പാട്ടുപുര നാണു പഴമയുടെ കൂട്ടുകാരൻ
പാട്ടുപുര നാണു പഴമയുടെ കൂട്ടുകാരൻ
നാടൻപാട്ടുകളുടെ ഉപാസകനായ വടകര തിരുവള്ളൂരിലെ പാട്ടുപുര നാണു പഴയകാല കാർഷിക ഉപകരണങ്ങളുടെ തോഴനാണ്.

കാർഷിക സംസ്കാരത്തിന്റെ അടയാളപ്പെടുത്തലുകളായ കാർഷികോപകരണങ്ങൾ ശേഖരിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുകയാണ് നാണു. ഇതോടൊപ്പം പഴമക്കാരിൽ നിന്ന് നാടൻപാട്ടുകൾ ശേഖരിച്ചു രംഗത്ത് അവതരിപ്പിക്കുകയും ചെയ്യുന്നു ഈ കലാകാരൻ.

15 വർഷമായി നാണു ഈ രംഗത്ത് സജീവമാണ്. നെൽകൃഷി ഉൾപ്പെടെ കുറഞ്ഞുവരുന്ന ഇക്കാലത്ത് പഴയ കൃഷി ഉപകരണങ്ങൾ പുതുതലമുറയെ പരിചയപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. വിദ്യാലയങ്ങളിലും പൊതുപരിപാടികളിലും ഇതിനകം നിരവധി പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.

ട്രാക്ടറുകൾ സജീവമാകുന്നതിനു മുമ്പ് നിലം ഉഴുതുമറിക്കാൻ ഉപയോഗിച്ചിരുന്ന കലപ്പ ന്യുജനറേഷൻ കുട്ടികൾക്ക് കൗതുകമാണ്. ഇതോടൊപ്പം വയലിലെ ചെളി ഒരുക്കാൻ ചവിട്ടുപലകയും ഞൗരിപ്പലകയും ഉണ്ടായിരുന്നു. കാളകളെ പൂട്ടി നിലം ഒരുക്കിയിരുന്ന പഴയകാലം നാണു വാക്കുകൾ കൊണ്ട് വരച്ചുകാട്ടുകയും ചെയ്യുന്നതോടെ കാഴ്ചക്കാരുടെ മനസിൽ ആ കാലം വീണ്ടുമെത്തുന്നു. പൂർവികരുടെ ജീവിതരീതിയുടെ നേർചിത്രമാവുന്നു ഇത്. ജലചക്രം, ഏത്തം, വേത്ത്, തേവുമുറം തുടങ്ങിയവ വയലുകളിൽ വെള്ളം എത്തിക്കാനും ഒഴിവാക്കാനുമുള്ള ഉപകരണങ്ങളായിരുന്നു. നാടൻപാട്ടുകൾക്കൊപ്പം ഞാറുനട്ടിരുന്ന പെണ്ണുങ്ങൾ മഴ പെയ്യുമ്പോൾ തലയിൽ ചൂടിയിരുന്ന വിരിയോല ഇന്ന് അപൂർവമായ ഒരു കാഴ്ചവസ്തുവാണ്.


ആണുങ്ങൾ തലയിൽ ചൂടിയ തലക്കുടയും വിരിയോലയും പനയോല കൊണ്ടാണ് നിർമിച്ചിരുന്നത്. കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ നിലം ഉഴുത് വെള്ളരിക്കൃഷി ചെയ്തിരുന്ന സമയത്താണ് കട്ടക്കോൽ വയലിലിറക്കുക. ഉണങ്ങിയ മൺകട്ട തച്ചുടയ്ക്കാൻ മരം കൊണ്ട് നിർമിച്ചവയാണ് കട്ടക്കോൽ. കറ്റക്കൊട്ട, കാറ്റോല, വിത്തുകൊട്ട, വല്ലം എന്നിവയും പഴയ കാർഷിക സംസ്കാരത്തിന്റെ അടയാളങ്ങളാണ്. കഴുക്കോലിൽ കെട്ടിത്തൂക്കുന്ന ഉറിയും നിലത്ത് താഴ്ന്നു കിടക്കുന്ന ഉറിയും അടുക്കളയുടെ ആവശ്യതകളായിരുന്നു അക്കാലത്ത്. കൃഷിയിടങ്ങളിൽ നിന്ന് ശത്രുജീവികളെ അകറ്റാൻ എലിക്കെണി, ഏളത്തരി, കവണ, നരിമൂളി എന്നിവയാണ് ഉപയോഗിച്ചിരുന്നത്. പറ, കള്ളപ്പറ, ഇടങ്ങഴി, നാഴി, ഉരി തുടങ്ങിയ അളവുപാത്രങ്ങളും നാണുവിന്റെ ശേഖരത്തിലുണ്ട്. തുലാം, തട, കയഞ്ചിക്കോൽ എന്നിവയും അളക്കാൻ ഉപയോഗിച്ചിരുന്നു.

നാടൻപാട്ടുകൾ ശേഖരിക്കുകയും അവ കുട്ടികളെ പഠിപ്പിക്കുകയും ചെയ്തിരുന്ന നാണു കീഴൽ ജനകീയ വായനശാലയുടെ പ്രോത്സാഹനത്താലാണ് കാർഷികോപകരണങ്ങൾ ശേഖരിക്കൽ ആരംഭിച്ചത്. ഇപ്പോൾ നൂറിൽപ്പരം ഉപകരണങ്ങൾ കൈവശമുണ്ട്. ഫോൺ നമ്പർ–9539332939.