ഉണ്ടാവണം, ഇവർക്കൊരു പാഠ്യപദ്ധതി
ഉണ്ടാവണം, ഇവർക്കൊരു പാഠ്യപദ്ധതി
ഈ ദരിദ്രക്കുട്ടികളുടെ ദുരിതപർവം ഒരിക്കലും അവസാനിക്കുന്നില്ല. ജനനം മുതൽ നാനാവിധ വെല്ലുവിളികളെ നേരിടുകയാണ് നാടുകൾ പലതു താണ്ടിയെത്തിയ കുട്ടികൾ. ഭക്ഷണം, വസ്ത്രം, പാർപ്പിടം, ചികിത്സ എന്നിവയെല്ലാം പരിമിതമായ സമൂഹം. പഠനം എക്കാലവും ഇവർക്കു സമസ്യ. പഠിക്കണം പഠിപ്പിക്കണം എന്ന് ആവർത്തിക്കുന്പോൾ, എന്തു പഠിക്കും എങ്ങനെ പഠിക്കും ആരു പഠിപ്പിക്കും എന്നിവയൊക്കെ ഉത്തരമില്ലാത്ത ചോദ്യങ്ങൾ. തികച്ചും അപരിചമായ മലയാളം ഭാഷയാണ് ക്ലാസുകളിൽ പഠിപ്പിക്കേണ്ടിവരുന്നത്. കൃത്യമായ പാഠ്യപദ്ധതികളൊന്നും ഇതര സംസ്‌ഥാന കുട്ടികൾക്കില്ല. പരീക്ഷയും പ്രമോഷനും കലാകായിക മേളകളും ഇവർക്കു ബാധകവുമല്ല.

ദരിദ്ര പിന്നോക്ക വിഭാഗങ്ങൾക്കുള്ള സാന്പത്തിക ആനുകൂല്യങ്ങളൊന്നും അന്യസംസ്‌ഥാനക്കാരാ യ കുട്ടികൾക്കു ലഭിക്കുന്നില്ല. സ്കൂൾ രജിസ്റ്ററിൽ ഇങ്ങനെ കുറെ പേരുകൾ എഴുതിച്ചേർക്കപ്പെടുന്നു എന്നു മാത്രം.

ആസാം, ബംഗാൾ, ഒഡീഷ സംസ്‌ഥാനങ്ങളിലെ വിദൂര ഉൾഗ്രാമങ്ങളിൽ നിന്ന് ആറു ദിവസം നീളുന്ന യാത്രയ്ക്കൊടുവിലാണ് ഇവരൊക്കെയും വാഗമൺ, കോട്ടമല, വണ്ടിപ്പെരിയാർ, ഏലപ്പാറ തോട്ടങ്ങളിലെത്തുന്നത്. മടക്കയാത്രയും അങ്ങനെ തന്നെ. ട്രെയിനിൽ മാത്രം നാലു പകലും നാലു രാത്രിയും യാത്ര ചെയ്യണം. ട്രെയിനിറങ്ങി ചെങ്കുത്തായ മലന്പ്രദേശങ്ങളിലൂടെ ബസുകളിലും ജീപ്പുകളിലും യാത്ര ചെയ്തുവേണം സ്വന്തം വീടുകളിലെത്താൻ. വർഷത്തിലൊരിക്കൽ നാട്ടിൽ പോയി വരാൻ ട്രെയിനിലും ബസിലുമായി പന്ത്രണ്ടു ദിവസം ചെലവഴിക്കണം. ദരിദ്രരായ രക്ഷിതാക്കൾക്കൊപ്പം പരിമിതമായ ഭക്ഷണം കഴിച്ച് കുളിക്കാതെയും ഉണ്ണാതെയും ഉറങ്ങാതെയും ജനറൽ കംപാർട്ടുമെൻറുകളിൽ ഒരു പലായനം. അതായത് അതിജീവനം തേടിയുള്ള സഹനയാത്ര.



