കൊച്ചുപ്രേമന്റെ ‘രൂപാന്തരം’
കൊച്ചുപ്രേമന്റെ ‘രൂപാന്തരം’
നാൽപ്പത്തിയേഴാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഇന്ത്യൻ പനോരമയിലെ പ്രധാന ആകർഷണമാവുകയാണ് എം. ബി. പത്മകുമാറിന്റെ ‘രൂപാന്തരം’. ജന്മനാ അന്ധനായ രാഘവനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. രാഘവനു ശസ്ത്രക്രിയയിലൂടെ കാഴ്ച തിരിച്ചുകിട്ടുന്നതും പിന്നീടുള്ള ജീവിതവുമാണ് ചിത്രം പറയുന്നത്. സ്വവർഗാനുരാഗികളുടെ കഥ പറഞ്ഞ ‘മൈ ലൈഫ് പാർട്ണർ’ എന്ന ചിത്രത്തിന്റെ വിജയത്തിനു പിന്നാലെയാണ് പത്മകുമാറിന്റെ രൂപാന്തരവുമെത്തുന്നത്. സംസ്‌ഥാന അവാർഡും ദേശീയ അവാർഡുമെല്ലാം കൈയെത്തും ദൂരത്താണ് നഷ്‌ടപ്പെട്ടതെങ്കിലും രൂപാന്തരത്തിന്റെ വിജയാഹ്ലാദത്തിലാണ് മലയാളികളുടെ പ്രിയനടൻ കൊച്ചുപ്രേമൻ.

ഫ്ളാഷ് ബാക്ക്

പണ്ടൊരു യുവജനോത്സവ വേദിയിൽ പ്രേക്ഷകരെ ജിജ്‌ഞാസയുടെ മുൾമുനയിൽനിർത്തിയ നാടകമാണ് ‘മുഹൂർത്തം’. കഥയിലെ കേന്ദ്ര കഥാപാത്രം ഒരു പെൺകുട്ടിയാണ്. നാടകത്തിലുടനീളം അവളുണ്ടെങ്കിലും സ്റ്റേജിൽ ആ കഥാപാത്രത്തെ ആരും കാണുന്നില്ല. സംഭാഷണങ്ങളിലൂടെയാണ് അവളുടെ സാന്നിദ്ധ്യം പ്രേക്ഷകർ അറിഞ്ഞത്. തുടക്കം മുതൽ ഒടുക്കം വരെ എല്ലാവരും കാത്തിരുന്നു; പക്ഷേ അവൾ വന്നില്ല. ഈ കാത്തിരിപ്പ് പ്രേക്ഷകർക്ക് ഒരു പുതിയ അനുഭവമായിരുന്നു. വാസ്തവത്തിൽ ആ തിരക്കഥ ഒരു പരീക്ഷണമായിരുന്നെങ്കിലും അത് വിജയിച്ചു. നാടകമുണർത്തിയ കൗതുകം ചെന്നുനിന്നത് ‘‘ആരാണിതിന്റെ തിരക്കഥാകൃത്ത്?’’ എന്ന ചോദ്യത്തിലാണ്. ആ ചോദ്യത്തിന്റെ ഉത്തരം പ്രേംകുമാർ എന്നഎട്ടാംക്ലാസുകാരനായിരുന്നു. ‘‘ഒരു കുട്ടി എഴുതിയ നാടകമാണോ ഇത്?’’ എന്ന് എല്ലാവരും അമ്പരന്നു.

ആ കുട്ടി വളർന്നിട്ടും എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ടിരുന്നു– പ്രേംകുമാറായി, മലയാളികളുടെ പ്രിയനടൻ ‘കൊച്ചു പ്രേമ’നായി. വർഷങ്ങളായി കലാരംഗത്തു നിന്ന് ലഭിച്ച അനുഭവങ്ങളും ഓർമകളും പങ്കുവയ്ക്കുകയാണ് അദ്ദേഹം.

