സിനിമാ കാഴ്ചകളുടെ വാരഫലം
സിനിമാ കാഴ്ചകളുടെ വാരഫലം
സിനിമാക്കാഴ്ചകളാൽ തലസ്‌ഥാനനഗരിയെ ഉത്സവത്തിമിർപ്പിലാഴ്ത്തിയ 21–ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്നലെ തിരൾീല വീണു. അടുത്ത വർഷം വീണ്ടും കാണാമെന്നു പറഞ്ഞ് സിനിമാ പ്രേമികൾ തിരുവനന്തപുരത്തോട് യാത്രപറഞ്ഞു. ഇന്നു മുതൽ നഗരം വീണ്ടും സ്വാഭാവികതയിലേക്കു മടങ്ങും. ഒരു വശത്ത് മേള ‘അടിപൊളി’ എന്ന് ന്യൂ ജെൻ രീതിയിൽ പറയുമ്പോൾ മറുവശത്തെ വീഴ്ചകളും പിഴവുകളും വിവാദങ്ങളും കണ്ടില്ലെന്നു നടിക്കാനാവില്ല. കഴിഞ്ഞ ഒരാഴ്ചത്തെ സിനിമാ കാഴ്ചകളിലേക്ക് ഒന്നു കണ്ണോടിക്കാം.

കൊടിയേറ്റം

ഡിസംബർ 9ന് തിരുവനന്തപുരം നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തിരിതെളിച്ചതോടെ ചലച്ചിത്രോത്സവത്തിന് കൊടിയേറി. മേള പിന്നിട്ട 21 വർഷത്തെ പ്രതിനിധീകരിച്ച് 21 ദീപങ്ങൾ തെളിഞ്ഞു. എട്ടു ദിവസം നീണ്ട മേളയിൽ പ്രദർശിപ്പിച്ചത് 62 രാജ്യങ്ങളിൽ നിന്നുള്ള 185 സിനിമകൾ. ’പലായനം’ പ്രമേയമാക്കിയ ഈ വർഷത്തെ ഉദ്ഘാടന ചിത്രം അഫ്ഗാൻ–ഇറാനിയൻ ചിത്രമായ ’പാർട്ടിംഗ്’ ആയിരുന്നു. മെക്സിക്കൻ ചിത്രമായ ’ദി അറൈവൽ ഓഫ് കൊൺറാഡിയോ സിയറ’ ആദ്യം പ്രദർശിപ്പിച്ചു. കുടിയേറ്റക്കാർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുന്ന ചിത്രങ്ങൾക്ക് ആസ്വാദകർ ഏറെയായിരുന്നു.

ജഗതി എത്തി

മേളയുടെ പ്രധാന വിശേഷങ്ങളിലൊന്ന് മലയാളികളുടെ പ്രിയതാരം ജഗതി ശ്രീകുമാറിന്റെ സാന്നിധ്യമാണ്. കുറച്ചു നാളുകൾക്കു മുമ്പുണ്ടായ അപകടത്തെ തുടർന്ന് സിനിമയിൽ നിന്നും പൊതുപരിപാടികളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്ന അദ്ദേഹം ചലച്ചിത്രോത്സവത്തിന്റെ ഭാഗമാകാനെത്തി. ’ഡിസൈനേഴ്സ് ആറ്റിക്’ എന്ന പ്രത്യേക ദൃശ്യാവിഷ്കാരം ഉദ്ഘാടനം ചെയ്യാനാണ് ജഗതിയും ഷീലയും ടാഗോറിലെത്തിയത്.

’ടാഗോറാ‘ണ് താരം

സിനിമാ ലോകത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു കഴിഞ്ഞ ഒരാഴ്ചയായി തിരുവനന്തപുരം ടാഗോർ തിയറ്റർ. കഴിഞ്ഞ വർഷം വരെ ഈ സ്‌ഥാനം സ്വന്തമായിരുന്ന കൈരളി തിയറ്റർ ഇത്തവണ മറ്റു തിയറ്ററുകളെപ്പോലെ ശാന്തമായിരുന്നു. കൈരളിയുടെ പടിക്കെട്ടിൽ സിനിമാ വിശേഷങ്ങളും സൗഹൃദങ്ങളും പങ്കുവച്ച് ഇരുന്നവരെല്ലാം ടാഗോർ തിയറ്ററിന്റെ വിശാലമായ ലോകത്തേക്ക് ചേക്കേറി.

13,000 പ്രതിനിധികൾ; 9,000 പേർക്കിരിക്കാം!

