ചിലങ്കയണിയാൻ കണ്ണൂർ
ചിലങ്കയണിയാൻ കണ്ണൂർ
തെയ്യങ്ങളുടേയും തിറകളുടേയും നാട്ടിൽ കലയുടെ കളിയാട്ടത്തിനു കൊടിയുയരുകയാണ്. പത്തുവർഷങ്ങൾക്കു ശേഷമെത്തിയ സംസ്‌ഥാന സ്കൂൾ കലോത്സവത്തെ വരവേല്ക്കാനുള്ള തയാറെടുപ്പിലാണു കണ്ണൂർ നഗരം. ജനുവരി 16 മുതൽ 22 വരെയാണ് കലോത്സവം നടക്കുക. ദൃശ്യ ശ്ര്യാവ്യ കലകളുടെ മാസ്മരിക ഭാവം പകരുന്ന കലോത്സവ വേദികൾ കണ്ണൂരിന്റെ മഹിമ വിളിച്ചോതുന്ന തരത്തിൽ അണിയിച്ചൊരുക്കാനുള്ള തയാറെടുപ്പിലാണു സംഘാടകർ. അതേസമയം ഏഷ്യയിലെ ഏറ്റവും വലിയ കൗമാരമേളയുടെ തിമിർപ്പിലും ആഘോഷത്തിലും ഭാഗമാകാനുള്ള കാത്തിരിപ്പിലാണ് ഇവിടുത്തെ കലാസ്വാദകരും.

നിരവധി സമ്മേളനങ്ങൾക്കും മറ്റു പരിപാടികൾക്കും കണ്ണൂർ സാക്ഷ്യംവഹിച്ചിട്ടുണ്ടെങ്കിലും ആയിരക്കണക്കിനു കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന കൗമാരോത്സവം നഗരത്തിനു വ്യത്യസ്തമായ അനുഭവംതന്നെ സമ്മാനിക്കും.

വർഷങ്ങളായി അടുക്കുംചിട്ടയോടും കൂടി നടക്കുന്ന കൗമാര കലോത്സവത്തിനു പിന്നിൽ നിരവധി കലാസ്നേഹികളുടെ കണ്ണീരും കഠിനാധ്വാനവുമുണ്ട്. വർണപ്പൊലിമകളില്ലാതെ ആരംഭിച്ച കലോത്സവത്തെ പങ്കാളിത്തംകൊണ്ട് ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായി മാറ്റിയതിനു പിന്നിൽ പ്രവർത്തിച്ചവർ നിരവധിയാണ്. നേതാക്കൾ, ഉദ്യോഗസ്‌ഥർ, സാഹിത്യകാരന്മാർ, കലോപാസകർ, മേളയെ ജനകീയമാക്കിയ മാധ്യമപ്രവർത്തകർ തുടങ്ങിയവരുടെ കഠിനാധ്വാനവും പ്രയത്നവും വിസ്മരിക്കാൻ സാധിക്കുന്നതല്ല. അരങ്ങിലെ താരങ്ങൾക്കൊപ്പം തന്നെയാണ് ഓരോ കലോത്സവങ്ങളുടേയും വിജയത്തിനായി രാപ്പകലില്ലാതെ ഓടിനടക്കുന്നവർക്കുള്ള സ്‌ഥാനവും. അനാരോഗ്യകരമായ മത്സരങ്ങളും രക്ഷിതാക്കളുടേയും പരിശീലകരുടേയും ആവശ്യത്തിൽ കവിഞ്ഞുള്ള ഇടപെടലുകളും മേളയുടെ പകിട്ട് കുറയ്ക്കുന്നുണ്ടെങ്കിലും ഈ കൗമാരമേള ഒരു ജനകീയ ഉത്സവം തന്നെയാണ്. 57 ാമത് സ്കൂൾ കലോത്സവത്തിനു കണ്ണൂരിന്റെ മണ്ണിൽ കൊടിയുയരുമ്പോൾ അതിന്റെ ചരിത്രവഴിയിലേക്ക് ഒരു തിരിഞ്ഞുനോട്ടം അനിവാര്യമാണ്.

