പഴക്കംകൂടിയാൽ അടിച്ചഅുമാറ്റും
പഴക്കംകൂടിയാൽ അടിച്ചഅുമാറ്റും
സൗത്ത് മുംബൈയിലെ ഗിർഗാം ചൗപ്പാത്തിലെ കൂറ്റൻ വീട്ടിലും ഗോഡൗണിലും അപ്രതീക്ഷിത അതിഥികളെ കാത്തിരുന്നത് അമൂല്യമായ ഒരു പിടി വസ്തുക്കളാണ്. കോടികൾ വിലമതിക്കുന്ന അപൂർവ വിഗ്രഹങ്ങൾ. രാജവംശകാലത്തെ തിരുശേഷിപ്പുകളായ സ്വർണ്ണ നാണയങ്ങൾ. ഇത്രയധികം വിലയേറിയ ഒരു വേട്ട നടത്താനായതിൻറെയും രാജ്യാന്തര ബന്ധമുള്ള സൂത്രശാലിയായ വേട്ടക്കാരനെ കുടുക്കാനായതിൻറെയും ചാരിതാർഥ്യത്തിലായിരുന്നു മുംബൈ റവന്യൂ ഇൻറലിജൻസ് ഡയറക്ടറേറ്റി (ഡിആർഐ) ലെ ഉദ്യോഗസ്‌ഥ സംഘം.

അറിയപ്പെടുന്ന കയറ്റുമതിക്കാരൻ

കഴിഞ്ഞ മുപ്പതു വർഷമായി വിജയ് നന്ദ അമേരിക്കയിലാണ്. ഫർണിച്ചറുകളും വസ്ത്രങ്ങളുമൊക്കെ വിൽക്കുന്ന വ്യാപാരിയായാണ് നന്ദ അറിയപ്പെടുന്നത്. 2010 –ൽ ന്യൂയോർക്കിൽ ഒരു കന്പനി ആരംഭിച്ചു– സംഗം ഇംപോർട്ടർ. പഴയ ഫർണിച്ചറുകളുടെ വിൽപ്പനയാണ് ലക്ഷ്യം. സേജ് മെർക്കൻറൈൽ എന്ന മറ്റൊരു കന്പനിക്കും നന്ദ രൂപം കൊടുത്തു. കൊറിയ, ജപ്പാൻ, ചൈന, ഹോംഗ്കോംഗ് എന്നീ രാജ്യങ്ങൾക്കു പുറമേ യൂറോപ്പിലും ഗൾഫ് രാജ്യളിലും നന്ദയ്ക്ക് കോടികളുടെ ലാഭം ലഭ്യമാകുന്ന വ്യാപാര സൗഹൃദങ്ങളുണ്ട്.

ഫർണിച്ചറും വസ്ത്രവുമൊക്കെ കച്ചവടം നടത്തുന്നയാൾക്ക് കോടികളുടെ ലാഭമോ.. സംശയം സ്വാഭാവികം. ഫർണിച്ചറുകളും കരകൗശല വസ്തുക്കളും കയറ്റുമതി ചെയ്യുന്പോൾ, അവയോടൊപ്പം മറ്റു ചില സാമഗ്രികൾ കൂടി വിദേശത്തക്ക് അയക്കും. പക്ഷെ, രഹസ്യമായെന്ന് മാത്രം. അങ്ങനെ അയയ്ക്കുന്നവയുടെ പട്ടികയിൽ ഉൾപ്പെട്ടതാണ് സൗത്ത് മുംബൈയിലെ നന്ദയുടെ ഗോഡൗണിൽ നിന്നു ഡിആർഐ സംഘം കണ്ടെടുത്തത്. ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങളിൽ നന്ദ പ്രത്യേകമായി കണ്ണ് വച്ചിട്ടുണ്ട്.