ചലച്ചിത്രമേളയ്ക്കെത്തുന്നത് സിനിമാ പ്രവർത്തകരും മാധ്യമപ്രവർത്തകരും മാത്രമല്ല. എന്തിന് കേരളീയരോ ഇന്ത്യക്കാരോ ആകണം എന്നു പോലും നിർബന്ധമില്ല. 13,000 ഡെലിഗേറ്റുകൾക്കാണ് ഈ വർഷം പാസ് അനുവദിച്ചിരുന്നത്. എന്നാൽ മൊത്തം സീറ്റിംഗ് കപ്പാസിറ്റി 9,000 മാത്രം. പ്രധാന വേദികളിലൊന്നായ നിശാഗന്ധിയായിരുന്നു സീറ്റിംഗിൽ മുന്നിൽ നിന്നത്. പ്രിയപ്പെട്ട ചിത്രങ്ങൾ കാണാനാകാതെ പുറത്തു നിൽക്കേണ്ടി വന്ന ഡെലിഗേറ്റുകൾ അനവധി.

’ക്ലാഷ്‘ കാണാനെത്തി ക്ലാഷായി

തുടക്കം മുതൽ തന്നെ സീറ്റിംഗിനേയും പാസിനേയുമൊക്കെ ചൊല്ലി തർക്കങ്ങൾ നിലനിന്നിരുന്നു. പക്ഷേ അത് സംഘർഷത്തിലേക്കു നീണ്ടത് പെട്ടെന്നായിരുന്നു. ഈജിപ്ഷ്യൻ ചലച്ചിത്രമായ ‘ക്ലാഷി’ന്റെ മൂന്നാം പ്രദർശനത്തിനായിരുന്നു ഡെലിഗേറ്റുകളും സംഘാടകരും തമ്മിൽ സംഘർഷമുണ്ടായത്. റിസർവ് ചെയ്തവർക്കും വോളന്റിയർമാർക്ക് താത്പര്യമുള്ളവർക്കും പ്രവേശനം നൽകിയത് മണിക്കൂറുകളോളം ക്യൂ നിന്നവരെ ചൊടിപ്പിച്ചു. പ്രശ്നത്തെത്തുടർന്ന് ചിത്രത്തിന്റെ പ്രദർശനം റദ്ദാക്കി.

മലയാളത്തിളക്കം


185 സിനിമകൾ പ്രദർശിപ്പിച്ചതിൽ 81 സിനിമകൾ ലോകസിനിമാ വിഭാഗത്തിലും 15 സിനിമകൾ മത്സര വിഭാഗത്തിലും ഉൾപ്പെട്ടു. ഇന്ത്യൻ സിനിമ ഇന്ന് എന്ന വിഭാഗത്തിൽ പ്രദർശിപ്പിച്ചത് ഏഴു സിനിമകൾ. മലയാളികൾക്ക് അഭിമാനമായി ആറടി, മഹേഷിന്റെ പ്രതികാരം, ക ബോഡിസ്കേപ്സ്, കമ്മട്ടിപ്പാടം, കിസ്മത്, ഗോഡ്സെ, മോഹവലയം എന്നീ സിനിമകൾ.

മത്സര വിഭാഗത്തിലെ 15 സിനിമകളിൽ രണ്ടെണ്ണം മലയാളം; ഒന്ന് വനിതാ സാന്നിധ്യം. ഡോ. ബിജുവിന്റെ കാടു പൂക്കുന്ന നേരവും വിധു വിൻസെന്റന്റെ മാൻഹോളും മുന്നോട്ടു വച്ച പ്രതീക്ഷകൾ ഏറെ.

കൂടാതെ, നമ്മെ വിട്ടുപിരിഞ്ഞ കലാഭവൻ മണിയുടെ ആയിരത്തിൽ ഒരുവൻ, കല്പന കേന്ദ്ര കഥാപാത്രമായെത്തിയ തനിച്ചല്ല ഞാൻ, രാജേഷ് പിള്ളയുടെ ട്രാഫിക്, ശശിശങ്കറിന്റെ നാരായം, എ.ഷെറീഫ് തിരക്കഥ രചിച്ച അവളുടെ രാവുകൾ, ടി.എ. റസാഖ് എഴുതിയ പെരുമഴക്കാലം എന്നിവയും ഹോമേജ് വിഭാഗത്തിൽ പ്രദർശിപ്പിച്ചു. ഒപ്പം അടൂർ 50 വർഷം വിഭാഗത്തിൽ പിന്നെയും എന്ന സിനിമയും സ്മൃതി പരമ്പര വിഭാഗത്തിൽ കെ. എസ്. സേതുമാധവന്റെ അഞ്ചു സിനിമകളും ഉൾപ്പെടുത്തിയിരുന്നു.