കേരളപ്പിറവിക്കൊപ്പം കലോത്സവവും

1956 നവംബർ ഒന്നിന് കേരളപ്പിറവിക്കു തൊട്ടുപിന്നാലെതന്നെ കലോത്സവത്തിനും കൊടിയുയർന്നിരുന്നു. രാഷ്ര്‌ടപതിഭരണം നിലനിന്നിരുന്ന അക്കാലത്തു പ്രഗത്ഭ ശാസ്ത്രജ്‌ഞനും കലാസ്വാദകനുമായിരുന്ന ഡോ. സി.എസ്. വെങ്കിടേശ്വരനായിരുന്നു വിദ്യാഭ്യാസ ഡയറക്ടർ. ഒരിക്കൽ മൗലാനാ ആസാദ് സർവകലാശാല വിദ്യാർഥികൾക്കായി ഡൽഹിയിൽ ഏർപ്പെടുത്തിയ യുവജനോത്സവത്തിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു.

ഇതിനുശേഷം ഡോ. വെങ്കിടേശ്വരന്റെ മനസിൽ ഒരു ആശയം മുളപട്ടി. കേരളത്തിലും ഇതേ മാതൃകയിൽ വിദ്യാർഥികൾക്കായി കലാമേള സംഘടിപ്പിക്കണം. തുടർന്നു 1956 നവംബറിൽ അദ്ദേഹം ഡിഇഒമാരുടെയും മുഖ്യാധ്യാപകരുടേയും യോഗം വിളിച്ചുചേർക്കുകയും കലാമേള നടത്താൻ തീരുമാനിക്കുകയും ചെയ്തു. ഡിസംബറിൽ തന്നെ ജില്ലാ അടിസ്‌ഥാനത്തിൽ കലാമേളകൾ നടന്നു. 1957 ജനുവരി 24 മുതൽ 26 വരെ എറണാകുളം ഗേൾസ് ഹൈസ്കൂളിലായിരുന്നു ആദ്യത്തെ സംസ്‌ഥാന കലാമേളയ്ക്കു തിരിതെളിഞ്ഞത്. കലാവാസനയുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യം മാത്രം മുൻനിർത്തി പ്രത്യേക രൂപരേഖകൾ ഒന്നുമില്ലാതെയായിരുന്നു ആദ്യ കലോത്സവം. 60 പെൺകുട്ടികൾ ഉൾപ്പെടെ 400 ഓളം ഹൈസ്കൂൾ വിദ്യാർഥികൾ പങ്കെടുത്ത ആദ്യ കലോത്സവത്തിൽ 13 ഇനങ്ങളിലായി 18 മത്സരങ്ങൾ മാത്രമാണുണ്ടായിരുന്നത്. കലോത്സവത്തിന് എത്തിയവർക്ക് ഭക്ഷണമെന്നും അന്ന് ഒരുക്കിയിരുന്നില്ല. മത്സരത്തിനെത്തിയവരെ വേദിക്കടുത്തുള്ള ഹോട്ടലിലേക്കു ഭക്ഷണടിക്കറ്റും നൽകി വിടുകയായിരുന്നു. കലാമേളയിൽ പങ്കെടുക്കാനെത്തിയവർക്കായി അന്നു യാത്രാപ്പടിയും അനുവദിച്ചിരുന്നു.

