മുംബൈയിൽ നിന്നു കൊച്ചിയിലേക്ക്
മുംബൈയിൽ നിന്നു കൊച്ചിയിലേക്ക്
ആന്റി ക്ലൈമാക്സ്– 1

1928 നവംബർ ഏഴിനു പുറത്തിറങ്ങിയ വിഗതകുമാരനിലൂടെയായിരുന്നു മലയാള സിനിമ പിറവിയെടുത്തത്. പിന്നീടിങ്ങോട്ട് ഇന്നുവരെ ലോകസിനിമയെ വിസ്മയിപ്പിച്ച സിനിമകളുമായി മലയാള സിനിമാ ലോകം നിറഞ്ഞുനിന്നു. എന്നാൽ, അതിനിടയിലും ഏതു മേഖലയിലെയും പോലെ ക്രിമിനൽവത്കരണവും മയക്കുമരുന്നു മാഫിയയുമൊക്കെ മലയാള സിനിമയുടെ ഓരത്തും തന്പടിച്ചു. ഒളിഞ്ഞും തെളിഞ്ഞുമുള്ള ഇതിൻറെ പ്രത്യാഘാതങ്ങൾ പലപ്പോഴായി പുറത്തുവന്നു. ചിലതൊക്കെ മൂടിവയ്ക്കപ്പെട്ടു, പുറത്തുവന്നവ ഒറ്റപ്പെട്ട സംഭവങ്ങളായി കണ്ടു തഴഞ്ഞു. എന്നാൽ, ഇന്ന് അതു സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കും വിധം വളർന്നിരിക്കുന്നു. നഗരമധ്യത്തിൽ ഒരു നടിയെ കാറിൽ കടത്തിക്കൊണ്ടുപോയി ആക്രമിക്കുകയും അപകീർത്തികരമായ ചിത്രങ്ങളെടുക്കുകയും ചെയ്യാൻ ധൈര്യപ്പെടുന്നതിലേക്ക് എത്തിയിരിക്കുന്നു. ഇതിനു പിന്നിൽ പ്രവർത്തിച്ചിരുന്നവരാകട്ടെ സിനിമ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ എന്നതാണ് വിചിത്രം. പതിവായി കണ്ടുകൊണ്ടിരിക്കുകയും ഒന്നിച്ചു ജോലി ചെയ്യുകയും ചെയ്യുന്ന ഒരാളോട് ഇങ്ങനെ പെരുമാറാൻ കഴിയും വിധം നമ്മുടെ സിനിമാരംഗത്തെ ബന്ധങ്ങൾക്ക് അകലം സംഭവിച്ചുവോ

*ബോളിവുഡിൽനിന്ന്

സിനിമയും ഗുണ്ടാ ക്രിമിനൽ സംഘങ്ങളും തമ്മിലുള്ള ബന്ധം ബോളിവുഡിൽനിന്നു തുടങ്ങുന്നതാണ്. മുംബൈ അധോലോകവും ബോളിവുഡ് സിനിമയും തമ്മിലുള്ള ബന്ധം പരസ്യമാണ്. ബോളിവുഡ് സിനിമയെ പല കാലഘട്ടങ്ങളിലും നിയന്ത്രിച്ചിരുന്നത് മുംബൈ അധോലോകമായിരുന്നു. സിനിമയ്ക്കുള്ള പണം മുതൽ നായികാ നായകൻമാരെ പോലും തീരുമാനിച്ചിരുന്നത് ഹാജി മസ്താൻ മുതൽ ദാവൂദ് ഇബ്രാഹിം വരെയുള്ള അധോലോക നായകൻമാരായിരുന്നു. പല നടിമാരുടെയും പേരുകൾ ഇവരുമായി ചേർത്തു ഗോസിപ്പുകോളങ്ങളിൽ നിറഞ്ഞിട്ടുണ്ട്. പല ബോളിവുഡ് നടീനടൻമാരും തങ്ങൾക്ക് അധോലോകവുമായി ഉണ്ടായിരുന്ന ബന്ധം പിന്നീടു തുറന്നു സമ്മതിച്ചിട്ടുണ്ട്. പണത്തിൻറെ പ്രലോഭനവും ഭീഷണികളുമൊക്കെയാണ് പല സിനിമാക്കാരെയും അധോലോകത്തിൻറെ വലയിലെത്തിച്ചത്.

