കടുവകൾ എന്തുകൊണ്ട് നാട്ടിലേക്ക്...?
കടുവകൾ എന്തുകൊണ്ട് നാട്ടിലേക്ക്...?
ഭൂമിയിൽ മനുഷ്യന്റെ നിലനിൽപ്പിന് അടിസ്‌ഥാനമാണ് കാടുകൾ. കാടുകളുടെ സംരക്ഷണത്തിനായി യുനെസ്കോ മുതൽ ഗ്രാമപഞ്ചായത്ത് വാർഡുതലം വരെ സംഘടനകളും നിരവധി എൻജിഒ കളും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ അവയ്ക്കെല്ലാം പുറമേ പ്രകൃതി തന്നെ ഭൂമിയുടെ ശ്വാസകോശമായ കാടുകൾക്കു സംരക്ഷണം ഒരുക്കുന്നുണ്ട്. പ്രകൃതിയിലെ ആ സംരക്ഷകരിൽ പ്രധാന പങ്കുവഹിക്കുന്നവരാണ് കടുവകൾ. പ്രകൃതി ഒരുക്കുന്ന ഭക്ഷണക്രമത്തിലെ ഏറ്റവും ആദ്യത്തെ കണ്ണിയാണ് കടുവ. കടുവയുടെ സംരക്ഷണം അവതന്നെ ഒരുക്കുമെങ്കിലും മറ്റ് പലരീതിയിലുമുള്ള കടന്നുകയറ്റം അവയുടെ നിലനിൽപ്പിന് ഭീഷണിയാകുന്നുണ്ട്.

കർണാടകയിലെ നാഗർഹോള, ബന്ദിപ്പുര, തമിഴ്നാട്ടിലെ മുതുമല കടുവാസങ്കേതങ്ങളുമായി അതിരിടുന്നതാണ് വയനാടൻ വനം. നോർത്ത്, സൗത്ത് വനം ഡിവിഷനുകളും വന്യജീവി സങ്കേതവും ഉൾപ്പെടുന്നതാണ് വയനാടൻ കാട്. ബത്തേരി താലൂക്കിലെ മുത്തങ്ങ, കുറിച്യാട്, ബത്തേരി റേഞ്ചുകളും മാനന്തവാടി താലൂക്കിലെ തോൽപ്പെട്ടി റേഞ്ചും അടങ്ങുന്നതാണ് 344.44 ചതുരശ്ര കിലോമീറ്റർ വരുന്ന വയനാട് വന്യജീവി സങ്കേതം. ഇതിന്റെയും ബന്ദിപ്പുര, മുതുമല കടുവാസങ്കേതങ്ങളുടെയും സംഗമസ്‌ഥാനമായ ട്രൈ ജംഗ്ഷൻ മുത്തങ്ങ വൈൽഡ് ലൈഫ് റേഞ്ച് ആസ്‌ഥാനത്തിനടുത്താണ്. കർണാടകയിലെ നാഗരഹോള കടുവാസങ്കേതത്തോടു ചേർന്നാണ് വയനാട് വന്യജീവി സങ്കേതത്തിന്റെ ഭാഗമായ തോൽപ്പെട്ടി വനം.

പ്രഖ്യാപിത കടുവാസങ്കതമല്ലെങ്കിലും ദക്ഷിണേന്ത്യയിൽ കടുവകളുടെ മുഖ്യ ആവാസകേന്ദ്രമാണ് വയനാട് വന്യജീവി സങ്കേതവും നോർത്ത്, സൗത്ത് വനം ഡിവിഷനുകളുടെ ചില ഭാഗങ്ങളും. തെന്നിന്ത്യയിൽ ബന്ദിപ്പുര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കടുവകളുള്ളത് വയനാടൻ വനത്തിലാണെന്നാണ് കണക്ക്.