വളർച്ചയുടെ പടവുകളിൽ

1957 ൽ തുടക്കമിട്ടതിനു ശേഷം നാലു വർഷങ്ങളിൽ മാത്രമാണു കലോത്സവം നടക്കാതിരുന്നത്. കാഷ്മീരിനെച്ചൊല്ലിയും ബംഗ്ലാദേശ് വിമോചനത്തിന്റെ പേരിലും 1966, 67, 72, 73 വർഷങ്ങളിൽ ഇന്ത്യയും പാക്കിസ്‌ഥാനുമായുള്ള യുദ്ധത്തെ തുടർന്നു പ്രഖ്യാപിച്ച ദേശീയ അടിയന്തരാവസ്‌ഥ മൂലമാണു നാലു വർഷങ്ങളിലെ കലോത്സവം മുടങ്ങിയത്. 1960 കളിലാണു കലോത്സവത്തിന്റെ മട്ടും ഭാവവും മാറിത്തുടങ്ങിയത്. 1968 ൽ തൃശൂരിൽ നടന്ന പത്താമതു സംസ്‌ഥാന കലോത്സവം ഉദ്ഘാടനം ചെയ്തത് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ്കോയ ആയിരുന്നു. സമാപനസമ്മേളനത്തിനു മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടുമെത്തി. തുടർന്നു നടന്ന കലോത്സവങ്ങളിലലെല്ലാം മുഖ്യമന്ത്രിയും മന്ത്രിമാരും സാന്നിധ്യമറിയിച്ചു. ഇതോടെ കലോത്സവങ്ങളിലെ പൊതുജനപങ്കാളിത്തവും വർധിച്ചു.

1970 കളിൽ കലോത്സവത്തിനു കൂറ്റൻ പന്തലുകളും സ്റ്റേജും തയാറാക്കാൻ തുടങ്ങി. പണ്ഡിതനും കലാതത്പരനുമായ ആർ. രാമചന്ദ്രൻനായർ വിദ്യാഭ്യാസ ഡയറക്ടറായി ചുമതല ഏറ്റെടുത്തതോടെ കലോത്സവം വീണ്ടും പരിഷ്കരിക്കപ്പെട്ടു. ജനസ്വാധീനമുള്ള കൂടുതൽ കലാരൂപങ്ങൾ മത്സരയിനങ്ങളിൽ ഇടംപിടിച്ചു. 1976 ൽ കലോത്സവം കോഴിക്കോട് എത്തിയതോടെ കലോത്സവത്തിനു വർണപ്പൊലിമ കൈവന്നുതുടങ്ങി. കലോത്സവത്തിനു നിറച്ചാർത്ത് ഒരുക്കുന്ന ഘോഷയാത്ര ആദ്യമായെത്തിയതും കോഴിക്കോടാണ്. അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കെ.കരുണാകന്റെ നേതൃത്വത്തിലായിരുന്നു കോഴിക്കോട് ഘോഷയാത്ര നടന്നത്. 1982 ൽ ടി.എം. ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായതോടെ കലോത്സവ ചരിത്രത്തിൽ മറ്റൊരു സുപ്രധാന ഏടുകൂടി തുന്നിച്ചേർക്കപ്പെട്ടു. മത്സരങ്ങളുടെ എണ്ണവും പ്രാതിനിധ്യവും അദ്ദേഹം ഇരട്ടിയായി ഉയർത്തി. തുടർന്ന് അദ്ദേഹത്തിന്റെ കാലത്തുതന്നെ വിജയികൾക്കു സ്വർണക്കപ്പും കലാതിലകം, കലാപ്രതിപ്രതിഭാ പട്ടങ്ങളും ഏർപ്പെടുത്തി.


