തെരുവു നായകൾക്ക് അഭയമൊരുക്കി രാകേഷ്
തെരുവു നായകൾക്ക് അഭയമൊരുക്കി രാകേഷ്
വളരെ പരിതാപകരമായ സാഹചര്യത്തിലാണ് അവളെ രാകേഷ് ശുക്ല കണ്ടത്. തെരുവിൽ കഴിയുന്നതിന്റെ എല്ലാ ദൈന്യതയും ആ കണ്ണുകളിലൂടെ, ആ നോട്ടത്തിലൂടെ അദ്ദേഹത്തിന് ബോധ്യമായി. വാത്സല്യത്തോടെ അയാൾ അവളെ ആ അഴുക്കുചാലിൽ നിന്നും ഏറ്റെടുത്തു. വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ശുശ്രൂഷിച്ചു, മുറിവുകളിൽ മരുന്നു വച്ചുകെട്ടി. ആഹാരവും വെള്ളവും നൽകി. സ്നേഹത്തോടെ കാവ്യ എന്ന പേരും സമ്മാനിച്ചു. ബംഗളൂരുകാരനായ ഈ സോഫ്റ്റ്വെയർ എൻജിനിയറുടെ ജീവിതത്തിൽ പുതിയ ഒരു അധ്യായത്തിന് ഹരിശ്രീ കുറിക്കപ്പെട്ടത് അങ്ങനെയാണ്. ബംഗളൂരുവി നു സമീപം ധോദ്ബാൽപൂരിൽ തെരുവു നായകൾക്കായി അദ്ദേഹം അധികം വൈകാതെ ഒരു സ്വർഗം തന്നെ സൃഷ്ടിച്ചു.

തെരുവു നായകൾക്കായി തയാറാക്കിയ ഈ സങ്കേതത്തിൽ ഇപ്പോൾ എഴുന്നൂറിലധികം അന്തേവാസികളുണ്ട്. പലതും പലയിടത്തും നിന്നെത്തിയതാണ്. പൊരിവെയിലും പെരുമഴയും സഹിച്ച് അവശരായി കിടന്നവ മുതൽ ഉടമകളാൽ ഉപേക്ഷക്കപ്പെട്ടവ വരെ നീളുന്നു നിര. എന്തായാലും, ഇങ്ങനെ ഉറ്റവരും ഉടയവരുമില്ലാത്ത ഈ മിണ്ടാപ്രാണികളുടെ ഏറ്റവും പ്രിയപ്പെട്ട തോഴനാണ് ഇന്ന് രാകേഷ്. ഡൽഹിയിലും അമേരിക്കയിലുമൊക്കെ ജോലി ചെയ്തതിനു ശേഷം തിരികെ നാട്ടിലെത്തിയ രാകേഷ് പത്തു വർഷം മുമ്പ് സ്വന്തമായി ഒരു സോഫ്റ്റ്വെയർ കമ്പനി ആരംഭിച്ചു. കമ്പനിയുടെ സിഇഒ ആയതിനാൽ സ്വാഭാവികമായും അത്രയ്ക്കു ജോലിത്തിരക്കുകളുമുണ്ട്. എങ്കിലും ആഴ്ചയിൽ മൂന്നോ നാലോ ദിവസം രാകേഷ് ധോദ്ബാൽപൂരിലെ ഫാം ഹൗസിലായിരിക്കും ചെലവഴിക്കുക. തന്റെ പുന്നാര കുരുന്നുകളോടൊപ്പം എന്ന് പറയാനാണ് രാകേഷിന് ഇഷ്ടം. കണ്ണിലെ കൃഷ്ണമണി കണക്കെ, പൊന്നുപോലെയാണ് അദ്ദേഹം ഈ ജീവികളെ പരിപാലിക്കുന്നത്.

രാകേഷിനോടുള്ള അവയുടെ അടുപ്പവും വ്യത്യസ്തമല്ല. ഫാം ഹൗസിലേക്ക് രാകേഷിന്റെ വാഹനം ചെല്ലേണ്ട താമസം, ചുറ്റിലും ഒന്നിനു പിറകെ ഒന്നായി നായകൾ വന്നു നിറയും. എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം നായകൾ, നായകൾ മാത്രം. ചിലത് കുരയ്ക്കും, മറ്റു ചിലത് മുരളും, അങ്ങോട്ടുമിങ്ങോട്ടും തുള്ളിച്ചാടും വേറെ ചിലത്... വാഹനത്തിൽ നിന്നും രാകേഷ് ഇറങ്ങിയാലോ, പിന്നത്തെ കഥ പറയണ്ട. എല്ലാ അന്തേവാസികളും കൂടി അദ്ദേഹത്തിന്റെ അരികിൽ ചെന്ന് വാലാട്ടുകയും ശരീരത്തിൽ നാവുരസുകയും ചെയ്യും. രാകേഷ് അവരെ തലോടി, കുശലാന്വേഷണമൊക്കെ നടത്തും.