എട്ടു കടുവകളെയാണ് നാലു വർഷത്തിനുള്ളിൽ വയനാട് വന്യജീവി സങ്കേതത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പിടികൂടിയത്. എന്തുകൊണ്ട് ജനവാസ കേന്ദ്രങ്ങളുടെ സാമീപ്യമുള്ള വയനാടൻ കാടുകളിലേക്ക് കടുവകൾ എത്തുന്നു എന്ന ചോദ്യം നേരത്തെ തന്നെ ഉയർന്നിരുന്നു. വയനാടിനോട് അതിർത്തി പങ്കിടുന്ന മറ്റ് മൂന്ന് വന്യജീവി സങ്കേതങ്ങളിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വയനാടിനെ അപേക്ഷിച്ച് താരതമ്യേനെ കുറവായിരുന്നു. വയനാട് വന്യജീവി സങ്കേതത്തോട് അതിർത്തി പങ്കിടുന്ന ബന്ദിപ്പൂർ ദേശീയ ടൈഗർ റിസർവ്, മുതുമല ടൈഗർ റിസർവ്, നാഗർഹോള ടൈഗർ റിസർവ് എന്നിവിടങ്ങളിൽ നിന്നും വയനാട് വന്യജീവി സങ്കേതത്തിലേക്ക് കടുവകൾ ആവാസ വ്യവസ്‌ഥയിലെ പലകാരണങ്ങൾകൊണ്ടും എത്തിപ്പെടുകയായിരുന്നു. ഇവയോട് ഇടകലർന്ന സ്വഭാവമാണ് വയനാടൻ കടുവകൾക്കുള്ളത്. കേരളത്തിലെ പ്രധാന കടുവസംരക്ഷണ കേന്ദ്രങ്ങളിൽ കാണുന്ന കടുവകളുടെ പകുതിയും വയനാട് വന്യജീവി സങ്കേതത്തിലാണ് കാണുന്നത്.



കാടുകളിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റം കുറഞ്ഞതും നല്ല രീതിയിലുള്ള പരിപാലനവും കാടുകളിൽ കടുവകളുടെ എണ്ണം വർധിക്കുന്നതിന് കാരണമായിട്ടുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു. എന്നാൽ വയനാട് വന്യജീവി സങ്കേതം കേരളത്തിനോട് ചേർന്നു കിടക്കുന്ന മൂന്ന് ടൈഗർ റിസർവുകളുമായി ഇടചേർന്നു കിടക്കുന്നതിനാൽ കടുവകൾ ഇവിടേക്ക് എത്തിച്ചേരുകയാണ് ചെയ്യുന്നത്്. പലകാരണങ്ങൾകൊണ്ടും കടുവകൾ പലായനം ചെയ്യാറാണ് പതിവ്. ഇതിൽ പ്രധാനം, കടുവകൾ രണ്ടു വയസിനു ശേഷം ഇണപിരിക്കുന്നത് പതിവാണ്. ഇതിനുശേഷം സ്വന്തം ആവാസമേഖല(ടൈഗർ ടെറിറ്ററി) കണ്ടെത്തേണ്ടത് കടുവകളുടെ ജോലിയാണ്. വാസസ്‌ഥലങ്ങളിലെ അധീന പ്രദേശപരിധി നിലനിർത്തി റോന്തുചുറ്റുന്ന സ്വഭാവമുള്ളതാണ് ഈ ജീവി. 10–15 ചതുരശ്ര കിലോമീറ്ററാണ് ഒരു കടുവയുടെ സാമ്രാജ്യ പരിധി. ഒരു ആൺകടുവ അതിന്റെ അധീന പ്രദേശ പരിധിയിൽ മറ്റൊരു ആൺ കടുവയുടെ സാന്നിധ്യം അനുവദിക്കില്ല. ഒരു ആൺകടുവ സ്വന്തം അധിനിവേശ പരിധിയിൽ മറ്റൊരു ആൺ കടുവയെ കണ്ടാൽ അവ തമ്മിലുള്ള ഉഗ്രമായ പോരും ഒന്നിന്റെ മരണമോ അല്ലെങ്കിൽ ആധിനിവേശ മേഖലവിട്ട് മറ്റൊരിടത്തേക്ക് പോവുകയോ ചെയ്യുമെന്ന് വിദഗ്ധർ പറയുന്നു. പെൺകടുവകളും അവയുടെ അധീനപ്രദേശപരിധി നിലനിർത്താൻ ഏറ്റുമുട്ടാറുണ്ട്. ഇത്തരത്തിലുണ്ടാകുന്ന പോരാട്ടത്തിൽ തോൽക്കുന്ന കടുവ മേഖല വിട്ട് പലായനം ചെയ്യുകയുമാണ് പതിവ്. ഇത്തരത്തിൽ പലായനം ചെയ്യുന്ന കടുവകൾ പൊതുവെ ക്ഷീണിതരും മാരകമായ മുറിവുകൾ പറ്റിയവയുമായിരിക്കും. ക്ഷീണിതരായ കടുവകൾക്ക് ഇരയെ പിടിക്കുന്നതിന് ബുദ്ധിമുട്ടായിരിക്കും. ഈ സാഹചര്യത്തിലാണ് വനത്തിൽ മേയാൻ വിടുന്ന, പൊതുവെ പ്രതികരണം കുറവായ മൃഗങ്ങളെ ഇവർ ഭക്ഷണമാക്കുന്നത്. വയനാട് വന്യജീവിസങ്കേതത്തിന് ചുറ്റും ജനവാസമേഖലയായതിനാൽ ഇത്തരത്തിൽ പരിക്കേറ്റും അവശരായി എത്തുന്നതുമായ കടുവകൾ വയനാടൻ കാടുകളിലേക്കാണ് എത്തുന്നത്.