ഇവിടുത്തെ ക്ഷേത്രങ്ങളിലെ പുരാതന വിഗ്രഹങ്ങളോട് നന്ദയ്ക്ക് വല്ലാത്തൊരു ആരാധനയാണ്. ഈ മുതൽ എങ്ങനെ കൈവശം വന്നാലും നന്ദ പരിഗണിക്കും. ചിലപ്പോൾ മോഷ്‌ടാക്കളിലൂടെയായിരിക്കും കൈകളിലെത്തുക. നന്ദയുടെ പക്കലെത്തി കഴിഞ്ഞൽ ഈ വിഗ്രഹങ്ങൾക്ക് രേഖകളും ഉടനെ യാഥാർഥ്യമാകും. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇൻഡ്യ (എഎസ്ഐ) യുടെ സർട്ടിഫിക്കറ്റ് വ്യാജമായി തയാറാക്കും. വിഗ്രഹവുമായി ബന്ധപ്പെട്ട അവശ്യരേഖകളും കൃത്രിമമായി ക്രമീകരിക്കും. ഇൻഡ്യയ്ക്ക് പുറത്തേക്ക് ഇവ കടത്തുന്നത് വളരെ സൂക്ഷ്മതയോടെയാണ്.

ഫർണിച്ചറുകളുടെയും കരകൗശല വസ്തുക്കളുടെയും ഒപ്പമാണ് ഈ മോഷണമുതലുകളും കടൽ കടക്കുക. വിദേശത്തെ വിവിധ ആർട്ട് ഗ്യാലറികൾ, മ്യൂസിയം എന്നിവിടങ്ങൾക്ക് വൻതുകയ്ക്ക് വിൽക്കും. രേഖകളെല്ലാം ഉള്ളതിനാൽ ഗ്യാലറികളും മ്യൂസിയം അധികൃതരുമെല്ലാം ഇവ യാതൊരു വിലപേശൽ പോലും കൂടാതെ വാങ്ങുമത്രെ. ഇത്തരം സാധനസാമഗ്രികൾ നിധി പോലെ സൂക്ഷിക്കുന്ന ശീലമുള്ളവരും നന്ദയുടെ ഉപഭോക്‌താക്കളാണ്. ഗുപ്തകാലത്തെ സ്വർണ്ണനാണയങ്ങൾ, മൗര്യാനന്തര കാലഘട്ടത്തിലെ ചെറുപ്രതിമകൾ, രജപുത്രരുടെ വാളുകളും കത്തികളും, ചോള കാലത്തെ വെങ്കലസാധനങ്ങൾ, തിബത്തിയൻ പ്രതിമകൾ... അങ്ങനെ നീളുന്നു നന്ദ നടത്തിയിട്ടുള്ള വിൽപ്പനയുടെ പട്ടിക.

കൂട്ടുകച്ചവടക്കാരനിലൂടെ പ്രധാനിയിലേക്ക്...

നന്ദയുടെ കൂട്ടുകച്ചവടക്കാരനായ ഉദിത് ജെയിനിൽ നിന്നാണ് ഡിആർഐ അധികൃതർക്ക് ഈ ആഗോള വിഗ്രഹ വ്യാപാരിയെക്കുറിച്ചുള്ള വ്യക്‌തമായ വിവരങ്ങൾ ലഭിച്ചത്. പുരാവസ്തുക്കളും പുരാതന പെയിൻറിംഗുകളും കടത്താൻ ശ്രമിക്കുന്നതിനിടയിൽ ഉദിത് ജെയ്ൻ, ചെന്നൈ റവന്യൂ ഇൻറലിജൻസ് ഡയറക്ടറേറ്റിൻറെ പിടിയിലകപ്പെട്ടിരുന്നു. ഉദിതിൻറെ ഇ –മെയിലുകൾ ഡിആർഐ സംഘം പരിശോധിച്ചു. നന്ദയുടെ വിലയേറിയ ചില ഇടപാടുകളെക്കുറിച്ച് ബോധ്യമായ സംഘം അവസരം നോക്കിയിരിക്കുകയായിരുന്നു. ഇന്ത്യയിലെ പുരാതനമായ ശിൽപ്പങ്ങൾ ഹോംഗ് കോംഗിലേക്ക് അയക്കുന്നുവെന്ന ഒരു ഇ –മെയിൽ സന്ദേശം ഡിആർഐ സംഘത്തിൻറെ ശ്രദ്ധയിൽപ്പെട്ടു. 13 ശിൽപ്പങ്ങൾ അടങ്ങിയ ചരക്ക് കപ്പൽ മാർഗം കയറ്റുമതി ചെയ്യാനായിരുന്നു നന്ദയുടെ തീരുമാനം.


