അമ്മ അറിഞ്ഞു, അതുക്കും മേലേ
അമ്മ അറിഞ്ഞു, അതുക്കും മേലേ
ചില രാഷ്ര്‌ടീയക്കാരുണ്ട് , തങ്ങൾചെയ്ത കുറ്റങ്ങൾക്ക് പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ടാൽ പൊതുജീവിതം അവസാനിപ്പിക്കുന്നവർ. ചിലർ മറ്റുപാർട്ടികളിൽ ചേക്കേറുന്നു. മറ്റുചിലരുണ്ട് പുറത്താക്കപ്പെട്ട പാർട്ടിയിലെ അംഗങ്ങളെ ബന്ധപ്പെട്ടുകൊണ്ടിരിക്കും. തങ്ങൾ താമസിയാതെ തിരിച്ചുവരുമെന്നും പഴയപ്രതാപം വീണ്ടെടുക്കുമെന്നും അതുകൊണ്ട് തങ്ങൾക്കെതിരേ സൂക്ഷിച്ച് നീങ്ങണമെന്നും പറയും.’’ ശശികലയെയും കുടുംബാംഗങ്ങളേയും പാർട്ടിയിൽനിന്ന് 2011 ൽ പുറത്താക്കിയ ശേഷം നടന്ന പാർട്ടി ജനറൽ കൗൺസിൽ മീറ്റിംഗിൽ ജയലളിത നടത്തിയ പ്രസംഗത്തിലെ വാക്കുകളാണ് ഇത്. മന്നാർഗുഡി മാഫിയയ്ക്കെതിരേയും അവരുടെ ആജ്‌ഞാനുവർത്തികളായ ഉദ്യോഗസ്‌ഥർക്കും പാർട്ടി തേതാക്കൾക്കും ആയിരുന്നു ജയലളിതയുടെ ഈ മുന്നറിയിപ്പ് . ഇത് മനസിലാക്കിയ ശശികലപക്ഷക്കാർ മുറുമുറുത്തു.

മേലിൽ തൻറെ വാക്കുകൾ മാത്രം ഉദ്യോഗസ്‌ഥരും മന്ത്രിമാരും അനുസരിച്ചാൽ മതിയെന്നും മറ്റു കോണുകളിൽനിന്ന് വരുന്ന നിർദേശങ്ങൾ അനുസരിക്കേണ്ടതില്ലെന്നും അവർ ഉറപ്പിച്ചുപറഞ്ഞു.

ഉദ്യോഗസ്‌ഥരിലേക്ക് തൻറെ നിർദ്ദേശം ശരിക്ക് എത്തുന്നുണ്ട് എന്നുറപ്പാക്കാൻ ജയലളിത ഒരു ഉദ്യോഗസ്‌ഥൻറെ കഥയും പറഞ്ഞു. അതിങ്ങനെയാണ്. തനിക്കറിയാവുന്ന ഒരു സത്യസന്ധനായ ഉദ്യോഗസ്‌ഥന് അഴിമതിനടത്തി ജീവിതകാലം മുഴുവനും ആസ്വദിക്കാൻ പറ്റുമായിരുന്ന ഒരു വാഗ്ദാനമുണ്ടായി. അന്ന് രാത്രി മുഴുവനും അയാൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. പിറ്റേന്ന് അയാൾ ഇതേക്കുറിച്ച് തൻറെ അമ്മയോട് സൂചിപ്പിച്ചു. അഴിതിക്ക് കൂട്ടുനിന്ന് ജീവിതകാലം മുഴുവൻ നിൻറെ ഉറക്കംകളയണോ എന്നായിരുന്നു ആ അമ്മയുടെ മറുപടി. അതുകൊണ്ട് ശരിക്കും ഉറങ്ങണം എന്ന് ആഗ്രഹിക്കുന്നവർ ഒരിക്കലും അഴിമതിക്ക് കൂട്ടു നിൽക്കാൻ പാടില്ലെന്നും അത്തരക്കാരെ ഒരിക്കലും താൻ വെറുതെ വിടില്ലെന്നും ജയലളിത മുന്നറിയിപ്പുനൽകി.

2011 ൽ നടന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ജനവികാരം ഡിഎംകെയ്ക്ക് എതിരായിരുന്നതിനാൽ 150 സീറ്റുകൾ നേടിയാണ് ജയലളിതയുടെ പാർട്ടി എഡിഎംകെ അധികാരത്തിലെത്തിയത്. പാർട്ടിയുടെ സ്‌ഥാനാർഥികളെ നിശ്ചയിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത് ശശികലയാണെന്ന് അന്നേ ആരോപണമുണ്ടായിരുന്നു. ശശികലയെ പുറത്താക്കുന്നതിനുമുന്പ് ഭരണത്തിൻറെ എല്ലാക്കാര്യങ്ങളും ശശികലയും കൂട്ടരുമാണ് നടത്തിയിരുന്നത്. പല കോണുകളിൽ നിന്നും പരാതികളും മുന്നറിയിപ്പും ഉണ്ടായെങ്കിലും കാര്യങ്ങൾ ഭംഗിയായാണ് നടക്കുന്നത് എന്ന് ജയലളിത വിശ്വസിച്ചു. എന്നാൽ നേരിട്ട് ചില അനുഭവങ്ങൾ ഉണ്ടായതോടെ മന്നാർഗുഡിക്കാർക്കെതിരേ ശക്‌തമായ നടപടികൾ എടുക്കൻ ജയ നിർബന്ധിതയാകുകയായിരുന്നു.