ചില രൂപാന്തരങ്ങൾ

താടിയും മുടിയും നീട്ടി വളർത്തിയ ആൺകുട്ടികൾ മേളയിലെ സ്‌ഥിരം കാഴ്ചയാണ്. എന്നാൽ, ഇത്തവണ കൈയടി നേടിയത് പെൺകുട്ടികൾ. ലുങ്കിയുടുത്ത് ജുബ്ബയിട്ടെത്തിയ പെൺകുട്ടികളെ കണ്ട് നോക്കാത്തവരും നോക്കിപ്പോയി. ചലച്ചിത്രമേളകൾ എല്ലായ്പോഴും ഫാഷൻ തരംഗങ്ങൾക്ക് സാക്ഷ്യം വഹിക്കാറുണ്ട്.

ഡിങ്കാലാല

ചലച്ചിത്രമേളയിൽ ഡിങ്കോയിസ്റ്റുകളും ചർച്ചാ വിഷയമായി. ഡിങ്കഭക്‌തർ ഡിങ്കപൗർണമി ആഘോഷിച്ചതും ടാഗോർ തിയറ്ററിനു മുന്നിൽ പൊങ്കലയ്ക്കു പകരം ഡിങ്കാല നടത്താൻ ശ്രമിച്ചതും മറ്റു ഡെലിഗേറ്റുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കി. എതിർപ്പുകൾ വകവയ്ക്കാതെ ഡിങ്കഭക്‌തർ കപ്പപ്പാട്ടു പാടുകയും അവിടെ എത്തിയ ഡെലിഗേറ്റുകൾക്ക് കപ്പയും ചമ്മന്തിയും വിതരണം ചെയ്യുകയും ചെയ്തു.

വിവാദമായി ദേശീയത

ചലച്ചിത്രോത്സവത്തിനു തൊട്ടുമുമ്പാണ് തിയറ്ററുകളിൽ ദേശീയ ഗാനം നിർബന്ധമാക്കി സുപ്രീം കോടതി വിധി വന്നത്. ദേശീയത വളർത്താൻ കൊണ്ടുവന്ന നിയമം വഴിയൊരുക്കിയത് വിവാദങ്ങൾക്ക്.

ഇതിനോടുള്ള പ്രതിഷേധസൂചകമായി പലരും എഴുന്നേൽക്കാതിരുന്നതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. ഇവരെ പോലീസ് കസ്റ്റഡിലെടുക്കുകയും താക്കീതു നൽകി വിട്ടയയ്ക്കുകയും ചെയ്തു. ഇതിന്റെ തുടർച്ച സംസ്‌ഥാന ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമലിന്റെ വീടുവരെ നീണ്ടു.

കൊടിയിറക്കം

21–ാം അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തിരുവന്തപുരം നിശാഗന്ധിയിൽ സമാപനം. മികച്ച ചിത്രത്തിനുള്ള സുവർണ ചകോരവും പ്രേക്ഷക അവാർഡും മൊഹമ്മദ് ദിയാബ് സംവിധാനം ചെയ്ത ‘ക്ലാഷി’ന്. മികച്ച സംവിധായകനുള്ള രജത ചകോരം തുർക്കി സിനിമയായ ക്ലയർ ഒബ്സ്ക്യൂറിന്റെ സംവിധായക യെസീം ഉസ്താഗ്ലൂ നേടി. മലയാളിയായ വിധു വിൻസെന്റ് മികച്ച നവാഗത സംവിധായിക. മലയാളം സിനിമയ്ക്കുള്ള നെറ്റ്പാക് അവാർഡ് രാജീവ് രവിയുടെ ’കമ്മട്ടിപ്പാടം‘ സ്വന്തമാക്കി.

സന്തോഷത്തിന്റെയും അസംതൃപ്തികളുടെയും പരാതികളുടെയുമെല്ലാം ഇടയിലൂടെ 21ാം അന്താരാഷ്ട്ര ചലച്ചിത്രമേളയും കടന്നുപോയി. മേളയ്ക്കു കൊടിയിറങ്ങിയപ്പോൾ മലയാളികൾക്ക് അഭിമാനിക്കാൻ വകകളേറെ. ഇനി ഈ ഉത്സവത്തിനു ചലച്ചിത്രപ്രേമികൾ സാക്ഷികളാകുന്നത് 2017 ഡിസംബറിൽ. ഇത് അവസാനമല്ല; തുടക്കമാണ്. കാത്തിരിപ്പിന്റെ തുടക്കം.