*അബു സലിം മോണിക്കാ ബേദി

ഒരു കാലത്തു ഗ്ലാമറിൻറെ പര്യായമായിരുന്ന മോണിക്കാ ബേദി എന്ന നടിയും അധോലോക നായകൻ അബുസലിമും തമ്മിലുള്ള ബന്ധം അധോലോകവും സിനിമയും തമ്മിലുള്ള ബന്ധത്തിൻറെ പരസ്യമായ തെളിവാണ്.

തൊണ്ണൂറുകളിൽ ഹിന്ദി സിനിമയിൽ എത്തപ്പെട്ട മോണിക്കാ പിശുക്കില്ലാത്ത ഗ്ലാമർ പ്രദർശനത്തിലൂടെ വളരെപ്പെട്ടെന്നാണ് ആരാധകരെ നേടിയത്. പടങ്ങൾ അത്ര വലിയ വിജയമായില്ലെങ്കിലും മോണിക്ക ശ്രദ്ധിക്കപ്പെട്ടു. നടിയുടെ ബന്ധങ്ങൾ വളർന്ന് അധോലോക നായകൻ അബുസലിമിൻറെ കാമുകി എന്ന പദത്തിലേക്കു വരെയെത്തി. അതോടെ അവർ മതം മാറി ഫൗസിയ എന്ന പേരും സ്വീകരിച്ചു. എന്നാൽ, വൈകാതെ ഈ കൂട്ടുകെട്ട് മോണിക്കയുടെ ജീവിതം മാറ്റിമറിച്ചു.

2001ൽ പോർച്ചുഗിൽ തലസ്‌ഥാനമായ ലിസ്ബണിൽ വ്യാജ പാസ്പോർട്ട് ഉപയോഗിച്ചതിന് അറസ്റ്റിലായതോടെയാണു മോണിക്കയുടെ കഷ്‌ടകാലം ആരംഭിക്കുന്നത്. മോണിക്കയും അബുസലിമും രണ്ടു വർഷമാണ് ലിസ്ബണിലെ ജയിലിൽ കിടന്നത്. 1993ൽ മുംബൈയിലുണ്ടായ സ്ഫോടന പരന്പരയിൽ ഇന്ത്യാ ഗവൺമെൻറ് അബുസലിമിനെ പ്രതിചേർത്തപ്പോൾ മോണിക്ക കൂട്ടുപ്രതിയായി. ഇതു പ്രകാരം 2003ൽ ഇരുവരെയും കൂടുതൽ വിചാരണയ്ക്കായി പോർച്ചുഗൽ ഗവൺമെൻറ് ഇന്ത്യക്കു കൈമാറി. വിചാരണ മൂന്നുവർഷം നീണ്ടു. 2006ൽ സിബിഐയുടെ പ്രത്യേക കോടതി കുറ്റക്കാരിയെന്നു കണ്ടെത്തി മോണിക്കയ്ക്ക് അഞ്ചുവർഷം തടവുശിക്ഷ വിധിച്ചു. മുംബൈയിലെ ആർതർ റോഡ് ജയിലിലെ വാസത്തിനുശേഷം നടി ഇപ്പോൾ ദുബായിൽ താമസിക്കുന്നു. പ്രശസ്തിയുടെ കൊടുമുടിയിൽനിന്നു തടവറ വരെ എത്തിച്ച ജീവിതത്തിൻറെ ഓർമയും പേറി. ഒരു ബോളിവുഡ് സിനിമയിൽ വേഷമിട്ടെങ്കിലും പിന്നീടു സിനിമാലോകത്തു സജീവമാകാൻ അവർക്കു കഴിഞ്ഞില്ല.