മൂന്നര ഏക്കറോളം വിസ്തൃതിയിലാണ് ആർക്കും വേണ്ടാത്ത ഈ നായകൾക്കായി രാകേഷ് ഈ ലാവണം ഒരുക്കിയിരിക്കുന്നത്.

ലാബ്രഡോറും ഗോൾഡൻ റിട്രീവറും ഗ്രേറ്റ് ഡെയ്നും ബീഗൽസും ഡാഷ്ഹണ്ടും റോട്ട് വീലറും സെയിന്റ് ബർണാർഡും പഗ്ഗുമൊക്കെ ഇവിടെയുണ്ട്. കൂടാതെ, സങ്കരവർഗങ്ങൾ നൂറോളം വേറെയും. തെരുവിൽ നിന്നും ദത്തെടുക്കപ്പെട്ടതാണ് നല്ലൊരു ശതമാനവും. വൻതുകകൾ നൽകി വാങ്ങുകയും വീടുകളിൽ വളർത്തുകയും പിന്നീട് അനാരോഗ്യത്താലും മറ്റും തെരുവുകളിൽ ഉപേക്ഷിക്കപ്പെടുകയും ചെയ്ത നിരാലംബരായ നായകളും രാകേഷിന്റെ വിശിഷ്ടമായ കൂടാരത്തിൽ സന്തുഷ്ടരായി കഴിയുന്നു.

22 നായകളെ ഒരുമിച്ച് കൊണ്ടുവന്നത് ഈയടുത്തകാലത്താണ്. നഗരത്തിലെ ഒരു ബിസിനസുകാരന്റെ ഓമനകളായിരുന്നു ഇവ. അക്രമികളാൽ അദ്ദേഹം വെടിവച്ച് കൊല്ലപ്പെട്ടതിനെത്തുടർന്ന് ഈ നായകളെ സംരക്ഷിക്കാൻ ആരുമില്ലാതായി. രാകേഷ് അവയുടെയും ചുമതല ആഹ്ലാദപൂർവം സ്വീകരിച്ചു.
ആഡംബര വാഹനങ്ങളോ അമൂല്യമായ വസ്തുക്കളോ അല്ല ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷവും സംതൃപ്തിയുമെന്ന് രാകേഷ് ഓർമിപ്പിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ ഒരുപാട് തവണ യാത്ര ചെയ്തിട്ടുള്ള ഈ യുവസംരംഭകന്റെ മനസിനെ, അതിനൊന്നും സ്വാധീനിക്കാനുമായി ല്ല. 45 ദിവസം മാത്രം പ്രായമുള്ള ഒരു ഗോൾഡൻ റിട്രീവറെ ആദ്യം തെരുവിൽ നിന്നും എടുത്തപ്പോൾ ഹൃദയത്തിൽ വല്ലാത്തൊരു അനുഭൂതി നിറഞ്ഞതുപോലെ... കാവ്യ എന്ന് നാമകരണം ചെയ്ത് വീട്ടിൽ തന്നെ പരിപാലിച്ചു. രണ്ടാമത്തെ അതിഥിയായ ലക്കിയെയും തെരുവിൽ നിന്നാണ് ലഭിച്ചത്. മഴയത്ത് നനഞ്ഞൊലിച്ച് വളരെ ദയനീയാവസ്‌ഥയിലായിരുന്നു ആ പാവം. പിന്നീട് അതൊരു പതിവായി... നിരത്തിൽ എവിടെയായാലും അനാഥനായൊരു നായയെ കണ്ടാൽ, സ്നേഹത്തോടെ കൂടെ കൂട്ടും. നായകളുടെ എണ്ണം വർധിച്ചപ്പോഴാണ് ധോദ്ബാൽപൂരിൽ അവയ്ക്കായി വിശാലമായൊരു ഇടം യാഥാർഥ്യമാക്കിയത്. ഇവിടെ ഇവയ്ക്ക് യഥേഷ്ടം ഓടിക്കളിക്കാനുള്ള സ്‌ഥലവും നീന്തിത്തുടിക്കാനുള്ള കുളങ്ങളുമുണ്ട്. മൃഗചികിത്സാ വൈദഗ്ധ്യമുള്ളവർ ഉൾപ്പെടെ ഈ ജീവികളെ പരിചരിക്കാൻ രാകേഷ് നിയോഗിച്ചിരിക്കുന്നു. ആഹാരവും ഔഷധവുമടക്കം ഒരു ദിവസത്തെ ആകെ ചെലവ് അമ്പതിനായിരം രൂപ വരെയാകും. ഇവിടുത്തെ നായകൾക്ക് കാഴ്ചക്കാരുടെ കണ്ണുകളിൽ അത്ര സൗന്ദര്യമുള്ളതായിരിക്കില്ല. രോഗികളും വൈകല്യമുള്ളവരുമൊക്കെയുണ്ട്. ശരിയാണ്, എങ്കിലും എല്ലാപേരും രാകേഷിനെ സംബന്ധിച്ചിടത്തോളം സ്വന്തം കുഞ്ഞുങ്ങളാണ്.

–ഗിരീഷ് പരുത്തിമഠം