തരക്കേടില്ലാത്ത ഈ കടത്ത് സുഗമമായി നടത്താൻ ഇന്ത്യയിലെത്തിയ നന്ദ ഡിആർഐ സംഘത്തിൻറെ നിരീക്ഷണത്തിലായി. നന്ദയുടെ ഓരോ നീക്കവും പിന്തുടർന്ന സംഘം മുംബൈയിൽ വച്ച് നന്ദയെ പിടികൂടി. സൗത്ത് മുംബൈയിലെ ഗിർഗാമിലെയും സെൻട്രൽ മുബൈയിലെ ബൈക്കുളയിലെയും ഗോഡൗണുകളിലാണ് നന്ദ അമൂല്യമായ ഈ വിഗ്രഹശേഖരവും പുരാവസ്തുക്കളും സൂക്ഷിച്ചിരുന്നത്. ഡിആർഐ അധികൃതർ ഈ ഗോഡൗണുകളിൽ റെയ്ഡ് നടത്തി. പലതും കണ്ടെടുത്തെങ്കിലും കോടികളുടെ വില മതിക്കുന്ന 11 ശിൽപ്പങ്ങളാണ് അവയിൽ മുഖ്യം. കിഴക്കേ ഇന്ത്യയിലെയും തെക്കേ ഇന്ത്യയിലെയും ക്ഷേത്രങ്ങളിലേതാണ് ഈ വിഗ്രഹങ്ങളെന്ന് കരുതുന്നു. ബീഹാറിലും ബംഗാളിലും ഒന്പതാം നൂറ്റാണ്ടിലുണ്ടായിരുന്നതായി കരുതുന്ന ബുദ്ധ ശിൽപ്പങ്ങളും ഗോഡൗണുകളിൽ നിന്നു കണ്ടെടുത്തു. വെങ്കല രൂപങ്ങളിൽ മഹിഷാസുര മർദിനിയുടെയും ഗണപതിയുടെയും വിഗ്രഹങ്ങളുണ്ട്. വരദ ഗണേശ, പത്മപാണി, അവലോകതേശ്വര, വിഷ്ണു, നാഗ, നാഗിനി എന്നീ ശിലാവിഗ്രഹങ്ങളും കണ്ടെത്തി. അമൂല്യമായ നിരവധി പുരാവസ്തുക്കളും ഗോഡൗണുകളിലുണ്ടായിരുന്നു. മ്യൂസിയങ്ങളിൽ നിന്നും മോഷ്‌ടിച്ചതാകാം ഇവയെന്നാണ് ഡിആർഐ യുടെ നിഗമനം.

മൂല്യം നിശ്ചയിക്കപ്പെട്ടിട്ടില്ല...