അധ്യാപകനായ അച്ഛന്റെയും അമ്മയുടേയും ഏഴു മക്കളിൽ എല്ലാംകൊണ്ടും വ്യത്യസ്തൻ കൊച്ചുപ്രേമനായിരുന്നു. സഹോദരങ്ങൾ ആറുപേർക്കും താത്പര്യം സംഗീതമായിരുന്നു; കൊച്ചുപ്രേമന് അഭിനയവും. ഈ അഭിരുചി അദ്ദേഹത്തിന് ലഭിച്ചത് മുത്തശൻ സുകുമാരൻകുട്ടി ഭാഗവതരിൽനിന്നാണ്.

നാടകവും ജീവിതവും

‘‘വളരെ ചെറുപ്പം മുതൽ തന്നെസ്കൂൾ നാടക രംഗത്ത് ഞാൻ സജീവമായിരുന്നു.’ കൊച്ചുപ്രേമന്റെ ഓർമപ്പുസ്തകത്തിലെ താളുകൾ പിന്നിലേക്ക് മറിഞ്ഞു. ‘‘എട്ടാം ക്ലാസിൽപഠിക്കുമ്പോഴാണ് ഞാൻ ആദ്യമായി ഒരു നാടകമെഴുതി സംവിധാനം ചെയ്യുന്നത്. അതിന്റെ വിജയം നൽകിയ ആത്മവിശ്വാസം വളരെ വലുതാണ്.’’ ഈ വിജയം നൽകിയ ആത്മവിശ്വാസത്തിന്റെ തണലിൽനിന്ന് അദ്ദേഹം ‘ഉഷ്ണവർഷം’ എന്ന രണ്ടാമത്തെ നാടകവുമെഴുതി. പ്രഫഷണൽനാടകവേദികൾക്കൊപ്പം റേഡിയോ നാടക ശ്രോതാക്കളും അന്ന് കാത്തിരിക്കാറുണ്ടായിരുന്നു കൊച്ചുപ്രേമന്റെ നാടകങ്ങൾ. ഇതിന്റെ വലിയൊരു പങ്ക് വഹിച്ചത് ആകാശവാണിയിലെ ‘ഇതളുകൾ’ എന്നപരിപാടിയാണ്. ആനുകാലിക പ്രസക്‌തമായ വിഷയങ്ങളെ നർമത്തിലൂടെ അവതരിപ്പിച്ച കൊച്ചുപ്രേമന്റെ ‘കൃമീരി അമ്മാവൻ’ എന്നകഥാപാത്രം ഇന്നും ശ്രോതാക്കളുടെ മനസിലുണ്ട്.

‘‘സ്കൂൾ തലംവിട്ട് ഞാൻ നാടകത്തെ ഗൗരവത്തോടെ കണ്ടുതുടങ്ങിയത് തിരുവനന്തപുരം കവിതാ സ്റ്റേജിനു വേണ്ടി ജഗതി എൻ. കെ. ആചാരി ഒരുക്കിയ ‘ജ്വാലാമുഖി’ എന്നനാടകത്തിന്റെ ഭാഗമായപ്പോഴാണ്’’– കൊച്ചുപ്രേമൻ തുടർന്നു. ജ്വാലാമുഖി എന്ന ആദ്യ നാടകത്തിനു ശേഷം ഗായത്രി തിയറ്റേഴ്സിന്റെ ‘അനാമിക’ എന്ന നാടകത്തിലാണ് പ്രേക്ഷകർ അദ്ദേഹത്തെ കണ്ടത്. തുടർന്ന് സംഘചേതന, കാളിദാസ കലാകേന്ദ്രം തുടങ്ങി പത്തോളം സമിതികൾക്കൊപ്പം കൊച്ചുപ്രേമൻ പ്രവർത്തിച്ചു.