ആരോഗ്യമുള്ള കടുവകൾ വലിയ മൃഗങ്ങളെ മാത്രമാണ് വേട്ടയാടാറുള്ളത്. ഒരിക്കലും ചെറുജീവികളെ വേട്ടയാടാറില്ല. കലമാൻ, കാട്ടുപോത്ത്, കുട്ടിയാന തുടങ്ങിയവയെയാണ് വേട്ടയാടുന്നത്. ദീർഘനാൾ ഭക്ഷിക്കുന്നതിന് ആവശ്യമായാണ് ഇത്തരത്തിൽ വേട്ടയാടൽ നടത്തുന്നത്. ചെറുമൃഗങ്ങളെ ഒഴിവാക്കാൻ ചെറുപ്പത്തിൽ തന്നെ ഇവയെ തള്ളക്കടുവകൾ ശീലിപ്പിക്കാറുണ്ടെന്ന് ഈ മേഖലയിൽ പഠനം നടത്തുന്നവർ കണ്ടെത്തിയിട്ടുണ്ട്. കാട്ടിലെ ഏറ്റവും മര്യാദയുള്ള മൃഗമാണ് കടുവ. നിവർന്നു നിൽക്കുന്ന മനുഷ്യനെ കടുവ ഒരിക്കൽ പോലും ആക്രമിക്കുകയില്ല. കാട്ടിൽ കിഴങ്ങുകൾ ശേഖരിക്കുന്നതിനും വിറകെടുക്കുന്നതിനുമായി എത്തുന്ന മനുഷ്യരെയാണ് കടുവ പലപ്പോഴും ആക്രമിക്കുന്നത്. ക്ഷീണിതരായി ജീവൻ നിലനിർത്തേണ്ട ഘട്ടം ആകുമ്പോൾ മാത്രമാണ് കടുവകൾ നാട്ടിലിറങ്ങി മനുഷ്യരെയും കെട്ടിയിട്ട മൃഗങ്ങളെയും ഇരയാക്കാൻ ശ്രമിക്കുന്നത്.


