കുഞ്ഞു രാജകുമാരി
കുഞ്ഞു രാജകുമാരി
എറണാകുളം തമ്മനത്തെ ഉപാസനയെന്ന വീട്ടിലെത്തുമ്പോൾ കൺമണി കാത്തിരിക്കുകയായിരുന്നു. സ്വർണനിറവും കറുപ്പും ചേർന്ന പട്ടുപാവാടയണിഞ്ഞ് മുടിയിൽ മുല്ലപ്പൂ ചൂടി കൈയിൽ റോസ് നിറത്തിലുള്ള ടെഡിബെയറുമായിട്ടുള്ള ആ നിൽപ്പിന് ഏറെ ചന്തമുണ്ടായിരുന്നു. ഇന്ത്യയുടെ കുഞ്ഞു സെലിബ്രിറ്റി ആയതിന്റെ സന്തോഷം ആ മുഖത്തുണ്ട്. ഇന്ത്യയിൽ നിന്ന് ടോഡ് മിസ് ലിറ്റിൽ യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുത്ത് മൂന്നു പട്ടങ്ങൾ സ്വന്തമാക്കി മലയാളികളുടെ പൊന്മണിയായിരിക്കുകയാണ് കൺമണി. ടോഡ് മിസ് ലിറ്റിൽ യൂണിവേഴ്സ് 2016, മിസ് ഇന്റർനെറ്റ് വോട്ടിംഗ് –2016, ബെസ്റ്റ് റാംപ് മോഡൽ 2016 എന്നീ പട്ടങ്ങളാണ് ഈ ഏഴുവയസുകാരി സ്വന്തമാക്കിയത്. ഇനി ബൾഗേറിയയിൽ നടക്കുന്ന കിംഗ് ആൻഡ് ക്വീൻ 2016 മത്സരത്തിലും പ്രിൻസ് ആൻഡ് പ്രിൻസസ് വേൾഡ് 2016ലും പങ്കെടുക്കാനുള്ള ക്ഷണവും കൺമണിക്കു ലഭിച്ചു. കൊച്ചുസുന്ദരിയായ കൺമണി അനൂപ് ഉപാസനയുടെ വിശേഷങ്ങളിലേക്ക്...

ലിറ്റിൽ മിസ് കൺമണി

ജോർജിയയിൽ നടന്ന ലിറ്റിൽ മിസ് യൂണിവേഴ്സ് മത്സരത്തിൽ പതിനൊന്ന് രാജ്യങ്ങളിൽ നിന്നുള്ള കുട്ടികളാണ് പങ്കെടുത്തത്. ഇന്ത്യയിൽ നിന്ന് മൂന്നു പേരുണ്ടായിരുന്നു. സ്വയം പരിചയപ്പെടുത്തൽ, ജന്മനാടിനെക്കുറിച്ച് പറയൽ, ഡാൻസ്, പാട്ട്, റാംപ് വോക്ക്, ജോർജിയയുടെ ദേശീയഗാനം പാടുക എന്നിങ്ങനെയായിരുന്നു മത്സരങ്ങൾ.

ഞാൻ മറ്റു കുട്ടികളുമായി പെട്ടെന്ന് കൂട്ടായി. ക്ലാമിയ, ഡിമോഗ ഇവരൊക്കെ എന്റെ കൂട്ടുകാരായിരുന്നു.

ഞങ്ങൾ എറണാകുളത്താണ് താമസമെങ്കിലും അച്ഛന്റെ നാടായ നീലഗിരിയെക്കുറിച്ചാണ് ഞാൻ പറഞ്ഞത്. അവിടത്തെ മനോഹാരിതയെക്കുറിച്ച് എത്ര പറഞ്ഞാലും തീരില്ല.