മന്നാർഗുഡിക്കാർക്കെതിരേയുള്ള ആരോപണങ്ങൾ പെരുകിവരവെയാണ് തനിക്കെതിരേ ചിലർ ബംഗളൂരുവിൽ രഹസ്യഗൂഢാലോചന നടത്തുന്നു എന്ന കാര്യം ജയലളിത അറിയുന്നത്. ഇതിൻറെ വീഡിയോയും മറ്റുവിവരങ്ങളും ജയലളിതയ്ക്ക് ലഭിച്ചു. ഇതെല്ലാം കണ്ടശേഷമാണ് തനിക്കൊപ്പമുള്ള ചിലരെ ശരിക്കും സംശയിക്കാൻ തുടങ്ങിയത്. തുടർന്ന് തൻറെ അംഗരക്ഷകരെ ജയലളിത മാറ്റി. സംശയം തോന്നിയിടത്തെല്ലാം മാറ്റങ്ങൾ വരുത്തി. ചില മന്ത്രിമാരെ പുറത്താക്കാൻ തീരുമാനിക്കുകയുംചെയ്തു. പക്ഷെ മന്ത്രിമാരെ മാറ്റിയില്ല.പകരം എല്ലാവരേയും തൻറെ സൂക്ഷ്മ നിരീക്ഷണത്തിലാക്കി.

ശശികലയെ പുറത്താക്കുന്നതിനു രണ്ടുദിവസം മുന്പ് തൻറെ പ്രത്യേക നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഒരു മന്ത്രി ജയലളിതയെ കാണാൻ എത്തി. ഭാവി തമിഴ്നാട് മുഖ്യമന്ത്രിക്ക് സ്വാഗതം എന്നാണ് ജയലളിത മന്ത്രിയെ സ്വീകരിച്ചുകൊണ്ട് പറഞ്ഞതത്രേ. തന്നെ മാറ്റി മറുപക്ഷത്തെ പ്രമുഖയെ മുഖ്യമന്ത്രിയാക്കാൻ ശ്രമിക്കുന്നയാളാണ് ഈ മന്ത്രി. അതിനായി മറുപക്ഷത്തിനുവേണ്ടി കേരളത്തിലെത്തി ചില പ്രത്യേക പൂജ നടത്താൻ ഇയാളെ ചുമതലപ്പെടുത്തിയിരുന്നത്രേ. എന്നാൽ ഇയാൾ പൂജകളെല്ലാം തനിക്കുവേണ്ടിയാണ് ചെയ്തത് എന്ന് ജയലളിത അറിഞ്ഞിരുന്നു . അതിനാലാണത്രേ ഭാവി മുഖ്യമന്ത്രി എന്ന് ഇയാളെ കളിയാക്കി വിളിച്ചത്. ചെന്നൈ മോണോറെയിൽ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് ജയലളിതയ്ക്ക് തൻറെ വിശ്വസ്‌ഥരിൽ അവിശ്വാസം ഉണ്ടാകാൻ ഇടയായ പ്രധാനപ്പെട്ട രണ്ടാമത്തെ കാര്യം. തൻറെ ഈ സ്വപ്നപദ്ധതി ഫാസ്റ്റ്ട്രാക്കിൽ നടത്താൻ ജയലളിത തീരുമാനിച്ചു. ഒരു സിംഗപ്പൂർ കന്പനിക്ക് നിർമാണ ചുമതലകൾ നൽകാൻ തീരുമാനിക്കുകയും ഇപ്രകാരം ഫയലുകൾ തയാറാക്കി തനിക്കു സമർപ്പിക്കാൻ ചീഫ്സെക്രട്ടറിക്ക് നിർദേശം നൽകുകയുംചെയ്തു. എന്നാൽ ഫയൽ എത്തിയപ്പോൾ അതിൽ സിംഗപ്പൂർ കന്പനിയെ പരിഗണിച്ചിരുന്നില്ല.


