വംശനാശഭീഷണിയിൽ
വംശനാശഭീഷണിയിൽ
വിവിധ തരം സ്രാവുകളുടെ ലോകമായിരുന്നു മെഡിറ്ററേനിയൻ കടൽ. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ പലപ്പോഴും ഇവിടത്തെ സ്രാവുകൾക്ക് ഇരകളായിട്ടുമുണ്ട്. എന്നാൽ, അന്താരാഷ്ട്ര പരിസ്‌ഥിതി സംരക്ഷണ സംഘത്തിന്റെ (ഐയുസിഎൻ) കണക്കുകളനുസരിച്ച് മെഡിറ്ററേനിയൻ കടലിലെ സ്രാവുകളുടെയും തിരണ്ടി മത്സ്യങ്ങളുടെയും എണ്ണത്തിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അമിതമായ മത്സ്യബന്ധനമാണ് ഇതിന്റെ പ്രധാന കാരണമായി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്.

നിലവിൽ രണ്ടു വിഭാഗത്തിലും പെട്ട 72 ഇനം മത്സ്യങ്ങളാണ് കടലിലുള്ളത്. എന്നാൽ, ഇവയിൽ 39 ഇനവും വംശനാശം നേരിടുന്നു. അതിൽതന്നെ 12 സ്രാവിനത്തിന്റെയും എട്ട് തിരണ്ടി ഇനത്തിന്റെയും നില അതീവ ഗുരുതരമാണ്. ബ്ലൂ ഷാർക്, ജയന്റ് വൈറ്റ് ഷാർക്, സ്മൂത്ത് ഹാമർഹെഡ് ഷാർക് തുടങ്ങിയവ ഈ കൂട്ടത്തിൽ ഉൾപ്പെടും. 2007ലെ പഠനവും 2016 പഠനവും താരതമ്യം ചെയ്യുമ്പോൾ സ്‌ഥിതി വീണ്ടും വഷളായതായി കാണുന്നുവെന്ന് ഐയുസിഎൻ പറയുന്നു.

ജിറാഫുകളും പഴങ്കഥയായേക്കാം

കരയിലെ ഉയരം കൂടിയ ജീവികളെന്നു പറഞ്ഞു പഠിച്ച ജിറാഫുകൾ വംശനാശത്തിലേക്ക്. മുപ്പതു വർഷത്തിനിടെ 40 ശതമാനം കുറവാണ് ജിറാഫുകളുടെ എണ്ണത്തിൽ സംഭവിച്ചിരിക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് ജീവശാസ്ത്രജ്‌ഞർ ജിറാഫുകളെ വംശനാശം നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര പരിസ്‌ഥിതി സംരക്ഷണ സംഘത്തിന്റെ (ഐയുസിഎൻ) കണക്കുകൾ പ്രകാരം 1985ൽ 1,51,000നും 1,63,000നും ഇടയിലായിരുന്ന എണ്ണം 2015 ആയപ്പോഴേക്കും 97,562 ആയി കുറഞ്ഞു. 35 ജീവജാലങ്ങളുടെ പേരുകൂടി വംശനാശം നേരിടുന്നവയുടെ കൂടെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയപ്പോൾ ഏഴിനങ്ങളുടെ കണക്കിൽ മാത്രമാണ് നേരിയ വർധന കണ്ടത്.


പട്ടികയിലെ ഏകസസ്തനിയാണ് ജിറാഫ്. സ്വാഭാവിക വാസസ്‌ഥലത്തിനുണ്ടാകുന്ന മാറ്റമാണ് ഇതിന്റെ പ്രധാന കാരണമായി ശാസ്ത്രജ്‌ഞർ പറയുന്നത്. എല്ലാവരും ആനകളുടെ വംശനാശത്തെക്കുറിച്ച് ആകുലപ്പെടുമ്പോൾ ആരുമറിയാതെ ഭൂമിയിൽനിന്ന് മായുകയാണ് ജിറാഫുകൾ. മൃഗശാലകളിൽ എപ്പോഴും കാണുന്നു എന്നതുകൊണ്ടു മാത്രം ജിറാഫുകൾ എല്ലായിടത്തും ഉണ്ടെന്ന ധാരണ തെറ്റാണെന്ന് ജൂലിയൻ ഫെനെസി എന്ന ജന്തു ശാസ്ത്രജ്‌ഞ പറഞ്ഞു. ആഫ്രിക്കയിൽ ജിറാഫുകൾ കൂടുതലായുള്ള പല മേഖലകളിലേക്കും മനുഷ്യർ ധാരാളമായി കുടിയേറിയതും ഇവയുടെ എണ്ണത്തെ ബാധിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ഐയുസിഎൻ കണക്കനുസരിച്ച് 860 ജന്തുജാലങ്ങൾക്ക് വംശനാശം സംഭവിച്ചു. 13,000 എണ്ണം വംശനാശത്തിന്റെ വക്കിലുമാണ്.