കാട്ടിൽ ജീവിക്കുന്ന കടുവകളുടെ ആരോഗ്യമുള്ള ജീവിതകാലം എട്ടുവയസുവരെയാണ്; ഇത് 12 വയസുവരെ നീളാം. ഇതിനിടയിൽ മറ്റ് കടുവകളുടെ ആക്രമണങ്ങളിൽ പരിക്കേറ്റ് രോഗങ്ങൾ മൂലവും കടുവകൾ ചാകാറുണ്ട്. മൃഗശാലകളിൽ ജീവിക്കുന്ന കടുവകൾ 18–20 വയസുവരെ ജീവിക്കാറുണ്ട്. ഭക്ഷണമാക്കുന്ന മൃഗങ്ങളുടെ ഇറച്ചിയിൽ നിന്നും രോഗങ്ങൾ പകർന്നും കടുവകൾ ചാകാറുണ്ട്. പലപ്പോഴും ജനവാസകേന്ദ്രങ്ങളിലെ നായകളിൽ നിന്നും മറ്റു പല ജീവികളിലേക്കും പകരുന്ന കനൈൻ ഡിസ്റ്റംബർ എന്ന വൈറസ് മൂലവും കടുവകൾ ചാകുന്നുണ്ട്. എന്നാൽ കേരളത്തിൽ ഇത്തരത്തിലുള്ള മരണങ്ങൾ ഇതുവരെ തെളിയിച്ചിട്ടില്ല. വൈൽഡ് ലൈഫ് കൺസർവേറ്റീവ് സൊസൈറ്റി(ഡബ്ല്യുസിഎസ്) 2013 മുതൽ വയനാട്ടിലെ കാടുകളിൽ കാമറകൾ സ്‌ഥാപിച്ച് കടുവകളെക്കുറിച്ചുള്ള പഠനങ്ങൾ നടത്തുന്നുണ്ട്. ഇതിലൂടെ കടുവകളുടെ പലായനം, എണ്ണം, വംശവർധനവ് എന്നിവയെക്കുറിച്ചുള്ള പൂർണമായ കണക്കുകൾ ശേഖരിക്കാൻ ഡബ്ല്യുസിഎസിനാകുന്നുണ്ട്. സ്വതന്ത്ര സോഫ്റ്റ് വെയറിൽ കണക്കുകൾ സൂക്ഷിക്കുന്നതിനാൽ കടുവകളുടെ എണ്ണം കൃത്യമായി രേഖപ്പെടുത്താൻ സാധിക്കുന്നുണ്ട്. വയനാട്, ബന്ദിപ്പുര, മുതുമല വനങ്ങളിൽ കടുവകളുടെ എണ്ണം വർധിക്കുകയാണ്. ഈ വനമേഖലയിൽ 100 ചതുരശ്ര കിലോമീറ്ററിൽ 10നും 15നും ഇടയിലാണ് കടുവകളുടെ സാന്ദ്രതയെന്ന് വൈൽഡ് ലൈഫ് കൺസർവേഷൻ സൊസൈറ്റി ഓഫ് ഇന്ത്യയിലെ ഡോ. കെ. ഉല്ലാസ് കാരന്തിന്റെ പഠനങ്ങളിൽ വ്യക്‌തമാകുന്നു.



കടുവകളുടെ സംരക്ഷണത്തിനായി വയനാട് വന്യജീവി സങ്കേതത്തെ ടൈഗർ റിസർവ് ആയി പ്രഖ്യാപിക്കണം എന്ന ആവശ്യവും വിവിധ ഭാഗങ്ങളിൽ നിന്നുമുയരുന്നുണ്ട്. എന്നാൽ നിക്ഷിപ്ത താത്പര്യക്കാരുടെ എതിർപ്പുമൂലം ഇവ നടപ്പിലാകുന്നില്ലെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എൻ. ബാദുഷ പറഞ്ഞു. ജനവിരുദ്ധ വികാരം ഇളക്കിവിടുകയും കർഷകർക്ക് ദോഷകരമായി ടൈഗർ റിസർവ് മാറും എന്ന രീതിയിലുള്ള അബദ്ധ പ്രചാരണമാണ് ഇവർ ചെയ്യുന്നത്. ഇത്തരത്തിൽ ടൈഗർ റിസർവ് ആക്കുന്നതുകൊണ്ട് ഒരു രീതിയിലുമുള്ള നിയന്ത്രണങ്ങളോ ദോഷങ്ങളോ ജനങ്ങൾക്കുണ്ടാവുകയില്ലെന്നും മറിച്ച് ഗുണമാണ് ഉണ്ടാവുകയെന്നും പ്രകൃതി സംരക്ഷണ സമിതി പറയുന്നു. കോടിക്കണക്കിന് രൂപയുടെ കേന്ദ്രഫണ്ട് ലഭ്യമാവുകയും വന്യജീവികളുടെ ആക്രമണങ്ങളിൽ കർഷകർക്കുണ്ടാകുന്ന നഷ്‌ടങ്ങൾക്ക് ഉടനടി നഷ്‌ടപരിഹാരം ലഭിക്കുകയും ചെയ്യും. കാടും നാടും വേർതിരിച്ച് കർഷകരെ സംരക്ഷിക്കുന്നതിനും ഇത്തരത്തിലുള്ള ഫണ്ട് ഉപയോഗിക്കാമെന്ന് ഡബ്ല്യുസിഎസ് വയനാട് ജില്ലാ ഫീൽഡ് ഓഫീസർ അരുൾ ബാദുഷ പറഞ്ഞു.