ചെയ്തതെല്ലാം ഹാസ്യകഥാപാത്രങ്ങളാണല്ലോ എന്ന് ചോദിച്ചാൽ അദ്ദേഹം പറയും ‘‘ഒരു വ്യക്‌തി ഒരു കഥാപാത്രം അഭിനയിച്ച് വിജയിപ്പിച്ചാൽപിന്നെഅയാളെ തേടിയെത്തുന്നതൊക്കെ അത്തരം വേഷങ്ങളായിരിക്കും.’’

ധാരാളം ആരാധകരുള്ള നടനായി കൊച്ചുപ്രേമനെ ഉയർത്തിയ നാടകങ്ങളാണ് കേരളാ തിയറ്റേഴ്സിന്റെ ‘അമൃതം ഗമയ’, വെഞ്ഞാറമ്മൂട് സംഘചേതനയുടെ ‘സ്വാതിതിരുനാൾ’, ‘ഇന്ദുലേഖ’, രാജൻ പി. ദേവിന്റെ ‘ആദിത്യമംഗലം ആര്യവൈദ്യശാല’ തുടങ്ങിയവ. ‘സ്വാതിതിരുനാൾ’ എന്നനാടകത്തിന്റെ വിജയത്തിന്റെ ഫലമായി മലയാള സിനിമാലോകത്തേക്ക് എത്തിയ കലാകാരന്മാണ് കൊച്ചുപ്രേമൻ, സായികുമാർ, റിസബാവാ, പറവൂർ രാമചന്ദ്രൻ, റോസിലിൻ തുടങ്ങിയവർ.

പ്രേമൻ ‘കൊച്ചുപ്രേമനാ’യത്

സൗഹൃദങ്ങൾ വളരെക്കുറവാണെങ്കിലും പ്രേമൻ എന്ന സുഹൃത്തിനെക്കുറിച്ച് പറയുമ്പോൾ കൊച്ചുപ്രേമൻ വാചാലനാകും. ‘‘ആദ്യമൊക്കെ രണ്ടു സമിതികളിലായിരുന്നെങ്കിലും ഒരു വർഷം സംഘചേതനയിൽഞങ്ങൾ ഒന്നിച്ച് പ്രവർത്തിച്ചു.’’ അന്ന് ഒരുപാട് സ്റ്റേജുകളിൽകളിച്ച നാടകത്തെക്കുറിച്ച് ഒരു നിരൂപണം വന്നു. ‘നാടകം കണ്ടു. എല്ലാവരുടേയും അഭിനയം വളരെ നല്ലതായിരുന്നു. പ്രേമന്റെ അഭിനയം ഗംഭീരം.’ പക്ഷേ, നിരൂപണത്തിൽ പറയുന്ന പ്രേമൻ ആരാണ്? അതൊരു ചോദ്യമായി നിന്നു. ‘‘ഇത് എന്നെക്കുറിച്ചാണ്’’ രണ്ടുപേരും പറഞ്ഞു. പേരിലെ സാദൃശ്യം തർക്കത്തിലേക്കും വഴക്കിലേക്കും നീണ്ടു. സൗഹൃദം നഷ്ടപ്പെടുത്താൻ ആഗ്രഹമില്ലാത്തതുകൊണ്ട് രണ്ടുപേരും ഒന്ന് തീരുമാനിച്ചു. ഇനി മുതൽഒരാൾ വലിയ പ്രേമനും മറ്റെയാൾ കൊച്ചുപ്രേമനും. ഇതാണ് പ്രേംകുമാർ ‘കൊച്ചുപ്രേമനാ’യ കഥ.


