ഇരുൾപരന്ന ജീവിതത്തിൽ ഇര തേടുന്നവർ
ഇരുൾപരന്ന ജീവിതത്തിൽ ഇര തേടുന്നവർ
ഭാഷയും സംസ്കാരവും അപരിചിതമായ തോട്ടം മേഖലകളിൽ എത്തിപ്പെട്ട ആയിരക്കണക്കിനു ഇതര സംസ്‌ഥാന തൊഴിലാളികളുടെ കുഞ്ഞുങ്ങൾ അതിജീവനത്തിനുള്ള പോരാട്ടത്തിലാണ്. അച്ഛനമ്മമാർ അതിരാവിലെ തൊഴിൽ തേടി പോകുമ്പോൾ പകൽ മുഴുവൻ കുഞ്ഞുങ്ങൾ ഇടിഞ്ഞുവീഴാറായ ലയങ്ങളിലും കൂരകളിലും കഴിയണം. അതല്ലെങ്കിൽ വിജനമായ തോട്ടങ്ങളിലൂടെ അലഞ്ഞുനടക്കണം. മറ്റാരും കാണുന്നില്ലെങ്കിൽ കുട്ടികളും വേലചെയ്യാൻ തോട്ടങ്ങളിലേക്കിറങ്ങും.

വടക്ക്, വടക്കുകിഴക്കൻ സംസ്‌ഥാനങ്ങളിൽ നിന്ന് കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ തോട്ടങ്ങളിൽ ജോലി പ്രയാണം തുടരുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ മക്കളുടെ ജീവിതം ദയനീയമാണ്. പരിമിതമായ ഭക്ഷണം. റേഷനില്ല, ചികിത്സയില്ല, ജീവിതസാഹചര്യങ്ങൾ പരമദയനീയം. ഇതു മാത്രമല്ല, എഴുത്തും വായനയും ഉല്ലാസവും ഇവർക്കു നിഷേധിക്കപ്പെടുന്നു. മലയാളം ഭാഷ ഇതര സംസ്‌ഥാനക്കാരായ കുട്ടികൾക്ക് അന്യമാണ്. പുറംലോകവുമായി ഇവർക്കു സമ്പർക്കവുമില്ല. അതിനാൽ എന്തു പഠിക്കും എങ്ങനെ പഠിക്കും എന്നതാണ് ഈ സമൂഹം നമ്മോടു ചോദിക്കുന്നത്.
ആറു മുതൽ 14 വയസുവരെ വിദ്യാഭ്യാസം നിർബന്ധിതവും സൗജന്യവുമാക്കി ഭരണഘടന ആർട്ടിക്കിൾ 21 എയിൽ എഴുതിവച്ചിരിക്കുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്തെ 130 കോടി ജനങ്ങളിൽ 40 കോടിയും ഇതേ പ്രായപരിധിയിലുള്ളവരായിരിക്കെ സർക്കാരുകളുടെ വിദ്യാഭ്യാസരംഗത്തെ ഉത്തരവാദിത്വവും ദൗത്യവും ഏറെ വലുതാണ്. സൗജന്യ ഉച്ചഭക്ഷണവും പാഠപുസ്തകവും യൂണിഫോമും പണസഹായവും ഉറപ്പാക്കുന്ന കേരളത്തിൽ ജീവിതമാർഗം തേടിയെത്തിയിരിക്കുന്ന തൊഴിലാളികളുടെ കുഞ്ഞുങ്ങളുടെ ജീവിത സാഹചര്യവും പഠന സൗകര്യങ്ങളും ഏറെ പരിമിതമാണ്.

