ഒന്നൊന്നായി മായുമ്പോൾ
ഒന്നൊന്നായി മായുമ്പോൾ
ഉപ്പുകാറ്റിന്റെ ലോലമായ സ്പർശനം അനുഭവസാധ്യമാകുന്ന പവിഴദ്വീപ് സമൂഹം. കടലിന്റെയും കായലിന്റെയും ഇടയിലുള്ള നേർത്ത വരപോലെയുള്ള ഇടങ്ങളിൽ ജീവിക്കുകയും മത്സ്യബന്ധനം മുഖ്യഉപജീവനമാർഗമായും സ്വീകരിക്കുകയും ചെയ്യുന്നവരാണ് ജനങ്ങളിലേറെയും. അവർക്ക് കടൽ അന്നവും പ്രാണനും ജീവനും അതിലേറെ വിശ്വാസവുമാണ്. ചരിത്രത്തിന്റെ ഗതകാല ഭൂപടങ്ങൾ വീക്ഷിച്ചാൽ മനസ്സിലാകും, ഇവിടെ പലരും വന്നുപോയി. ചില അതിഥികൾ അന്തേവാസികളായി. കോളനികളായി പിടിച്ചടക്കാനുള്ള താത്പര്യം ചിലർ സഫലമാക്കി. മൂന്നരപതിറ്റാണ്ടു മുമ്പ് സ്വയംഭരണം നേടിയ മാർഷൽ ദ്വീപുകളെ ദൈവത്തിന്റെ സമ്മാനമെന്നാണ് തദ്ദേശവാസികൾ വിശേഷിപ്പിക്കുക. അമേരിക്കയുമായുള്ള ഈ മൈക്രോനേഷ്യൻ രാജ്യത്തിന്റെ സ്വതന്ത്ര സഹകരണ കരാറിന് നാളെ 30 വർഷം തികയുകയാണ്. പക്ഷെ, രണ്ടാം ലോകമഹായുദ്ധ കാലത്ത് അമേരിക്ക പിടിച്ചെടുത്ത മാർഷൽ ദ്വീപുകൾ ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ ആണവമലിനീകരണ മേഖലകളിലൊന്നായാണ് അറിയപ്പെടുന്നത്. 1946 മുതൽ 1958 വരെ അമേരിക്ക ഈ പ്രദേശത്ത് 67 ആണവപരീക്ഷണങ്ങൾ നടത്തി.

മാർഷൽ ദ്വീപുകളിലെ മുതിർന്ന തലമുറയുടെ പ്രതിനിധികൾക്ക് ഇന്നലെകളിലെ ആണവപരീക്ഷണ കഥകൾ കേട്ടുകേൾവിയുടേതല്ല. എന്നും തെളിയുന്ന സൂര്യനെക്കാൾ പ്രഭയോടെ മുകളിൽ അഗ്നിഗോളം പ്രത്യക്ഷപ്പെട്ടതും നീലാകാശത്തെ രക്‌തചുവപ്പാക്കി മാറ്റിയതുമൊക്കെ ഇവിടത്തെ ഇളംതലമുറക്കാർക്ക് മുതിർന്ന തലമുറ അമ്മൂമ്മക്കഥകൾക്കൊപ്പം കൈമാറിയിട്ടുണ്ട്. ബിക്കിനി ടോളിൽ അരങ്ങേറിയ മഹാസ്ഫോടനം 2,600 കിലോമീറ്റർ അകലെയുള്ള ഒക്കിനാവയിൽ പോലും ദൃശ്യമായിരുന്നുവത്രെ. മുക്കിലും മൂലയിലും സമുദ്രസൗന്ദര്യത്തിന്റെയും കായലഴകിന്റെയും ആസ്വാദ്യകരമായ അനുഭൂതി നിറഞ്ഞ, മാർഷൽ ദ്വീപുകളുടെ തലസ്‌ഥാനമായ, മഡൂറോയിലെ ശവക്കല്ലറകളെപ്പോലും ഖനനം ചെയ്തെടുക്കുന്ന തരത്തിൽ ശക്‌തമായ തിരകൾ ഉറഞ്ഞാടി. വാഷിംഗ്ടണിൽ നിന്നും ഏഴായിരം മൈലുകൾക്ക് അപ്പുറം സ്‌ഥിതി ചെയ്യുന്ന മാർഷൽ ദ്വീപുകളിൽ നാശത്തിന്റെ കൊടുംപാതകങ്ങൾ വിതച്ചതിന്റെ യാതനകൾ ഇന്നും ബാക്കി. ശാന്തസമുദ്രത്തിലെ ആണവപരീക്ഷണങ്ങളുടെ ദുരിതങ്ങൾ അനുഭവിക്കാൻ വിധിക്കപ്പെട്ട സീറോ ഗ്രൗണ്ട് പ്രദേശമായാണ് മാർഷൽ ദ്വീപ് അറിയപ്പെടുന്നത്. 1156 ചെറുരാജ്യങ്ങൾ അടങ്ങിയ രാജ്യത്തിന്റെ ജനസംഖ്യ 53,158. ആണവപരീക്ഷണങ്ങളുടെ ഫലമായി നിരവധി ദ്വീപുകൾ നശിച്ചു. പലതും മനുഷ്യവാസത്തിനു യോഗ്യല്ലാതായി.