സിനിമയിലേക്കുള്ള ആദ്യ ചുവട്

തിരുവനന്തപുരം കാർത്തികതിരുനാൾ തിയറ്ററിൽ കൊച്ചുപ്രേമൻ എഴുതി, സംവിധാനം ചെയ്ത നാടകം നടക്കുകയായിരുന്നു. തീർത്തും യാദൃച്ഛികമായി പ്രശസ്ത സംവിധായകൻ ജെ. സി. കുറ്റിക്കാട് ആ നാടകം കാണാനിടയായി. നാടകം കഴിഞ്ഞിറങ്ങിയപ്പോൾ ജെ. സി. നേരിട്ടു കണ്ടു. ‘‘നാടകം എനിക്കിഷ്ടമായി; അഭിനയവും. അടുത്തു തന്നെ ഞാനൊരു സിനിമ ചെയ്യുന്നുണ്ട്. അഭിനയിക്കാൻ താത്പര്യമുണ്ടോ?’’ ജെ. സി. ചോദിച്ചു. സമ്മതം എന്ന് പറഞ്ഞതും അദ്ദേഹം കൊച്ചുപ്രേമന്റെ ഫോൺ നമ്പറും വാങ്ങിപോയി. പിന്നെ ഒരുവർഷത്തിനു ശേഷം അപ്രതീക്ഷിതമായൊരു ഫോൺ വന്നു. ജെ. സി. യുടെ ‘ഏഴു നിറങ്ങൾ’ എന്ന ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ക്ഷണമായിരുന്നു ആ ഫോൺ സന്ദേശം.

ആദ്യ ചിത്രത്തിനു ശേഷം പത്തു വർഷത്തെ ഇടവേളയാണ് കൊച്ചുപ്രേമൻ എടുത്തത്. നാടകത്തിലെ തിരക്കും പഠനവുമൊക്കെ ഈ കാലയളവിൽ അദ്ദേഹം പൂർത്തിയാക്കി. പത്തു വർഷത്തിനു ശേഷം രാജസേനന്റെ ‘ദില്ലീവാലാ രാജകുമാരനി’ൽ എത്തി. രാജസേനനൊപ്പം എട്ടോളം ചിത്രങ്ങളിൽ കൊച്ചുപ്രേമൻ ഭാഗമായി.

‘കഥാനായകൻ’ എന്ന ചിത്രത്തിന്റെ സമയത്താണ് അന്തിക്കാട് ഫൈൻ ആർട്ട്സ് സൊസൈറ്റിയിൽ കൊച്ചുപ്രേമൻ അഭിനയിച്ച നാടകം സത്യൻ അന്തിക്കാട് കാണുന്നത്. അന്നത്തെ പ്രകടനമാണ് ‘ഇരട്ടക്കുട്ടികളുടെ അച്ഛൻ’ എന്ന ചിത്രത്തിൽ വളരെ ശ്രദ്ധേയമായൊരു കഥാപാത്രത്തെ കൊച്ചുപ്രേമന് സമ്മാനിച്ചത്. ‘‘സിനിമാ നടൻ എന്ന ലേബൽ എനിക്ക് തന്നത് ഈ ചിത്രമാണ്’’– അദ്ദേഹം പറഞ്ഞു.

വഴിത്തിരിവായി ‘ഗുരു’

തമാശവേഷങ്ങൾ മാത്രം കൈകാര്യം ചെയ്യുന്നനടനല്ല താൻ എന്ന് കൊച്ചുപ്രേമൻ തെളിയിച്ചത് ‘ഗുരു’ എന്നചിത്രത്തിലെ അഭിനയത്തിലൂടെയാണ്. ഒരിക്കലൊരു സൗഹൃദസംഭാഷണത്തിനിടയിൽരാജീവ് അഞ്ചൽ അദ്ദേഹത്തോട് പറഞ്ഞു, ‘‘പ്രേമാ, താനിങ്ങനെ തമാശ കളിച്ച് നടന്നാൽപോരാ. തന്റെയുള്ളിലെ നടനെ പ്രേക്ഷകർ തിരിച്ചറിയണം.’’ കൊച്ചുപ്രേമന് രാജീവ് തന്റെ ‘ഗുരു’ എന്നചിത്രത്തിലെ കഥാപാത്രത്തിന്റെ പ്രകൃതം വിവരിച്ചു കൊടുത്തു. സംവിധായകൻ തന്നിലെ നടനിൽഅർപ്പിച്ച വിശ്വാസത്തിന് കൊച്ചുപ്രേമൻ നൽകിയ സമ്മാനമാണ് ആ കഥാപാത്രത്തിന്റെ വിജയം.‘‘ഏതൊരു വ്യക്‌തിയുടേയും ജീവിതത്തിൽഒരു വഴിത്തിരിവുണ്ടാകും. എന്റെ ജീവിതത്തിൽഅത് ജയരാജ് സംവിധാനം ‘തിളക്കം’ എന്നചിത്രമാണ്.’’ ഈ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ കൊച്ചുപ്രേമന് സിനിമയിൽ തിരക്കായി.