പിന്നെ മിസ് ഇൻർനെറ്റ് വോട്ടിംഗും എനിക്കാണ് ലഭിച്ചത്. എന്റെ ചിരി കണ്ടിട്ട് 2,45,000 വോട്ടാണ് കിട്ടിയത്. പിന്നെ ഒരു ദിവസം ഞങ്ങളെ വാട്ടർ തീം പാർക്കിൽ കൊണ്ടുപോയി. റാംപ് വോക് അവസാനമായിരുന്നു. എന്റെ അമ്മ നല്ലൊരു ഫാഷൻ ഡിസൈനർ ആണ്. അമ്മ ഡിസൈൻ ചെയ്തു തരുന്ന ഗൗണൊക്കെ ഇടുമ്പോൾ എന്നെങ്കിലും ക്യാറ്റ് വോക്ക് നടത്താൻ കഴിയണേയെന്നു ഞാൻ ആശിച്ചിട്ടുണ്ട്. ജോർജിയയിൽ വച്ച് അടിപൊളി ഡ്രസൊക്കെയിട്ട് ഞാൻ റാംപിൽ ക്യാറ്റ് വോക്ക് നടത്തി. അങ്ങനെയാണ് ടോഡ് മിസ് ലിറ്റിൽ യൂണിവേഴ്സ് മത്സരത്തിൽ ടോഡ് മിസ് ലിറ്റിൽ യൂണിവേഴ്സ് 2016, മിസ് ഇന്റർനെറ്റ് വോട്ടിംഗ് –2016, ബെസ്റ്റ് റാംപ് മോഡൽ 2016 എന്നീ പട്ടങ്ങൾ സ്വന്തമാക്കിയത്.



ലിറ്റിൽ സെലിബ്രിറ്റി

സ്കൂളിലും നാട്ടിലുമൊക്കെ ഞാനൊരു കുഞ്ഞു സെലിബ്രിറ്റിയാണിപ്പോൾ. ടീച്ചേഴ്സും കൂട്ടുകാരുമൊക്കെ കൺഗ്രാറ്റ്സ് പറഞ്ഞു. കൂട്ടുകാർക്കൊക്കെ ജോർജിയയിലെ വിശേഷങ്ങളൊക്കെ അറിയാൻ വലിയ ഇഷ്ടമാണ്.

കൺമണി പൊന്മണി

അച്ഛനുമമ്മയും ഓമനിച്ച് ഇട്ട പേരാണ് കൺമണി. ആ പേരുതന്നെയാണ് സ്കൂളിലും ഇട്ടിരിക്കുന്നത്. ഈ പേര് എനിക്കും ഇഷ്ടമാണ്.


തുടക്കം ഫ്ളവർ ഷോയിലൂടെ

കലാപാരമ്പര്യമുള്ള കുടുംബമാണ് കൺമണിയുടേത്. അച്ഛൻ അനൂപ് ഉപാസന ഫാഷൻ ഫോട്ടോഗ്രാഫറാണ്. സംവിധായകൻ അനീഷ് ഉപാസനയുടെ സഹോദരനാണ് അനൂപ്. ചെറുപ്പം മുതൽ കാമറയും ഫോട്ടോഷൂട്ടുമൊക്കെ കണ്ടുവളർന്നതുകൊണ്ടാകാം കൺമണിക്ക് കൊച്ചുകുട്ടിയായിരിക്കുമ്പോൾ മുതൽ മോഡലിംഗിനോട് താൽപര്യം ഉണ്ടായിരുന്നു. മൂന്നാം വയസിൽ കൊച്ചിൻ ഫ്ളവർ ഷോയിലാണ് ആദ്യമായി പങ്കെടുത്തത്. അതിൽ വിജയിയായി. പിന്നെ കൊച്ചി ഫാഷൻ ഷോയിൽ പങ്കെടുത്ത് ഫസ്റ്റ് റണ്ണറപ്പായി. തുടർന്ന് പല സ്‌ഥലങ്ങളിലും നടന്ന മത്സരങ്ങളിലും പങ്കെടുത്ത് വിജയകിരീടം ചൂടി.

