക്കാനുള്ള കാർ പതിവുപോലെ എത്തി. പ്രൊഡക്ഷൻ യൂണിറ്റിൽ നിന്നുള്ള കാർ ആയതിനാൽ നടി ധൈര്യപൂർവം വാഹനത്തിൽ കയറി ഹോട്ടലിലേക്കു യാത്രതുടങ്ങി. സിനിമ ലൊക്കേഷൻറെ പരിസരം വിട്ടതോടെ ഡ്രൈവറുടെ മട്ടുമാറി. മേഡം എന്നുവിളിച്ചയാളുടെ സംസാരത്തിൽ പന്തികേടു നടിക്കു തോന്നിത്തുടങ്ങി. മോശപ്പെട്ട പലകാര്യങ്ങളും അയാൾ നടിയോടു പറഞ്ഞു. അപമാനിക്കുന്ന സംസാരത്തിനുപുറമെ നോട്ടവും. നടിക്കു സഹികെട്ടു. അതോടെ ഡ്രൈവർ പിന്നോട്ട് തിരിഞ്ഞു അപമര്യാദയായി പെരുമാറാനും ശ്രമമുണ്ടായി. ഹോട്ടലിൽ എത്തുന്നതുവരെ ഇതു തുടർന്നു. ഭയന്നുപോയ നടി എതിർത്തു. ഹോട്ടലിൽ എത്തിയപാടെ ബന്ധപ്പെട്ടവരോടു വിവരം പറഞ്ഞു. എന്നാൽ, അവരെ പരാതി നൽകുന്നതിൽനിന്നു ബന്ധപ്പെട്ടവർ തന്നെ നടിയെ പിന്തിരിപ്പിച്ചു. വിഷയം എല്ലാവരും മറന്നു.

സംവിധായകരോടും

മലയാള സിനിമയിലെ ഈ ഗുണ്ടാ സഹായികളുടെ വിളയാട്ടം നടിമാർക്കുനേരെ മാത്രമല്ല സംവിധായകർക്കുനേരെയും ഉണ്ടായിട്ടുണ്ട്. മലയാളത്തിൽ ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച സംവിധായകനും ഈ ഗുണ്ടാ ഡ്രൈവർമാരുടെ ധാർഷ്‌ട്യം നേരിട്ടറിഞ്ഞയാളാണ്. എറണാകുളത്ത് ഒരു സിനിമയുടെ ചിത്രീകരണത്തിനുശേഷം വീട്ടിലേക്കു പ്രൊഡക്ഷൻ വാഹനത്തിൽ പോകേണ്ടി വന്നപ്പോഴാണ് ഈ സംവിധായകനു ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവമുണ്ടായത്. രാത്രി ഏറെ വൈകിയായിരുന്നു യാത്ര. രാത്രി വൈകി വാഹനമോടിക്കേണ്ടി വന്നതിൻറെ ദേഷ്യം വാഹനത്തിൽ കയറിയപ്പോൾ മുതൽ ഡ്രൈവർ ഈ സംവിധായകനോടു കാണിച്ചു. വാഹനം പുറപ്പെട്ടപ്പോൾ മുതൽ അനിഷ്‌ടം ഡ്രൈവർ കാണിച്ചു തുടങ്ങി. പിന്നീട് അത് ഇരുവരും തമ്മിൽ തർക്കത്തിൽ കലാശിച്ചു. ഈ തർക്കത്തെത്തുടർന്നു സംവിധായകനെ ഡ്രൈവർ അർധരാത്രിയിൽ നടുറോഡിൽ ഇറക്കിവിട്ടു. പിന്നീട് സംവിധായകൻ മറ്റൊരു ടാക്സി വിളിച്ചാണ് വീട്ടിലെത്തിയത്. സിനിമാ മേഖലയിൽ കടന്നുകൂടിയിരിക്കുന്ന ക്രിമിനലുകൾ ഒരു പൾസർ സുനിയിൽ അവസാനിക്കുന്നില്ല. അധികം അധ്വാനമില്ലാത്ത ജോലി, നല്ല പണം എന്നിവ ഈ മേഖലയിലേക്ക് ആളെക്കൂട്ടുന്നു. ഡ്രൈവിംഗ് പോലുള്ള പണികൾകൂടാതെ സിനിമയുടെ സകല മേഖലകളിലും ഇവർ കൈകടത്തുന്നു. കൂടാതെ താരങ്ങളുടെ സിനിമയ്ക്കു പുറത്തുള്ള ഇടപാടുകളിലും.