ഹൈറേഞ്ചിലേക്ക് ഭായിമാരുടെ പ്രയാണം തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടിലേറെയായി. ഇരുൾ പരന്ന തോട്ടങ്ങളിലെ ഈ ജനതതിയുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ച് ഇന്നേവരെ സർക്കാരോ ഏജൻസികളോ ഒരു പഠനവും നടത്തിയിട്ടില്ല. കുട്ടികളുടെ പഠനസാഹചര്യങ്ങളെപ്പറ്റിയും അവരുടെ മാനസിക ശാരീരിക പരിമിതികളെപ്പറ്റിയും അന്വേഷണങ്ങൾ നടത്തിയിട്ടില്ല. മനുഷ്യാവകാശ സംഘടനകൾ ഇങ്ങനെയൊരു സമൂഹം ഇവിടെ കഴിയുന്നതായി അറിയുന്നില്ല. പത്തു വർഷത്തിനുള്ളിൽ അയ്യായിരത്തിലേറെ കുട്ടികൾ ഹൈറേഞ്ചിലെ തോട്ടം മേഖലയിൽ വന്നു പോയിട്ടുണ്ട്. ഇവരിൽ ഒരിക്കലെങ്കിലും സ്്കൂളുകളിൽ വന്നുപോയത് 1,500 കുട്ടികളിൽ താഴെ. ബാക്കിയുള്ളവർ പഠിക്കാതെ കഴിയുന്നു. അതല്ലെങ്കിൽ ഇവിടെനിന്നു മടങ്ങിപ്പോയി.

ജോലി തേടിയെത്തിയ നിങ്ങൾ എക്കാലവും കേരളത്തിൽ കഴിയാനാണോ ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് വാഗമണിലെ അൻസൂറും വണ്ടിപ്പെരിയാറിലെ കമൽ ചന്ദും ഏലപ്പാറയിലെ മറിയംബിയും പറഞ്ഞത് ഒരേ മറുപടി. ഞങ്ങളുടെ സ്വന്തം നാട്ടിലേക്കു പോയാൽ ഒരു ജോലിയും കിട്ടാനില്ല. കടുക്, കരിന്പ്, ചോളം, നെൽപാടങ്ങളിൽ കൊടുചൂടിൽ പകൽമുഴുവൻ നിന്നു പണിയെടുത്താൽ ദിവസം എൺപതോ നൂറോ രൂപ കിട്ടും. ഇന്നാട്ടിൽ കൊളുന്തു നുള്ളിയാൽ 300 രൂപ കൂലിയുണ്ട്. കൂലിപ്പണി കിട്ടിയാലും ജീവിച്ചുപോകാം. സ്വന്തം നാട്ടിൽ അതല്ല സ്‌ഥിതി. കാലാവസ്‌ഥ പിഴച്ചാൽ കൃഷി അപ്പാടെ നഷ്‌ടമാകും. വൻകിട ജന്മിമാരുടെ തോട്ടങ്ങളിൽ അടിമകളെപ്പോലെ ജോലി ചെയ്യണം. ഞങ്ങളുടെ കാലം കഴിഞ്ഞാൽ മക്കൾ ഇവിടെ ജോലി ചെയ്യണമെന്നാണ് ആഗ്രഹം. അതുകൊണ്ടാണ് ആൺകുട്ടികൾ ഞങ്ങൾക്കൊപ്പം ലയങ്ങളിൽ കഴിയുന്നത്. ആൺമക്കൾക്കാർക്കും മടങ്ങിപ്പോകാൻ ആഗ്രഹമില്ല. രാജ്യത്തു നോട്ടു പിൻവലിക്കൽ വന്നതോടെ തോട്ടങ്ങളിലും പണി കുറഞ്ഞിട്ടുണ്ട്. അതിനാൽ ഞങ്ങളുടെ കുറെ ബന്ധുക്കൾ ഇവിടെനിന്നു മടങ്ങാൻ നിർബന്ധിതരായിരിക്കുന്നു.

മക്കളെ ഇവിടെ സ്കൂളുകളിൽ പഠിപ്പിച്ചുകൂടേയെന്നു ചോദിച്ചാൽ പഠിച്ചിട്ടും പഠിപ്പിച്ചിട്ടും എന്തു കാര്യം എന്നതാണ് തൊഴിലാളികളുടെ പ്രതികരണം. ഞങ്ങളുടെ രീതിയനുസരിച്ച് പെൺകുട്ടികളെ പന്ത്രണ്ടോ പതിമൂന്നോ വയസിൽ കെട്ടിച്ചയക്കും. പതിനഞ്ചു വയസുകഴിഞ്ഞാൽ ആൺകുട്ടികൾ കൂലിവേലയ്ക്കു പോകും. നഗരങ്ങളിലോ ഓഫീസുകളിലോ ആരു ജോലി തരാനാണ്. സർക്കാർ ജോലി പ്രതീക്ഷിക്കുന്നുമില്ല. കൃഷിയല്ലാതെ ഒരു തൊഴിലും ഞങ്ങൾക്ക് അറിയില്ല.

