എന്റമ്മോ, ഒന്നു കാണേണ്ടതാ...
എന്റമ്മോ, ഒന്നു കാണേണ്ടതാ...
കടൽത്തീരം എന്നു പറഞ്ഞാൽ ഇതാണ് സംഭവം. എന്റമ്മോ, ഒന്നു കാണേണ്ടതുതന്നെ... തീരം നിറയെ ഉയർന്നു നിൽക്കുന്ന കീഴ്ക്കാം തൂക്കായ പാറക്കെട്ടുകൾ. പുരാതന കാലത്തെ ദേവാലയങ്ങളുടെ കവാടങ്ങളെ അനുസ്മരിപ്പിക്കുന്ന ആകൃതിയാണ് പാറക്കെട്ടുകൾക്ക്. അവയുടെ ഇടയിലൂടെ നടന്നു നീങ്ങുന്ന മനുഷ്യർ. പെട്ടെന്ന് എവിടെനിന്നോ അപായ സൂചനകൾ മുഴങ്ങി. ആളുകൾ തിടുക്കത്തിൽ കടൽക്കരയിൽ നിന്നു മറഞ്ഞു. കടലിൽനിന്നു കയറിവന്ന വെള്ളം മിക്ക പാറക്കെട്ടുകളെയും മൂടിയിരിക്കുന്നു. സാഹസികർ ഇതിനു മുകളിലൂടെ നടക്കുന്നു.

സ്പെയിനിലെ ഗെലിസിയെയിലെ കത്തീഡ്രൽ ബീച്ചിലാണ് നയനമനോഹരമായ ഈ ദൃശ്യങ്ങൾ.
യൂറോപ്യൻ രാജ്യമായ സ്പെയിനിന്റെ വടക്കു പടിഞ്ഞാറൻ ഭാഗത്തുള്ള ഒരു സ്വയംഭരണ പ്രദേശമാണ് ഗെലിസിയെ. പ്രകൃതിരമണീയമായ ഈ പ്രദേശത്തിന്റെ ചരിത്രവും സംസ്കാരവുമെല്ലാം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്. വർഷംതോറും ആയിരക്കണക്കിനു വിനോദസഞ്ചാരികളെത്തുന്ന ഗെലിസിയെയിലെ പ്രധാന ആകർഷണമാണ് കാന്റാബ്രിയെ കടലും കത്തീഡ്രൽ ബീച്ചും. തിരമാലകൾ ചിത്രപ്പണികൾ നടത്തിയ ഇവിടത്തെ പാറക്കെട്ടുകൾ ഈ പ്രദേശത്തിന്റെ ചരിത്രത്തിനു സാക്ഷിയായി നിലകൊള്ളുന്നു. ഗോഥിക് കാലത്തെ കത്തീഡ്രലുകളുടെ രൂപത്തിലുള്ള പാറക്കെട്ടുകളിൽ നിന്നാണ് ബീച്ചിന് ഈ പേരു ലഭിച്ചത്.

ഏകദേശം 350 ബില്യൺ വർഷങ്ങൾക്കു മുമ്പ് പുരാതന വൻകരകളായ ലൈറൂസിയായും ഗൊണ്ടാവാനും കൂട്ടിയിടിച്ച് ചിതറിയപ്പോൾ ഉണ്ടായ പാറക്കൂട്ടങ്ങളാണ് പിന്നീട് കത്തീഡ്രൽ ബീച്ചിലെ സ്മാരകങ്ങളായി മാറിയതെന്ന് ചരിത്രകാരൻമാർ വിശ്വസിക്കുന്നു. റോമൻ സാമ്രാജ്യം വികസിപ്പി ക്കുന്നതിന്റെ ഭാഗമായി 2000വർഷങ്ങൾക്കു മുമ്പാണ് റോമാക്കാർ ഗെലിസിയെ കീഴടക്കിയത്. കത്തീഡ്രൽ ബീച്ചിലെ പാറക്കെട്ടുകൾ ക്കിടയിൽ സ്വർണ നിക്ഷേപം കണ്ടെത്തിയ അവർ ഇവിടെ സ്വർണ നാണയ നിർമാണം തുടങ്ങി. എന്നാൽ റോമാക്കാർ ഇവിടം വിട്ടു പോയതോടെ ഈ സ്വർണഖനികൾ ഉപേക്ഷിക്കപ്പെട്ടു. കാലാന്തരത്തിൽ തിരമാലകൾ ഈ പാറക്കെട്ടുകളെ രൂപമാറ്റത്തിന് വിധേയമാക്കിയതോടെ ഇവിടത്തെ ഗുഹകൾ കാഴ്ചവസ്തുക്കളായി മാറി.