ആരാധന ബാർബിയോട്

ബാർബി ഡോളുകളോട് എനിക്ക് ഏറെ ഇഷ്ടമാണ്. മുറി നിറയെ ഒരുക്കിവച്ചിരിക്കുന്ന ബാർബി ഡോളുകളെ ചൂണ്ടിക്കാട്ടി കൺമണി ചിരിച്ചു. പിന്നെ പാട്ടു കേൾക്കാനും ചിത്രം വരയ്ക്കാനുമൊക്കെ ഇഷ്ടമാണ്. കീ ബോർഡ് വായിക്കും. പിന്നെ അച്ഛന്റെ കാമറയെടുത്ത് ഫോട്ടോയെടുക്കും. ആ ചിത്രങ്ങൾ കണ്ടിട്ട് അച്ഛൻ നല്ലതാണെന്നാണ് പറഞ്ഞിട്ടുള്ളത്.



ഇഷ്ടം സിനിമാ നടിയാകാൻ

സിനിമാ നടിയാകാനാണ് എനിക്കിഷ്ടം. പിന്നെ വേറൊരു മോഹം കൂടിയുണ്ട്. അതെന്താണെന്നോ ഒരു ഡോക്ടർ ആകണം. സിനിമാനടിയായ ഡോക്ടർ. അഞ്ചു സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ചെറിയച്ഛൻ സംവിധാനം ചെയ്ത സെക്കൻഡ്സ് എന്ന സിനിമയിൽ വിനായകൻ അങ്കിളിന്റെ മകളായിട്ടാണ് ആദ്യമായി അഭിനയിച്ചത്. അതു നല്ല എളുപ്പമായിരുന്നു. ചെറിയച്ഛൻ എല്ലാം പറഞ്ഞുതരും. ഞാൻ അതുപോലെയൊക്കെ ചെയ്യും. പിന്നെ ഒന്നാം ലോകമഹായുദ്ധം, ഓലപ്പീപ്പി എന്നീ സിനിമകളിൽ അഭിനയിച്ചു. അതിൽ ബിജുമേനോൻ അങ്കിളാണ്. ചെറിയമ്മ അഞ്ജലി ഉപാസന തന്നെയാണ് ആ ചിത്രത്തിൽ എന്റെ അമ്മയായിട്ട് എത്തുന്നത്. ഇനി മൂന്ന് സിനിമകൾ കൂടി ചെയ്യാനുണ്ട്. കുറെ പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

രാജു ഭായി എന്ന സൂര്യ

തമിഴ്നടൻ സൂര്യയുടെ വലി യൊരു ഫാനാണ് ഞാൻ. **അൻജാനിലെ കഥാപാത്രമായ രാജുഭായിയെന്നാണ് സൂര്യയെ ഞാൻ വിളിക്കുന്നത്. തമിഴ് സംസാരിക്കുന്ന ആരെ കണ്ടാലും ഞാൻ രാജു ഭായിയെ അറിയുമോയെന്ന് ചോദിക്കും. അത്രയ്ക്ക് ഇഷ്ടമാണ്. രാജുഭായി കൊച്ചിയിൽ വന്നപ്പോൾ പോയി ഒരു സെൽഫി എടുക്കണമെന്നുണ്ടായിരുന്നു. നടന്നില്ല. ഈ മാസം അദ്ദേഹം കേരളത്തിൽ വരുമ്പോൾ എന്നെ കാണാമെന്നു സമ്മതിച്ചിട്ടുണ്ട്.

കുടുംബവിശേഷങ്ങൾ

അച്ഛൻ അനൂപ് ഉപാസന ഫാഷൻ ഫോട്ടോഗ്രാഫറാണ്. അമ്മ മഞ്ജു ഫാഷൻ ഡിസൈനറും. ഞാൻ ഇടപ്പള്ളി കാംപയിൻ സ്കൂളിൽ രണ്ടാം ക്ലാസിലാണ് പഠിക്കുന്നത്.

–സീമ മോഹൻലാൽ