തിലകവും പ്രതിഭയും

1985ൽ എറണാകുളത്തു നടന്നത് രജതജൂബിലി കലാമേളയായിരുന്നു. ജേതാക്കളാകുന്ന ജില്ലകൾക്ക് സ്വർണക്കപ്പ് ഏർപ്പെടുത്തണമെന്ന നിർദേശം അന്ന് ടി.എം.ജേക്കബിന്റെ മുന്നിൽവച്ചു. തൊട്ടടുത്തവർഷം മുതൽ അതു നടപ്പാകുകയും ചെയ്തു. ടി.എം.ജേക്കബ് വിദ്യാഭ്യാസമന്ത്രിയായിരിക്കേ 1986 ൽ തൃശൂരിൽ നടന്ന കലാമേളയിലാണ് ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ആൺകുട്ടിക്കു ആദ്യമായി കലാപ്രതിഭ പുരസ്കാരവും പെൺകുട്ടിക്കു കലാതിലക പട്ടവും ഏർപ്പെടുത്തിയത്. കണ്ണൂരിന്റെ ആർ. വിനീതും കൊല്ലത്തിന്റെ പൊന്നമ്പിളിയുമായിരുന്നു പ്രഥമ പട്ടങ്ങൾ സ്വന്തമാക്കിയത്.

ആ വർഷംതന്നെ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്കു സ്വർണക്കപ്പും ഏർപ്പെടുത്തി. 1999 ൽ നൃത്ത–നൃത്തേതര ഇനങ്ങളിൽ ഒരുപോലെ തിളങ്ങുന്നവർക്കു മാത്രം കലാപ്രതിഭ, കലാതിലകം പട്ടങ്ങൾ നൽകിയാൽ മതിയെന്ന പരിഷ്കാരം കൊണ്ടുവന്നു. അതോടെ ആ വർഷമടക്കം പിന്നീട് പലപ്പോഴും കലാപ്രതിഭ പട്ടങ്ങൾക്ക് അവകാശികളില്ലാത്ത അവസ്‌ഥ വന്നു. അനാരോഗ്യകരമായ മത്സരം ഒഴിവാക്കുന്നതിന്റെ ഭാഗമായി പിന്നീടു കലാപ്രതിഭ, തിലകം പട്ടങ്ങൾ പൂർണമായും നിർത്തലാക്കി. 2005 ലാണ് അവസാനമായി കലാതിലക പട്ടം സമ്മാനിച്ചിരുന്നത്. ആതിര.ആർ.നാഥായിരുന്നു അവസാനമായി പട്ടം നേടിയത്. കലാതിലക പട്ടത്തിന് അർഹയാണെന്ന കോടതിവിധി നേടി തൊട്ടടുത്ത വർഷത്തെ കലോത്സവ ഉദ്ഘാടന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങിയ സംഭവവും കലോത്സവ ചരിത്രത്തിൽ ഇടംനേടിയിരുന്നു. 2000ൽ പാലക്കാട് നടന്ന കലോത്സവത്തിൽ കലാതിലകപട്ടം നിഷേധിക്കപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടി തൃശൂരിലെ അപർണ കെ. ശർമയാണു കോടതി കയറിയത്. അനുകൂലവിധി നേടിയ അപർണ 2001ൽ തൊടുപുഴയിൽ നടന്ന കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ വിദ്യാഭ്യാസമന്ത്രി പി.ജെ. ജോസഫിൽ നിന്നും കിരീടം ഏറ്റുവാങ്ങുകയും ചെയ്തു.