സഞ്ജയ് ദത്ത്

വിഖ്യാത നടി നർഗീസ് ദത്തിൻറെയും സുനിൽ ദത്തിൻറെയും മകനായ ഹിന്ദി നടൻ സഞ്ജയ് ദത്തും അധോലോക മാഫിയ ബന്ധത്തിൻറെ പേരിൽ കുപ്രസിദ്ധി നേടിയിരുന്നു. മുംബൈ അധോലോകവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന സഞ്ജയ് ദത്തിൻറെ ജീവിതംതന്നെ മാറ്റിമറിച്ച സംഭവമായിരുന്നു 1993 ലെ മുംബൈ സ്ഫോടനം. 257 പേരുടെ മരണത്തിനു വഴിവച്ച മുംബൈ സ്ഫോടന പരന്പരയുമായി ബന്ധപ്പെട്ട് അഞ്ചു വർഷം ജയിൽ ശിക്ഷയും ലഭിച്ചു. സ്ഫോടനം നടത്തിയ തീവ്രവാദികൾക്കായി എത്തിച്ച ആയുധം വീട്ടിൽ സൂക്ഷിച്ചു എന്ന കുറ്റത്തിനാണ് അദ്ദേഹത്തിനു ജയിൽ ശിക്ഷ ലഭിച്ചത്. സ്ഫോടനത്തിൻറെ പിന്നിൽ പ്രവർത്തിച്ച അബു സലിം, റിയാസ്

സിദ്ദിഖി എന്നിവർ എത്തിച്ചു നൽകിയ ആയുധങ്ങൾ സഞ്ജയ് ദത്ത് സൂക്ഷിക്കുകയായിരുന്നു. സ്ഫോടനത്തിനു ശേഷം നടന്ന അന്വേഷണത്തിൽ നിയമവിരുദ്ധമായി ആയുധം വീട്ടിൽ സൂക്ഷിച്ച കുറ്റത്തിനു സഞ്ജയ് ദത്തിനെ അറസ്റ്റ് ചെയ്തു. ആറു വർഷം തടവു ലഭിച്ചെങ്കിലും കോടതി അതു അഞ്ചു വർഷമായി കുറച്ചു.

ജീവനെടുക്കുന്ന അധോലോകം

പ്രണയബന്ധങ്ങളും ഗോസിപ്പുകോളങ്ങളിലും മാത്രമായി അധോലോകവും ബോളിവുഡും തമ്മിലുള്ള ബന്ധം ഒതുങ്ങിയില്ല. സിനിമയിലേക്കൊഴുകിയെത്തുന്ന പണത്തിനെ നിയന്ത്രിക്കുന്ന ശക്‌തികളായി അധോലോകം പ്രവർത്തിച്ചു. എതിർക്കുന്നവരെ ഒതുക്കിയും ചെറുത്തുനിൽക്കുന്നവരെ ഇല്ലാതാക്കിയും ഈ മാഫിയ കൊടികുത്തി വാണു. സിനിമ ചിത്രീകരിക്കാനും റിലീസ് ചെയ്യാനും ഹഫ്ത ആവശ്യപ്പെടുന്ന തരത്തിലേക്കു കാര്യങ്ങൾ മാറി. ഓരോ മാഫിയയും തങ്ങൾക്ക് ഇഷ്‌ടപ്പെടാത്ത അഭിനേതാക്കളെ സിനിമകളിൽ അഭിനയിക്കുന്നതിൽനിന്നു വിലക്കി. നടിമാരെ കിടപ്പറകളിലെത്തിച്ചു. വഴങ്ങാത്തവർക്കു സിനിമയിൽ അവസരവും ജീവനും വരെ നഷ്‌ടപ്പെടാവുന്ന അവസ്‌ഥ.

ടി സീരീസ് എന്ന മ്യൂസിക് കന്പനിയുടെ ഉടമയായിരുന്ന ഗുൽഷൻ കുമാർ അബുസലിം ഗ്യാംഗിൻറെ വെടിയേറ്റു മരിക്കുകയായിരുന്നു. അവർ ആവശ്യപ്പെട്ട പത്തുകോടി രൂപ നൽകാൻ വിസമ്മതിച്ചതിനെത്തുടർന്ന് അന്ധേരി ശിവക്ഷേത്രത്തിനു മുന്നിലായിരുന്നു കൊലപാതകം.