അംഗീകാരങ്ങൾ

അവാർഡുകളോ പ്രശസ്തിയോ ഒന്നും ആഗ്രഹിച്ചിട്ടല്ല, കലയോടുള്ള അടങ്ങാത്ത സ്നേഹംകൊണ്ട് കലാരംഗത്ത് നിൽക്കുന്ന നടനാണ് കൊച്ചുപ്രേമൻ. രഞ്ജിത് സംവിധാനം ചെയ്ത ‘ലീല’യിൽകൊച്ചുപ്രേമൻ അവതരിപ്പിച്ച കഥാപാത്രം ഏറെ വിമർശനങ്ങൾക്കിരയായി. പക്ഷേ, വിമർശനങ്ങളെ കൊച്ചുപ്രേമൻ കാണുന്നത് അദ്ദേഹത്തിലെ നടന് പ്രേക്ഷകർ നൽകിയ അംഗീകാരമായാണ്.

പ്രേക്ഷകർ നൽകുന്ന പിന്തുണ കൊച്ചുപ്രേമൻ അറിഞ്ഞ നിമിഷങ്ങളിൽഒന്നായിരുന്നു ദേശീയ അവാർഡ് പ്രഖ്യാപനം. അവസാന ഘട്ടത്തിലെത്തിയ മൂന്നു പേരെ പ്രഖ്യാപിച്ചു – മമ്മൂട്ടി, അമിതാഭ് ബച്ചൻ, കൊച്ചുപ്രേമൻ. ‘രൂപാന്തരം’ എന്ന ചിത്രത്തിലെ അഭിനയമാണ് കൊച്ചുപ്രേമന് ഈ ഭാഗ്യം സമ്മാനിച്ചത്. ‘‘വിജയിയായി എന്റെ പേര് പറഞ്ഞില്ലെങ്കിലും മറ്റ് രണ്ട് മഹാനടന്മാരുടെ പേരുകൾക്കൊപ്പം ദേശീയ വേദിയിൽ എന്റെ പേര് പറയാൻ കാരണം എന്നെ സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ജനങ്ങളാണ്. എന്നിലെ നടന് പുതിയ കാഴ്ചപ്പാടുകൾ നൽകുകയായിരുന്നു രൂപാന്തരത്തിലെ രാഘവൻ’’ കൊച്ചുപ്രേമൻ പറയുന്നു.

സിനിമയെത്ര ന്യൂ ജനറേഷനായാലും കൊച്ചുപ്രേമന് അതിന്റെ ഭാഗമാകാൻ സാധിക്കും എന്നതിന്റെ തെളിവാണ് ന്യൂ–ജെൻ സിനിമകളിലെ അദ്ദേഹത്തിന്റെ സാന്നിധ്യം. ദിലീപ് നായകനാകുന്ന ത്രീ ഡി ചിത്രമായ ‘പ്രൊഫസർ ഡിങ്കനാ’ണ് കൊച്ചുപ്രേമന്റെ പുതിയ സിനിമ.