നന്ദയുടെ ഗോഡൗണുകളിൽ നിന്നു പിടിച്ചെടുത്ത വിഗ്രഹങ്ങൾക്കും പുരാതന ശിൽപ്പങ്ങൾക്കും കൃത്യമായ വില ഇതുവരെ നിശ്ചയിക്കപ്പെട്ടിട്ടില്ല. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇൻഡ്യ നിയോഗിക്കുന്ന കമ്മിറ്റിയാണ് വിശദമായ പരിശോധനയ്ക്കു ശേഷം ഈ വസ്തുക്കളുടെ മൂല്യം നിർണ്ണയിക്കുക.ലോകമെന്പാടും വ്യാപിച്ചിട്ടുള്ള വിഗ്രഹ കൈമാറ്റ ശൃംഖലയിലെ ഒരു സുപ്രധാന കണ്ണിയാണ് നന്ദയെന്ന് ഡിആർഐ അധികൃതർ പറയുന്നു. നന്ദ പിടിയിലായതോടെ ഈ ശൃംഖലയിലെ മറ്റു അംഗങ്ങളെക്കുറിച്ചും കൈമാറ്റങ്ങളെപ്പറ്റിയും വിലപ്പെട്ട വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ. അമേരിക്ക ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങൾ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന കള്ളക്കടത്തുകാരുമായും നന്ദയ്ക്ക് നല്ല അടുത്ത ബന്ധമുണ്ടെന്ന് ഡിആർഐ സംഘം ചൂണ്ടിക്കാട്ടി. അപൂർവമായ കലാശേഖരങ്ങൾ അടക്കം അമൂല്യമായ ഇരുന്നൂറ്റിയന്പതിലേറെ വസ്തുക്കൾ കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ തന്നെ അതീവ രഹസ്യമായി കടത്തുകയും വന്പൻ തുകയ്ക്ക് വിൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. വിഗ്രഹങ്ങളുടെയും പുരാതന വസ്തുക്കളുടെയുമൊക്കെ ലേലം അമേരിക്കയിലും ഹോംഗ്കോംഗിലും സംഘടിപ്പിക്കുന്നതും നന്ദയാണ്.

അമേരിക്കയിലെ വിഗ്രഹ കടത്തുകാരനായ സുഭാഷ് ചന്ദ്രകപൂർ, ചെന്നൈ സ്വദേശിയായ വിഗ്രഹ വ്യാപാരി ദീനദയാൻ എന്നിവരുമായും നന്ദയ്ക്ക് വ്യാപാര ബന്ധമുള്ളതായി അന്വേഷണ സംഘം സംശയിക്കുന്നു. 2012 –ൽ ജർമനിയിലെ ഒരു വിമാനത്താവളത്തിൽ വച്ച് അറസ്റ്റിലായ സുഭാഷിനെതിരേ ഇൻറർപോൾ റെഡ് കോർണർ നോട്ടീസ് (അന്താരാഷ്ര്‌ട അറസ്റ്റ് വാറണ്ട്) പുറപ്പെടുവിച്ചിരുന്നു. ഇയാളെ പിന്നീട് ഇന്ത്യയ്ക്ക് കൈമാറി. നിലവിൽ ചെന്നൈയിലെ ജയിലിലാണ് സുഭാഷ്.

വിജനമായ ഗ്രാമങ്ങളിലെ ക്ഷേത്രങ്ങൾ കൊള്ളയടിക്കാൻ ദീനദയാൽ തന്നെ ആളുകളെ ഏർപ്പാട് ചെയ്തിരുന്നു. ഇത്തരത്തിൽ മോഷ്‌ടിക്കുന്ന വിഗ്രഹങ്ങൾ മാത്രമല്ല ദീനദയാൽ വിൽക്കുക. പല വിഗ്രഹങ്ങളുടെയും വ്യാജമാതൃകകളും അവയുടെ കൃത്രിമരേഖകളും തയാറാക്കുന്നതിലും ദീനദയാൽ വിരുതനായിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ഇയാൾ പിടിയിലായത്. വിഗ്രഹങ്ങളുടെയും മറ്റു വില പിടിപ്പുള്ള വസ്തുക്കളുടെയും ലേലവും വിൽപ്പനയുമായി ബന്ധപ്പെട്ട് അയ്യായിരത്തോളം ഇ– മെയിൽ സന്ദേശങ്ങൾ ഡിആർഐ സംഘം കണ്ടെത്തി.

ഈ മാസം 20 വരെ നന്ദയെ പോലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്ത് കോടതി ഉത്തരവായി. വിദേശരാജ്യങ്ങളിൽ ഇയാൾ വിറ്റഴിച്ച അമൂല്യവിഗ്രഹങ്ങളെക്കുറിച്ച് വിപുലമായി അന്വേഷിക്കാനും തിരികെ കൊണ്ടുവരാനും ഡിആർഐ അധികൃതർ ശ്രമം തുടങ്ങി.

–ഗിരീഷ് പരുത്തിമഠം