ഇടിഞ്ഞുവീഴാറായ ലയങ്ങളും ഷെഡ്ഡുകളും. കുളിവെള്ളമില്ല. വെളിച്ചമില്ല, ശൗചാലയമില്ല. ചികിത്സാ സൗകര്യമില്ല. ഏലം, കാപ്പി, തേയില, റബർ തോട്ടങ്ങളിൽ ജോലിക്കെത്തിയിരിക്കുന്നതിൽ ഏറെയും ആസാമിൽനിന്നുള്ള തൊഴിലാളികളാണ്. ഹൈറേഞ്ചിൽ ആസാംതൊഴിലാളികളുടെ മാത്രം എണ്ണം ഇരുപതിനായിരത്തിനു മുകളിലെത്തിയിരിക്കുന്നു. സർ ആസാമീസ് ഭാഷ ഞങ്ങളെ ആരു പഠിപ്പിക്കും. ഹിന്ദി പറയാൻ അറിയാമെന്നല്ലാതെ എഴുതാനും വായിക്കാനും അറിയില്ല. മലയാളം സ്കൂളിൽ പോയി പഠിച്ചിട്ട് ഞങ്ങൾക്ക് എന്തു കാര്യം’. ഏലപ്പാറയിൽ മുഹമ്മദ് നഹീസ് എന്ന പന്ത്രണ്ടു വയസുകാരൻ എസ്റ്റേറ്റ് ലയത്തിനു മുന്നിൽ നിന്നു ചോദിച്ചു.

ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിൽനിന്നുള്ള തൊഴിലാളികൾ ജോലി ചെയ്യുന്ന തോട്ടങ്ങളുണ്ട്. ’ ഞങ്ങളുടെ ഭാഷ ഞങ്ങളെ പഠിപ്പിക്കാൻ ആരുമില്ല. ഇവിടത്തെ ഭാഷ ഞങ്ങൾക്കു മനസിലാകുന്നില്ല. എങ്ങനെയെങ്കിലും ജീവിക്കണമെന്നല്ലാതെ ഞങ്ങൾക്കു പഠിക്കണമെന്നൊന്നുമില്ല. ’ വാഗമണിൽ നൂറുൾ ഇസ്ലാം എന്ന കുട്ടിയുടെ പ്രതികരണം.

ജീവിത മാർഗം തേടി ഹൈറേഞ്ചിലെ തോട്ടങ്ങളിൽ പാർത്തുവരുന്ന തൊഴിലാളികൾക്കൊപ്പം ഒട്ടേറെ കുട്ടികളുണ്ട്. നവജാതശിശു മുതൽ പതിനാറു വയസുവരെയുള്ള നാലായിരത്തോളം കുട്ടികൾ. ആസാമിലെ ഡറാംഗ് ജില്ലയിൽ നിന്നു മാത്രം എണ്ണായിരം പേരാണ് വാഗമൺ, പീരുമേട്, ഏലപ്പാറ, വണ്ടിപ്പെരിയാർ പ്രദേശങ്ങളിൽ കഴിയുന്നത്. വൻകിട തോട്ടങ്ങൾക്കുള്ളിൽ നൂറു വർഷത്തിലേറെ പഴക്കമുള്ള ഇടിഞ്ഞുവീഴാറായ ലയങ്ങളിലാണ് ഇവരുടെ വാസം. ഈ ഇരുട്ടുമുറി ലയങ്ങളിലും മുറ്റങ്ങളിലും മുഷിഞ്ഞ അൽപവസ്ത്രധാരികളായി കഴിയുന്ന കുട്ടികളുടെ സ്‌ഥിതി ഏറെ ദയനീയമാണ്. ഒരേ മുറിയിൽതന്നെ മാതാപിതാക്കളും വിവിധ പ്രായക്കാരായ കുട്ടികളും ഒരുമിച്ചു കഴിയുന്നു.

സ്കൂളിന്റെ പടികാണാത്തവരായി ഇടുക്കി ജില്ലയിൽ മാത്രം 500 കുട്ടികളെയാണ് കണ്ടെത്തിയിരിക്കുന്നത്. വണ്ടിപ്പെരിയാർ തോട്ടം മേഖലയിലെ ഇതര സംസ്‌ഥാന തൊഴിലാളികളുടെ മക്കളാണ് ആദ്യാക്ഷരം പോലും കുറിക്കാത്തവർ. സർവശിക്ഷാ അഭിയാൻ അടുത്തയിടെ നടത്തിയ പഠനത്തിലാണ് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട കുഞ്ഞുങ്ങളെ താമസസ്‌ഥലങ്ങളിൽ കണ്ടെത്തിയത്. അംഗൻവാടി അധ്യാപകർ, വിവിധ സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹായത്തോടെയായിരുന്ന വീട് വീടാന്തരം കയറിയുളള സർവെ.