കണ്ണൂരിൽ എത്തുമ്പോൾ

എറണാകുളത്തു തുടങ്ങിയ കലാമാമാങ്കം കണ്ണൂരിലെത്തി നിൽക്കുമ്പോൾ സർഗവേദികളിൽ നിന്നും നിരവധി പ്രതിഭകളേയും കേരളത്തിനു ലഭിച്ചു. 1957 ൽ എറണാകുളത്തു നടന്ന ആദ്യ കലാമേളയിൽ ഇന്നത്തെ കണ്ണൂരും കാസർഗോഡും അടങ്ങിയ വടക്കേ മലബാർ ജില്ലയായിരുന്നു ചാമ്പ്യൻമാർ. 2007 മുതൽ കഴിഞ്ഞവർഷം വരെ കോഴിക്കോടിന്റെ തേരോട്ടമായിരുന്നു. 2015 ൽ കോഴിക്കോട് നടന്ന കലോത്സവത്തിൽ പാലക്കാടിനൊപ്പം കോഴിക്കോടിന് കിരീടം പങ്കുവയ്ക്കേണ്ടിവന്നു. 2003 ൽ ആലപ്പുഴയിൽ നടന്ന കലോത്സവത്തിലാണ് അവസാനമായി കണ്ണൂർ ജില്ലയ്ക്ക് കിരീടം ചൂടാനായത്. 2000 ൽ പാലക്കാട് നടന്ന കലോത്സവത്തിൽ എറണാകുളത്തിനൊപ്പം കണ്ണൂരും കലാകിരീടം പങ്കുവയ്ക്കുകയും ചെയ്തു. ഇതു നാലാം തവണയാണ് കണ്ണൂരിൽ സംസ്‌ഥാന കലോത്സവം എത്തുന്നത്. 1982, 1995, 2007 എന്നീ വർഷങ്ങളിലാണ് ഇതിനുമുമ്പു കണ്ണൂരിൽ കലോത്സവത്തിനു കൊടിയുയർന്നത്. ഏറ്റവും കൂടുതൽ തവണ കലോത്സവത്തിന് ആതിഥേയത്വമരുളിയത് എറണാകുളം ജില്ലയാണ്.

സ്വർണക്കപ്പിനായി കലാപോരാട്ടം

117.5 പവന്റെ സ്വർണക്കപ്പിനു വേണ്ടിയാണു ജില്ലകൾ തമ്മിലുള്ള പോരാട്ടം. ആവേശം കൊടുമുടിയോളം ഉയരുന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണു പലപ്പോഴും ജില്ലകൾ കിരീടത്തിൽ മുത്തമിടുന്നത്. നാലു തവണ കലോത്സവ കിരീടം പങ്കിടേണ്ടതായും വന്നിട്ടുണ്ട്. 1975 ൽ കോട്ടയവും ഇരിങ്ങാലക്കുടയും 1980 ൽ തിരുവന്തപുരവും ആലുവയും 2000ൽ കണ്ണൂരും എറണാകുളവും 2015 ൽ കോഴിക്കോടും പാലക്കാടും കിരീടം പങ്കിട്ടു. ഈ വർഷങ്ങളിൽ ആറുമാസം വീതം ഓരോ ജില്ലയും ഓവറോൾ ട്രോഫി കൈവശംവയ്ക്കുകയാണു ചെയ്യുന്നത്. 1975 ൽ നറുക്കിട്ടും പിന്നീട് അക്ഷരമാലാക്രമത്തിലുമാണ് ആദ്യം ആരു ട്രോഫി കൈവശംവയ്ക്കണമെന്നു തീരുമാനിച്ചത്.

ഏറ്റവും നേരിയ മാർജിനിൽ കീരിടം നേടിയതിന്റെ റിക്കാർഡ് കോഴിക്കോടിനാണ്. 2007ൽ ഹാട്രിക് സ്വപ്നവുമായി എത്തിയ പാലക്കാടിനെ ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിൽ കേവലം ഒരു പോയിന്റിനു മറികടന്നാണു കോഴിക്കോട് സ്വർണക്കപ്പിൽ മുത്തമിട്ടത്. എന്നാൽ അപ്പീലുകൾ ആവശ്യത്തിലേറെ അനുവദിച്ചു കോഴിക്കോടിനെ സംഘാടകർ സഹായിക്കുകയായിരുന്നുവെന്ന് ആരോപിച്ചു രണ്ടാംസ്‌ഥാനക്കാരായ പാലക്കാട് പ്രതിഷേധ സൂചകമായി അന്നു റണ്ണേഴ്സ് അപ്പ് ട്രോഫി ഏറ്റുവാങ്ങിയിരുന്നില്ല. 2016 ൽ തിരുവന്തപുരത്തു നടന്ന കലോത്സവത്തിലും കോഴിക്കോട് തന്നെയായിരുന്നു ജേതാക്കൾ.

പി.ടി. പ്രദീഷ്