ചൂടിൽ ആശ്വാസമായി തണ്ണിമത്തങ്ങ
ചൂടിൽ ആശ്വാസമായി തണ്ണിമത്തങ്ങ
മികച്ച ദാഹനശമിനിയാണ് തണ്ണിമത്തങ്ങ. ധാരാളം ജലാംശമുള്ള ഫലം(92 ശതമാനം) രുചികരം, ഉന്മേഷദായകം. ശരീരതാപം കുറയ്ക്കുന്നു. ചൂടുകാലത്തിനു യോജിച്ച ഫലം. വിയർപ്പ് അധികമായി ഉത്പാദിപ്പിച്ച് ശരീരം തണുപ്പിക്കുന്നതിന് തണ്ണിമത്തങ്ങയിലെ ജലാംശം ഉത്തേജകമാകുന്നു.

100 ഗ്രാം തണ്ണിമത്തങ്ങയിൽ ശരീരത്തിന് ഒരു ദിവസം ആവശ്യമായ വിറ്റാമിൻ സിയുടെ 13 ശതമാനവും വിറ്റാമിൻ എയുടെ 11 ശതമാനവും തയമിൻറെ രണ്ടു ശതമാനവും പൊട്ടാസ്യത്തിൻറെ മൂന്നു ശതമാനവും ഡയറ്ററി നാരുകളുടെ രണ്ടു ശതമാനവും അടങ്ങിയിരിക്കുന്നു. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ഇരുന്പ്, കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങൾ, എൻസൈമുകൾ, ഓർഗാനിക് ആസിഡുകൾ, സ്വാഭാവിക പഞ്ചസാരകൾ എന്നിവയും തണ്ണിമത്തങ്ങയിലുണ്ട്. സോഡിയം തീരെ കുറഞ്ഞതോതിൽ മാത്രം. കൊഴുപ്പ് തീരെയില്ല.

തണ്ണിമത്തങ്ങയിൽ ബീറ്റാ കരോട്ടിൻ എന്ന ആൻറി ഓക്സിഡൻറ് ധാരാളം. ശരീരം അതിനെ വിറ്റാമിൻ എ ആക്കുന്നു. വിറ്റാമിൻ എയും ലൈകോപീനും കണ്ണിൻറെ റെറ്റിനയിൽ പിഗ്്മെൻറുകൾ ഉത്പാദിപ്പിക്കുന്നു. നിശാന്ധത, മാകുലാർ ഡീജനറേഷൻ തുടങ്ങിയ നേത്രരോഗങ്ങളിൽ നിന്നു സംരക്ഷണമേകുന്നു. കൂടാതെ തണ്ണിമത്തങ്ങയിലുളള വിറ്റാമിൻ സി, ല്യൂട്ടിൻ, സീസാന്തിൻ തുടങ്ങിയ പോഷകങ്ങളും കണ്ണിൻറെ ആരോഗ്യത്തിന് ഉത്തമം. വിവിധതരം അണുബാധകളിൽ നിന്നു കണ്ണുകളെ സംരക്ഷിക്കുന്നു.


ഫ്രീറാഡിക്കലുകളിൽ നിന്നു ശരീരകോശങ്ങളെ സംരക്ഷിക്കുന്ന ആൻറിഓക്സിഡൻറുകൾ തണ്ണിമത്തങ്ങയിൽ ധാരാളം. മുൻപു സൂചിപ്പിച്ചവ കൂടാതെ ഫ്ളേവനോയിഡുകളായ ലൈകോപീൻ, ക്രിപ്റ്റോസാന്തിൻ എന്നിവയും തണ്ണിമത്തങ്ങയിലുണ്ട്. നീർവീക്കം, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, ആസ്ത്്മ, സ്ട്രോക്ക്, ഹൃദയാഘാതം തുടങ്ങിയവയിൽ നിന്ന് ആൻറിഓക്സിഡൻറുകൾ സംരക്ഷണമേകുന്നു. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് കിരണങ്ങൾ ചർമത്തിനേൽപ്പിക്കുന്ന ക്ഷതത്തിൻറെ തീവ്രത കുറയ്ക്കുന്നതിനും സഹായകം. വിറ്റാമിൻ സി പ്രതിരോധശക്‌തി മെച്ചപ്പെടുത്തി അലർജി, അണുബാധ എന്നിവയിൽ നിന്ന് രക്ഷിക്കുന്നു.