പീരുമേട്ടിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ 184 കുട്ടികളെ കണ്ടെത്തി 14 സ്കൂളുകളിൽ പ്രവേശിപ്പിച്ചു പഠനപ്രവർത്തനങ്ങൾ അടുത്തയിടെ ആരംഭിച്ചു. ആസാം, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ കുട്ടികളാണ് ഈ പ്രദേശത്ത് കൂടുതലും. മുന്നാറിൽ ജാർഖണ്ഡ് സ്വദേശികളായ 42 കുട്ടികളെയും സ്കൂളിൽ പോകാത്തവരായി കണ്ടെത്തിയിരുന്നു. ഇവിടെയുള്ള തൊഴിലാളികളിൽ വലിയൊരു ഭാഗവും നിരക്ഷരരാണ്. പ്രത്യേകിച്ചും സ്ത്രീകൾ. മക്കളെ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയോ ഉത്തരവാദിത്വമോ രക്ഷിതാക്കൾക്ക് അറിയില്ല.

കുട്ടികളെ സ്കൂളുകളിൽ എത്തിക്കാൻ ശാം കാ മിലൻ അഥവാ സയാഹ്നക്കൂട്ടായ്മ എന്ന പദ്ധതി വഴി മാതാപിതാക്കൾക്ക് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചെങ്കിലും കുട്ടികളെ കേരള സിലബസുള്ള സ്കൂളുകളിൽ അയയ്ക്കുന്നതിനോട് അവർക്ക് താൽപര്യമില്ല.

മറ്റു സംസ്‌ഥാനക്കാർ നേരിടുന്ന പ്രശ്നങ്ങളും സാമൂഹിക സാഹചര്യങ്ങളും ചർച്ച ചെയ്ത് ആവശ്യമായ പരിഹാരം കാണുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. കുട്ടികൾ സ്കൂളിൽ നിന്ന് ഇടയ്ക്ക് കൊഴിഞ്ഞു പോകാതെ തുടർ പഠനത്തിന് പ്രേരിപ്പിക്കുകയാണ് ഇത്തരം കൂട്ടായ്മയുടെ ലക്ഷ്യം. ഇതര സംസ്‌ഥാന തൊഴിലാളികളുടെ കുട്ടികളുടെ പഠനത്തിനായി സർക്കാർ ലക്ഷ്യമിടുന്ന പദ്ധതിയാണ് സ്കൂൾ ചലേ ഹം പദ്ധതി. ഈ പദ്ധതിയിൽ ഓരോ കുട്ടിക്കും വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് 6,000 രൂപ വച്ച് എസ്എസ്എ വഴി അനുവദിച്ചിട്ടുണ്ട്. ഈ കുട്ടികളെ സ്കൂളിൽ ചേർത്താലും ഏറെ ദിവസങ്ങളിലും ഇവർ ക്ലാസുകളിൽ വരാറില്ലെന്നാണ് അധ്യാപകരുടെ പരിഭവം. വന്നാൽതന്നെ ഉച്ചഭക്ഷണം കഴിച്ചശേഷം സ്കൂളിൽ നിന്നു മടങ്ങും. പല ദിവസങ്ങളിലും തോട്ടങ്ങളിലെ ലയങ്ങളിലെത്തി കുട്ടികളെ തേടിപ്പിടിച്ചും കുളിപ്പിച്ചും സ്കൂളുകളിലെത്തിക്കേണ്ട സാഹചര്യം.
സർവ ശിക്ഷാ അഭിയാന്റെ നേതൃത്വത്തിൽ സ്കൂളിൽ പ്രവേശനം നേടാത്ത കുട്ടികളെ മുഖ്യധാരയിൽ എത്തിക്കാൻ ആരംഭിച്ച പദ്ധതിയാണ് ഔട്ട് ഓഫ് സ്കൂൾ ചിൽഡ്രൻ പദ്ധതി. ഈ പദ്ധതിയുടെ ഭാഗമായി ഇതര സംസ്ഥാന തൊഴിലാളികളുടെ ഇടയിൽ ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ സഹായത്തോടെ കഴിഞ്ഞ വർഷം നടത്തിയ സർവേയിൽ ആസാം, ജാർഖണ്ഡ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽനിന്നുള്ള നിരവധി കുട്ടികളെ സ്കൂളിൽ പോകാത്തതായി കണ്ടെത്തിയിരുന്നു.

