വീട്ടുവളപ്പിലെ പഴങ്ങളും ഫലങ്ങളും മതിയാവോളം
വീട്ടുവളപ്പിലെ പഴങ്ങളും ഫലങ്ങളും മതിയാവോളം
ആരോഗ്യജീവിതം എന്നെന്നും നിലനിർത്തുന്നതിനു വ്യത്യസ്തതരം വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഓരോ ദിവസവും ഇവ എത്രമാത്രം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു എന്നതും പ്രധാനം. ഇവ കൃത്യമായ അളവിൽ കഴിക്കുന്നതു ശരീരഭാരം അനുവദനീയമായതോതിൽ നിലനിർത്തുന്നതിനു സഹായകം. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അമിതഭാരമുള്ളവർക്ക് ആഴ്ചയിൽ ഒരു കിലോഗ്രാം വരെ തൂക്കം കുറയ്ക്കാനാകുമെന്നു വിദഗ്ധർ. ഉയർന്ന തോതിൽ കൊഴുപ്പടങ്ങിയ ആഹാരത്തിനു പകരം പഴങ്ങൾ, പച്ചക്കറികൾ എന്നിവ ശീലമാക്കുക. ഒപ്പം വ്യായാമം ശീലമാക്കുക.

* ഉപ്പ് മിതമായി

വിവിധ വിഭവങ്ങളിലൂടെ അനുവദനീയമായ അളവിലും 50 ശതമാനം അധികം ഉപ്പ് ശരീരത്തിലെത്തുന്നു വെന്നാണു പഠന റിപ്പോർ്. അത് ആവശ്യമായതിലും എത്രയോ അധികമാണ്. സംസ്കരിച്ച ഭക്ഷ്യവസ്തുക്കളിലൂടെയാണ് അത്രയധികം ഉപ്പ് ശരീരത്തിലെത്തുന്നത്. സംസ്കരിച്ചതും ടിന്നിലടച്ചതുമായ ഭക്ഷ്യവസ്തുക്കൾ വാങ്ങുന്പോൾ പായ്ക്കറ്റിനു പുറത്തെ ലേബലിൽ രേഖപ്പെടുത്തിയിരിക്കുന്ന ഉപ്പിൻറെ അളവു ശ്രദ്ധിക്കുക. കഴിയുന്നത്ര ഭക്ഷണം വീട്ടിൽത്തന്നെ തയാറാക്കി കഴിക്കുക. ഫാസ്റ്റ് ഫുഡ് കഴിവതും ഒഴിവാക്കുക. ഉപ്പു ചേർത്ത നട്സ്, ബേക്കറി വിഭവങ്ങൾ എന്നിവ ഒഴിവാക്കുക. പാകം ചെയ്യുന്പോൾ ചേർത്തതിനു പുറമേ കറികൾക്കു പ്രത്യേകമായി ഉപ്പു ചേർക്കുന്നത് ഒഴിവാക്കുക.

* തവിടു കളയാത്ത ധാന്യങ്ങൾ

അന്നജം ധാരാളമായി അടങ്ങിയ ഭക്ഷ്യവസ്തുക്കളായ ബ്രഡ്, ധാന്യങ്ങൾ, അരി, ഉരുളക്കിഴങ്ങ്, ധാന്യക്കുറുക്കുകൾ എന്നിവ ഊർജം നല്കുന്നു. ഒപ്പം ഇരുന്പ്, വിറ്റാമിൻ ബി എന്നിവയും. ശരീരത്തിന് ഒരു ദിവസം ആവശ്യമായ ഊർജത്തിൻറെ മൂന്നിലൊന്ന് ഇവയിൽ നിന്നു കിട്ടുന്നു. തവിടുനീക്കം ചെയ്യാത്ത ധാന്യങ്ങളിൽ നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നു. മാത്രമല്ല ഏറെ നേരം വയർ പൂർണമായും നിറഞ്ഞിരിക്കുന്നു എന്ന തോന്നൽ ഉളവാക്കാനും ഇതു സഹായകം. വിശപ്പു നിയന്ത്രിക്കുന്നതിനും ഇതു സഹായകം.


* എണ്ണ മിതമായി

പാകം ചെയ്യുമ്പോൾ ഏതു തരത്തിൽ പെട്ട എണ്ണയാണെങ്കിലും മിതമായ തോതിൽ ഉപയോഗിക്കുക. ഒരാൾക്കു ദിവസം 20 ഗ്രാം എണ്ണയാണ് ആവശ്യം. അതായത് 4 ടീസ്പൂൺ എണ്ണ. വെണ്ണയുടെ ഉപയോഗവും കുറയ്ക്കുക. ജീവിതശൈലി രോഗങ്ങളുള്ളവർ ഡോക്ടറുടെ നിർദേശങ്ങൾ പാലിക്കണം

* പഴങ്ങളും പച്ചക്കറികളും മതിയാവോളം

പഴങ്ങളും പച്ചക്കറികളും പോഷകസമൃദ്ധം. വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ഇവയിൽ അടങ്ങിയിരിക്കുന്നു. ദിവസവും കഴിയുന്നത്ര പഴങ്ങളും പച്ചക്കറികളും ആഹാരത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. പഴങ്ങൾ മാംസളമാണ്. ജലാംശം ധാരാളം അടങ്ങിയിരിക്കുന്നു. ആദ്യം പഴങ്ങൾ കഴിക്കുക. കൂടുതൽ കലോറി ഊർജം അടങ്ങിയ മറ്റു ഭക്ഷ്യവസ്തുക്കളുടെ അളവു കുറയ്ക്കാൻ ഇതു സഹായകം. പയർ, കാരറ്റ്്, ആപ്പിൾ, ഓറഞ്ച്, മുന്തിരി, പപ്പായ തുടങ്ങിയവ ദൈനംദിനഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ആത്തച്ചക്ക, ചക്കപ്പഴം, മാന്പഴം തുടങ്ങിയ ഫലങ്ങളും ഉത്തമം. ഉണക്കി സൂക്ഷിച്ച പഴങ്ങൾ കഴിക്കുന്നതും ഗുണപ്രദം. മാർക്കറ്റിൽ നിന്നു വാങ്ങിയ പച്ചക്കറികളും പഴങ്ങളും പുളിവെള്ളത്തിലോ കാർഷിക സർവകലാശാലയുടെ വെജിവാഷിലോ കഴുകിയശേഷം ഉപയോഗിക്കുക. (കീടനാശിനികളുടെ സാന്നിധ്യം കുറയ്ക്കുന്നതിനു സഹായകം.) ജൈവപച്ചക്കറികളും പഴങ്ങളും ഉപയോഗിക്കുന്നതാണ് ആരോഗ്യജീവിതത്തിനു ഗുണപ്രദം. വീട്ടുവളപ്പിലെ ഫലങ്ങൾ അമൂല്യം, ശുദ്ധം.