നാഷണൽ ടൈഗർ കൺസർവേറ്റീവ് അഥോറിറ്റി (എൻടിസിഎ)

കടുവകളുടെ സംരക്ഷണത്തിനായി ദേശീയ തലത്തിൽ രൂപം നൽകിയിട്ടുള്ള സംഘടനയാണ് നാഷണൽ ടൈഗർ കൺസർവേറ്റീവ് അഥോറിറ്റി (എൻടിസിഎ). വനം പരിസ്‌ഥിതി മന്ത്രാലയത്തിന്റെ കീഴിലാണ് എൻടിസിഎ രൂപീകരിച്ചിട്ടുള്ളത്. പ്രഗത്ഭരായ എട്ട് അംഗങ്ങൾ അടങ്ങുന്ന അഥോറിറ്റിയിൽ വന്യജീവി സംരക്ഷണത്തിലും ആദിവാസി സംരക്ഷണത്തിലും കഴിവുതെളിയിച്ചിട്ടുള്ളവരും മൂന്ന് പാർലമെന്റ് അംഗങ്ങളും ഇതിലുണ്ടാകും. ടൈഗർ റിസർവിനുവേണ്ട നിർദേശങ്ങളും നിലവാരവും തീരുമാനിക്കുന്നതിൽ എൻടിസിഎക്ക് പ്രധാന പങ്കുണ്ട്. കടുവ സംരക്ഷണം, കണക്കെടുപ്പ്, രോഗങ്ങളെക്കുറിച്ച് കണ്ടെത്തുക, പ്രജനനം, പട്രോളിംഗ്, മറ്റ് രീതിയിലുള്ള കടന്നുകയറ്റങ്ങൾ എല്ലാ കാര്യത്തിലും തീരുമാനം എൻടിസിഎ യുടേതായിരിക്കും. സംസ്‌ഥാനങ്ങളിൽ മുഖ്യമന്ത്രിയുടെ കീഴിലുള്ള സംസ്‌ഥാന സ്റ്റിയറിംഗ് കമ്മിറ്റിയായിരിക്കും കാര്യങ്ങൾ തീരുമാനിക്കുക. പ്രശ്നകാരികളായ കടുവകളെ പിടിച്ച് മറ്റ് കാടുകളിൽ വിടുന്നത് തടഞ്ഞത് എൻടിസിഎ യുടെ നിർദേശപ്രകാരമായിരുന്നു. ഇവയെ പിന്നീട് മൃഗശാലകളിലേക്കോ മറ്റ് സംരക്ഷിത മേഖലകളിലേക്കോ മാറ്റാനും അഥോറിറ്റി തീരുമാനിക്കുകയായിരുന്നു. ഒരിക്കൽ നാട്ടിലിറങ്ങുന്ന കടുവ പൊതുവേ ക്ഷീണിതനാവാമെന്നതിനാലും വീണ്ടും ജനവാസമേഖലയിൽ എത്തിപ്പെടാൻ കാരണമാകുന്നതിനാലുമാണ് ഇത്തരത്തിലൊരു തീരുമാനം എൻടിസിഎ എടുത്തത്.

തയാറാക്കിയത്: അജിത് മാത്യു
ഫോട്ടോ: ജോജി വർഗീസ്.