കത്തീഡ്രൽ ബീച്ചിലെ റോമൻ സ്വർണ ഖനികളെക്കുറിച്ചു പഠിക്കാൻ ഗെലീസിയെ ഗവൺമെന്റിനോട് ശിപാർശ ചെയ്ത സാംസ്കാരിക സംരക്ഷണ സമിതിയുടെ പ്രസിഡന്റായ മാനുവേൽ മിറാണ്ട പറയുന്നത് ബീച്ചിലും പരിസര പ്രദേശങ്ങളിലും നിരവധി സ്വർണഖനികളുണ്ടെന്നാണ്. ബീച്ചിന്റെ പരിസര പ്രദേശങ്ങളിൽ പൂരാവസ്തു ഗവേഷകർ നടത്തിയ ഖനനങ്ങളിൽ ഇവിടെ സ്വർണ ഖനികളുണ്ടായിരുന്നുവെന്നതിന് നിരവധി തെളിവുകൾ ലഭിച്ചിട്ടുണ്ട്. കടലിലേക്ക് തല ഉയർത്തി നിൽക്കുന്ന ഒരു പാറക്കെട്ടിനിടയിൽ മനുഷ്യനിർമിതമായ കനാലും ഭൂഗർഭ ശാസ്ത്രജ്‌ഞർ കണ്ടെത്തിയിരുന്നു. ഈ പ്രദേശത്തുനിന്നും സ്വർണം ഖനനം ചെയ്തെടുക്കാൻ റോമാക്കാർ നിർമിച്ച കനാലുമായി ഇതിന് സാമ്യമുണ്ട്. അക്കാലത്ത് സമുദ്രനിരപ്പ് ഇതിലും താഴെയായിരുന്നു. എന്നാൽ ആഗോള താപനം നിമിത്തം സമുദ്രനിരപ്പ് ഉയർന്നതോടെ സ്വർണ ഖനികൾ വെള്ളത്തിനടിയിലായെന്ന് മിറാണ്ട പറയുന്നു.


കത്തീഡ്രൽ ബീച്ചിലെ റോമൻ അടയാളങ്ങൾ തേടി നിരവധിയാളുകൾ വരുന്നുണ്ടെങ്കിലും ഇവിടത്തെ സർക്കാരിന് ഗവേഷണത്തേക്കാൾ താത്പര്യം സംരക്ഷണത്തിലാണ്. ഈ പ്രദേശത്തെ പ്രകൃതിദത്ത സ്മാരകമായി പ്രഖ്യാപിച്ചിരി ക്കുകയാണ് സർക്കാർ. വിനോദ സഞ്ചാരികൾ കൂടുതലായി എത്തുന്ന സമയങ്ങളിൽ സന്ദർശനത്തിന് ഓൺലൈൻ ബുക്കിംഗ് നിർബന്ധമാണ്.

തിരക്കു കൂടുതലുള്ള ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ആദ്യം ബുക്കുചെയ്യുന്ന 4812പേർക്കു മാത്രമേ ഒരു ദിവസം ഇവിടം സന്ദർശിക്കാൻ സാധിക്കൂ. കഴിഞ്ഞ വർഷത്തെ വിശുദ്ധ ആഴ്ചയിൽ 2,50,000 പേരാണ് ഇവിടം മുൻകൂട്ടി ബുക്കുചെയ്ത് സന്ദർശിച്ചത്.

ലോകത്ത് മറ്റൊരിടത്തുമില്ലാത്ത കാഴ്ചയാണ് പ്രകൃതി കത്തീഡ്രൽ ബീച്ചിൽ ഒരുക്കിയിരിക്കുന്നത്. വേലിയിറക്ക സമയങ്ങളിൽ പാറക്കെട്ടിനിടയിലെ വിടവുകളിലൂടെയും ഗുഹകളിലൂടെയും ഓടി നടക്കാം. എന്നാൽ വേലിയേറ്റ സമയത്ത് ഇവയുടെ മുകൾഭാഗം മാത്രമേ ദ്യശ്യമാകൂ.
ഗലീസിയെയിലെ ലുഗോ പ്രവിശ്യയുടെ തീരപ്രദേശങ്ങളിലൂടെ പത്തുകിലോമീറ്റർ നീളത്തിലാണ് ഈ പാറക്കെട്ടുകൾ കാണപ്പെടുന്നത്.

വിശുദ്ധ ജെയിംസിന്റെ പേരിലുള്ള ഒരു കത്തീഡ്രലും അദ്ദേഹത്തിന്റെ ശവകുടീരവും സ്‌ഥിതി ചെയ്യുന്ന ഈ സ്‌ഥലം കത്തോലിക്കാ തീർഥാടകർക്ക് പ്രിയപ്പെട്ടതാണ്. ഇവിടെയെത്തുന്ന തീർത്ഥാടകർ ഗലീസിയായുടെ പടിഞ്ഞാറു ഭാഗത്തുള്ള കെയ്പ് ഫിനിസ്റ്ററേയിൽ എത്തിയതിനുശേഷമേ മടങ്ങാറുള്ളു. റോമൻ സാമ്രാജ്യ കാലഘട്ടത്തിൽ ഈ സ്‌ഥലം ലോകത്തിന്റെ അവസാനമാണെന്നാണ് വിശ്വസിച്ചിരുന്നത്. കത്തീഡ്രൽ ബീച്ചിൽ നിന്നും ഒരു മൈൽ അകലെ ചരിത്രാതീതകാലത്തു നിർമിക്കപ്പെട്ട കല്ലുകൾ കൊണ്ടുള്ള ഒരു വൃത്തം കാണാം. ഇതിന്റെ നിർമാണ ഉദ്ദേശ്യം അറിയില്ലെങ്കിലും ഈ വൃത്തം ഇംഗ്ലണ്ടിലെ സ്റ്റോൺ ഹെൻജിനെ അനുസ്മരിപ്പിക്കുന്നു.

പ്രകൃതിദത്ത സൗന്ദര്യവും നൂറ്റാണ്ടുകളുടെ ചരിത്രവും സംഗമിക്കുന്ന ഈ ഭൂമി സൗന്ദര്യ ആരാധകർക്കും ചരിത്ര ഗവേഷകർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. അകത്തും പുറത്തും ഒരുപോലെ സുന്ദരിയായ ബീച്ച് അതിന്റെ ഉള്ളിലൊളിപ്പിച്ച കനക സൗന്ദര്യം കാണാൻ കാത്തിരിക്കുകയാണ് ലോകം.