കേരളത്തിലെ സ്കൂളുകളിൽ ഞങ്ങൾ മലയാളം ഭാഷ പഠിച്ചിട്ട് വലിയ കാര്യമൊന്നുമില്ല. വീട്ടിലും നാട്ടിലും ഞങ്ങളുടെ ഭാഷയാണ് പറയുന്നത്. കൈവിരലിൽ കണക്കുകൂട്ടി കാശുവാങ്ങാനും അത്യാവശ്യം എഴുത്തും വായനയും പഠിക്കണം. അതിന് അഞ്ചാം ക്ലാസുവരെയൊക്കെ സ്കൂളിൽ പോയാൽ പോരേ. ഈ സാഹചര്യത്തിലാണ് രക്ഷിതാക്കൾക്ക് കാലോചിതമായ ബോധവത്കരണം അനിവാര്യമായിരിക്കുന്നത്.


പുറംലോകവുമായി സംവദിക്കാനും ബന്ധങ്ങൾ സ്‌ഥാപിക്കാനും ആഗ്രഹിക്കുന്നവരല്ല ഇതര സംസ്‌ഥാനക്കാർ. സ്കൂളുകളിൽ പിടിഎ യോഗങ്ങൾ വിളിച്ചാൽ അയൽ സംസ്‌ഥാന രക്ഷിതാക്കൾ വരില്ല. വന്നാൽതന്നെ മലയാളം നന്നായി മനസിലാവുകയുമില്ല. അയൽ സംസ്‌ഥാന കുട്ടികളെ പഠിപ്പിക്കുന്ന താൽക്കാലിക ദിവസവേതനക്കാരായ അധ്യാപകർ വിദ്യാഭ്യാസത്തിൻറെയും ശുചിത്വത്തിൻറെയും ആവശ്യകതയെപ്പറ്റി ഇവരോടു സംസാരിക്കാറുണ്ട്. കുട്ടികളെ സ്കൂളിൽ അയയ്ക്കണമെന്നത് രക്ഷിതാവിൻറെ ഉത്തരവാദിത്വമാണെന്നും ബാലവിവാഹം കുറ്റകരമാണെന്നും ഇവർക്കറിയില്ല. വീടുകളിൽ ശുചിമുറികൾ ഉപയോഗിക്കുന്നവരല്ല ഈ സ്ത്രീകളേറെയും. ശുചിത്വക്കുറവുമൂലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഈ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമുള്ളതായി ഏലപ്പാറ സർക്കാർ ആശുപത്രി അധികൃതർ വ്യക്‌തമാക്കി. ലയങ്ങളോടു ചേർന്ന് ഒരിടത്തും ശൗചാലയങ്ങളില്ലതാനും.

നാട്ടുകാരോട് തൊഴിലാളികൾ അധികം സംസാരിക്കില്ല. ലയത്തിനും തോട്ടത്തിനും പുറത്തേക്കു പോകാറുമില്ല. രോഗം വന്നാലും മരുന്നുവേണമെങ്കിലും ആശുപത്രികളെ സമീപിക്കില്ല. ഇവരുടെ മക്കൾക്കും ചികിത്സ തുലോം പരിമിതം.

കുട്ടികൾക്കു മാത്രമല്ല രക്ഷിതാക്കൾക്കും നൽകേണ്ടിയിരിക്കുന്നു ബോധവത്കരണം. തോട്ടം മേഖലയിലെ തൊഴിലാളികളിൽ ഏറിയ വിഭാഗവും നിരക്ഷരരാണ്. രക്ഷിതാക്കൾക്കും ആവശ്യമാണ് പൊതുസാക്ഷരത. പൊതുശുചിത്വം ആരോഗ്യം എന്നിവയിലും വേണം ബോധവത്കരണം.

മുതിർന്നവരിലും കുട്ടികളിലും പുകയില, പുകയില ഉത്പന്നങ്ങളുടെ ഉപയോഗം വ്യാപകമാണ്. തോട്ടങ്ങളിലും വാസകേന്ദ്രങ്ങളിലും നിറയെ പാൻപരാഗിൻറെ ഒഴിഞ്ഞ കവറുകൾ. ബംഗാൾ ബീഡി ഉപയോഗിക്കാത്തവരായി ആരുമില്ല. സ്കൂൾ ബാഗുകളിലും കുട്ടികളുടെ പോക്കറ്റിലും പാൻ കൂടുകൾ പതിവായി കാണുന്നതായി അധ്യാപകരുടെ പരിഭവം.

ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഇവർ നേരിടുന്നത്. അസംഘടിതരായ അയൽ സംസ്‌ഥാന തൊഴിലാളികൾ ലേബർ ആക്ട് പരിധിയിൽ വരുന്നവരല്ല. അതിനാൽ മെഡിക്കൽ ആനുകൂല്യങ്ങളോ യാത്രാബത്തയോ അവധിയോ ലഭിക്കുന്നില്ല. നൂറ്റാണ്ടു പഴകിയ പാർപ്പിടങ്ങളിൽ അന്തിയുറങ്ങുന്നു. ആരോടും പരിഭവമില്ലാതെ ജോലി ചെയ്യുന്നു. കിട്ടുന്ന വേതനം കൊണ്ടു ജീവിക്കുന്നു. കൈക്കുഞ്ഞുങ്ങൾ മുതൽ വൃദ്ധമാതാപിതാക്കൾവരെ ഇവർക്കൊപ്പമുണ്ട്. കുട്ടികളുടെ തലമുറയെ വിദ്യാഭ്യാസപരമായി വളർത്തിയെടുക്കാൻ ആർക്കാണ് ഉത്തരവാദിത്വം എന്ന ചോദ്യം ബാക്കിനിൽക്കുന്നു.അയൽ സംസ്‌ഥാനക്കാർ എക്കാലത്തും അസംഘടിതരും അവഗണിക്കപ്പെട്ടവരുമാണ്. സാന്പത്തികവും വിദ്യാഭ്യാസപരവുമായി ഏറെ പിന്നിലുമാണ്.

കേരളത്തിൻറെ കാർഷിക വാണിജ്യമേഖലയെ ഇന്നു ചലിപ്പിക്കുന്നത് ഇതര നാട്ടുകാരായ തൊഴിലാളികളാണ്. അടച്ചുപൂട്ടിയ തേയില, കാപ്പി തോട്ടങ്ങൾ വീണ്ടും തുറക്കാൻ സാഹര്യമൊരുക്കിയത് ഭായിമാരുടെ വരവോടെയാണ്. സംസ്‌ഥാന സർക്കാരിൻറെ രേഖകളിലൊന്നും ഇവർ ഇടം പിടിക്കില്ല. കാരണം കൂട്ടമായി എത്തിക്കൊണ്ടിരിക്കുന്ന തൊഴിലാളികളെക്കുറിച്ച് ജോലി ചെയ്യുന്ന തോട്ടങ്ങളിൽ മാത്രമാണ് രേഖകളുള്ളത്. ഈ രേഖകൾ സ്‌ഥാപനങ്ങൾ പുറത്തുകാണിക്കുകയുമില്ല. ഓരോ എസ്റ്റേറ്റിലും എത്ര തൊഴിലാളികൾ ജോലി ചെയ്യുന്നുവെന്നത് സ്‌ഥാപനം ഉടമയ്ക്കു മാത്രമേ അറിയു. ഈ പത്രറിപ്പോർട്ട് തയാറാക്കുന്നതിലേക്കുള്ള യാത്രകളിൽ സമീപിച്ച പല എസ്റ്റേറ്റ് അധികൃതരും കുട്ടികളെക്കുറിച്ചുള്ള ക്യത്യമായ വിവരങ്ങൾ നൽകാൻ തയാറായില്ല. ഒരു എസ്റ്റേറ്റിൽ കുട്ടികളെ കാണാൻ അനുവാദം കിട്ടിയതുമില്ല. മറ്റൊരിടത്ത് ഒരു മണിക്കൂർ കാത്തിരിപ്പിനു ശേഷം കുട്ടികളെ എസ്റ്റേറ്റ് ജീവനക്കാർ കൂട്ടിക്കൊണ്ടുവരികയായിരുന്നു. തോട്ടങ്ങളിൽ അലസരായി നടന്ന കുട്ടികളെ കുളിപ്പിച്ചു വസ്ത്രം മാറ്റി കൊണ്ടുവരാനായിരുന്നു ഒരു മണിക്കൂർ താമസം.

തോട്ടം ഉടമകളെ പൂർണമായി കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അവർ തൊഴിൽ നൽകിയിരിക്കുന്നത് സ്ത്രീ പുരുഷൻമാർക്കു മാത്രമാണ്. കുട്ടികളുടെ ക്ഷേമം നിയമപ്രകാരം തോട്ടം ഉടമകളുടെ ഉത്തരവാദിത്വമല്ല. പിന്നെ ആരുടേതാണ് ഈ കുട്ടികളുടെ ഉത്തരവാദിത്വമെന്നതാണ് ചോദ്യം. രാജ്യത്തെ പൗരൻമാരെന്ന നിലയിൽ സർക്കാരാണ് ഇക്കാര്യത്തിൽ പദ്ധതികൾ ആവിഷ്കരിക്കേണ്ടത്. ഒപ്പം ക്ഷേമപദ്ധതികൾ നടപ്പാക്കേണ്ടത്.

(അവസാനിച്ചു)