ആമിർ ഖാൻ, ഷാരൂഖ് ഖാൻ, അക്ഷയ്കുമാർ, മഹേഷ് ഭട്ട്, അശുതോഷ് ഗവാരിക്കർ, രാകേഷ് റോഷൻ, മൻമോഹൻ ഷെട്ടി, രാജീവ് റായ്, ബോണി കപൂർ, കരൺ ജോഹർ, സാജിദ് നാദിയാദ് വാല തുടങ്ങിയ ഹിന്ദി സിനിമയിലെ പ്രമുഖർക്ക് അധോലോക ഭീഷണിയുണ്ടായിരുന്നതായി അവർതന്നെ വെളിപ്പെടുത്തിയിരുന്നു. ഇവരിൽ പലർക്കും നേരെ ആക്രമണശ്രമങ്ങളുമുണ്ടായി. ദാവൂദ് ഇബ്രാഹിം, അബു സലീം, രവി പൂജാരി, ഛോട്ടാ ഷക്കീൽ തുടങ്ങിയ അധോലോക നായകരായിരുന്നു പല സംഭവങ്ങളുടെയും പിന്നിൽ. അധോലോക നായകരിൽ പലരും ജയിലിലാകുകയും മറ്റുള്ളവർ രാജ്യം വിടുകയും ചെയ്തതോടെ ബോളിവുഡിലുള്ള ഇവരുടെ നിയന്ത്രണം കുറഞ്ഞു. എന്നാൽ, ഇപ്പോഴും ഭീഷണികൾ ഉണ്ടാകാറുണ്ടെന്നു വെളിപ്പെടുത്തി പലതാരങ്ങളും രംഗത്തു വരാറുണ്ട്. അപായപ്പെടുത്തിക്കളയുമെന്ന ഭയത്തിൽ പലരും ഭീഷണികൾ പുറത്തുപറയാറുമില്ല.


കൊച്ചിയിലേക്കു വന്നാൽ

ബോളിവുഡിൽ മാത്രം കേട്ടിരുന്ന ചിലതൊക്കെ കേരളത്തിലും സജീവമാണെന്നു പുറത്തറിഞ്ഞു തുടങ്ങിയതു കഴിഞ്ഞ ദിവസം മലയാളത്തിലെ പ്രമുഖ നായികനടിയെ ഗുണ്ടാസംഘങ്ങൾ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചപ്പോഴാണ്. സുരക്ഷിതമെന്നു കരുതിയ യാത്രയിൽ നേരിട്ട ദുരനുഭവത്തിൻറെ കഥ നടിയെ ഒരു നിമിഷം തകർത്തെങ്കിലും കുറ്റവാളികൾക്കു ശിക്ഷ വാങ്ങി കൊടുക്കണമെന്നുള്ള ഉറച്ചതീരുമാനത്തെത്തുടർന്നു പോലീസിൽ വിവരമറിയിക്കുകയായിരുന്നു. നേരത്തെയും ഇത്തരം സംഭവങ്ങൾ അരങ്ങേറിയിട്ടുണ്ടെങ്കിലും പലരും നാണക്കേടും മറ്റു പ്രശ്നങ്ങളും ഭയന്ന് പുറത്തു പറയാതിരിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു മലയാള സിനിമയുടെ കറുത്ത ദിനം. എറണാകുളത്തു തൻറെ പുതിയ സിനിമയുടെ ഡബിംഗ് ജോലികൾക്കായി പുറപ്പെട്ടതായിരുന്നു നടി. പതിവുപോലെ പ്രൊഡക്ഷൻ കന്പനിയുടെ വാഹനമായി ഔഡി കാർ കൃത്യസമയത്തുതന്നെ എത്തി. തൃശൂരിൽ നടന്ന സിനിമ ചിത്രീകരണത്തിനുശേഷം വൈകുന്നേരം ആറോടെയാണു നടി പുറപ്പെട്ടത്. കാറിൽ ഡ്രൈവറായ മാർട്ടിനും നടിയും മാത്രം. കാറിൽ കയറിയ ഉടൻ പെട്ടെന്നു എറണാകുളത്ത് എത്തേണ്ട ആവശ്യമുണ്ടോ എന്നു ഡ്രൈവർ തിരക്കിയതായി പിന്നീടു നടി പറഞ്ഞിരുന്നു. കാർ മെല്ലെ തൃശൂരിൽനിന്നു പുറപ്പെട്ടു. എറണാകുളത്തേക്കുള്ള വഴിയിൽ കാർ സാവധാനം മുന്നോട്ടു പോയി. യാത്രയ്ക്കിടയിൽ ഡ്രൈവർ മാർട്ടിൻ ആർക്കോ മെസേജുകൾ അയച്ചുകൊണ്ടിരുന്നു. രാത്രി 8.30ഓടെ അത്താണിക്കും ദേ