ചരിത്രം

ഭൂമിശാസ്ത്രപരമായി മൈക്രോനേഷ്യൻ ദ്വീപസമൂഹത്തിന്റെ ഭാഗമായ മാർഷൽ ദ്വീപുകളിലേക്ക് യൂറോപ്യൻമാർ എത്തുന്നത് 1526 ഓഗസ്റ്റിലാണ്. കടലിലെ ഓളങ്ങൾ ഉപയോഗിച്ച് ദിശ കണ്ടുപിടിക്കുന്ന സ്റ്റിക് ചാർട്ടുകളുടെ കണ്ടുപിടിത്തത്തോടെ ദ്വീപുകൾക്കിടയിലുള്ള യാത്ര എളുപ്പമായിരുന്നു. സ്പാനിഷ് പര്യവേക്ഷകനായ അലോൺസോ ഡെ സാലസറാണ് ഈ ദ്വീപ് ആദ്യമായി കണ്ടെത്തിയ യൂറോപ്യൻ. സ്പെയിനിൽ നിന്നും ഇംഗ്ലണ്ടിൽ നിന്നും മറ്റും പിന്നീട് കപ്പലുകൾ എത്തി. ജോൺ മാർഷൽ എന്ന ബ്രിട്ടീഷ് പര്യവേക്ഷകനിൽ നിന്നാണ് ദ്വീപിന് ഈ പേര് ലഭിച്ചത്. 1874–ൽ സ്പാനിഷ് ഈസ്റ്റ് ഇൻഡീസിന്റെ ഭാഗമായിരുന്നു മാർഷൽ ദ്വീപുകൾ. 10 വർഷത്തിനു ശേഷം ദ്വീപുകൾ ജർമനിക്ക് വിറ്റു. തൊട്ടടുത്ത വർഷം ജർമൻ ന്യൂഗിനിയുടെ ഭാഗമായി. ഒന്നാം ലോകമഹായുദ്ധത്തിനിടയിൽ മാർഷൽ ദ്വീപുകൾ ജപ്പാൻ പിടിച്ചടക്കി. 1919 –ൽ ദ്വീപുകൾ ജർമനിയുടെ മറ്റു കോളനികളോടൊപ്പം ലീഗ് ഓഫ് നേഷൻസ് സൗത്ത് പസഫിക് മാൻഡേറ്റിൽ ഉൾപ്പെടുത്തി. രണ്ടാം ലോകമഹായുദ്ധ സമയത്ത് അമേരിക്ക ഈ ദ്വീപുകൾ സ്വന്തമാക്കി. അമേരിക്കൻ ഭരണത്തിൻ കീഴിലുള്ള പസഫിക് ട്രസ്റ്റ് പ്രദേശങ്ങളിൽ ദ്വീപ് ഉൾപ്പെട്ടു. 1979– ൽ ദ്വീപുകൾക്ക് സ്വയംഭരണാധികാരം ലഭിച്ചു. 1986– ഒക്ടോബർ 21 ന് അമേരിക്കയുമായുള്ള സ്വതന്ത്ര സഹകരണ കരാറിൻ കീഴിൽ പരമാധികാരവും പ്രാപ്തമായി. ദ്വീപുകളുടെ പ്രാഥമിക കാര്യങ്ങളിലും ധനസഹായങ്ങളിലുമുള്ള അനുകൂലമായ ഇടപെടൽ മാത്രമല്ല പ്രതിരോധമേഖലയിലെ സംരക്ഷണവും അമേരിക്ക നൽകുന്നു. ദ്വീപു നിവാസികൾക്കു പുറമേ അമേരിക്ക, ചൈന, ഫിലിപ്പീൻസ് മുതലായവിടങ്ങളിൽ നിന്ന് കുടിയേറിപ്പാർത്തവരും ഈ ദ്വീപസമൂഹത്തിന്റെ ജനസംഖ്യയിലുണ്ട്. മാർഷൽ ദ്വീപുകളിലെ 52 ശതമാനത്തോളം പേർ ദാരിദ്ര്യരേഖയ്ക്കു താഴെയാണ്. 19 ശതമാനത്തോളം പേർക്ക് മാത്രമേ തൊഴിലുള്ളൂ.