ഇതിൽ അസ്വസ്‌ഥയായ ജയലളിത ചീഫ്സെക്രട്ടറിയോട് വിശദീകരണം തേടി. മുകളിൽനിന്ന് എത്തിയ ഒരു നിർദേശപ്രകാരമാണ് താൻ അങ്ങനെ ചെയ്തതെന്നും അത് ഔദ്യോഗിക നിർദശമായാണ് താൻ കരുതിയതെന്നും ചീഫ്സെക്രട്ടറി പറഞ്ഞു. സംഭവത്തിൻറെ ദുരൂഹത വെളിച്ചത്തുകൊണ്ടുവരാൻ ജയലളിത തോഴി ശശികലയോട് സംഭവത്തെക്കുറിച്ച് ആരാഞ്ഞു. എന്നാൽ തനിക്കൊന്നും അറിയില്ല എന്ന മറുപടിയാണ് ഉണ്ടായത്.

സംഗതികളെല്ലാം അറിഞ്ഞ് വേണ്ട കുറേ മുൻകരുതൽ നടപടികൾ ജയലളിത എടുക്കുകയും അതിൻറെ ഭാഗമായി ശശികലയേയും കൂട്ടരേയും പുറത്താക്കുകയും ചെയ്തു എങ്കിലും ഫലമുണ്ടായില്ല. മാസങ്ങൾക്കുള്ളിൽ ശശികല മടങ്ങിയെത്തി. തുടർന്നങ്ങോട്ട് ജയലളിതയ്ക്ക് ഭരണത്തിൽ കാര്യമായ പങ്ക് ഉണ്ടായിരുന്നില്ല എന്നാണ് നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നത്.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്‌ഥാനാർഥി ലിസ്റ്റ് പ്രഖ്യാപിക്കപ്പെട്ടതിനു ശേഷം കുംഭകോണം മന്നാർഗുഡി എന്നീ മണ്ഡലങ്ങളിലെ സ്‌ഥാനാർഥികളെചൊല്ലി ഏറെ വാദപ്രതിവാദങ്ങളാണ് എഡിഎംകെയിൽ നടന്നത്. ആദ്യം പ്രഖ്യാപിച്ച ലിസ്റ്റിൽ സുധ, രാമചന്ദ്രൻ എന്നിവരാണ് യഥാക്രമം ഉണ്ടായിരുന്നത്. എന്നാൽ പൊടുന്നനെ അവരെ മാറ്റി കാമരാജിനും ശേഖറിനും നറുക്കുവീണു. ഇവർ രണ്ടുപേരും ശശികലയ്ക്ക് വേണ്ടപ്പെട്ടവരാണെന്നും അവരാണ് ഈ മാറ്റത്തിൻറെ പിന്നിലെന്നും അന്ന് അരോപണം ഉയർന്നിരുന്നു. ഇതിനെതിരേ ചില നേതാക്കൾ പരസ്യമായി പ്രതികരിച്ചെങ്കിലും ആ വിഷയം പതിയെ കെട്ടടങ്ങുകയായിരുന്നു. ഇങ്ങനെ തമിഴ്നാട്ടിലെ ഭരണം സംബന്ധിച്ച് ഏറെ ചോദ്യങ്ങൾ ഉയരുന്നതിനിടെയായിരുന്നു മുഖ്യമന്ത്രി ജയലളിതയുടെ ദുരൂഹമരണം. ഇതിൻറെ പിന്നിലും മന്നാർഗുഡി മാഫിയയാണെന്ന് നിരവധി വാർത്തകൾ പുറത്തുവന്നു. അതിനുള്ള കാരണങ്ങൾ പലതും നിരന്നു. എന്നിട്ടും തമിഴ്നാട്ടിൽ മന്നാർഗുഡി മാഫിയയുടെ ഭരണമാണ് നടക്കുന്നത് എന്നാണ് മുൻ മുഖ്യമന്ത്രി പനീർശെൽവവും കഴിഞ്ഞദിവസം ആരോപിച്ചത്. ഈ ആരോപണങ്ങളും സംശയങ്ങളും ശരിയാണെങ്കിൽ ശശികല തെരഞ്ഞെടുത്ത പുതിയ മുഖ്യമന്ത്രി പളനിസ്വാമി വെറും റബർസ്റ്റാന്പായിരിക്കുമെന്നകാര്യത്തിൽ സംശയംവേണ്ട. ഏതായാലും മന്നാർഗുഡിമാഫിയയിൽ നിന്ന് തമിഴ്നാടിനെ മോചിപ്പിക്കുംവരെ പോരാട്ടം തുടരും എന്നാണ് പനീർശെൽവത്തിൻറെയും കൂട്ടരുടേയും പ്രതിജ്‌ഞ. ഈ പോരാട്ടത്തിൽ താനുംപനീർശെൽവത്തിനൊപ്പമുണ്ടാകുമെന്ന് ജയലളിതയുടെ സഹോദര പുത്രി ദീപയും അറിയിച്ചുകഴിഞ്ഞു. അതുകൊണ്ടുതന്നെ തമിഴ് രാഷ്ര്‌ടീയത്തിൻറെ ചൂടുള്ള വാർത്തകൾക്ക് തത്കാലം ശമനമുണ്ടാകാൻ തരമില്ല . (അവസാനിച്ചു)

–ജോസി ജോസഫ്