ശത്തിനും ഇടയ്ക്കുള്ള കോട്ടായി എന്ന സ്‌ഥലത്തെത്തിയപ്പോൾ കാറിൻറെ പിന്നിൽ ഒരു ടെംപോ ട്രാവലർ വന്നിടിച്ചു. ട്രാവലറിൽനിന്നു നടിയുടെ മുൻ ഡ്രൈവറും സിനിമാ മേഖലയുമായി ബന്ധപ്പെട്ടു നിൽക്കുന്ന പൾസർ സുനിയും മറ്റു രണ്ടു പേരും ഇറങ്ങിവന്നു. കാറിൽ വാഹനം തട്ടിയതിൻറെ പേരിലുള്ള തർക്കമെന്നപേരിൽ ഡ്രൈവർ മാർട്ടിനെ മർദിക്കുകയും സുനിയും മറ്റൊരാളും വാഹനത്തിലേക്കു കയറുകയും ചെയ്തു. എന്നാൽ, കാറിൽ കയറിയതോടെ ഇവരുടെ രീതി മാറി.

കാറിൽ നടിയെ ആക്രമിക്കുകയും അപകീർത്തികരമായ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തുകയും ചെയ്തു. നഗരത്തിൻറെ വിവിധ ഭാഗങ്ങളിലൂടെ ഏകദേശം മൂന്നര മണിക്കൂറോളം നടിയുമായി പ്രതികൾ കാറിൽ സഞ്ചരിച്ചു. ഇതിനിടയിൽ കാറിലുണ്ടായിരുന്ന പ്രതികൾ നടിയെ മാറി മാറി ഉപദ്രവിച്ചു. നഗരത്തിലെ വിവിധ വഴികളിലൂടെ കാർ ഓടി. 12 മണിയോടെ കാർ കാക്കനാടിനു സമീപം വാഴക്കാലയിൽ എത്തിയപ്പോൾ പ്രതികൾ ഇറങ്ങി. പിന്നാലെ വന്ന ടെംപോ ട്രാവലറിൽ കയറി രക്ഷപ്പെട്ടു. ഈ സമയങ്ങളിൽ മാർട്ടിൻതന്നെ ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. അടുത്തുള്ള സംവിധായകൻറെ വീട്ടിൽ അഭയം തേടിയ നടി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. രാത്രി തന്നെ സംഭവങ്ങൾക്കു കൂട്ടുനിന്ന ഡ്രൈവർ മാർട്ടിനെ പോലീസ് അറസ്റ്റ് ചെയ്തു. മാനഹാനി ഭയന്നു ഒളിച്ചുവയ്ക്കപ്പെടുമായിരുന്ന ഒരു ക്രൂരസംഭവം അങ്ങനെ പുറംലോകം അറിഞ്ഞു. ഇതോടൊപ്പം പുറത്തുവന്നതു കൊച്ചിയിലെ സിനിമാമേഖലയിൽ പ്രവർത്തിക്കുന്ന ഗുണ്ടാമാഫിയാ സംഘങ്ങളെക്കുറിച്ചുള്ള കഥകളുമാണ്.