ഒതുക്കാനും ആളെക്കൂട്ടാനും

താരങ്ങളുടെ പരിപാടികൾക്കും സിനിമകൾക്കും ആളെക്കൂട്ടാനും പുതുമുഖങ്ങളെ ഒതുക്കാനും ഇത്തരം ഗുണ്ടാസംഘങ്ങളെ ഉപയോഗിക്കുന്നകാര്യം നാട്ടിലെങ്ങും പാട്ടാണ്. സിനിമ തിയറ്ററുകളിൽ ഫാൻസ് എന്ന പേരിൽ മറ്റു താരങ്ങളുടെ സിനിമകളെ കൂകിത്തോൽപ്പിക്കാനും ഇവരെ ഉപയോഗിക്കുന്നു. ഇത്തരത്തിൽ താരങ്ങളുടെയും മുതിർന്ന സിനിമ സാങ്കേതിക പ്രവർത്തകരുടെയും ചട്ടുകമായി ഇവർമാറി. ഇവർക്കെതിരെ പരാതി നൽകാൻ മറ്റുള്ളവർ ഭയന്നു. പരാതിപറഞ്ഞവരെ ഒതുക്കി. പോലീസിൽ പോലും സ്വാധീനം ചെലുത്തി ഇവർക്കെതിരായ പരാതികൾ ഒതുക്കിത്തീർത്തു.

കൊച്ചിയിലെ ഗുണ്ടസംഘങ്ങളുടെ കഥപറഞ്ഞ സിനിമകൾ

കൊച്ചിയിലെ ഗുണ്ടാസംഘങ്ങൾ കഥാപാത്രങ്ങളായ നിരവധി സിനിമകൾ ഇറങ്ങിയിരിക്കുന്നു. ഒട്ടുമിക്ക മലയാള സിനിമകളുടെയും അഭിഭാജ്യഘടകമായി കൊച്ചിയിലെ ഗുണ്ടാസംഘങ്ങൾ മാറി. ഇവർ കഥാപാത്രങ്ങളായ ചിത്രങ്ങൾ കൊട്ടകകളിൽ ആളെ നിറച്ചു. കൊച്ചിയിലെ ഗുണ്ടയായി അഭിനയിക്കാത്ത താരങ്ങൾ കുറവായിരിക്കും. ഇത്തരത്തിൽ മലയാള സിനിമയ്ക്ക് മുന്നിലും പിന്നിലും കൊച്ചിയിലെ ഗുണ്ടകൾ ഒരു പ്രധാന കഥാപാത്രമായി നിലനിന്നു പോന്നു. ഇത്തരത്തിൽ തിളങ്ങിനിന്നിരുന്ന ഗുണ്ടാസംഘങ്ങളുടെ ഉൾക്കളികൾ ഒരു രാത്രികൊണ്ട് നാടറിയുകയായിരുന്നു ഇവരുടെ ഒരു കൈവിട്ട കളിയിലൂടെ.

( സിനിമയ്ക്കു പുറത്തും ഈ ഗുണ്ടാസംഘങ്ങളുടെ സഹായം സിനിമമേഖലയിലുള്ളവർ ഉപയോഗിക്കുന്നു. വിശ്വാസം പിടിച്ചു പറ്റി വൻ ഇടപാടുകളിൽ ബിനാമികളായി മാറുകയും ചെയ്യുന്നു. .)
(തുടരും....)

–അരുൺ സെബാസ്റ്റ്യൻ