കുട്ടികളുടെ സംസ്‌ഥാനഭാഷയിൽ തന്നെ അവർക്ക് നാളിതുവരെ നഷ്‌ടപ്പെട്ട പാഠഭാഗങ്ങൾ പഠിപ്പിക്കുന്ന ഏലാൻ പദ്ധതിയും സർക്കാർ ലക്ഷ്യമിടുന്നു. പീരുമേട്ടിൽ നടത്തിയ സർവേയി ൽ ഇതര സംസ്‌ഥാന തൊഴിലാളികളുടെ 486 കുട്ടികളെ സ്കൂളിലെത്തിക്കാൻ ജില്ലാ സർവശിക്ഷാ അഭിയാന് കഴിഞ്ഞിട്ടുണ്ട്. ഏലപ്പാറ മേഖലയിലെ പശുപ്പാറ സർക്കാർ സ്കൂളിൽ ഈ വർഷം ഒന്നാം ക്ലാസിൽ 40 ഇതര സംസ്‌ഥാന കുട്ടികളെയാണ് ഒന്നാം ക്ലാസിൽ ചേർത്തിരിക്കുന്നത്. ഈ സ്കൂളിൽ തന്നെ നൂറിലധികം വിദ്യാർഥികളെ എസ്എസ്എ പഠനത്തിനായി എത്തിച്ചിട്ടുണ്ട്. പീരുമേട് നിയോജകമണ്ഡലം പരിധിയിലെ 12 സ്കൂളുകളിൽ ഇതരസംസ്‌ഥാന തൊഴിലാളികൾക്ക് അവരുടെ ഭാഷയിൽ ക്ലാസെടുക്കാൻ പ്രത്യേക വോളന്റിയർമാരെ കണ്ടെത്തി ക്ലാസുകൾ നടത്തി വരികയാണ്. വണ്ടിപ്പെരിയാർ, പശുപ്പാറ, വാഗമൺ, പുള്ളിക്കാനം എന്നിവിടങ്ങളിലൊക്കെ ഇതര സംസ്‌ഥാന തൊഴിലാളികളുടെ കുട്ടികൾ പഠിക്കുന്നുണ്ട്. ഹിന്ദി മാത്രമല്ല, ഒറിയ, ആസാമി, ബംഗാളി, മണിപ്പൂരി തുടങ്ങിയവയും തദ്ദേശീയ ഗോത്രഭാഷകളും സംസാരിക്കുന്നവരുടെ കുട്ടികൾ ഇവർക്കൊപ്പമുണ്ട്. സ്വന്തം നാടുകളിൽ പഠനം തുടങ്ങിയവർ ഏറെപ്പേരാണ്. അവർക്ക് തുടർ വിദ്യാഭ്യാസം ലഭിക്കാനുള്ള യാതൊരു സാധ്യതയും ഇവിടെയില്ല. ഒന്നാം ക്ലാസിൽ ചേർന്നാൽ തന്നെ ഭാഷ മലയാളം. പിൽക്കാലത്ത് ഇവിടം വിട്ട് സ്വന്തം നാട്ടിലേക്കു പോകേണ്ടിവന്നാൽ അവിടെയെത്തുമ്പോൾ സ്വന്തം ഭാഷ എഴുതാൻ അറിയാത്തവരാകും ഈ സമൂഹം.

(തുടരും)