*ഛോട്ടാ മുംബൈ എന്ന കൊച്ചി

മദ്രാസ് കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന മലയാള സിനിമ കേരളത്തിലേക്കു പറിച്ചു നട്ടപ്പോഴാണു സിനിമാ ഭൂപടത്തിൽ കൊച്ചി രംഗപ്രവേശം ചെയ്യുന്നത്. സിനിമയുടെയും സിനിമാക്കാരുടെയും കേന്ദ്രമായി കൊച്ചി മാറി. സിനിമാമേഖലയിൽ എത്തുന്ന കണക്കിൽപ്പെടാത്ത കോടികൾ മറ്റു മേഖലകളിലെന്നപോലെ സിനിമയിലേക്കും ക്രിമിനലുകൾ എത്താൻ കാരണമായി. സിനിമാമേഖലയിലെ പണത്തിൻറെ കളികൾ തന്നെയായിരുന്നു ഗുണ്ടാസംഘങ്ങളെ ഇവിടേക്ക് അടുപ്പിച്ചതും. രണ്ടായിരത്തിൻറെ തുടക്കംമുതലാണ് ഈ അധോലോക സംഘങ്ങൾ മലയാള സിനിമാലോകത്തു സജീവമാകുന്നത്.

സിനിമയിലും അനുബന്ധ വ്യവസായങ്ങളിലും ഇന്നു ഗുണ്ടാ സംഘങ്ങൾ ഒഴിച്ചുകൂടാനാവാത്ത സ്‌ഥിതിയാണ്. പല നിർമാതാക്കളുടെയും താരങ്ങളുടെയും വ്യവസായങ്ങൾക്കു സംരക്ഷണം നൽകാനും സെക്യുരിറ്റി ജോലികളും ഇവർ ഏറ്റെടുത്തു. പിടിമുറുക്കിക്കഴിഞ്ഞാൽ മുതലെടുപ്പു നടത്തുന്ന പ്രകൃതക്കാരാണ് ഇവരിൽ പലരും. തങ്ങളുടെ രഹസ്യങ്ങൾ പുറത്തുവരാതിരിക്കാൻ ഇത്തരം മുതലെടുപ്പുകൾ പലരും അംഗീകരിച്ചുകൊടുക്കുകയും ചെയ്യുന്നു. തങ്ങൾക്കുവേണ്ടി എന്തും ചെയ്തു തരുമെന്നതിനാൽ സിനിമാക്കാർ ഇത്തരം ഗുണ്ടകളെ സംരക്ഷിച്ചുപോരുകയും ചെയ്തു.

ബോഡിഗാർഡിൽനിന്നു മുന്നോട്ട്

ലൊക്കേഷനുകളിലും താരങ്ങൾക്കു സുരക്ഷയൊരുക്കലായിരുന്നു ഗുണ്ടാ സംഘങ്ങളുടെ പ്രധാന പണി. പൊതുവേദികളിലും മറ്റും താരങ്ങൾക്കു സുരക്ഷയൊരുക്കുന്ന പണിയും ഇവർ ഏറ്റെടുത്തു. ഷൂട്ടിംഗ് കാണാനെത്തുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കുക, വാഹനങ്ങൾ ഓടിക്കുക, സിനിമയ്ക്കായി വാഹനങ്ങൾ എത്തിച്ചു കൊടുക്കുക തുടങ്ങിയ ജോലികളും ഇവർ ഏറ്റെടുത്തു ചെയ്തു പോന്നു. പിന്നീട് സിനിമയുടെ സകല മേഖലകളിലേക്കും ഇവർ കൈകടത്തിത്തുടങ്ങി. പ്രൊഡക്ഷൻ കൺട്രോളർമാരടക്കമുള്ളവരുടെ എല്ലാ ഒത്താശയോടുംകൂടി ഇവർ പല സിനിമ സെറ്റുകളിലും വാണു.

(ഒരു മുൻകാല നടിക്കും മറ്റൊരു യുവനടിക്കും ഈ സംഘത്തിൽ നിന്നു ദുരനുഭവം ഉണ്ടായി. കൂടാതെ മലയാളത്തിൽ ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച ഒരു പ്രമുഖ സംവിധായകനും ദുരനുഭവമുണ്ടായി. അതേക്കുറിച്ച് തുടരും.)

–അരുൺ സെബാസ്റ്റ്യൻ