വർത്തമാനം

അതേ സമയം, ആണവ പരീക്ഷണങ്ങളുടെ നാശനഷ്ടങ്ങളുടെ പരിഹാരം സംബന്ധിച്ച ചർച്ച ഇതുവരെ അവസാനിച്ചിട്ടില്ല. പരീക്ഷണങ്ങളുടെ ഫലമായുള്ള ആരോഗ്യപ്രശ്നങ്ങൾ ഈ ദ്വീപ് നിവാസികളെ മാരകമായി അലട്ടുന്നു. അർബുദവും ജന്മവൈകല്യങ്ങളുമാണ് പ്രധാന വിഷയങ്ങൾ. തങ്ങളുടെ പ്രതിരോധ പരിരക്ഷകരായ അമേരിക്ക അടങ്ങുന്ന രാജ്യങ്ങളുടെ ആണവായുധ മത്സരത്തിനെതിരെ മാർഷൽ ദ്വീപുകൾ അന്താരാഷ്ട്ര കോടതിയിൽ ഹർജി നൽകി. ആണവായുധങ്ങളുടെ കാര്യത്തിൽ ഈ രാജ്യങ്ങൾ നിലവിലുള്ള നിയമങ്ങൾ പാലിക്കുന്നില്ലെന്നായിരുന്നു മാർഷൽ ദ്വീപുകളുടെ പരാതി. ഇന്ത്യ, പാക്കിസ്‌ഥാൻ, ബ്രിട്ടൻ., ചൈന, റഷ്യ, ഫ്രാൻസ്, ഇസ്രയേൽ, ഉത്തര കൊറിയ എന്നിവയാണ് മറ്റു കക്ഷികൾ. അന്താരാഷ്ട്ര കോടതിയെ അംഗീകരിക്കുന്ന രാജ്യങ്ങളെന്ന നിലയ്ക്ക് ഇന്ത്യ, പാക്കിസ്‌ഥാൻ, ബ്രിട്ടൻ എന്നീ രാജ്യങ്ങൾക്കെതിരെയുള്ള പരാതികൾ മാത്രമേ നീതിന്യായപീഠം പരിഗണിച്ചുള്ളൂ. എന്നാൽ, ഇൻന്ത്യക്കെതിരായ കേസ് കോടതി തള്ളിക്കളഞ്ഞു. അന്താരാഷ്ട്ര കോടതിയുടെ പരിധിയിൽ വരുന്നതല്ല ആണവ കേസ് എന്ന ഇന്ത്യയുടെ വാദം നീതിപീഠം അംഗീകരിച്ചു.

കാലാവസ്‌ഥാ വ്യതിയാനം മുഖ്യവില്ലൻ

കാലാവസ്‌ഥ വ്യതിയാനത്താൽ ലോകത്ത് ഏറ്റവും അധികം ഭീതിയനുഭവിക്കുന്ന രാജ്യം കൂടിയാണിത്. ടൈഫൂൺ കൊടുങ്കാറ്റുകൾ മാർഷൽ ദ്വീപുകൾക്ക് പലപ്പോഴും ഭീഷണിയാണ്. എൽനിനോ പ്രതിഭാസത്താൽ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ മാർഷൽ ദ്വീപുകളെ വരൾച്ചാബാധിത പ്രദേശമായി പ്രഖ്യാപിച്ചിരുന്നു. കപ്പലുകളിൽ വെള്ളം എത്തിച്ച് ദ്വീപ് നിവാസികൾക്ക് നൽകിയതിനും ലോകം സാക്ഷ്യം വഹിച്ചു. സമുദ്രനിരപ്പ് ഉയരുന്നതിനാൽ കര കുറയുകയാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. രാജ്യത്തിന്റെ നിലനിൽപ്പിന് കാലാവസ്‌ഥാ വ്യതിയാനം ഭീഷണിയായതിനെത്തുടർന്ന് വളരെക്കാലമായി മാർഷൽ ദ്വീപുകളിൽ താമസിച്ചിരുന്ന പലരും പുതിയ താവളങ്ങളിലേക്ക് ചേക്കേറുകയാണ്. അക്കൂട്ടത്തിൽ നല്ലൊരു ശതമാനവും അമേരിക്കയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ആഗോളതാപനത്തിന്റെ തോത് വർധിച്ചാൽ ഭൂമുഖത്തുനിന്നും അപ്രത്യക്ഷമാകുമെന്ന വിധി കാത്തിരിക്കുകയാണ് ഈ ദ്വീപ് സമൂഹം.

–ഗിരീഷ് പരുത്തിമഠം